സായാഹ്നത്തിലെ സാന്ത്വനം
ഭാഗം 1
ഗേറ്റുതുറന്ന് അകത്തുകയറിയപ്പോഴേക്കും വാതില്‍ക്കല്‍ നില്ക്കുകയായിരുന്ന ഉണ്ണിക്കുട്ടന്‍ ഓടിവന്നു കൈനീട്ടി, അവനെ എടുക്കാന്‍.
എടുത്തു മാറോടുചേര്‍ത്തപ്പോള്‍ അവന്‍ രണ്ടു കൈകളും കഴുത്തില്‍ ചുറ്റി കെട്ടിപ്പിടിച്ചുകൊണ്ട് രണ്ടുകവിളുകളിലും മാറിമാറി തെരുതെരെ മുത്തം തന്നു.
സമയം ആറേമുക്കാല്‍! ആറുമുതല്‍ ഏഴുവരെ അവനു കാര്‍ട്ടൂണ്‍ കാണാന്‍ അനുവദിച്ചിട്ടുള്ള സമയമാണ്. അവന്‍ സമരം ചെയ്തു നേടിയെടുത്ത അവന്റെ അവകാശം!
ആ സമയത്ത് അവനെ ആരും ഡിസ്റ്റര്‍ബ് ചെയ്യാന്‍ പാടില്ല. അതും അവന്റെ അവകാശമാണ്! ആരെങ്കിലും ഒന്ന് വിളിച്ചുപോയാല്‍ ഉടന്‍ വരും അവന്റെ മറുപടി: 'എന്നെ ഡിസ്റ്റര്‍ബ് ചെയ്യരുത്'
അത്ര ശ്രദ്ധയോടെയിരുന്നു കാര്‍ട്ടൂണ്‍ ആസ്വദിക്കും. ഇടയ്ക്കിടെ ഉറക്കെ ചിരിക്കും. സെറ്റിയില്‍നിന്നിറങ്ങി ചാടും.
അതിനിടയ്ക്ക് അവനെ ഡിസ്റ്റര്‍ബ് ചെയ്യാമോ?
അതിനിടയ്ക്കാണ് ഓഫീസില്‍ നിന്നുവരുന്നതെങ്കില്‍ അരമിനിറ്റ് അവന്‍ അപ്പൂപ്പന് അനുവദിക്കും. ആ അരമിനിറ്റിനുള്ളില്‍ അവനെ എടുത്ത് മുത്തം കൊടുക്കുമ്പോഴും അവന്‍ തിരിച്ചുതരുമ്പോഴും അവന്റെ കണ്ണുകള്‍ TV സ്‌ക്രീനിലായിരിക്കും. ഭാഗ്യവശാല്‍ ആ സമയത്ത് ബ്രേക്കുവന്നാല്‍ അവന്‍ അനുവദിച്ച അരമിനിറ്റ് കുറച്ചുകൂടി നീട്ടിക്കിട്ടും. പിന്നെയവന്‍ ചാടിയിറങ്ങി കാര്‍ട്ടൂണില്‍ മുഴുകും.
ഏഴുമണിക്ക് റിമോട്ട് കന്റ്‌റോള്‍ മനസ്സില്ലാമനസ്സോടെ അമ്മൂമ്മയ്ക്കു കൈമാറുന്നതുവരെ.
അമ്മൂമ്മയ്ക്കും ഇല്ലേ ചില അവകാശങ്ങളൊക്കെ? ......
ചന്ദനമഴ......... കുങ്കുമപ്പൂക്കള്‍.................. സ്ത്രീ........... സ്ത്രീയൊരു മാലാഖ........ സ്ത്രീയൊരു ദേവി.............. സ്ത്രീയൊരു ജ്വാല............ അങ്ങനെ എല്ലാം കാണണ്ടേ? അത് അമ്മൂമ്മയുടെ അവകാശമല്ലേ?
അപ്പോഴേക്കും അവന്റെ അമ്മ മോന്റെ ഹോംവര്‍ക്ക് ചെയ്യിക്കാനുള്ള ബുക്കുകളുമായി തയ്യാര്‍, ഒരു ഹെഡ്മിസ്റ്റ്രസ്സിന്റെ ഗൗരവത്തോടെ!
അതൊക്കെ പതിവുള്ള കാര്യങ്ങള്‍.
എന്നാല്‍ ഇന്നവന്‍ കാര്‍ട്ടൂണ്‍ കാണേണ്ട സമയത്ത് അപ്പൂപ്പനെ കാത്ത് പുറത്തുനില്‍ക്കുന്നു! അപ്പൂപ്പന്റെമേല്‍ ചാടിക്കയറി തെരുതെരെ മുത്തം നല്കുന്നു!
അഞ്ചുവയസ്സേ ആയിട്ടുള്ളുവെങ്കിലും ആളൊരു കൗശലക്കാരനാണ്!
അപ്പൂപ്പനെക്കൊണ്ട് എന്തെങ്കിലും കാര്യം നേടാനുണ്ടാവും.
അവന്‍ മുഖവുരയില്ലാതെ കാര്യത്തിലേക്കുകടന്നു. അവന്റെ കാത്തുനില്പും തെരുതെരെയുള്ള മുത്തംനല്കലും വാസ്തവത്തില്‍ അവനുപറയാനുള്ള കാര്യത്തിന്റെ മുഖവുര തന്നെയായിരുന്നു.
'അപ്പൂപ്പാ, വൈശാഖ് ചേട്ടന്റെ വീട്ടില്‍ പപ്പി വന്നു'.
'പപ്പിയോ? അതാരാ?'
'ഓ............. ഈ അപ്പൂപ്പനൊന്നുമറിയില്ല.................... മണ്ടന്‍................... പപ്പി എന്നുവച്ചാല്‍ പട്ടിക്കുട്ടി'.
'ങാ.................. ആ പപ്പിയോ? ഞാന്‍ വിചാരിച്ചു ഇത്തിക്കരപ്പക്കിയെപ്പോലെ ആരോ ആണെന്ന്'.
'അപ്പൂപ്പാ......... തമാശ പറയല്ലേ, ഞാന്‍ സീരിയസ്സായിട്ടാണു പറയുന്നത്'.
അഞ്ചുവയസ്സുകാരനും സീരിയസ്സാകുന്ന കാലം!
'ശരി, ഞാനും സീരിയസ്സ്. ഇനി അപ്പൂപ്പന്റെ ഉണ്ണിക്കുട്ടന്‍ പറയു, പപ്പി വന്നിട്ട്?'
'പപ്പി വന്നതല്ല, വാങ്ങിയതാണ്. വൈശാഖ് ചേട്ടന്റെ അച്ഛന്‍ കടയില്‍നിന്നു വാങ്ങിയതാ............. ബ്രൂണോ എന്നാ പേരിട്ടത്. അപ്പൂപ്പാ.......... നമുക്കുമൊരു പപ്പിയെ വാങ്ങാമോ?'
'നമുക്ക് വേണ്ട മോനേ, മോന് അപ്പൂപ്പന്‍ ഒരു വലിയ റ്റെഡിബെറും റിമോട്ട് കന്റ്‌റോള്‍ കാറും.................. പിന്നെ ഏറോപ്ലേനും വാങ്ങിത്തരാം'.
'അപ്പൂപ്പാ....... എനിക്കു ദേഷ്യം വരും.......... കേട്ടോ? ജീവനുള്ള പപ്പിയെ വാങ്ങാന്‍ പറഞ്ഞപ്പോഴാ റ്റെഡിബെറും കാറും'.
'ശരി, ഞാന്‍ നോക്കട്ടെ'
'അപ്പൂപ്പാ.......... ഇപ്പം പോകാം വാങ്ങാന്‍........ പ്ലീസ്..............'
അപ്പോഴേക്കും അവന്റെ അമ്മ തയ്യാര്‍……… ഹോംവര്‍ക്ക് ബുക്കുമായി.
'മോന്‍ പോയി ഹോംവര്‍ക്ക് ചെയ്യു. നമുക്ക് പിന്നൊരു ദിവസം പപ്പിയെ വാങ്ങാം'
അവന്‍ പിണങ്ങി..................... പിന്നെ 'ഹെഡ്മിസ്റ്റ്രസ്സിന്റെ' മുന്നില്‍ വഴങ്ങി.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ പതിവുപോലെ ഗുഡ്‌നൈറ്റ് മുത്തം തന്നതിനുശേഷം പിന്നെയുമവന്‍ സോപ്പ് പതപ്പിച്ചു!
'അപ്പൂപ്പന് തലവേദനയുണ്ടോ? ഞാന്‍ തടവിത്തരാം'
നെറ്റിയില്‍ തടവിത്തന്നുകൊണ്ടിരുന്ന അവന്റെ കുഞ്ഞുകൈ പിടിച്ച് ഉള്ളംകൈയില്‍ ഒരു ഉമ്മ കൊടുത്തു.
'മോന്‍ പോയി ഉറങ്ങിക്കൊള്ളു'
പോകുന്നതിനുമുമ്പ് അവന്‍ ഒരിക്കല്‍ക്കൂടി പപ്പിയുടെ കാര്യം ഓര്‍മ്മിപ്പിച്ചു.
ഉണ്ണിക്കുട്ടന്റെ മനസ്സില്‍നിന്ന് പപ്പിയുടെ കമ്പം മാറ്റാനെന്താണു വഴി?
ശുനകനെ വീട്ടില്‍ക്കയറ്റിയാല്‍ അപകടം പലതാണ്.
ഒരിക്കല്‍ ഒരു പഴയ സുഹൃത്തിന്റെ വീട്ടില്‍ പോകേണ്ടിവന്നു.
കാളിംഗ് ബെല്ലടിച്ചപ്പോള്‍ ആദ്യം വാതില്ക്കലെത്തിയത് ഒരു പൊമറേനിയന്‍.
പിന്നെ സുഹൃത്തിന്റെ ഭാര്യയെത്തി വാതില്‍തുറന്ന് ആഗതനെകണ്ടിട്ട് 'അയ്യോ, ഇതാരാ വിന്നിരിക്കുന്നെ! കുറെ നാളായല്ലോ കണ്ടിട്ട്, കയറി വരണം' എന്നു പറഞ്ഞുപൂര്‍ത്തിയാക്കുന്നതിനുമുമ്പുതന്നെ ശ്വാനകുമാരനു കാര്യം മനസ്സിലായി 'നമുക്കു വളരെ വേണ്ടപ്പെട്ട ആളാണല്ലോ വന്നിരിക്കുന്നത്'.
പിന്നെ ആഗതനെ ഒന്ന് നക്കിയതിനുശേഷമേ അവനു സമാധാനമായുള്ളു.
ആഗതനെ അകത്തേക്കാനയിച്ച് ഇരുത്തിക്കഴിഞ്ഞപ്പോള്‍ പിന്നെ ബാക്കി അതിഥിസല്‍ക്കാരകര്‍മ്മങ്ങള്‍ പൊമറേനിയന്റെ വക......... പിന്നെയും നക്കല്‍............ മടിയില്‍ കയറിയിരിക്കല്‍.......... രണ്ടുമുന്‍കാലുകളും കൊണ്ടു മാറിമാറി മാന്തല്‍.........
ശുനകന്റെ നക്കലും മാന്തലുമൊക്കെ 'ആസ്വദിച്ച്' അവനില്‍നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നാലോചിച്ച്, എന്നാല്‍ അതിഥിമര്യാദയുടെ മേലങ്കിയണിഞ്ഞ് അസഹിഷ്ണുത പുറത്തുകാട്ടാനാവാതെ ഇളിഭ്യനായി ഇരിക്കുമ്പോള്‍ വീട്ടുകാരനും വീട്ടുകാരിയും മക്കള്‍മാഹാത്മ്യം പറയുന്നതിനേക്കാള്‍ കൂടുതല്‍ ഉത്സാഹത്തോടെ ശ്വാനന്‍മോനെക്കുറിച്ചുള്ള വര്‍ണ്ണനയില്‍ മുഴുകി സായുജ്യമടയുകയായിരുന്നു.
ശ്വാനപ്രദര്‍ശനത്തിനു കൊണ്ടുപോയതും എന്നാല്‍ വിധികര്‍ത്താക്കളുടെ അസൂയയും പക്ഷപാതപരമായ മാര്‍ക്കിടലും കാരണം ഒന്നാംസമ്മാനം നഷ്ടമായതും ഒക്കെ വച്ചങ്ങുകാച്ചി!
സുഹൃത്തുമായി സംസാരിച്ചിരിക്കുന്നതിനിടയ്ക്കു തീന്‍മേശമേല്‍ വിഭവങ്ങള്‍ ഒന്നൊന്നായി നിരന്നുതുടങ്ങി.
ലഞ്ചിനുള്ള സമയമായതിന്റെ സൂചന.
ഊണു കഴിക്കാതെ സുഹൃത്ത് വിടുമെന്നു തോന്നുന്നില്ല. നല്ല വിശപ്പുമുണ്ട്.
പൊമറേനിയന്‍ ഒറ്റച്ചാട്ടത്തില്‍ കസ്സേരയിലും അവിടെന്നിന്നു തീന്‍മേശപ്പുറത്തും കയറി.
ആവിപറക്കുന്ന വിഭവങ്ങളെല്ലാം മണത്തുനോക്കി. ശുനകന്റെ ഘ്രാണശേഷി അപാരമാണല്ലൊ! അവനു വിഭവങ്ങളെല്ലാം നന്നേ ഇഷ്ടപ്പെട്ടു!
അതിന്റെയെല്ലാം സ്വാദ് ഘ്രാണേന്ദ്രിയംകൊണ്ടാസ്വദിച്ചിട്ട് അവന്‍ ഒന്ന് സടകുടഞ്ഞെണീറ്റുനിന്നു.
ഹാ...... എന്തൊരു ഭംഗി!................ അവന്റെ ശരീരത്തില്‍നിന്നു പൊഴിഞ്ഞുപൊങ്ങിയ തൂവെള്ള രോമങ്ങള്‍ പറന്നുയര്‍ന്നു.
അപ്പൂപ്പന്‍താടിപോലെ കുറേസമയം പറന്നശേഷം ആ രോമങ്ങള്‍ മെല്ലെ താണുവന്ന് തീന്‍മേശമേല്‍ കാത്തിരിക്കുന്ന വിഭവങ്ങളിലെല്ലം മേമ്പൊടിവിതറി.
മൂന്നാറിലെ ഹോട്ടല്‍മുറിയില്‍ ഒരു ശരത്കാലപ്പുലരിയില്‍ തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്കുനോക്കിനിന്ന് പ്രകൃതിസൗന്ദര്യം ആസ്വദിക്കുമ്പോള്‍ മലഞ്ചെരുവില്‍ തളിര്‍ത്തുനില്ക്കുന്ന തേയിലച്ചെടികള്‍ക്കുമേല്‍ തുഷാരബിന്ദുക്കള്‍ പതിക്കുന്ന പ്രകൃതിരമണീയത ഓര്‍മ്മയുടെ ക്യാന്‍വാസില്‍ തെളിഞ്ഞുവന്നു.
അത്ര മനോഹരമായിരുന്നു പൊമറേനിയന്‍ പറത്തിവിട്ട തൂമഞ്ഞുപോലുള്ള മൃദുരോമങ്ങള്‍ തീന്‍മേശയിലെ വിഭവങ്ങള്‍ക്കുമേല്‍ പതിക്കുന്ന കാഴ്ച!
ഉച്ചഭക്ഷണത്തിനു ശുനകന്റെവക 'ടോപ്പിംഗ്‌സ്'
തീന്‍മേശമേലിരുന്നു മാടിവിളിക്കുന്ന വിഭവങ്ങള്‍ക്കുമേല്‍ പൊമറേനിയന്‍ മേമ്പൊടി വിതറുന്ന നയനമനോഹര കാഴ്ച കണ്ടപ്പോള്‍ തന്നെ വയറുനിറഞ്ഞു! വിശപ്പു പമ്പകടന്നു!
സുഹൃത്തിനോടെന്തുപറയും?
ഒരു കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള വഴിയെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നതിനുമുമ്പുതന്നെ മന്ദഹാസത്തില്‍പ്പൊതിഞ്ഞ ക്ഷണവുമായെത്തി സുഹൃത്തിന്റെ വാമഭാഗം.
ഉച്ചഭക്ഷണത്തിനു ഭര്‍ത്താവിന്റെ സുഹൃത്തിനുവേണ്ടി വിശിഷ്ടവിഭവങ്ങള്‍ തത്ക്ഷണം തയ്യാറാക്കാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തി ആ പ്രഫുല്ലവദനത്തില്‍ പ്രകടമായിരുന്നു.
പെട്ടെന്നൊരു നുണ രക്ഷയ്‌ക്കെത്തി.
'അയ്യോ.... സോറി.... ഞാന്‍ പറയാന്‍ മറന്നു. ഇന്നു വ്യാഴാഴ്ച്ചയല്ലേ? ഞാനൊരു ഹനുമാന്‍ഭക്തനാണ്. എല്ലാ വ്യാഴാഴ്ചയും മുടങ്ങാതെ വ്രതം നോക്കുന്നുണ്ട്'
ഹനുമാന്‍ ക്ഷേത്രത്തിന്റെ അടുത്തുകൂടിപ്പോലും പോയിട്ടില്ലാത്തവന്റെ നുണ അവര്‍ വിശ്വസിച്ചുവെങ്കിലും, അതവരെ ദുഖിപ്പിച്ചു. സുഹൃത്തിന്റെ ഭാര്യയുടെ കോമളവദനം നിമിഷംകൊണ്ട് നിഷ്പ്രഭമായി.
അതിഥിസല്‍ക്കാരത്തില്‍ ആനന്ദം കണ്ടെത്തുന്ന ഒരു സമ്പന്നമനസ്സിനുടമയായ വീട്ടമ്മയെ വേദനിപ്പിക്കേണ്ടിവന്നതില്‍ കുറ്റബോധം തോന്നിയെങ്കിലും നിസ്സഹായനായിപ്പോയി.
'സോറി................. നിങ്ങള്‍ കഴിക്കൂ............... ഞാനിറങ്ങട്ടെ. എനിക്കുപോയിട്ട് ഒരത്യാവശ്യവുമുണ്ട്.'
ഭക്ഷണം കഴിക്കാനായി വേറൊരു ദിവസം വരാമെന്ന് മറ്റൊരുകള്ളം കൂടി പറഞ്ഞിട്ടു യാത്രപറഞ്ഞിറങ്ങി.
ഇതുപോലൊരു പപ്പിയെ വാങ്ങാനാണ് ഉണ്ണിക്കുട്ടന്‍ ശാഠ്യം പിടിക്കുന്നത്.
എങ്ങനെ വാങ്ങും? വാങ്ങിയാല്‍ 'ടോപ്പിംഗ്‌സ്' ഇല്ലാതെ ഭക്ഷണം കഴിക്കാന്‍ പറ്റുമോ?
ദിവസവും ഉണ്ണിക്കുട്ടന്‍ പപ്പിയെ വാങ്ങുന്ന കാര്യം ഓര്‍മ്മിപ്പിക്കും. എന്നും എന്തെങ്കിലും ഒഴികഴിവുകള്‍ പറഞ്ഞോ പകരം കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്തോ അവനെ സമാധാനിപ്പിക്കും. അതുകൊണ്ടൊന്നും അവന്‍ സംതൃപ്തനല്ല. അവന്റെ പപ്പിക്കമ്പം വര്‍ദ്ധിച്ചതേയുള്ളു.
ഒരുദിവസം അവന്‍ ചോദിച്ചു: 'അപ്പൂപ്പന് പട്ടിയെ ഇഷ്ടമല്ലേ?'
“അയ്യോ മോനേ പതുക്കെപ്പറയൂ....... മഞ്ജരി രവിദാസോ മറ്റോ കേട്ടാല്‍ കുഴപ്പമാകും”.
തെരുവുനായ്ക്കളെ തുറിച്ചുനോക്കുന്നതുപോലും കുറ്റകരമാക്കിക്കൊണ്ടു നിയമം നിര്‍മ്മിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് അവരൊക്കെ!
'അപ്പൂപ്പന്‍ പറഞ്ഞിട്ടില്ലേ കൊച്ചുകുട്ടികള്‍ TV കാണുന്നതു കണ്ണിനു കേടാണെന്ന്? പപ്പിയെ വാങ്ങിയാല്‍ പിന്നെ ഞാന്‍ TV കാണുകയേ ഇല്ല. പ്രോമിസ്...... നമുക്കവന് ബെന്നി എന്ന് പേരിടാം. ഹാ...... അവന്റെ കൂടെ കളിക്കാന്‍ എന്ത് രസമായിരിക്കും! പിന്നെ ബെന്നിയെയും കൊണ്ട് നമുക്ക് പാര്‍ക്കിലും ബീച്ചിലും ഒക്കെ പോകാം'
പട്ടിയെയും പൂച്ചയെയും വീട്ടില്‍ വളര്‍ത്തുന്നത് മോശമായ കാര്യമല്ല. വീട്ടിനുള്ളില്‍ അവയുടെ വിഹാരരംഗങ്ങള്‍ക്ക് പരിധിയേര്‍പ്പെടുത്താതെ കിച്ചണിലും ഡൈനിംഗ് ടേബിളിലുമൊക്കെ യഥേഷ്ടം നിരങ്ങാനുള്ള സൗകര്യം ചെയ്തുകൊടുക്കുമ്പോഴും കൂടെകിടത്തി ഉറക്കുമ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നുപറഞ്ഞാല്‍ അത് മനസ്സിലാക്കാനുള്ള പ്രായം ഉണ്ണിക്കുട്ടനായിട്ടില്ലല്ലോ.
അവന്റെ ഒരു ചെറിയ ആഗ്രഹം സാധിച്ചുകൊടുക്കാത്ത അപ്പൂപ്പനോട് അവന്റെ മനസ്സില്‍ വെറുപ്പു നാമ്പിടുമോ? അത് സഹിക്കാന്‍ പറ്റില്ല. അവനോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും അനുഭവിക്കുന്ന ആനന്ദം......... അതു നഷ്ടപ്പെടുത്താന്‍ പറ്റില്ല.
സ്വകാര്യദുഃഖങ്ങള്‍ മനസ്സിനെ അലട്ടുമ്പോള്‍ വേദനിപ്പിക്കുന്ന ഓര്‍മ്മകളെ താത്ക്കാലികമായെങ്കിലും വിസ്മൃതിയിലേക്കു തള്ളിവിടാന്‍ കഴിയുന്ന നിമിഷങ്ങള്‍ ഉണ്ണിമോനോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങള്‍............ ജീവിതസായാഹ്നത്തിലെ സാന്ത്വനം.........
തുടരും.......
ഭാഗം 2 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക :
http://kathayilekaaryangal.blogspot.in/2015/07/sayahnaththile-santhvanam-part-2_25.html
No comments:
Post a Comment