Thursday, July 16, 2015

ഗ്രഹങ്ങൾ സാക്ഷി - Part-1


ഗ്രഹങ്ങൾ സാക്ഷി

ഭാഗം - 1

വീടിന്റെ പിന്നാമ്പുറത്തുള്ള തുണ്ട് കൃഷിഭൂമിയില്‍ നട്ടുവളര്‍ത്തിയിട്ടുള്ള പച്ചക്കറിത്തോട്ടത്തില്‍ പതിവുപോലെ രാവിലെ വളംവയ്ക്കലും വെള്ളം നനയ്ക്കലുമായി നില്‍ക്കുമ്പോഴാണ് മാലതിയുടെ ഓടിക്കിതച്ചുള്ള വരവ്.  
'ഒന്നിങ്ങോട്ടു വന്നാട്ടെ, ദേ പങ്കജം അവിടെ അലമുറയിട്ടുവിളിക്കുന്നു'.

'എന്താ കാര്യം, എന്തുപറ്റി അവള്‍ക്ക്?'

'അറിയില്ല, ഒന്നുവേഗം വരൂ, നമുക്ക് പോയി നോക്കാം'

വിളിപ്പാടകലെ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്കോടി.  തന്റെ അനുജത്തിക്കെന്തുപറ്റി? 
             
പങ്കജത്തിന്റെ കരച്ചില്‍ നിലച്ചിരിക്കുന്നു. ഓടി അകത്തു കയറിച്ചെന്നപ്പോള്‍ കണ്ടത് ബോധംകെട്ട് നിലത്തുകിടക്കുന്ന പങ്കജം, അടുത്ത്  വേണു സ്തബ്ധനായി നില്‍ക്കുന്നു. 

'എന്താ,  എന്തുപറ്റി?'
  
വിതുമ്പുന്ന സ്വരത്തിലയാള്‍ പറഞ്ഞത് മുഴുവനാക്കാന്‍ കഴിഞ്ഞില്ല:  'എന്റെ........   എന്റെ..............' അയാള്‍ വിങ്ങിക്കരഞ്ഞു. 

അയല്‍പക്കത്തുള്ള ഏതാനുംപേര്‍ ഉമ്മറത്ത് കൂടി, കാര്യം അറിയാന്‍. 

അതിലൊരാളുടെ കാറില്‍ പങ്കജത്തെ ആശുപത്രിയില്‍ കൊണ്ടുപോയി.

അഡ്മിറ്റു ചെയ്ത് പുറത്തിറങ്ങിയപ്പോഴേക്കും ബന്ധുക്കളും മറ്റും എത്തിത്തുടങ്ങി.

ഉടനെ മെഡിക്കല്‍ കോളേജിലേക്കുപോകണം. അവിടെ മോര്‍ച്ചറിയില്‍   കിടക്കുന്ന ഒരു ദുര്‍ഭാഗ്യവതിയുടെ വിറങ്ങലിച്ച ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന്റെ കത്തിവീണുകഴിഞ്ഞാല്‍ ഏറ്റുവാങ്ങണം. 

പിന്നെ പോലീസ് കേസിന്റെ നൂലാമാലകള്‍.  

ചോദ്യം ചെയ്യലുകള്‍.

ആരാണു പ്രതി? രാജശേഖരനോ? വേണുവോ? അതോ ദിവാകരപ്പണിക്കരോ? 

കുറ്റവാളി ആരായാലും നഷ്ടപ്പെട്ടത് ഒരു അമൂല്യനിധി.

പോസ്റ്റ്‌മോര്‍ട്ടത്തിനു ഇനിയും മണിക്കൂറുകള്‍ വൈകും....... 

ദുരൂഹസാഹചര്യത്തില്‍ മരിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ഡോക്ടറുടെ വരവും കാത്തുകിടക്കുന്ന ശരീരങ്ങളുടെ എണ്ണം ഇന്നു കൂടുതല്‍! 
        

പങ്കജത്തിനു ബോധം തിരിച്ചുവരുമ്പോള്‍ അവളുടെ നിയന്ത്രണം വിടും. പിന്നെ എന്താകും സംഭവിക്കുക?     

പങ്കജം, തന്റെ ഏക സഹോദരി.   അവളുടെ ഭര്‍ത്താവ്, വേണുഗോപാലന്‍, സര്‍ക്കാരുദ്യോഗസ്ഥന്‍.  കാര്യപ്രാപ്തിയുള്ളവന്‍, അദ്ധ്വാനശീലന്‍. 

പക്ഷേ കര്‍ക്കശസ്വഭാവം.   

പങ്കജത്തിനു ശാലുമോളെന്നാല്‍ ജീവനുതുല്യം. ഏക മകളെ ലാളിച്ചും സ്‌നേഹിച്ചും വളര്‍ത്തി.     

പഠിത്തത്തില്‍ മിടുക്കിയായിരുന്ന ശാലിനിക്ക് അദ്ധ്യാപിക ആകാനായിരുന്നു മോഹം. അങ്ങനെ M.Sc യും B.Edഉം ഡിസ്റ്റിംഗ്ഷനോടെ പാസ്സായി.  

നാട്ടില്‍തന്നെ ഒരു ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ അദ്ധ്യാപികയായി.

മകള്‍ക്കൊരു നല്ല വരനെ കണ്ടുപിടിക്കണം.  അതായി പങ്കജത്തിന്റെ   അടുത്ത ഉദ്യമം. 

വേണുവിന്റെ മുമ്പാകെ കാര്യം അവതരിപ്പിച്ചു.  

'ഞാന്‍ നോക്കുന്നുണ്ട്. അവളുടെ ജാതകം ദിവാകരപ്പണിക്കരെ    എല്‍പിച്ചിട്ടുണ്ട്. അയാള്‍ ജ്യോത്സ്യന്‍ മാത്രമല്ല, വിവാഹ ബ്യൂറോയും നടത്തുന്നുണ്ട്. നല്ല ജാതകച്ചേര്‍ച്ചയുള്ള ആലോചന വന്നാല്‍ അറിയിക്കും'

'ജാതകപ്പൊരുത്തം മാത്രം പോര, അവള്‍ക്ക് യോജിച്ചവനായിരിക്കണം. നമ്മുടെ ശാലുമോള്‍ സുന്ദരിയല്ലേ? പിന്നെ വിദ്യാഭ്യാസവും ഉദ്യോഗവും. എല്ലാം നോക്കണം'.

'ജാതകപ്പൊരുത്തം.... അതാണ് പ്രധാനം. പത്തില്‍ കുറഞ്ഞത് എട്ടുപൊരുത്തമെങ്കിലും ഉത്തമമായിരിക്കണം. അവളുടെ ജാതകത്തിന് അങ്ങനെയൊരു പൊരുത്തമുള്ള ആളെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് ദിവാകരപ്പണിക്കര്‍ പറഞ്ഞത്.  എന്നാലും അയാള്‍ ശ്രമിക്കുന്നുണ്ട്'   

വേണു ജ്യോല്‍സ്യത്തിലും ജാതകത്തിലും ശകുനത്തിലും ഒക്കെ അന്ധമായി   വിശ്വസിക്കുന്നു! 

ദിവാകരപ്പണിക്കരെ വലിയ വിശ്വാസമാണ്.  എന്തും അയാളോട് ചോദിച്ചിട്ടേ ചെയ്യു.  അയാള്‍ പറയുന്നതില്‍നിന്ന് അല്‍പംപോലും വ്യതിചലിക്കാന്‍ തയ്യാറല്ല! ആരുപറഞ്ഞാലും ശരി!  

ഒരു അന്ധവിശ്വാസി!  

പങ്കജം ദിവസവും ഒരുപ്രാവശ്യമെങ്കിലും വേണുവിനെ ഓര്‍മിപ്പിക്കും, മകളുടെ വിവാഹക്കാര്യം.  

'ഞാന്‍ പറഞ്ഞിട്ടില്ലേ, നോക്കുന്നുണ്ടെന്ന്'.  

പങ്കജത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഇന്റര്‍നെറ്റില്‍ മാട്രിമോണി സൈറ്റില്‍ ശാലിനിയുടെ പ്രൊഫൈല്‍ പോസ്റ്റുചെയ്തു.  പത്രത്തിലും പരസ്യം കൊടുത്തു. 

ധാരാളം പ്രൊപ്പോസലുകള്‍ വന്നു.  അവയില്‍ വളരെ നല്ല ആലോചനകളും  ഉണ്ടായിരുന്നു. പക്ഷേ പൊരുത്തങ്ങളുടെ എണ്ണം കുറവ്!  എട്ടില്‍ കുറഞ്ഞ  പൊരുത്തമുള്ള പ്രൊപ്പോസലുകളെക്കുറിച്ചു സംസാരിക്കാന്‍ പോലും വേണു തയ്യാറല്ല! 

മഹേന്ദ്രമെന്നോ രാശ്യാധിപനെന്നോ രജ്ജുവെന്നോ എന്തൊക്കെയോ അയാള്‍ പറയുന്നുണ്ട്! 

അനര്‍ത്ഥങ്ങള്‍!  അനേകായിരം യുവതീയുവാക്കളുടെ ജീവിതങ്ങള്‍കൊണ്ടു പന്താടി കീശവീര്‍പ്പിക്കാന്‍ ജ്യോത്സ്യനെന്ന ബോര്‍ഡുംവച്ചു മുക്കിനും മൂലയ്ക്കുമിരുന്നു വലവീശുന്ന കച്ചവടക്കാരുടെ മാര്‍ക്കറ്റിംഗ് ടൂള്‍സ്!            
പലപ്പോഴും പറഞ്ഞുനോക്കി: 'വേണു, ശാലിനിയുടെ ജീവിതപ്രശ്‌നമാണ്, ഇത്രയും കടുംപിടിത്തം വേണ്ട, സാമാന്യം ജാതകപ്പൊരുത്തം നോക്കിയാല്‍ മതി' 

'അതുപറ്റില്ല ളിയാ, ദിവാകരപ്പണിക്കര്‍ പറഞ്ഞിട്ടുള്ളതുപോലെ കുറഞ്ഞത് പത്തില്‍ എട്ടു പൊരുത്തമെങ്കിലും ഉത്തമമായിരിക്കണം, അല്ലെങ്കില്‍ ശാശ്വതമായിരിക്കില്ല' 

ഈ അന്ധവിശ്വാസിയോട് ഇനി എന്തുപറയാന്‍!  

അമ്മാവനേക്കാള്‍ അച്ഛനുണ്ട് മകളുടെ കാര്യത്തില്‍ ഉത്കണ്ഠയെന്നയാള്‍ കരുതുന്നുണ്ടാവും. 

അതേ സമയം ശാലിനി കുറെ സ്വപ്നങ്ങള്‍ നെയ്തുകൂട്ടുന്നുണ്ടായിരുന്നു. 

തന്റെ മനസ്സ് അമ്മയുടെ മുന്നില്‍ തുറക്കണമെന്ന് പലപ്പോഴും അവള്‍ ആലോചിച്ചു.

അവളുടെ സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ ജയദേവന്‍ മാഷ്.......  
മികച്ച സ്‌പോര്‍ട്‌സ്മാന്‍......  

എക്‌സ്റ്റ്രാകരിക്യുലര്‍ ആക്റ്റിവിറ്റീസിന്റെ ചുമതല അദ്ദേഹത്തിനാണ്.     
മാഷിന്റെ ഇംഗ്ലീഷ് ലിറ്റ്‌റചര്‍ ക്ലാസ്സാണ് ആ സ്‌കൂളിലെ കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പീരീഡുകള്‍...... 

പഠിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാക്്ചാതുര്യം...... അവതരണശൈലി..... എത്ര മനോഹരം........... എത്ര ആകര്‍ഷണീയം.........      
തൊട്ടടുത്ത ക്ലാസില്‍ മാഷ് പഠിപ്പി ക്കുമ്പോള്‍ അവളുടെ ശ്രദ്ധ പലപ്പോഴും  അങ്ങോട്ടു തെന്നിപ്പോകാറുണ്ട്........  

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ശാലിനി സ്‌കൂളിലെ ഏറ്റവും മികച്ച അദ്ധ്യാപകരില്‍ ഒരാളായി അംഗീകരിക്കപ്പെട്ടു.   

നൃത്തത്തിലും സംഗീതത്തിലും പ്രവീണയായ ശാലിനി എക്‌സ്റ്റ്രാകരിക്യുലര്‍ ആക്റ്റിവിറ്റീസില്‍ ജയദേവന്‍മാഷിന്റെ സഹായിയായി.         

രണ്ടുപേരും നല്ല സുഹൃത്തുക്കളായി.  അന്യോന്യം കഴിവുകളെ അംഗീകരിച്ചും പ്രോത്സാഹിപ്പിച്ചും ആ സൗഹൃദം വളര്‍ന്നു.

ആ സൗഹൃദത്തിന്റെ പ്രയാണത്തിനിടയ്ക്കു ഇരുവരുടെയും മനസ്സില്‍ പുതിയ മോഹങ്ങള്‍ അങ്കുരിച്ചു. 

മോഹങ്ങള്‍ അന്യോന്യം കൈമാറിയനാള്‍ അവര്‍ ഒരു തീരുമാനമെടുത്തു. അവരുടെ സൗഹൃദം ജീവിതാന്ത്യംവരെ തുടരാന്‍.  

ആ ഉറച്ച തീരുമാനത്തിന്റെ പിന്‍ബലത്തില്‍ അവര്‍ തങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിനു മനസ്സില്‍ രൂപംനല്കി.  സ്വപ്നങ്ങള്‍ കണ്ടു        
ഒരുദിവസം അത്താഴമൊരുക്കുന്നതിനിടയ്ക്കു ശാലിനി  അമ്മയെ ചുറ്റിപ്പിടിച്ചു, കവിളില്‍ ഒരു മുത്തം നല്കി.   

പങ്കജം മകളോടു ചോദിച്ചു: 'ഇന്നെന്താ നിന്റെ മുഖത്തൊരു പ്രത്യേകത? കൂടുതല്‍ തിളക്കം?'

ഒന്നുമില്ലെന്ന് ആദ്യം പറഞ്ഞുവെങ്കിലും അവള്‍ തന്റെ മനസ്സ് സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന അമ്മയുടെ മുന്നില്‍ തുറന്നുവച്ചു.   

അതുകേട്ടപ്പോള്‍ പങ്കജത്തിന്റെ മനസില്‍ ആദ്യമുണ്ടായ സന്തോഷം നിമിഷങ്ങള്‍ക്കുള്ളില്‍ ഒരുള്‍ക്കിടിലത്തിനു വഴിമാറി.  

അവളുടെ അച്ഛനിതൊന്നും ഇഷ്ടമാവില്ല. 

എങ്ങനെ വിവരം ധരിപ്പിക്കും? എന്തായിരിക്കും പ്രതികരണം ?

'അമ്മേ, അച്ഛനോട് അമ്മ തന്നെ പറയണം, സമ്മതം വാങ്ങണം'

'അതാണു മോളെ പ്രശ്‌നം, നിന്റെ അച്ഛന്റെ സമ്മതം.  ആ  സ്വഭാവം നിനക്ക് നന്നായി അറിയാമല്ലോ?'  

'അതൊന്നും എനിക്കറിയില്ലമ്മേ.  ഞാനിതുവരെ അച്ഛനോടുമമ്മയോടും ഒന്നും ആവശ്യപ്പെട്ടിട്ടില്ലല്ലോ?  ഇതെന്റെ ജീവിതത്തിന്റെ മാത്രം പ്രശ്‌നമല്ല, എന്റെ ജീവന്റെ  പ്രശ്‌നംകൂടിയാണ്. സമ്മതിച്ചില്ലെങ്കില്‍........'  
അവള്‍ അര്‍ദ്ധവിരാമമിട്ടു നിര്‍ത്തി. 

ആ അമ്മയുടെ മനസ്സൊന്നു പിടഞ്ഞു. 

എന്തുവന്നാലും ശരി, എന്തുതന്നെ പ്രതികരണമുണ്ടായലും ശരി, ഇന്നവളുടെ അച്ഛനോടു പറയണം.  സമ്മതം വാങ്ങണം. 

ലാളിച്ചാണു   വളര്‍ത്തിയതെങ്കിലും ഒരിക്കലും  മാതാപിതാക്കളെ ഒരുകാര്യത്തിനും ബുദ്ധിമുട്ടിച്ചിട്ടില്ലാത്ത  ഏകമകള്‍.   

എന്തുപറഞ്ഞാലും വൈമനസ്യമെന്യേ അനുസരിക്കുന്നവള്‍.  ഒരു ദുശ്ശീലവുമില്ലാത്തവള്‍.   ആവശ്യങ്ങള്‍ ഉന്നയിക്കാത്തവള്‍.  

അവളെ, തന്റെ പൊന്നോമനമകളെ,  ദുഃഖിപ്പിക്കാന്‍ കഴിയുകയില്ല.   

അറിഞ്ഞപ്പോള്‍  അയാള്‍ സംഹാരതാണ്ഡവമാടി! 

പിന്നെ ഭാര്യയുടെ അപേക്ഷയുടെ മുന്നില്‍, യാചനയുടെ മുന്നില്‍ കുറച്ചൊന്നടങ്ങി.  

'ങാ......  ഞാനൊന്നാലോചിക്കട്ടെ.  ആദ്യം ആ മാഷിന്റെ ജാതകം കിട്ടണം'

ഒരു കടമ്പ കടന്നുകിട്ടിയ നേരിയ സംതൃപ്തിയില്‍ ആ അമ്മ അല്പമൊന്നാശ്വസിച്ചു.  

അന്നുരാത്രി ഉറങ്ങുന്നതിനുമുമ്പ് കുറെസമയം അമ്മ മകളെ കെട്ടിപ്പിടിച്ചു കിടന്നു.  മകളോട് കൂടുതല്‍ സ്‌നേഹം തോന്നി.  'നാളെ ജയദേവന്‍ മാഷിന്റെ ജാതകം വാങ്ങിവരണം' അമ്മ മകളെ ഓര്‍മ്മിപ്പിച്ചു.

ശാലിനി അന്നൊരു ദുസ്സ്വപ്നം കണ്ടു. തന്റെ ജീവിതം അന്ധവിശ്വാസത്തിന്റെ ബലിക്കല്ലില്‍ തല്ലിത്തകരുന്നതുകണ്ടവള്‍ ഞെട്ടിയുണര്‍ന്നു.

പിന്നെ ഉറക്കംവരാതെ കിടന്ന ആ M.Sc. ക്കാരിയുടെ  സൈന്റിഫിക്ക് റ്റെമ്പ്രമന്റ്  അവളുടെ യുക്തിചിന്തകളെ ഉദ്ദീപിപ്പിച്ചു.   

ഫിസിക്കല്‍ അസ്റ്റ്രാനമിയെക്കുറിച്ചവള്‍ വായിച്ചും പഠിച്ചും നേടിയിട്ടുള്ള അറിവുകള്‍...... അസ്റ്റ്രാലജിയിലെ മിഥ്യാത്വത്തെക്കുറിച്ചവളുടെ ഉറച്ച ധാരണ........ സ്വന്തം ജീവിതത്തില്‍ ഒരു സുപ്രധാന ഘട്ടം വന്നപ്പോള്‍ ആ അറിവുകളൊക്കെയും വൃഥാവിലായിപ്പോയല്ലോ എന്നോര്‍ത്തപ്പോള്‍ അവള്‍ക്കു സങ്കടവും ഒപ്പം അരിശവും തോന്നി.

ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ചു ഗ്രഹങ്ങളെയും ഉപ ഗ്രഹങ്ങളെയുംകുറിച്ചു പുതിയ പുതിയ അറിവുകള്‍ ലഭ്യമായിട്ടും, ചന്ദ്രനെയും ചൊവ്വയെയും മനുഷ്യന്‍ കീഴടക്കിക്കഴിഞ്ഞിട്ടും, പ്രാചീനകാലത്തു ഗ്രഹങ്ങളെക്കുറിച്ചുണ്ടായിരുന്ന തെറ്റായ ധാരണകളെ ആധാരമാക്കിയാണ് ജ്യോത്സ്യം ഇപ്പോഴും നിലനില്ക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഇനിയും തെളിവുകള്‍ വേണോ, ദിവാകരപ്പണിക്കര്‍മാര്‍ക്കും വേണുഗോപാലന്‍മാര്‍ക്കും?

അബദ്ധധാരണകള്‍കൊണ്ടു നിറഞ്ഞിരിക്കുന്ന മനസ്സുകളില്‍ യുക്തിചിന്തയ്ക്ക് എത്തിനോക്കാന്‍ പോലും ഇടമില്ലെങ്കില്‍ എന്തുചെയ്യും? 

ആശങ്ക അവളെ അസ്വസ്ഥയാക്കി.  ആ സ്വപ്നം യാഥാര്‍ത്ഥ്യമാകുമോ? 
തന്റെ ജീവിതം തകരുമോ?

എങ്കിലുമവള്‍ ദിവാകരപ്പണിക്കരെന്ന അല്‍പജ്ഞാനിയെഴുതുന്ന വിധിവരുന്നതും കാത്തിരുന്നു.             
രണ്ടു ദിവസ്സങ്ങള്‍ക്കുശേഷം ദിവാകരപ്പണിക്കര്‍ വിധിയെഴുതി! 

ജാതകം  ചേരില്ല.  പത്തില്‍ അഞ്ചു പൊരുത്തം മാത്രമേ ഉത്തമമുള്ളു. ബാക്കിയെല്ലാം മദ്ധ്യമങ്ങളും അധമങ്ങളും.  ഒരിക്കലും ചേര്‍ക്കാന്‍ പറ്റില്ല! ചേര്‍ത്താല്‍ അഹിതം സംഭവിക്കും!   

അയാള്‍ വ്യാഴന്റെയും കുജന്റെയും ശുക്രന്റെയുമൊക്കെ സ്ഥാനങ്ങളെക്കുറിച്ചുള്ള ജല്പനങ്ങള്‍കൊണ്ടു വാചകക്കസര്‍ത്തുനടത്തി.       
ശാലിനി തളര്‍ന്നു....  അവളുടെ ഹൃദയം തകര്‍ന്നു......  

അവള്‍ അച്ഛന്റെ കാലുപിടിച്ചു കെഞ്ചി, കേണപേക്ഷിച്ചു. 

മറുപടി ഒരുഗ്രശാസന! 

ദിവാകരപ്പണിക്കരുടെ വിധി അന്തിമവിധിയായിരുന്നു.   അപ്പീലില്ലാത്ത വിധി!

അയാള്‍  പങ്കജത്തെയും ഭയപ്പെടുത്തി.  ഈ വിവാഹം നടത്തിയാല്‍ മകളുടെ ജീവിതം  അപകടത്തിലാകുമെന്നയാള്‍ പറഞ്ഞപ്പോള്‍ അവിവേകിയായ ആ അമ്മ പേടിച്ചുപോയി.    

ശാലിനി ഒരാഴ്ച സ്‌കൂളില്‍ പോയില്ല.   ഒരേ കിടപ്പുകിടന്നു.  

എല്ലാ വഴികളെക്കുറിച്ചും ചിന്തിച്ചു. 

അച്ഛനെ ധിക്കരിച്ച് മാഷിനൊടൊപ്പം തന്നിഷ്ടത്താല്‍ വിവാഹം കഴിക്കുന്നതിനെക്കുറിച്ചുവരെ ആലോചിച്ചു.

അങ്ങനെ സംഭവിച്ചാല്‍ തന്റെ പ്രിയപ്പെട്ട അമ്മയുടെ അവസ്ഥ എന്തായിരിക്കും? 

ഭര്‍ത്താവിന്റെ നിഴലുപോലെ ജീവിക്കുന്ന അമ്മ. 

തിരുവായ്ക്ക് എതിര്‍വായില്ലാതെ എല്ലാം അനുസരിക്കുന്ന അമ്മ.  

മകള്‍ അച്ഛനെ ധിക്കരിച്ചാലും ഫലം അനുഭവിക്കുന്നത് അമ്മയായിരിക്കും.  അമ്മയുടെ പിന്നെയുള്ള ജീവിതം നരകതുല്യമായിരിക്കും.       

അവളുടെ മനസ്സില്‍ സംഘര്‍ഷങ്ങളുടെ വേലിയേറ്റമുണ്ടായി.

അമ്മ പറഞ്ഞതവളോര്‍ത്തു: 'മോളെ നീ അവിവേകമെന്തെങ്കിലും കാട്ടിയാല്‍ പിന്നെയീ അമ്മ ഒരുനിമിഷംപോലും ജീവിച്ചിരിക്കില്ല'. അന്ധവിശ്വാസത്തിനു മുന്നില്‍ കീഴടങ്ങിപ്പോയ ആ മാതൃഹൃദയം തേങ്ങിക്കരഞ്ഞു.    

ഒടുവില്‍ മാതൃവാത്സല്യം വിജയിച്ചു. സ്വപ്നങ്ങള്‍ തോറ്റുകീഴടങ്ങി.   

ശാലിനി ഒരുറച്ച തീരുമാനമെടുത്തു. കഠിമായ തീരുമാനം.


                                             തുടരും............



ഭാഗം-2 വായിക്കുവാൻ ഇവിടെ ക്ലിക്കുചെയ്യുക:

http://kathayilekaaryangal.blogspot.in/2015/07/grahangalsaakshipart-2.html

No comments:

Post a Comment