Saturday, July 25, 2015

സായാഹ്നത്തിലെ സാന്ത്വനം - part-2

                
             സായാഹ്നത്തിലെ സാന്ത്വനം  

ഭാഗം-1 വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക:  
  

ഭാഗം  -2        

ഇടയ്ക്കിടക്കു ഉണ്ണിക്കുട്ടന്‍ കുസൃതികാട്ടുമ്പോള്‍ വീട്ടില്‍ ചില അശരീരികളൊക്കെ കേള്‍ക്കാറുണ്ട്: 'ഈ അപ്പൂപ്പന്‍ തന്നെയാ കൊച്ചുമോനെ കൊഞ്ചിച്ചു വഷളാക്കുന്നത്'

മകള്‍ക്കൊരു സംശയം:  'അച്ഛന്‍ ഉണ്ണിക്കുട്ടനോട് കാട്ടുന്ന സ്‌നേഹവും ലാളനയും ഞങ്ങള്‍ ഈ പ്രായത്തിലായിരുന്നപ്പോള്‍ ഞങ്ങളോടു കാട്ടിയിട്ടുണ്ടോ?'

കൊച്ചുമകനെ സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്നതുപോലെതന്നെ ആ പ്രായത്തില്‍ മക്കളെയും സ്‌നേഹിച്ചിരുന്നു, ലാളിച്ചിരുന്നു.  

പക്ഷേ ഒരു വ്യത്യാസം.  മക്കളെ സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്താല്‍ മാത്രം പോര. അവരെ ശാസിക്കേണ്ടപ്പോള്‍ ശാസിക്കണം...... അവരുടെ വളര്‍ച്ചയിലെ ഓരോ ഘട്ടത്തിലും ശ്രദ്ധിക്കണം...... തെറ്റുകള്‍ തിരുത്തണം......  

പേരക്കുട്ടികളാകുമ്പോള്‍ ആ ഉത്തരവാദിത്വങ്ങളൊക്കെ അവരുടെ മാതാപിതാക്കള്‍ക്കു വിട്ടുകൊടുക്കുന്നതല്ലേ ശരി? 

മുത്തച്ഛന്‍ തന്റെ ജീവിതത്തിന്റെ സായഹ്നവേളയില്‍ പേരക്കുട്ടികളെ സ്‌നേഹിച്ചും ലാളിച്ചും കുറച്ച് ആനന്ദം നേടിക്കൊള്ളട്ടെ.      

സ്വപ്നങ്ങള്‍ കാണാന്‍ വേറൊന്നുമില്ലല്ലോ?  സ്വപ്നം കാണാനുള്ള കാലമൊക്കെ കഴിഞ്ഞില്ലേ?

ബാക്കിജീവിതത്തില്‍ മക്കളോടും പേരക്കുട്ടികളോടുമൊപ്പം കഴിയുമ്പോള്‍ ലഭിക്കുന്ന സന്തോഷം മാത്രമല്ലേ അവശേഷിക്കുന്ന സ്വപ്നങ്ങള്‍?
അതുതന്നെയല്ലേ ഇനിയും ജീവിക്കാന്‍ മോഹിപ്പിക്കുന്നതും? 
..............................................

പൊമറേനിയനുപകരം വീടിനുപുറത്തു വളര്‍ത്തുന്ന മറ്റേതെങ്കിലും ഇനം നായക്കുട്ടിയെ വാങ്ങി അവനെ സമധാനിപ്പിക്കാന്‍ ശ്രമിച്ചുനോക്കിയാലോ?

അതിലുമുണ്ട് പ്രശ്‌നങ്ങള്‍......................

മകന്റെ വിവാഹത്തിനു മൂത്തപെങ്ങളെയും കുടുംബത്തെയും   ക്ഷണിക്കാന്‍ ഭോപ്പാലില്‍ പോയപ്പോഴുണ്ടായ അനുഭവം ഈര്‍ഷ്യയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയു.  

പെങ്ങളുടെ മകന്‍ രാജീവും അവന്റെ ഒന്‍പതാംക്ലാസുകാരന്‍ മകനും തമ്മില്‍ ഒരു തര്‍ക്കം നടക്കുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായി കയറിച്ചെന്നത്. 

മകന് കോച്ചിങ് സെന്ററില്‍ച്ചേര്‍ന്നു പഠിക്കണം.  

അതിപ്പോള്‍ വേണ്ട, പതിനൊന്നാം ക്ലാസ്സുമുതല്‍ മതിയെന്നച്ഛന്‍... കോച്ചിങ് സെന്ററിലൊക്കെ താങ്ങാനാവാത്ത  ഫീസുകൊടുക്കേണ്ടിവരും.                         
'അച്ഛന്‍ ഈ നായയ്ക്കുവേണ്ടി ചെലവാക്കുന്നതിന്റെ പകുതിപോലും   വേണ്ടല്ലോ എനിക്ക് കോച്ചിംഗ്‌സെന്ററില്‍ ഫീസുകൊടുക്കാന്‍'

മകന്റെ വാദം ന്യായം. 

ഇവിടെ മകനല്ല, അച്ഛനാണ് നായയോടുള്ള കമ്പമെന്നു വ്യക്തം. 

കുടുംബാംഗങ്ങള്‍ക്കൊപ്പമോ അതിലുമുപരിയോ  വളര്‍ത്തുമൃഗങ്ങള്‍ക്കു പരിഗണന നല്‍കുമ്പോള്‍ ഉണ്ടാകുന്ന മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളുടെ ബഹിര്‍സ്ഫുരണമാണ് ഇവിടെക്കണ്ട മകന്റെ ധാര്‍മികരോഷ പ്രകടനം.    

മക്കളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുമുന്നില്‍ പിശുക്കുകാട്ടുമ്പോഴും നായയ്ക്കുവേണ്ടി ധാരാളിത്തം കാട്ടുന്നത്തിന്റെ ഒരു ഉദാഹരണം.......... 
           
..............................

അന്ന് പെങ്ങളുടെ വീട്ടില്‍ തങ്ങി.  പിറ്റേദിവസം രാവിലെ മടക്കയാത്ര. രാജീവ് ഓഫീസില്‍ പോകുമ്പോള്‍ അവന്റെ കാറില്‍ സ്‌റ്റേഷനില്‍ വിടും.  
പെങ്ങളെയും അളിയനെയും രാജീവിനെയും കുടുംബത്തെയും പ്രത്യേകം പ്രത്യേകം ക്ഷണിച്ചു. എല്ലാവരും രണ്ടു ദിവസം മുമ്പുതന്നെ എത്തണമെന്നു   നിര്‍ബന്ധിച്ചു.     

'എല്ലാവരുംകൂടി ഒരുമിച്ചുള്ള യാത്ര നടക്കില്ല. ഇവിടെ ആരെങ്കിലും വേണം.  ടിപ്പുവിന്റെ കാര്യങ്ങളൊക്കെ നോക്കണ്ടേ?  അവന്‍ വന്നിട്ട് എട്ടുവര്‍ഷം കഴിഞ്ഞു.  അതിനിടയ്ക്ക്  ഇതുവരെ എല്ലാവരുംകൂടി ഒരുമിച്ചൊരു നീണ്ടയാത്ര പോയിട്ടില്ല. എത്ര അത്യാവശ്യമായാലും അതു നടക്കില്ല'.

അപ്പോള്‍ വീട്ടില്‍ നായയുണ്ടെങ്കില്‍ അത്യാവശ്യയാത്രകളും ഒഴിവാക്കേണ്ടിവരും! 

രാവിലെ എല്ലാപേരോടും യാത്രപറഞ്ഞിറങ്ങി. 

രാജീവ് കാറിന്റെ പിന്‍സീറ്റു തുറന്നുതന്നു.  കാറിനുള്ളില്‍ കയറിയപ്പോഴാണു കാണുന്നതു മുന്‍സീറ്റില്‍ ടിപ്പു!

'ഇവനെയും കൊണ്ടാണോ എന്നും ജോലിക്കുപോകുന്നത്?'

'അല്ല........... അങ്കിളിനെ സ്‌റ്റേഷനില്‍ വിട്ടിട്ട് ഇവനെ ഡോക്ടറെ കാണിക്കണം.  ഒരിഞ്ചെക്ഷനെടുക്കാനുണ്ട്. ഇന്നത്തേക്കാണു അപ്പോയിന്റ്‌റ്‌മെന്റ്    തന്നിരിക്കുന്നത്. അതുകഴിഞ്ഞ് ഇവനെ വീട്ടില്‍ വിട്ടിട്ടേ ഓഫീസില്‍ പോകാന്‍ പറ്റുകയുള്ളു.  അപ്പോഴേക്കും ഉച്ചയാകും. അരദിവസത്തെ ലീവു പോകും. എന്ത് ചെയ്യാനാ അങ്കിളേ, എല്ലാത്തിനും ഞാന്‍തന്നെ പോകണം'

ശരിയാണ്; സഹതാപം തോന്നി. 

രണ്ടുമിനിട്ടു കഴിഞ്ഞപ്പോള്‍ ടിപ്പു മുന്‍സീറ്റുകള്‍ക്കിടയിലൂടെ പുറകിലോട്ടു നോക്കി പല്ലിളിച്ചു. പിന്നെയൊരു കോട്ടുവായിട്ടു. 

എന്റമ്മോ.......  

പുറത്തേക്കുവിട്ട ശ്വാസം പിടിച്ചങ്ങനെ ഇരുന്നുപോയി............  ശ്വാസം അകത്തേക്കെടുക്കാന്‍ പറ്റുന്നില്ല.............   

ടിപ്പുവിന്റെ ഉള്ളില്‍നിന്നു വിജൃംഭിതമായ  'പരിമളം......' 

         'ക്ഷീരമാംസാദി ഭുജിച്ചീടിലുമമേദ്ധ്യത്തെ  
         പ്പാരാതെ ഭുജിക്കണം സാരമേയങ്ങള്‍ക്കെല്ലാം' 

പണ്ടു സ്‌കൂളില്‍ പഠിച്ചിട്ടുള്ള ആ കവിതാശകലം ഓര്‍ത്തുപോയി! 
              
'മോനേ ഒന്നു കാറുനിര്‍ത്തു.  ഒരു കാര്യം മറന്നു.  എന്റെ ഒരു സുഹൃത്ത് ഇവിടെ അടുത്തുണ്ട്.  അവനെയും ക്ഷണിക്കണം.  അവന്‍ എന്നെ സ്‌റ്റേഷനില്‍ കൊണ്ടുവിടും. എന്നെ ഇറക്കിവിട്ടിട്ടു മോന്‍ പൊയ്‌ക്കൊള്ളു' 

ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ഒരു നുണ രക്ഷയ്‌ക്കെത്തും.  

നുണപറയുന്നതു ശരിയല്ല. എന്നാലും എങ്ങനെ പറയാതിരിക്കും?       

അങ്ങനെ ടിപ്പുവില്‍നിന്നു രക്ഷപ്പെട്ടിട്ട് ഒരു ഓട്ടോറിക്ഷായില്‍ക്കയറി സ്‌റ്റേഷനിലേക്കുപോയി.

ഈ കഥയും ഉണ്ണിക്കുട്ടനോടു പറഞ്ഞിട്ടു പ്രയോജനമുണ്ടാവുമെന്നു തോന്നുന്നില്ല. 

അവനെ  പിണക്കാന്‍ കഴിയില്ല.  ശുനകനെ വീട്ടിലേക്കു ക്ഷണിക്കാനും കഴിയില്ല.      

എന്തായാലും ഒരിക്കല്‍ക്കൂടി ശ്രമിച്ചുനോക്കുകതന്നെ.    
       
അവന്‍ കാര്‍ട്ടൂണ്‍ കാണുന്നുണ്ടെങ്കിലും മുഖത്ത് പതിവുള്ള ഉത്സാഹമില്ല. 

'അപ്പൂപ്പാ വൈശാഖ്‌ചേട്ടന്റെ അപ്പൂപ്പന് സുഖമില്ല. ഹോസ്പിറ്റലില്‍ കിടത്തിയിരുക്കുകയാണ്.  ബ്രൂണോയാണ്  അപ്പൂപ്പന്റെ അസുഖത്തിനു കാരണമെന്നു പറയുന്നു.  അതുകൊണ്ട് ബ്രൂണോയെ അവിടുന്നു കൊണ്ടുപോകും'  

പതിവായി പ്രഭാതസവാരിക്ക് സഹയാത്രികനാകാറുള്ള  രാമേട്ടന്‍ രണ്ടുദിവസമായി വരുന്നില്ല.  ഇതുവരെ തിരക്കാഞ്ഞതു തെറ്റായിപ്പോയി.

അവിടെയൊരു വട്ടമേശസമ്മേളനം നടക്കുന്നതിനിടയ്ക്കാണു രാമേട്ടന്റെ അസുഖവിവരം അന്വേഷിക്കാനായി കയറിച്ചെന്നത്.  ബ്രൂണോയെ നാടുകടത്തലാണു വിഷയം.  

പൂര്‍ണ ആരോഗ്യവാനായിരുന്ന രാമേട്ടനു പെട്ടെന്നു അസുഖമുണ്ടാകാന്‍ കാരണം പട്ടിക്കുട്ടികാരണമുണ്ടായ അലര്‍ജിയാണെന്നു കുടംബഡോക്ടര്‍ തറപ്പിച്ചുപറയുന്നു.   

ബ്രൂണോ കുടുംബത്തിലെ ഒരംഗമായിക്കഴിഞ്ഞു.  വീട്ടിലെല്ലാവരും വൈകാരികമായി  അവനോടടുത്തു കഴിഞ്ഞു.  ഇനി അവനെ ഉപേക്ഷിക്കുന്ന കാര്യം അസഹനീയം.  അതേസമയം രാമേട്ടന്റെ ആരോഗ്യം അതിലും ഏറെ പ്രധാനം.

ബ്രൂണോയെ വീട്ടില്‍നിന്നു മാറ്റണമെന്ന് മനസ്സില്ലാമനസ്സോടെ തീരുമാനിച്ചു കഴിഞ്ഞു.  എങ്ങോട്ടുമാറ്റും? അതാണ് ഇപ്പോഴത്തെ ചിന്താവിഷയം.

അതിനിടയ്ക്ക് ഒരു അപ്പീലുകൂടിയുണ്ട്......... രാജഗോപാലിന്റെമുമ്പാകെ വൈശാഖ്‌മോന്റെ അപ്പീല്‍........   ബ്രൂണോയെ വീട്ടില്‍നിന്നു മാറ്റാനുള്ള തീരുമാനം പുനപ്പരിശോധിക്കണം.............  മറ്റെന്തെങ്കിലും വഴി കാണണം........

രാജഗോപാല്‍ ധര്‍മ്മസങ്കടത്തിലായി..... എന്തു ചെയ്യും?  

വാനപ്രസ്ഥത്തിനു പുറപ്പെടാന്‍ വിടപറയുന്ന മാതാപിതാക്കളെ നിറകണ്ണുകളോടെ നോക്കിനില്‍ക്കുന്ന മകനെപ്പോലെ ബ്രൂണോയെനോക്കി കണ്ണുനീരൊഴുക്കുന്ന വൈശാഖ്‌മോന്‍ ഒരുവശത്ത്............... 

മകന്റെ ദുഃഖം താങ്ങാനാവാതെ മൂക്കുചീറ്റലും നെടുവീര്‍പ്പുകളുംകൊണ്ടു ഒരു ശോകഗാനത്തിനു പശ്ചാത്തലസംഗീതമൊരുക്കി ബ്രൂണോക്കുവേണ്ടി ദയാഹര്‍ജ്ജിയുമായി നില്ക്കുന്ന ഭാര്യ മറുവശത്ത്..............  

ഇതികര്‍ത്തവ്യതാമൂഢനായി ഇരിക്കുമ്പോള്‍ അയാളുടെ മനസ്സില്‍ പെട്ടെന്നോര്‍മ്മവന്നു അമ്മയുടെ താക്കീത്:   'പട്ടിക്കുട്ടിയെ വീട്ടില്‍ നിന്നുമാറ്റിയില്ലെങ്കില്‍  ഹോസ്പിറ്റലില്‍നിന്നു ഡിസ്ചാര്‍ജാകുമ്പോള്‍ നിന്റെ അച്ഛനെയുംകൊണ്ടു ഞാനെങ്ങോട്ടെങ്കിലും പോകും'

ഭര്‍ത്താവിന്റെ ആരോഗ്യകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത അമ്മയുടെ താക്കീതിനുമുന്നില്‍  മകന്‍ പകച്ചുനിന്നു.                         
അവരുടെ കൂടിയാലോചനയ്ക്കു തടസ്സമാകാതിരിക്കാന്‍ ഉടനെ തിരിച്ചുപോന്നു. 

അത്താഴം കഴിഞ്ഞു വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉണ്ണിക്കുട്ടന്‍വന്നു മടിയില്‍ കയറിയിരുന്നു............ കെട്ടിപ്പിടിച്ചൊരുമ്മതന്നു..............
    
ബ്രൂണോയെ ആര്‍ക്കെങ്കിലും കൊടുക്കാന്‍ തീരുമാനിച്ചവിവരം അവന്‍ വൈശാഖില്‍ നിന്നു മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.  അതിനെ നമുക്കു വാങ്ങാമെന്നു പറയാനുള്ള തയ്യാറെടുപ്പാണെന്നു വ്യക്തം.
      
എന്തുചെയ്യും? എന്തുപറഞ്ഞ് ഒഴിവാക്കും? ധര്‍മ്മസങ്കടത്തിലായി.

'നമുക്കിനി പട്ടിക്കുട്ടിയെ വാങ്ങണ്ട അപ്പൂപ്പാ'

'ങേ......? അതെന്താ മോനു?'

'വീട്ടില്‍ പട്ടിക്കുട്ടി വന്നാല്‍ എന്റെ അപ്പൂപ്പനും അസുഖം വരും'.               
വിശ്വസിക്കാന്‍ കഴിഞ്ഞില്ല! 

ബെന്നിയോടൊപ്പം കളിക്കാനും പാര്‍ക്കിലും ബീച്ചിലുമൊക്കെ പോകാനുമുള്ള അവന്റെ സ്വപ്നങ്ങള്‍ മുങ്ങിത്താണുപോയി, ആ കൊച്ചുമനസ്സിലെ സ്‌നേഹത്തിന്റെ ആഴക്കടലില്‍!       

അവനെ കെട്ടിപ്പിടിച്ച് നെറുകയില്‍ ചുംബിച്ചപ്പോള്‍ അവന്റെ നെറ്റിത്തടം നനഞ്ഞു. കുതിച്ചുചാടിയ കണ്ണുനീരിനെ തടയാന്‍ കഴിഞ്ഞില്ല.  

'അയ്യേ...... അപ്പൂപ്പനെന്താ കരയുന്നത്?'

അവന്റെ സ്‌നേഹം കണ്ടപ്പോഴുണ്ടായ വികാരത്തള്ളലില്‍ പുറത്തുചാടിയ ആനന്ദാശ്രുവായിരുന്നുവെന്നു പറഞ്ഞാല്‍ അവനു മനസ്സിലാവില്ലല്ലോ? 

അവനെ മാറോടണച്ച് മുത്തങ്ങള്‍കൊണ്ടു പൊതിയുമ്പോള്‍ കൊതിച്ചുപോയി ഇനിയും കുറേക്കാലം അവനോടൊപ്പം ജീവിക്കണമെന്ന്. 
    

                                                                     *************

Thursday, July 23, 2015

സായാഹ്നത്തിലെ സാന്ത്വനം - Part-1


സായാഹ്നത്തിലെ സാന്ത്വനം

ഭാഗം 1

ഗേറ്റുതുറന്ന് അകത്തുകയറിയപ്പോഴേക്കും വാതില്‍ക്കല്‍ നില്ക്കുകയായിരുന്ന   ഉണ്ണിക്കുട്ടന്‍  ഓടിവന്നു കൈനീട്ടി, അവനെ എടുക്കാന്‍. 
  
എടുത്തു മാറോടുചേര്‍ത്തപ്പോള്‍ അവന്‍ രണ്ടു കൈകളും കഴുത്തില്‍ ചുറ്റി കെട്ടിപ്പിടിച്ചുകൊണ്ട് രണ്ടുകവിളുകളിലും മാറിമാറി തെരുതെരെ മുത്തം തന്നു. 

സമയം ആറേമുക്കാല്‍!   ആറുമുതല്‍ ഏഴുവരെ അവനു കാര്‍ട്ടൂണ്‍ കാണാന്‍ അനുവദിച്ചിട്ടുള്ള സമയമാണ്.  അവന്‍ സമരം ചെയ്തു നേടിയെടുത്ത അവന്റെ അവകാശം!

ആ സമയത്ത് അവനെ ആരും ഡിസ്റ്റര്‍ബ് ചെയ്യാന്‍ പാടില്ല. അതും അവന്റെ അവകാശമാണ്!   ആരെങ്കിലും ഒന്ന് വിളിച്ചുപോയാല്‍  ഉടന്‍ വരും അവന്റെ മറുപടി: 'എന്നെ ഡിസ്റ്റര്‍ബ് ചെയ്യരുത്'

അത്ര ശ്രദ്ധയോടെയിരുന്നു കാര്‍ട്ടൂണ്‍ ആസ്വദിക്കും.  ഇടയ്ക്കിടെ ഉറക്കെ ചിരിക്കും. സെറ്റിയില്‍നിന്നിറങ്ങി ചാടും. 

അതിനിടയ്ക്ക് അവനെ ഡിസ്റ്റര്‍ബ് ചെയ്യാമോ? 

അതിനിടയ്ക്കാണ്  ഓഫീസില്‍ നിന്നുവരുന്നതെങ്കില്‍ അരമിനിറ്റ് അവന്‍ അപ്പൂപ്പന് അനുവദിക്കും. ആ അരമിനിറ്റിനുള്ളില്‍ അവനെ എടുത്ത് മുത്തം കൊടുക്കുമ്പോഴും അവന്‍ തിരിച്ചുതരുമ്പോഴും അവന്റെ കണ്ണുകള്‍ TV   സ്‌ക്രീനിലായിരിക്കും.  ഭാഗ്യവശാല്‍ ആ സമയത്ത് ബ്രേക്കുവന്നാല്‍ അവന്‍ അനുവദിച്ച അരമിനിറ്റ് കുറച്ചുകൂടി നീട്ടിക്കിട്ടും. പിന്നെയവന്‍  ചാടിയിറങ്ങി കാര്‍ട്ടൂണില്‍ മുഴുകും. 

ഏഴുമണിക്ക്   റിമോട്ട് കന്റ്‌റോള്‍ മനസ്സില്ലാമനസ്സോടെ  അമ്മൂമ്മയ്ക്കു കൈമാറുന്നതുവരെ. 

അമ്മൂമ്മയ്ക്കും ഇല്ലേ ചില അവകാശങ്ങളൊക്കെ? ......

ചന്ദനമഴ......... കുങ്കുമപ്പൂക്കള്‍..................  സ്ത്രീ...........  സ്ത്രീയൊരു മാലാഖ........ സ്ത്രീയൊരു ദേവി..............  സ്ത്രീയൊരു ജ്വാല............   അങ്ങനെ എല്ലാം കാണണ്ടേ?  അത് അമ്മൂമ്മയുടെ  അവകാശമല്ലേ?

അപ്പോഴേക്കും അവന്റെ അമ്മ മോന്റെ ഹോംവര്‍ക്ക് ചെയ്യിക്കാനുള്ള ബുക്കുകളുമായി തയ്യാര്‍, ഒരു ഹെഡ്മിസ്റ്റ്രസ്സിന്റെ ഗൗരവത്തോടെ!
അതൊക്കെ പതിവുള്ള കാര്യങ്ങള്‍.

എന്നാല്‍ ഇന്നവന്‍ കാര്‍ട്ടൂണ്‍ കാണേണ്ട സമയത്ത് അപ്പൂപ്പനെ കാത്ത് പുറത്തുനില്‍ക്കുന്നു!  അപ്പൂപ്പന്റെമേല്‍ ചാടിക്കയറി തെരുതെരെ മുത്തം നല്കുന്നു! 

അഞ്ചുവയസ്സേ ആയിട്ടുള്ളുവെങ്കിലും ആളൊരു കൗശലക്കാരനാണ്! 

അപ്പൂപ്പനെക്കൊണ്ട് എന്തെങ്കിലും കാര്യം നേടാനുണ്ടാവും. 

അവന്‍ മുഖവുരയില്ലാതെ കാര്യത്തിലേക്കുകടന്നു. അവന്റെ കാത്തുനില്പും തെരുതെരെയുള്ള മുത്തംനല്കലും വാസ്തവത്തില്‍ അവനുപറയാനുള്ള കാര്യത്തിന്റെ മുഖവുര തന്നെയായിരുന്നു.

'അപ്പൂപ്പാ, വൈശാഖ് ചേട്ടന്റെ വീട്ടില്‍ പപ്പി വന്നു'. 

'പപ്പിയോ? അതാരാ?'

'ഓ.............  ഈ അപ്പൂപ്പനൊന്നുമറിയില്ല.................... മണ്ടന്‍................... പപ്പി എന്നുവച്ചാല്‍ പട്ടിക്കുട്ടി'. 

'ങാ..................   ആ പപ്പിയോ?  ഞാന്‍ വിചാരിച്ചു ഇത്തിക്കരപ്പക്കിയെപ്പോലെ ആരോ ആണെന്ന്'. 

'അപ്പൂപ്പാ......... തമാശ പറയല്ലേ, ഞാന്‍ സീരിയസ്സായിട്ടാണു പറയുന്നത്'.

അഞ്ചുവയസ്സുകാരനും സീരിയസ്സാകുന്ന കാലം!     

'ശരി, ഞാനും സീരിയസ്സ്.   ഇനി അപ്പൂപ്പന്റെ ഉണ്ണിക്കുട്ടന്‍ പറയു, പപ്പി വന്നിട്ട്?' 

'പപ്പി വന്നതല്ല, വാങ്ങിയതാണ്.  വൈശാഖ് ചേട്ടന്റെ അച്ഛന്‍ കടയില്‍നിന്നു വാങ്ങിയതാ............. ബ്രൂണോ എന്നാ പേരിട്ടത്. അപ്പൂപ്പാ.......... നമുക്കുമൊരു പപ്പിയെ വാങ്ങാമോ?' 

'നമുക്ക് വേണ്ട മോനേ, മോന് അപ്പൂപ്പന്‍ ഒരു വലിയ റ്റെഡിബെറും റിമോട്ട്    കന്റ്‌റോള്‍ കാറും..................  പിന്നെ ഏറോപ്ലേനും വാങ്ങിത്തരാം'.

'അപ്പൂപ്പാ....... എനിക്കു ദേഷ്യം വരും.......... കേട്ടോ?  ജീവനുള്ള പപ്പിയെ വാങ്ങാന്‍ പറഞ്ഞപ്പോഴാ റ്റെഡിബെറും  കാറും'. 

'ശരി, ഞാന്‍ നോക്കട്ടെ'

'അപ്പൂപ്പാ.......... ഇപ്പം പോകാം വാങ്ങാന്‍........   പ്ലീസ്..............'                     
അപ്പോഴേക്കും അവന്റെ അമ്മ  തയ്യാര്‍……… ഹോംവര്‍ക്ക് ബുക്കുമായി.

'മോന്‍ പോയി ഹോംവര്‍ക്ക് ചെയ്യു.   നമുക്ക് പിന്നൊരു ദിവസം പപ്പിയെ വാങ്ങാം'  

അവന്‍ പിണങ്ങി..................... പിന്നെ 'ഹെഡ്മിസ്റ്റ്രസ്സിന്റെ' മുന്നില്‍ വഴങ്ങി. 

ഉറങ്ങാന്‍ കിടക്കുമ്പോള്‍ പതിവുപോലെ  ഗുഡ്‌നൈറ്റ് മുത്തം തന്നതിനുശേഷം പിന്നെയുമവന്‍ സോപ്പ് പതപ്പിച്ചു!

'അപ്പൂപ്പന് തലവേദനയുണ്ടോ?  ഞാന്‍ തടവിത്തരാം' 

നെറ്റിയില്‍ തടവിത്തന്നുകൊണ്ടിരുന്ന അവന്റെ കുഞ്ഞുകൈ പിടിച്ച് ഉള്ളംകൈയില്‍ ഒരു ഉമ്മ കൊടുത്തു. 

'മോന്‍ പോയി ഉറങ്ങിക്കൊള്ളു'

പോകുന്നതിനുമുമ്പ് അവന്‍ ഒരിക്കല്‍ക്കൂടി പപ്പിയുടെ കാര്യം ഓര്‍മ്മിപ്പിച്ചു.

ഉണ്ണിക്കുട്ടന്റെ മനസ്സില്‍നിന്ന് പപ്പിയുടെ കമ്പം മാറ്റാനെന്താണു വഴി? 

ശുനകനെ വീട്ടില്‍ക്കയറ്റിയാല്‍ അപകടം പലതാണ്.   

ഒരിക്കല്‍ ഒരു പഴയ സുഹൃത്തിന്റെ വീട്ടില്‍ പോകേണ്ടിവന്നു. 

കാളിംഗ്  ബെല്ലടിച്ചപ്പോള്‍  ആദ്യം വാതില്ക്കലെത്തിയത് ഒരു പൊമറേനിയന്‍.    

പിന്നെ സുഹൃത്തിന്റെ ഭാര്യയെത്തി  വാതില്‍തുറന്ന് ആഗതനെകണ്ടിട്ട് 'അയ്യോ, ഇതാരാ വിന്നിരിക്കുന്നെ! കുറെ നാളായല്ലോ കണ്ടിട്ട്, കയറി വരണം'  എന്നു  പറഞ്ഞുപൂര്‍ത്തിയാക്കുന്നതിനുമുമ്പുതന്നെ ശ്വാനകുമാരനു കാര്യം മനസ്സിലായി  'നമുക്കു വളരെ വേണ്ടപ്പെട്ട ആളാണല്ലോ  വന്നിരിക്കുന്നത്'. 
   
പിന്നെ  ആഗതനെ ഒന്ന് നക്കിയതിനുശേഷമേ അവനു സമാധാനമായുള്ളു. 

ആഗതനെ അകത്തേക്കാനയിച്ച് ഇരുത്തിക്കഴിഞ്ഞപ്പോള്‍ പിന്നെ ബാക്കി   അതിഥിസല്‍ക്കാരകര്‍മ്മങ്ങള്‍ പൊമറേനിയന്റെ വക.........  പിന്നെയും   നക്കല്‍............  മടിയില്‍ കയറിയിരിക്കല്‍.......... രണ്ടുമുന്‍കാലുകളും കൊണ്ടു മാറിമാറി മാന്തല്‍.........   

ശുനകന്റെ നക്കലും മാന്തലുമൊക്കെ 'ആസ്വദിച്ച്' അവനില്‍നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നാലോചിച്ച്, എന്നാല്‍ അതിഥിമര്യാദയുടെ മേലങ്കിയണിഞ്ഞ് അസഹിഷ്ണുത പുറത്തുകാട്ടാനാവാതെ  ഇളിഭ്യനായി ഇരിക്കുമ്പോള്‍ വീട്ടുകാരനും വീട്ടുകാരിയും മക്കള്‍മാഹാത്മ്യം പറയുന്നതിനേക്കാള്‍ കൂടുതല്‍ ഉത്സാഹത്തോടെ ശ്വാനന്‍മോനെക്കുറിച്ചുള്ള വര്‍ണ്ണനയില്‍ മുഴുകി സായുജ്യമടയുകയായിരുന്നു.  

ശ്വാനപ്രദര്‍ശനത്തിനു കൊണ്ടുപോയതും എന്നാല്‍ വിധികര്‍ത്താക്കളുടെ അസൂയയും പക്ഷപാതപരമായ മാര്‍ക്കിടലും കാരണം ഒന്നാംസമ്മാനം നഷ്ടമായതും ഒക്കെ വച്ചങ്ങുകാച്ചി! 

സുഹൃത്തുമായി സംസാരിച്ചിരിക്കുന്നതിനിടയ്ക്കു തീന്‍മേശമേല്‍ വിഭവങ്ങള്‍ ഒന്നൊന്നായി നിരന്നുതുടങ്ങി. 

ലഞ്ചിനുള്ള സമയമായതിന്റെ സൂചന. 

ഊണു കഴിക്കാതെ സുഹൃത്ത് വിടുമെന്നു തോന്നുന്നില്ല. നല്ല വിശപ്പുമുണ്ട്.

പൊമറേനിയന്‍ ഒറ്റച്ചാട്ടത്തില്‍ കസ്സേരയിലും അവിടെന്നിന്നു തീന്‍മേശപ്പുറത്തും കയറി.   

ആവിപറക്കുന്ന വിഭവങ്ങളെല്ലാം മണത്തുനോക്കി. ശുനകന്റെ ഘ്രാണശേഷി അപാരമാണല്ലൊ! അവനു വിഭവങ്ങളെല്ലാം നന്നേ ഇഷ്ടപ്പെട്ടു!  

അതിന്റെയെല്ലാം സ്വാദ് ഘ്രാണേന്ദ്രിയംകൊണ്ടാസ്വദിച്ചിട്ട് അവന്‍ ഒന്ന് സടകുടഞ്ഞെണീറ്റുനിന്നു.  

ഹാ...... എന്തൊരു ഭംഗി!................ അവന്റെ ശരീരത്തില്‍നിന്നു പൊഴിഞ്ഞുപൊങ്ങിയ തൂവെള്ള രോമങ്ങള്‍ പറന്നുയര്‍ന്നു.  

അപ്പൂപ്പന്‍താടിപോലെ കുറേസമയം പറന്നശേഷം ആ രോമങ്ങള്‍ മെല്ലെ താണുവന്ന് തീന്‍മേശമേല്‍ കാത്തിരിക്കുന്ന വിഭവങ്ങളിലെല്ലം മേമ്പൊടിവിതറി. 

മൂന്നാറിലെ ഹോട്ടല്‍മുറിയില്‍ ഒരു ശരത്കാലപ്പുലരിയില്‍ തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്കുനോക്കിനിന്ന് പ്രകൃതിസൗന്ദര്യം ആസ്വദിക്കുമ്പോള്‍ മലഞ്ചെരുവില്‍ തളിര്‍ത്തുനില്ക്കുന്ന തേയിലച്ചെടികള്‍ക്കുമേല്‍ തുഷാരബിന്ദുക്കള്‍ പതിക്കുന്ന പ്രകൃതിരമണീയത ഓര്‍മ്മയുടെ ക്യാന്‍വാസില്‍ തെളിഞ്ഞുവന്നു.     
അത്ര മനോഹരമായിരുന്നു പൊമറേനിയന്‍ പറത്തിവിട്ട തൂമഞ്ഞുപോലുള്ള  മൃദുരോമങ്ങള്‍ തീന്‍മേശയിലെ വിഭവങ്ങള്‍ക്കുമേല്‍ പതിക്കുന്ന കാഴ്ച!           

ഉച്ചഭക്ഷണത്തിനു ശുനകന്റെവക 'ടോപ്പിംഗ്‌സ്' 

തീന്‍മേശമേലിരുന്നു മാടിവിളിക്കുന്ന വിഭവങ്ങള്‍ക്കുമേല്‍ പൊമറേനിയന്‍ മേമ്പൊടി വിതറുന്ന നയനമനോഹര കാഴ്ച കണ്ടപ്പോള്‍ തന്നെ   വയറുനിറഞ്ഞു!  വിശപ്പു പമ്പകടന്നു!  

സുഹൃത്തിനോടെന്തുപറയും? 

ഒരു കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള വഴിയെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നതിനുമുമ്പുതന്നെ മന്ദഹാസത്തില്‍പ്പൊതിഞ്ഞ ക്ഷണവുമായെത്തി സുഹൃത്തിന്റെ വാമഭാഗം.  

ഉച്ചഭക്ഷണത്തിനു ഭര്‍ത്താവിന്റെ സുഹൃത്തിനുവേണ്ടി വിശിഷ്ടവിഭവങ്ങള്‍   തത്ക്ഷണം തയ്യാറാക്കാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തി ആ പ്രഫുല്ലവദനത്തില്‍ പ്രകടമായിരുന്നു. 

പെട്ടെന്നൊരു നുണ രക്ഷയ്‌ക്കെത്തി.

'അയ്യോ.... സോറി.... ഞാന്‍ പറയാന്‍ മറന്നു. ഇന്നു വ്യാഴാഴ്ച്ചയല്ലേ? ഞാനൊരു ഹനുമാന്‍ഭക്തനാണ്.  എല്ലാ വ്യാഴാഴ്ചയും മുടങ്ങാതെ വ്രതം നോക്കുന്നുണ്ട്'

ഹനുമാന്‍ ക്ഷേത്രത്തിന്റെ അടുത്തുകൂടിപ്പോലും പോയിട്ടില്ലാത്തവന്റെ നുണ അവര്‍ വിശ്വസിച്ചുവെങ്കിലും, അതവരെ ദുഖിപ്പിച്ചു. സുഹൃത്തിന്റെ ഭാര്യയുടെ കോമളവദനം നിമിഷംകൊണ്ട് നിഷ്പ്രഭമായി.

അതിഥിസല്‍ക്കാരത്തില്‍ ആനന്ദം കണ്ടെത്തുന്ന ഒരു സമ്പന്നമനസ്സിനുടമയായ വീട്ടമ്മയെ വേദനിപ്പിക്കേണ്ടിവന്നതില്‍ കുറ്റബോധം തോന്നിയെങ്കിലും നിസ്സഹായനായിപ്പോയി.

'സോറി................. നിങ്ങള്‍ കഴിക്കൂ............... ഞാനിറങ്ങട്ടെ. എനിക്കുപോയിട്ട് ഒരത്യാവശ്യവുമുണ്ട്.'

ഭക്ഷണം കഴിക്കാനായി വേറൊരു ദിവസം വരാമെന്ന് മറ്റൊരുകള്ളം കൂടി പറഞ്ഞിട്ടു യാത്രപറഞ്ഞിറങ്ങി. 

ഇതുപോലൊരു പപ്പിയെ വാങ്ങാനാണ് ഉണ്ണിക്കുട്ടന്‍ ശാഠ്യം പിടിക്കുന്നത്. 

എങ്ങനെ വാങ്ങും? വാങ്ങിയാല്‍ 'ടോപ്പിംഗ്‌സ്' ഇല്ലാതെ ഭക്ഷണം കഴിക്കാന്‍ പറ്റുമോ? 

ദിവസവും ഉണ്ണിക്കുട്ടന്‍ പപ്പിയെ വാങ്ങുന്ന കാര്യം ഓര്‍മ്മിപ്പിക്കും. എന്നും എന്തെങ്കിലും ഒഴികഴിവുകള്‍ പറഞ്ഞോ പകരം കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്തോ അവനെ സമാധാനിപ്പിക്കും.  അതുകൊണ്ടൊന്നും അവന്‍ സംതൃപ്തനല്ല. അവന്റെ പപ്പിക്കമ്പം വര്‍ദ്ധിച്ചതേയുള്ളു. 

ഒരുദിവസം അവന്‍ ചോദിച്ചു: 'അപ്പൂപ്പന് പട്ടിയെ ഇഷ്ടമല്ലേ?' 

“അയ്യോ മോനേ പതുക്കെപ്പറയൂ....... മഞ്ജരി രവിദാസോ മറ്റോ കേട്ടാല്‍ കുഴപ്പമാകും”.  

തെരുവുനായ്ക്കളെ തുറിച്ചുനോക്കുന്നതുപോലും കുറ്റകരമാക്കിക്കൊണ്ടു നിയമം നിര്‍മ്മിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് അവരൊക്കെ!  

'അപ്പൂപ്പന്‍ പറഞ്ഞിട്ടില്ലേ കൊച്ചുകുട്ടികള്‍  TV കാണുന്നതു കണ്ണിനു കേടാണെന്ന്?  പപ്പിയെ വാങ്ങിയാല്‍ പിന്നെ ഞാന്‍  TV കാണുകയേ ഇല്ല.  പ്രോമിസ്...... നമുക്കവന് ബെന്നി എന്ന് പേരിടാം.   ഹാ...... അവന്റെ  കൂടെ കളിക്കാന്‍ എന്ത് രസമായിരിക്കും!  പിന്നെ ബെന്നിയെയും കൊണ്ട് നമുക്ക് പാര്‍ക്കിലും ബീച്ചിലും ഒക്കെ പോകാം'    
പട്ടിയെയും പൂച്ചയെയും വീട്ടില്‍ വളര്‍ത്തുന്നത് മോശമായ കാര്യമല്ല. വീട്ടിനുള്ളില്‍ അവയുടെ വിഹാരരംഗങ്ങള്‍ക്ക് പരിധിയേര്‍പ്പെടുത്താതെ കിച്ചണിലും ഡൈനിംഗ് ടേബിളിലുമൊക്കെ യഥേഷ്ടം നിരങ്ങാനുള്ള സൗകര്യം ചെയ്തുകൊടുക്കുമ്പോഴും കൂടെകിടത്തി ഉറക്കുമ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നുപറഞ്ഞാല്‍ അത് മനസ്സിലാക്കാനുള്ള പ്രായം ഉണ്ണിക്കുട്ടനായിട്ടില്ലല്ലോ.  

അവന്റെ ഒരു ചെറിയ ആഗ്രഹം സാധിച്ചുകൊടുക്കാത്ത അപ്പൂപ്പനോട് അവന്റെ മനസ്സില്‍ വെറുപ്പു നാമ്പിടുമോ? അത് സഹിക്കാന്‍ പറ്റില്ല. അവനോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും അനുഭവിക്കുന്ന ആനന്ദം......... അതു നഷ്ടപ്പെടുത്താന്‍ പറ്റില്ല.

സ്വകാര്യദുഃഖങ്ങള്‍ മനസ്സിനെ അലട്ടുമ്പോള്‍ വേദനിപ്പിക്കുന്ന ഓര്‍മ്മകളെ താത്ക്കാലികമായെങ്കിലും വിസ്മൃതിയിലേക്കു തള്ളിവിടാന്‍ കഴിയുന്ന നിമിഷങ്ങള്‍ ഉണ്ണിമോനോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങള്‍............ ജീവിതസായാഹ്നത്തിലെ സാന്ത്വനം.........




                                                                                                                                     തുടരും.......

ഭാഗം 2 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

http://kathayilekaaryangal.blogspot.in/2015/07/sayahnaththile-santhvanam-part-2_25.html


      

Friday, July 17, 2015

ഗ്രഹങ്ങൾ സാക്ഷി - Part-2



                          
                                          ഗ്രഹങ്ങൾ സാക്ഷി

ഭാഗം-1 വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക



ഭാഗം – 2

രാവും പകലും മാറിയും മറിഞ്ഞും വന്ന ചിന്തകളെ ദിവസങ്ങളോളം മനസ്സിലിട്ടു മഥനം ചെയ്തിട്ടെടുത്ത തീരുമാനം.

തന്റെ ജീവിതം ജീവിക്കാനുള്ള ന്യായമായ അവകാശത്തിനെതിരെ അനര്‍ത്ഥങ്ങളായ വാദങ്ങളുന്നയിച്ചു തടസ്സംനില്ക്കുന്ന അച്ഛന്റെ അന്ത്യശാസനത്തെ അവഗണിക്കാനും ദിവാകരപ്പണിക്കരുടെ അബദ്ധജല്പനങ്ങളെ തൃണവല്‍ഗണിക്കാനും അവള്‍ക്കു അധികം ചിന്തിക്കേണ്ടിവന്നില്ല. അതിനവള്‍ തന്റെ മനസ്സിനെ പാകപ്പെടുത്തിക്കഴിഞ്ഞു. 

എന്നാല്‍ അവളുടെ ഒരേയൊരു ദൗര്‍ബല്യം....  അമ്മ....... അമ്മയുടെ കലവറയില്ലാത്ത മാതൃവാത്സല്യം......... 

അച്ഛനെപ്പോലെ അമ്മയും ശാസിച്ചിരുന്നുവെങ്കില്‍ അതിനെ എതിര്‍ക്കുകയോ അവഗണിക്കുകയോ ചെയ്യാമായിരുന്നു. 

താന്‍ ശ്വാസോച്ഛ്വാസം ചെയ്യുന്നതുപോലും മകള്‍ക്കുവേണ്ടിയാണെന്നു തോന്നിക്കുന്നവിധം ജീവിക്കുന്ന അമ്മ...  

ചെറുപ്പംമുതല്‍ ജോത്സ്യത്തിലും ജാതകപ്പൊരുത്തത്തിലും ശകുനത്തിലുമൊക്കെ അന്ധമായിവിശ്വസിച്ചു ജീവിച്ചുപോന്ന നാട്ടിന്‍പുറത്തുകാരി.....

ജയദേവനെ തന്റെ മകള്‍ വിവാഹംകഴിച്ചാല്‍ അവളുടെ ജീവനുതന്നെ   ഭീഷണിയാകുമെന്നു ഭയപ്പെടുത്തിയപ്പോള്‍ ഞെട്ടിപ്പോയി...... 

എത്ര ശ്രമിച്ചിട്ടും ആ ഞെട്ടലില്‍നിന്ന് അമ്മയെ കരകയറ്റാന്‍ കഴിയുന്നില്ല.  
'മോളേ നീ അവിവേകമെന്തെങ്കിലും കാട്ടിയാല്‍ പിന്നെയീ അമ്മ ഒരുനിമിഷംപോലും ജീവിച്ചിരിക്കില്ല' എന്നു പറഞ്ഞപ്പോള്‍ ആ മാതൃഹൃദയത്തില്‍നിന്നു പുറത്തുവന്ന തേങ്ങലുകള്‍, വിങ്ങിപ്പൊട്ടലുകള്‍.......

വയ്യാ..... ഇനി ഒന്നും ചിന്തിക്കാന്‍ വയ്യാ..... 

എനിക്കെന്റെ അമ്മയെ വേണം.....   

അവള്‍ മനസ്സിലൊരു ശവദാഹം നടത്തി.  

തന്റെ സ്വപ്നങ്ങളുടെ ശവദാഹം.

പിന്നെയവള്‍ ഒരു ജീവച്ഛവമായി മാറി.  

ജയദേവന്‍ മാഷിന്റെ ഫോണ്‍വന്നു. അവള്‍ എടുത്തില്ല.  

ഫോണ്‍ബെല്ലിനേക്കാള്‍ ഉച്ചത്തിലവള്‍ കരഞ്ഞു.  ബെല്ലടിച്ചു തീര്‍ന്നപ്പോള്‍ ആ ഫോണെടുത്തു മാറോടു ചേര്‍ത്തവള്‍ തേങ്ങിക്കരഞ്ഞു.


പിന്നെ സ്‌കൂളില്‍ കണ്ടതു പുതിയൊരു ശാലിനിയെയായിരുന്നു.

നിര്‍വികാരയായ, പ്രസരിപ്പ് നഷ്ടപ്പെട്ട ഒരു ദുഖപുത്രി. 

അവള്‍ ജയദേവന്‍ മാഷെ നേര്‍ക്കുനേര്‍ കാണുന്നതു മനപ്പൂര്‍വം ഒഴിവാക്കി. 

ഒരുനാള്‍ മാഷ് അവളെ തടഞ്ഞുനിര്‍ത്തി കാര്യം ചോദിച്ചു. 

അവള്‍ മുഖമുയര്‍ത്താതെ, ആ കണ്ണുകളില്‍ നോക്കാന്‍ കഴിയാതെ മറുപടി നല്‍കി. വിറയാര്‍ന്ന അധരങ്ങളാല്‍............  കണ്ണൂനീരില്‍ കുതിര്‍ന്ന ഏതാനും വാക്കുകളാല്‍..........      
എന്നിട്ടവിടെനിന്നവള്‍ ഓടിമറഞ്ഞു.  

ജയദേവന്‍ മാഷ് ജോലി രാജി വച്ചുപോയി.........  അവളുടെ ജീവിതത്തില്‍ നിന്നും ആ നാട്ടില്‍നിന്നും എങ്ങോ പോയിമറഞ്ഞു. 

ശാലിനി കരയാറില്ല........ ചിരിക്കാറില്ല.........

ദുഃഖിക്കാറില്ല....... സന്തോഷിക്കാറില്ല......... 

അവള്‍ക്കു വികാരങ്ങളില്ല...... വിചാരങ്ങളില്ല....... 

മനസിന്റെ അവസ്ഥ ഒന്നുമാത്രം......... നിര്‍വികാരത........ 

അവള്‍ സ്‌കൂളില്‍പോയി....... കുട്ടികളെ പഠിപ്പിച്ചു........

അച്ഛന്‍ പറയുന്നതെന്തും ഏറ്റുവാങ്ങി.  

അമ്മ പറയുന്നതെല്ലാം യാന്ത്രികമായി ചെയ്തു........

ആ പ്രക്രിയകള്‍ക്കെല്ലാം സാക്ഷ്യം വഹിച്ചുകൊണ്ടു കാലം അതിന്റെ പ്രയാണം തുടര്‍ന്നു. 

ഋതുഭാവങ്ങള്‍ മാറിമാറിവന്നതവളറിഞ്ഞില്ല.    

ഗ്രീഷ്മത്തിലെ ചൂടുകാറ്റവളെ അലട്ടിയില്ല.   

വര്‍ഷത്തിലെ കാര്‍മേഘങ്ങളവള്‍ കണ്ടതേയില്ല.  

മഴമാറിയതോ ശരത്കാലം വന്നതോ അവളറിഞ്ഞില്ല.  

ഹേമന്തത്തിലെ പ്രഭാതങ്ങളില്‍ ആദിത്യന്‍ തന്റെ കിരണങ്ങളാല്‍ വര്‍ണ്ണങ്ങള്‍  വിരിയിച്ചതു അവള്‍ക്കുവേണ്ടിയായിരുന്നില്ല.  

ശിശിരത്തിലെ ശീതമാരുതന്‍ അവള്‍ക്കു കുളിരേകിയില്ല.  

വസന്തോത്സവത്തില്‍ വിരിഞ്ഞ പൂക്കളെല്ലാം അവള്‍ക്കു   നിര്‍മ്മാല്യങ്ങളായിരുന്നു.  

അങ്ങനെ പ്രകൃതിയുടെ ഋതുഭേദങ്ങള്‍ പലവട്ടം സംഭവിച്ചു.  

ഒരു ദിവസം വേണു വളരെ സന്തോഷത്തോടെ വീട്ടില്‍ കയറിവന്നു. കൂടെ  പങ്കജവും, കരഞ്ഞുകലങ്ങിയ കണ്ണുകളുമായി.  

വന്നപാടെ വേണു പറഞ്ഞു:  'കിട്ടി അളിയാ, കിട്ടി. നല്ല പൊരുത്തമുള്ള ഒരു ആലോചന. പത്തില്‍ എട്ടു പൊരുത്തം ഉത്തമം, ഒന്നു മദ്ധ്യമം, ഒന്നുമാത്രം അധമം. വളരെ വളരെ കുറച്ചുപേര്‍ക്കുമാത്രം കിട്ടുന്ന സൗഭാഗ്യം'

'പയ്യനെന്തുചെയ്യുന്നു?'

'സര്‍ക്കാരുദ്യോഗസ്ഥന്‍'

'സര്‍ക്കാരില്‍ എന്തുജോലി?'

'ഡ്രൈവറാണ്..... എന്തായാലെന്താ? പത്തില്‍ എട്ടു പൊരുത്തം ഉത്തമം! ആര്‍ക്കു കിട്ടും ഈ സൗഭാഗ്യം?'

ലഗ്‌നം, അപഹാരം, ഭാവദീപം തുടങ്ങി എന്തൊക്കെയോ പുലമ്പി വേണു വാചാലനാകുന്നത് കേട്ടപ്പോള്‍ ദിവാകരപ്പണിക്കര്‍ ജല്പിച്ചതൊക്കെയും    വിഴുങ്ങിയിട്ട് അപ്പടി ചര്‍ദ്ദിക്കുകയാണെന്നു വ്യക്തം!

ഭൂമിയില്‍ ഓരോ കുഞ്ഞും ജനിക്കുന്ന സമയത്ത് നവഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്ന സ്ഥാനമാണ് ആ കുഞ്ഞിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതെങ്കില്‍, ഗ്രഹങ്ങളുടെ സ്ഥിതി മനസ്സിലാക്കി അതനുസരിച്ചു കുഞ്ഞുങ്ങളുടെ ജനനസമയം സിസ്സേറിയന്റെ സഹായത്തോടെ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റാമല്ലോ, നല്ല ജാതകത്തോടെ ജനിക്കാന്‍?

പങ്കജം കരഞ്ഞുകൊണ്ട് ചോദിച്ചു: 'ഏട്ടാ എന്റെ കുട്ടിക്ക് പന്ത്രണ്ടാംക്ലാസ്സുകാരന്‍ ഡ്രൈവറെയാണോ കണ്ടുപിടിച്ചിരിക്കുന്നത്?' 

'വിദ്യാഭ്യാസവും ഉദ്യോഗവുമൊക്കെ നോക്കി കിട്ടിയതുംകൂടി ഇല്ലാതാക്കാന്‍ പറ്റില്ല'

വേണുവിന്റെ തീരുമാനം ഉറച്ചതായിരുന്നു.

ശാലിനി എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ ഒരു സാഡിസ്റ്റിനെപ്പോലെ പെരുമാറി.

അവള്‍ തന്റെ ജീവിതത്തെ ഹോമിച്ച് പകവീട്ടാന്‍ ശ്രമിക്കുകയാണോ?   

പത്തില്‍ എട്ട് ഉത്തമപൊരുത്തങ്ങളുടെ ഗര്‍വ്വുമായി തല ഉയര്‍ത്തിനിന്ന രാജശേഖരന്റെ മുന്നില്‍ ശാലിനി തലകുനിച്ചുകൊടുത്തു........ നിര്‍വികാരയായി നിന്നുകൊടുത്തു.........  മംഗല്യസൂത്രം അണിയിക്കാന്‍. 

അവളുടെ കൈകള്‍ നവവരന്റെ കൈകളില്‍ ഏല്‍പ്പിച്ചു കന്യാദാനം നടത്തിയപ്പോള്‍ വേണു ആശ്വസിച്ചു.........  ഒരു വലിയ കാര്യം നേടിയതിന്റെ സംതൃപ്തിയോടെ!

സര്‍ക്കാര്‍ വാഹനങ്ങളുടെ ചക്രംതിരിക്കുന്ന 'ജാതകസമ്പന്നന്‍' ഒരബലയുടെ ജീവിതചക്രം തിരിക്കാനുള്ള അവകാശംകൂടി കൈക്കലാക്കി. 

ആ ദാമ്പത്യത്തിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു.  
അവളുടെ നിര്‍വികാരത, വിരസത, വൈരക്ത്യം അവനെ ചൊടിപ്പിച്ചു. അവനില്‍ സംശയങ്ങല്‍ തലപൊക്കി. 

M.Sc. B.Ed. കാരി ഇംഗ്ലീഷുമീഡിയം ഹൈസ്‌കൂള്‍ അദ്ധ്യാപികയുടെ പന്ത്രണ്ടാം ക്ലാസ്സുകാരന്‍ ഡ്രൈവറായ ഭര്‍ത്താവിനു അപകര്‍ഷതാബോധമുണ്ടാകാന്‍ മറ്റൊന്നും വേണ്ടിയിരുന്നില്ല. 

അപകര്‍ഷതാബോധം അവന്റെ മനസ്സിനെ വികൃതമാക്കി. ആ വൈകൃതം അവനെ ക്രുദ്ധനാക്കി.  
       
വാഹനങ്ങളുടെ സ്റ്റീയറിംഗ് തിരിക്കുന്ന പാരുഷ്യത്തോടെ അവന്‍ അവളുടെ ജീവിത ചക്രത്തെയും തിരിച്ച്  നിര്‍വൃതി നേടി.    

അവളുടെ വിരക്തിക്കുള്ള പ്രതികാരം ചെയ്തു. 

കുണ്ടും കുഴിയും നിറഞ്ഞ പാതകളിലൂടെ  അവളുടെ ജീവിതചക്രം അവന്‍  കയറ്റിയിറക്കി. 

അസഹനീയമായതെല്ലാം അവള്‍ സഹിച്ചു.   

ആ സ്വേച്ഛാധിപതിയുടെ ഇഷ്ടങ്ങള്‍ക്കവള്‍ കീഴടങ്ങി. 

ആ കീഴടങ്ങലിന്റെ   സന്തതിയായി ഒരു  പെണ്‍കുഞ്ഞു പിറന്നു.    

ശാലിനി   ആ  കുഞ്ഞിന്  ഉണ്ണിമോളെന്നു  ഓമനപ്പേരിട്ടു . ഉണ്ണിമോള്‍ക്കിപ്പോള്‍ അഞ്ചുവയസു കഴിഞ്ഞു. 
  
.................................

മോര്‍ച്ച റിക്കു സമീപം പടര്‍ന്നുപന്തലിച്ചു നില്ക്കുന്ന ഒരു വൃക്ഷത്തിന്റെ തണലിലില്‍ പ്രക്ഷുബ്ധ മനസ്സുമായി ഇരിക്കുമ്പോള്‍ പോസ്റ്റ്‌മോര്‍റ്റെം കഴിഞ്ഞ വിവരമെത്തി..................

വീടിന്റെ മുന്നില്‍ രണ്ട് ആംബുലന്‍സുകള്‍ വന്നു നിന്നു.  

ഒന്നിനുള്ളിലെ  മൊബൈല്‍  മോര്‍ച്ചറിയില്‍  ശാലിനിയുടെ അന്ത്യവിശ്രമം .   മറ്റേതില്‍  പലവട്ടമായി   ബോധം  കിട്ടുകയും  വീണ്ടും  നഷ്ടപ്പെടുകയും  ചെയ്യുന്ന  പങ്കജത്തിന്റെ  തളര്‍ന്ന  ശരീരം ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അബോധാവസ്ഥയില്‍. 

ചടങ്ങുകള്‍ക്കുശേഷം രണ്ട് ആംബുലന്‍സുകളും രണ്ട് വഴിക്കുപോയി. ഒന്ന് ശ്മശാനത്തിലേക്ക്.  മറ്റേത് ആശുപത്രിയിലേക്ക്.

അന്വേഷണം പുനരാരംഭിക്കാന്‍ കാത്തിരുന്ന പോലീസുകാര്‍ അവരുടെ കൃത്യനിര്‍വഹണം തുടങ്ങി.

ഉണ്ണിമോളെ ചോദ്യം ചെയ്യല്‍ മാത്രം ബാക്കി. 

കൂട്ടത്തിലുണ്ടായിരുന്ന വനിതാപോലീസ് ഉണ്ണിമോളെ അടുത്തുവിളിച്ച് മടിയിലിരുത്തി സ്‌നേഹത്തോടെ   സംസാരിച്ചു. 

'മോളുടെ അച്ഛന്‍ അമ്മയെ ഉപദ്രവിക്കാറുണ്ടോ?'

'ങും......... എന്റെ അമ്മ പാവമാ......... അച്ഛന്‍ എപ്പോഴും അമ്മയെ തല്ലുകയും  വഴക്കുപ റയുകയും ചെയ്യും.  അമ്മ ഒരിക്കലും കരയുകയില്ല.  അപ്പോ അച്ഛന് ദ്വേഷ്യം കൂടും. പിന്നെയും തല്ലും'         

'ഇന്നലെ എന്താ സംഭവിച്ചതെന്നു ഉണ്ണിമോള്‍ക്കറിയാമോ?'

'അച്ഛന്‍ വന്നപ്പോള്‍ വേറെ രണ്ട് അങ്കിള്‍മാരുകൂടിയുണ്ടായിരുന്നു. അവര്‍ ടെറസ്സില്‍ പോയിരുന്ന് സോഡ കഴിച്ചു. അമ്മയോട് ആഹാരം കൊണ്ടുകൊടുക്കാന്‍ പറഞ്ഞു.  അമ്മ കൊടുത്തിട്ടു താഴെ വന്നു എന്റെ അടുത്തിരുന്നപ്പോള്‍ അച്ഛന്‍ വന്നു അമ്മയെ തല്ലി. 'നിനക്കെന്താ ഞങ്ങള്‍ ആഹാരം കഴിച്ചു തീരുന്നതുവരെ അവിടെ നിന്നുകൂടെയെന്നു ചോദിച്ചിട്ടു അമ്മയുടെ തലമുടിയില്‍ പിടിച്ചു വലിച്ചുകൊണ്ടുപോയി'.

'എന്നിട്ട്?'

'പിന്നെ ഞാനുറങ്ങിപ്പോയി'

വനിതാപോലീസ് ഉണ്ണിമോളെ മടിയില്‍നിന്നു താഴെയിറക്കുമ്പോള്‍ അവരുടെ കൈയില്‍ എന്തോ തടഞ്ഞു.  അവളുടെ ഫ്രോക്കിനുള്ളില്‍ ഒരു തുണ്ടുകടലാസ് മടക്കി പിന്‍ ചെയ്തുവച്ചിരിക്കുന്നു.

ശാലിനിയുടെ മരണമൊഴി.

'പ്രിയപ്പെട്ട അമ്മക്ക്, അമ്മ എന്നോട് ക്ഷമിക്കണം. ഞാന്‍ പോകുന്നു. എനിക്കിനി വയ്യമ്മേ. എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല. വിധിയില്‍ വിശ്വാസമുണ്ടായിരുന്നെങ്കില്‍ വിധിയെ പഴിക്കാമായിരുന്നു. 

ഉണ്ണിമോളെ അമ്മയെ എല്പ്പിക്കുന്നു.  അവളെ നല്ലകുട്ടിയായി വളര്‍ത്തണം. അമ്മ എന്നെ വളര്‍ത്തിയതുപോലെ. കഴിയുമെങ്കില്‍ അവളെയും ഒരദ്ധ്യാപികയാക്കണം, അവള്‍ക്കുമത്  ഇഷ്ടമാണെങ്കില്‍ മാത്രം.   

അവള്‍ക്കുവേണ്ടി തന്നിട്ടുപോകാന്‍ എന്റെപക്കല്‍ ഒന്നുമില്ലമ്മേ. ആഭരണങ്ങളെല്ലാം തീര്‍ന്നു.  ബാങ്ക് അക്കൗണ്ടില്‍ ഇനി ബാക്കി ഒന്നുമില്ല.

എന്റെ മോള്‍ക്ക് എന്നും ഞാനൊരു മുത്തം കൊടുത്താണുറക്കാറുള്ളത്. അതുകിട്ടിയാലേ അവള്‍ ഉറങ്ങു. രാവിലെ  മുത്തം കൊടുത്താണ് ഉണര്‍ത്താറുള്ളത്.  അതുകിട്ടിയില്ലെങ്കില്‍ അവള്‍ കിടക്കയില്‍ നിന്നെഴുന്നേല്‍ക്കില്ല.  ഇനി അതെല്ലാം അമ്മ ചെയ്യണം. 

പോകുന്നതിനുമുമ്പ് ഒരുപ്രാവശ്യം അമ്മയെ കെട്ടിപ്പിടിച്ചു കിടക്കണമെന്നു മോഹമുണ്ടായിരുന്നു.  സാധിച്ചില്ല. 

ഇനി ഒരു പ്രധാന കാര്യം കൂടി.  ഉണ്ണിമോളുടെ ജീവിതത്തില്‍  ഒരു ഘട്ടത്തിലും അവളെ  സംബന്ധിക്കുന്ന ഒരു കാര്യത്തിനും   ദിവാകരപ്പണിക്കര്‍മാരുടെ അബദ്ധ ജല്പനങ്ങള്‍ക്കു ഒരു സ്ഥാനവുമുണ്ടാകരുത്.  അവളുടെ ജാതകം എഴുതരുത്.  എന്റെ മകളും മണ്ടത്തരങ്ങളുടെ ബലിയാടാകരുത്, എന്നെപ്പോലെ. 

അമ്മയുടെ സ്വന്തം ശാലുമോള്‍.       


                                                                             ***************

Thursday, July 16, 2015

ഗ്രഹങ്ങൾ സാക്ഷി - Part-1


ഗ്രഹങ്ങൾ സാക്ഷി

ഭാഗം - 1

വീടിന്റെ പിന്നാമ്പുറത്തുള്ള തുണ്ട് കൃഷിഭൂമിയില്‍ നട്ടുവളര്‍ത്തിയിട്ടുള്ള പച്ചക്കറിത്തോട്ടത്തില്‍ പതിവുപോലെ രാവിലെ വളംവയ്ക്കലും വെള്ളം നനയ്ക്കലുമായി നില്‍ക്കുമ്പോഴാണ് മാലതിയുടെ ഓടിക്കിതച്ചുള്ള വരവ്.  
'ഒന്നിങ്ങോട്ടു വന്നാട്ടെ, ദേ പങ്കജം അവിടെ അലമുറയിട്ടുവിളിക്കുന്നു'.

'എന്താ കാര്യം, എന്തുപറ്റി അവള്‍ക്ക്?'

'അറിയില്ല, ഒന്നുവേഗം വരൂ, നമുക്ക് പോയി നോക്കാം'

വിളിപ്പാടകലെ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്കോടി.  തന്റെ അനുജത്തിക്കെന്തുപറ്റി? 
             
പങ്കജത്തിന്റെ കരച്ചില്‍ നിലച്ചിരിക്കുന്നു. ഓടി അകത്തു കയറിച്ചെന്നപ്പോള്‍ കണ്ടത് ബോധംകെട്ട് നിലത്തുകിടക്കുന്ന പങ്കജം, അടുത്ത്  വേണു സ്തബ്ധനായി നില്‍ക്കുന്നു. 

'എന്താ,  എന്തുപറ്റി?'
  
വിതുമ്പുന്ന സ്വരത്തിലയാള്‍ പറഞ്ഞത് മുഴുവനാക്കാന്‍ കഴിഞ്ഞില്ല:  'എന്റെ........   എന്റെ..............' അയാള്‍ വിങ്ങിക്കരഞ്ഞു. 

അയല്‍പക്കത്തുള്ള ഏതാനുംപേര്‍ ഉമ്മറത്ത് കൂടി, കാര്യം അറിയാന്‍. 

അതിലൊരാളുടെ കാറില്‍ പങ്കജത്തെ ആശുപത്രിയില്‍ കൊണ്ടുപോയി.

അഡ്മിറ്റു ചെയ്ത് പുറത്തിറങ്ങിയപ്പോഴേക്കും ബന്ധുക്കളും മറ്റും എത്തിത്തുടങ്ങി.

ഉടനെ മെഡിക്കല്‍ കോളേജിലേക്കുപോകണം. അവിടെ മോര്‍ച്ചറിയില്‍   കിടക്കുന്ന ഒരു ദുര്‍ഭാഗ്യവതിയുടെ വിറങ്ങലിച്ച ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന്റെ കത്തിവീണുകഴിഞ്ഞാല്‍ ഏറ്റുവാങ്ങണം. 

പിന്നെ പോലീസ് കേസിന്റെ നൂലാമാലകള്‍.  

ചോദ്യം ചെയ്യലുകള്‍.

ആരാണു പ്രതി? രാജശേഖരനോ? വേണുവോ? അതോ ദിവാകരപ്പണിക്കരോ? 

കുറ്റവാളി ആരായാലും നഷ്ടപ്പെട്ടത് ഒരു അമൂല്യനിധി.

പോസ്റ്റ്‌മോര്‍ട്ടത്തിനു ഇനിയും മണിക്കൂറുകള്‍ വൈകും....... 

ദുരൂഹസാഹചര്യത്തില്‍ മരിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ഡോക്ടറുടെ വരവും കാത്തുകിടക്കുന്ന ശരീരങ്ങളുടെ എണ്ണം ഇന്നു കൂടുതല്‍! 
        

പങ്കജത്തിനു ബോധം തിരിച്ചുവരുമ്പോള്‍ അവളുടെ നിയന്ത്രണം വിടും. പിന്നെ എന്താകും സംഭവിക്കുക?     

പങ്കജം, തന്റെ ഏക സഹോദരി.   അവളുടെ ഭര്‍ത്താവ്, വേണുഗോപാലന്‍, സര്‍ക്കാരുദ്യോഗസ്ഥന്‍.  കാര്യപ്രാപ്തിയുള്ളവന്‍, അദ്ധ്വാനശീലന്‍. 

പക്ഷേ കര്‍ക്കശസ്വഭാവം.   

പങ്കജത്തിനു ശാലുമോളെന്നാല്‍ ജീവനുതുല്യം. ഏക മകളെ ലാളിച്ചും സ്‌നേഹിച്ചും വളര്‍ത്തി.     

പഠിത്തത്തില്‍ മിടുക്കിയായിരുന്ന ശാലിനിക്ക് അദ്ധ്യാപിക ആകാനായിരുന്നു മോഹം. അങ്ങനെ M.Sc യും B.Edഉം ഡിസ്റ്റിംഗ്ഷനോടെ പാസ്സായി.  

നാട്ടില്‍തന്നെ ഒരു ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ അദ്ധ്യാപികയായി.

മകള്‍ക്കൊരു നല്ല വരനെ കണ്ടുപിടിക്കണം.  അതായി പങ്കജത്തിന്റെ   അടുത്ത ഉദ്യമം. 

വേണുവിന്റെ മുമ്പാകെ കാര്യം അവതരിപ്പിച്ചു.  

'ഞാന്‍ നോക്കുന്നുണ്ട്. അവളുടെ ജാതകം ദിവാകരപ്പണിക്കരെ    എല്‍പിച്ചിട്ടുണ്ട്. അയാള്‍ ജ്യോത്സ്യന്‍ മാത്രമല്ല, വിവാഹ ബ്യൂറോയും നടത്തുന്നുണ്ട്. നല്ല ജാതകച്ചേര്‍ച്ചയുള്ള ആലോചന വന്നാല്‍ അറിയിക്കും'

'ജാതകപ്പൊരുത്തം മാത്രം പോര, അവള്‍ക്ക് യോജിച്ചവനായിരിക്കണം. നമ്മുടെ ശാലുമോള്‍ സുന്ദരിയല്ലേ? പിന്നെ വിദ്യാഭ്യാസവും ഉദ്യോഗവും. എല്ലാം നോക്കണം'.

'ജാതകപ്പൊരുത്തം.... അതാണ് പ്രധാനം. പത്തില്‍ കുറഞ്ഞത് എട്ടുപൊരുത്തമെങ്കിലും ഉത്തമമായിരിക്കണം. അവളുടെ ജാതകത്തിന് അങ്ങനെയൊരു പൊരുത്തമുള്ള ആളെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് ദിവാകരപ്പണിക്കര്‍ പറഞ്ഞത്.  എന്നാലും അയാള്‍ ശ്രമിക്കുന്നുണ്ട്'   

വേണു ജ്യോല്‍സ്യത്തിലും ജാതകത്തിലും ശകുനത്തിലും ഒക്കെ അന്ധമായി   വിശ്വസിക്കുന്നു! 

ദിവാകരപ്പണിക്കരെ വലിയ വിശ്വാസമാണ്.  എന്തും അയാളോട് ചോദിച്ചിട്ടേ ചെയ്യു.  അയാള്‍ പറയുന്നതില്‍നിന്ന് അല്‍പംപോലും വ്യതിചലിക്കാന്‍ തയ്യാറല്ല! ആരുപറഞ്ഞാലും ശരി!  

ഒരു അന്ധവിശ്വാസി!  

പങ്കജം ദിവസവും ഒരുപ്രാവശ്യമെങ്കിലും വേണുവിനെ ഓര്‍മിപ്പിക്കും, മകളുടെ വിവാഹക്കാര്യം.  

'ഞാന്‍ പറഞ്ഞിട്ടില്ലേ, നോക്കുന്നുണ്ടെന്ന്'.  

പങ്കജത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഇന്റര്‍നെറ്റില്‍ മാട്രിമോണി സൈറ്റില്‍ ശാലിനിയുടെ പ്രൊഫൈല്‍ പോസ്റ്റുചെയ്തു.  പത്രത്തിലും പരസ്യം കൊടുത്തു. 

ധാരാളം പ്രൊപ്പോസലുകള്‍ വന്നു.  അവയില്‍ വളരെ നല്ല ആലോചനകളും  ഉണ്ടായിരുന്നു. പക്ഷേ പൊരുത്തങ്ങളുടെ എണ്ണം കുറവ്!  എട്ടില്‍ കുറഞ്ഞ  പൊരുത്തമുള്ള പ്രൊപ്പോസലുകളെക്കുറിച്ചു സംസാരിക്കാന്‍ പോലും വേണു തയ്യാറല്ല! 

മഹേന്ദ്രമെന്നോ രാശ്യാധിപനെന്നോ രജ്ജുവെന്നോ എന്തൊക്കെയോ അയാള്‍ പറയുന്നുണ്ട്! 

അനര്‍ത്ഥങ്ങള്‍!  അനേകായിരം യുവതീയുവാക്കളുടെ ജീവിതങ്ങള്‍കൊണ്ടു പന്താടി കീശവീര്‍പ്പിക്കാന്‍ ജ്യോത്സ്യനെന്ന ബോര്‍ഡുംവച്ചു മുക്കിനും മൂലയ്ക്കുമിരുന്നു വലവീശുന്ന കച്ചവടക്കാരുടെ മാര്‍ക്കറ്റിംഗ് ടൂള്‍സ്!            
പലപ്പോഴും പറഞ്ഞുനോക്കി: 'വേണു, ശാലിനിയുടെ ജീവിതപ്രശ്‌നമാണ്, ഇത്രയും കടുംപിടിത്തം വേണ്ട, സാമാന്യം ജാതകപ്പൊരുത്തം നോക്കിയാല്‍ മതി' 

'അതുപറ്റില്ല ളിയാ, ദിവാകരപ്പണിക്കര്‍ പറഞ്ഞിട്ടുള്ളതുപോലെ കുറഞ്ഞത് പത്തില്‍ എട്ടു പൊരുത്തമെങ്കിലും ഉത്തമമായിരിക്കണം, അല്ലെങ്കില്‍ ശാശ്വതമായിരിക്കില്ല' 

ഈ അന്ധവിശ്വാസിയോട് ഇനി എന്തുപറയാന്‍!  

അമ്മാവനേക്കാള്‍ അച്ഛനുണ്ട് മകളുടെ കാര്യത്തില്‍ ഉത്കണ്ഠയെന്നയാള്‍ കരുതുന്നുണ്ടാവും. 

അതേ സമയം ശാലിനി കുറെ സ്വപ്നങ്ങള്‍ നെയ്തുകൂട്ടുന്നുണ്ടായിരുന്നു. 

തന്റെ മനസ്സ് അമ്മയുടെ മുന്നില്‍ തുറക്കണമെന്ന് പലപ്പോഴും അവള്‍ ആലോചിച്ചു.

അവളുടെ സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ ജയദേവന്‍ മാഷ്.......  
മികച്ച സ്‌പോര്‍ട്‌സ്മാന്‍......  

എക്‌സ്റ്റ്രാകരിക്യുലര്‍ ആക്റ്റിവിറ്റീസിന്റെ ചുമതല അദ്ദേഹത്തിനാണ്.     
മാഷിന്റെ ഇംഗ്ലീഷ് ലിറ്റ്‌റചര്‍ ക്ലാസ്സാണ് ആ സ്‌കൂളിലെ കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പീരീഡുകള്‍...... 

പഠിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാക്്ചാതുര്യം...... അവതരണശൈലി..... എത്ര മനോഹരം........... എത്ര ആകര്‍ഷണീയം.........      
തൊട്ടടുത്ത ക്ലാസില്‍ മാഷ് പഠിപ്പി ക്കുമ്പോള്‍ അവളുടെ ശ്രദ്ധ പലപ്പോഴും  അങ്ങോട്ടു തെന്നിപ്പോകാറുണ്ട്........  

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ശാലിനി സ്‌കൂളിലെ ഏറ്റവും മികച്ച അദ്ധ്യാപകരില്‍ ഒരാളായി അംഗീകരിക്കപ്പെട്ടു.   

നൃത്തത്തിലും സംഗീതത്തിലും പ്രവീണയായ ശാലിനി എക്‌സ്റ്റ്രാകരിക്യുലര്‍ ആക്റ്റിവിറ്റീസില്‍ ജയദേവന്‍മാഷിന്റെ സഹായിയായി.         

രണ്ടുപേരും നല്ല സുഹൃത്തുക്കളായി.  അന്യോന്യം കഴിവുകളെ അംഗീകരിച്ചും പ്രോത്സാഹിപ്പിച്ചും ആ സൗഹൃദം വളര്‍ന്നു.

ആ സൗഹൃദത്തിന്റെ പ്രയാണത്തിനിടയ്ക്കു ഇരുവരുടെയും മനസ്സില്‍ പുതിയ മോഹങ്ങള്‍ അങ്കുരിച്ചു. 

മോഹങ്ങള്‍ അന്യോന്യം കൈമാറിയനാള്‍ അവര്‍ ഒരു തീരുമാനമെടുത്തു. അവരുടെ സൗഹൃദം ജീവിതാന്ത്യംവരെ തുടരാന്‍.  

ആ ഉറച്ച തീരുമാനത്തിന്റെ പിന്‍ബലത്തില്‍ അവര്‍ തങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിനു മനസ്സില്‍ രൂപംനല്കി.  സ്വപ്നങ്ങള്‍ കണ്ടു        
ഒരുദിവസം അത്താഴമൊരുക്കുന്നതിനിടയ്ക്കു ശാലിനി  അമ്മയെ ചുറ്റിപ്പിടിച്ചു, കവിളില്‍ ഒരു മുത്തം നല്കി.   

പങ്കജം മകളോടു ചോദിച്ചു: 'ഇന്നെന്താ നിന്റെ മുഖത്തൊരു പ്രത്യേകത? കൂടുതല്‍ തിളക്കം?'

ഒന്നുമില്ലെന്ന് ആദ്യം പറഞ്ഞുവെങ്കിലും അവള്‍ തന്റെ മനസ്സ് സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന അമ്മയുടെ മുന്നില്‍ തുറന്നുവച്ചു.   

അതുകേട്ടപ്പോള്‍ പങ്കജത്തിന്റെ മനസില്‍ ആദ്യമുണ്ടായ സന്തോഷം നിമിഷങ്ങള്‍ക്കുള്ളില്‍ ഒരുള്‍ക്കിടിലത്തിനു വഴിമാറി.  

അവളുടെ അച്ഛനിതൊന്നും ഇഷ്ടമാവില്ല. 

എങ്ങനെ വിവരം ധരിപ്പിക്കും? എന്തായിരിക്കും പ്രതികരണം ?

'അമ്മേ, അച്ഛനോട് അമ്മ തന്നെ പറയണം, സമ്മതം വാങ്ങണം'

'അതാണു മോളെ പ്രശ്‌നം, നിന്റെ അച്ഛന്റെ സമ്മതം.  ആ  സ്വഭാവം നിനക്ക് നന്നായി അറിയാമല്ലോ?'  

'അതൊന്നും എനിക്കറിയില്ലമ്മേ.  ഞാനിതുവരെ അച്ഛനോടുമമ്മയോടും ഒന്നും ആവശ്യപ്പെട്ടിട്ടില്ലല്ലോ?  ഇതെന്റെ ജീവിതത്തിന്റെ മാത്രം പ്രശ്‌നമല്ല, എന്റെ ജീവന്റെ  പ്രശ്‌നംകൂടിയാണ്. സമ്മതിച്ചില്ലെങ്കില്‍........'  
അവള്‍ അര്‍ദ്ധവിരാമമിട്ടു നിര്‍ത്തി. 

ആ അമ്മയുടെ മനസ്സൊന്നു പിടഞ്ഞു. 

എന്തുവന്നാലും ശരി, എന്തുതന്നെ പ്രതികരണമുണ്ടായലും ശരി, ഇന്നവളുടെ അച്ഛനോടു പറയണം.  സമ്മതം വാങ്ങണം. 

ലാളിച്ചാണു   വളര്‍ത്തിയതെങ്കിലും ഒരിക്കലും  മാതാപിതാക്കളെ ഒരുകാര്യത്തിനും ബുദ്ധിമുട്ടിച്ചിട്ടില്ലാത്ത  ഏകമകള്‍.   

എന്തുപറഞ്ഞാലും വൈമനസ്യമെന്യേ അനുസരിക്കുന്നവള്‍.  ഒരു ദുശ്ശീലവുമില്ലാത്തവള്‍.   ആവശ്യങ്ങള്‍ ഉന്നയിക്കാത്തവള്‍.  

അവളെ, തന്റെ പൊന്നോമനമകളെ,  ദുഃഖിപ്പിക്കാന്‍ കഴിയുകയില്ല.   

അറിഞ്ഞപ്പോള്‍  അയാള്‍ സംഹാരതാണ്ഡവമാടി! 

പിന്നെ ഭാര്യയുടെ അപേക്ഷയുടെ മുന്നില്‍, യാചനയുടെ മുന്നില്‍ കുറച്ചൊന്നടങ്ങി.  

'ങാ......  ഞാനൊന്നാലോചിക്കട്ടെ.  ആദ്യം ആ മാഷിന്റെ ജാതകം കിട്ടണം'

ഒരു കടമ്പ കടന്നുകിട്ടിയ നേരിയ സംതൃപ്തിയില്‍ ആ അമ്മ അല്പമൊന്നാശ്വസിച്ചു.  

അന്നുരാത്രി ഉറങ്ങുന്നതിനുമുമ്പ് കുറെസമയം അമ്മ മകളെ കെട്ടിപ്പിടിച്ചു കിടന്നു.  മകളോട് കൂടുതല്‍ സ്‌നേഹം തോന്നി.  'നാളെ ജയദേവന്‍ മാഷിന്റെ ജാതകം വാങ്ങിവരണം' അമ്മ മകളെ ഓര്‍മ്മിപ്പിച്ചു.

ശാലിനി അന്നൊരു ദുസ്സ്വപ്നം കണ്ടു. തന്റെ ജീവിതം അന്ധവിശ്വാസത്തിന്റെ ബലിക്കല്ലില്‍ തല്ലിത്തകരുന്നതുകണ്ടവള്‍ ഞെട്ടിയുണര്‍ന്നു.

പിന്നെ ഉറക്കംവരാതെ കിടന്ന ആ M.Sc. ക്കാരിയുടെ  സൈന്റിഫിക്ക് റ്റെമ്പ്രമന്റ്  അവളുടെ യുക്തിചിന്തകളെ ഉദ്ദീപിപ്പിച്ചു.   

ഫിസിക്കല്‍ അസ്റ്റ്രാനമിയെക്കുറിച്ചവള്‍ വായിച്ചും പഠിച്ചും നേടിയിട്ടുള്ള അറിവുകള്‍...... അസ്റ്റ്രാലജിയിലെ മിഥ്യാത്വത്തെക്കുറിച്ചവളുടെ ഉറച്ച ധാരണ........ സ്വന്തം ജീവിതത്തില്‍ ഒരു സുപ്രധാന ഘട്ടം വന്നപ്പോള്‍ ആ അറിവുകളൊക്കെയും വൃഥാവിലായിപ്പോയല്ലോ എന്നോര്‍ത്തപ്പോള്‍ അവള്‍ക്കു സങ്കടവും ഒപ്പം അരിശവും തോന്നി.

ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ചു ഗ്രഹങ്ങളെയും ഉപ ഗ്രഹങ്ങളെയുംകുറിച്ചു പുതിയ പുതിയ അറിവുകള്‍ ലഭ്യമായിട്ടും, ചന്ദ്രനെയും ചൊവ്വയെയും മനുഷ്യന്‍ കീഴടക്കിക്കഴിഞ്ഞിട്ടും, പ്രാചീനകാലത്തു ഗ്രഹങ്ങളെക്കുറിച്ചുണ്ടായിരുന്ന തെറ്റായ ധാരണകളെ ആധാരമാക്കിയാണ് ജ്യോത്സ്യം ഇപ്പോഴും നിലനില്ക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഇനിയും തെളിവുകള്‍ വേണോ, ദിവാകരപ്പണിക്കര്‍മാര്‍ക്കും വേണുഗോപാലന്‍മാര്‍ക്കും?

അബദ്ധധാരണകള്‍കൊണ്ടു നിറഞ്ഞിരിക്കുന്ന മനസ്സുകളില്‍ യുക്തിചിന്തയ്ക്ക് എത്തിനോക്കാന്‍ പോലും ഇടമില്ലെങ്കില്‍ എന്തുചെയ്യും? 

ആശങ്ക അവളെ അസ്വസ്ഥയാക്കി.  ആ സ്വപ്നം യാഥാര്‍ത്ഥ്യമാകുമോ? 
തന്റെ ജീവിതം തകരുമോ?

എങ്കിലുമവള്‍ ദിവാകരപ്പണിക്കരെന്ന അല്‍പജ്ഞാനിയെഴുതുന്ന വിധിവരുന്നതും കാത്തിരുന്നു.             
രണ്ടു ദിവസ്സങ്ങള്‍ക്കുശേഷം ദിവാകരപ്പണിക്കര്‍ വിധിയെഴുതി! 

ജാതകം  ചേരില്ല.  പത്തില്‍ അഞ്ചു പൊരുത്തം മാത്രമേ ഉത്തമമുള്ളു. ബാക്കിയെല്ലാം മദ്ധ്യമങ്ങളും അധമങ്ങളും.  ഒരിക്കലും ചേര്‍ക്കാന്‍ പറ്റില്ല! ചേര്‍ത്താല്‍ അഹിതം സംഭവിക്കും!   

അയാള്‍ വ്യാഴന്റെയും കുജന്റെയും ശുക്രന്റെയുമൊക്കെ സ്ഥാനങ്ങളെക്കുറിച്ചുള്ള ജല്പനങ്ങള്‍കൊണ്ടു വാചകക്കസര്‍ത്തുനടത്തി.       
ശാലിനി തളര്‍ന്നു....  അവളുടെ ഹൃദയം തകര്‍ന്നു......  

അവള്‍ അച്ഛന്റെ കാലുപിടിച്ചു കെഞ്ചി, കേണപേക്ഷിച്ചു. 

മറുപടി ഒരുഗ്രശാസന! 

ദിവാകരപ്പണിക്കരുടെ വിധി അന്തിമവിധിയായിരുന്നു.   അപ്പീലില്ലാത്ത വിധി!

അയാള്‍  പങ്കജത്തെയും ഭയപ്പെടുത്തി.  ഈ വിവാഹം നടത്തിയാല്‍ മകളുടെ ജീവിതം  അപകടത്തിലാകുമെന്നയാള്‍ പറഞ്ഞപ്പോള്‍ അവിവേകിയായ ആ അമ്മ പേടിച്ചുപോയി.    

ശാലിനി ഒരാഴ്ച സ്‌കൂളില്‍ പോയില്ല.   ഒരേ കിടപ്പുകിടന്നു.  

എല്ലാ വഴികളെക്കുറിച്ചും ചിന്തിച്ചു. 

അച്ഛനെ ധിക്കരിച്ച് മാഷിനൊടൊപ്പം തന്നിഷ്ടത്താല്‍ വിവാഹം കഴിക്കുന്നതിനെക്കുറിച്ചുവരെ ആലോചിച്ചു.

അങ്ങനെ സംഭവിച്ചാല്‍ തന്റെ പ്രിയപ്പെട്ട അമ്മയുടെ അവസ്ഥ എന്തായിരിക്കും? 

ഭര്‍ത്താവിന്റെ നിഴലുപോലെ ജീവിക്കുന്ന അമ്മ. 

തിരുവായ്ക്ക് എതിര്‍വായില്ലാതെ എല്ലാം അനുസരിക്കുന്ന അമ്മ.  

മകള്‍ അച്ഛനെ ധിക്കരിച്ചാലും ഫലം അനുഭവിക്കുന്നത് അമ്മയായിരിക്കും.  അമ്മയുടെ പിന്നെയുള്ള ജീവിതം നരകതുല്യമായിരിക്കും.       

അവളുടെ മനസ്സില്‍ സംഘര്‍ഷങ്ങളുടെ വേലിയേറ്റമുണ്ടായി.

അമ്മ പറഞ്ഞതവളോര്‍ത്തു: 'മോളെ നീ അവിവേകമെന്തെങ്കിലും കാട്ടിയാല്‍ പിന്നെയീ അമ്മ ഒരുനിമിഷംപോലും ജീവിച്ചിരിക്കില്ല'. അന്ധവിശ്വാസത്തിനു മുന്നില്‍ കീഴടങ്ങിപ്പോയ ആ മാതൃഹൃദയം തേങ്ങിക്കരഞ്ഞു.    

ഒടുവില്‍ മാതൃവാത്സല്യം വിജയിച്ചു. സ്വപ്നങ്ങള്‍ തോറ്റുകീഴടങ്ങി.   

ശാലിനി ഒരുറച്ച തീരുമാനമെടുത്തു. കഠിമായ തീരുമാനം.


                                             തുടരും............



ഭാഗം-2 വായിക്കുവാൻ ഇവിടെ ക്ലിക്കുചെയ്യുക:

http://kathayilekaaryangal.blogspot.in/2015/07/grahangalsaakshipart-2.html