Monday, June 22, 2015

മനസ്സിലും സ്റ്റെന്റോ? - part-3

                   മനസ്സിലും സ്റ്റെന്റോ? 



ഭാഗം-1 വായിക്കുവാൻ ഇവിടെ ക്ലിക്കുചെയ്യുക 


ഭാഗം-2 വായിക്കുവാൻ ഇവിടെ ക്ലിക്കുചെയ്യുക




                     
                                                   ഭാഗം-3

സമയം 7:20.  TV ഓഫ്!!! അത്ഭുതം!!!      

അതു കേടായിട്ടുണ്ടാവും, അല്ലെങ്കില്‍ കേബിള്‍ പണിമുടക്കിയിട്ടുണ്ടാവും.

അത്ഭുതപ്പെട്ടങ്ങനെ നില്‍ക്കുമ്പോള്‍  ബെഡ്‌റൂമില്‍ നിന്നിറങ്ങിവന്ന അവള്‍ ചിരിക്കാന്‍  ശ്രമിക്കുന്നതായി തോന്നി!  പക്ഷേ ആ ശ്രമം നിഷ്ഫലമായി. 

അവള്‍ മുഖത്ത് വിരിയിക്കാന്‍ ശ്രമിച്ച മന്ദഹാസം ജാള്യത്തില്‍ മുങ്ങിപ്പോയി.

പതിവുപോലെ പുസ്തകവുമായി ബാല്‍ക്കണിയിലിരിക്കുമ്പോള്‍ പുറകില്‍ കാല്‍പ്പെരുമാറ്റം. പിന്നെ പതിഞ്ഞസ്വരത്തില്‍ ഒരു ചോദ്യം:

'ചായ കൊണ്ടുവരട്ടെ?'

'വേണ്ട'

തിരിഞ്ഞുനോക്കാതെ പറഞ്ഞു:  'TV കേടായെങ്കില്‍ നാളെ ശരിയാക്കാനുള്ള ഏര്‍പ്പാടുചെയ്യാം'

ഏതാനും നിമിഷങ്ങള്‍ നിശ്ശംബ്ദം.

കാല്‍പ്പെരുമാറ്റം അടുത്തടുത്ത് വന്നിട്ടും തിരിഞ്ഞുനോക്കിയില്ല

കസേരയുടെ പുറകില്‍ ചേര്‍ന്നുനിന്ന അവളുടെ രണ്ടു കൈകള്‍ ഇരുതോളുകളിലും സ്പര്‍ശിച്ചു. 

മഞ്ഞുരുകി തുടങ്ങിയോ? 

തിരിഞ്ഞുനോക്കാനോ പ്രതികരിക്കാനോ പോയില്ല. 

നിമിഷങ്ങള്‍ക്കുശേഷം തലയില്‍ രണ്ടുതുള്ളി ജലകണങ്ങള്‍ വീണതുപോലെ തോന്നി. 

അവളുടെ കണ്ണുനീര്‍ത്തുള്ളികള്‍! 

ആ രണ്ടു തുള്ളികള്‍ ഒരു നീര്‍ച്ചാലായി ഉള്ളിലേക്കൊഴുകി കരളില്‍ എരിഞ്ഞുകൊണ്ടിരുന്ന കനലിനെ കെടുത്തി. 

ഒരു വിങ്ങിക്കരച്ചിലിന്റെ നേരിയ ശബ്ദം.  

പിന്നെ പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ല...

തിരിഞ്ഞു അവളുടെ കരങ്ങള്‍ ഗ്രഹിച്ചു.  അടുത്തുകിടന്ന കസേരയില്‍ പിടിച്ചിരുത്തി. 

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.  

എന്തോ പറയാന്‍ ശ്രമിക്കുംപോലെ തോന്നി.  

'എന്തുപറ്റി?'

ഉള്ളിലടക്കുവാന്‍ ശ്രമിച്ച ഗദ്ഗദം ശബ്ദത്തെ തടഞ്ഞുനിര്‍ത്തിയപ്പോള്‍, വിതുമ്പുന്ന അധരങ്ങള്‍ സംസാരിക്കാന്‍ അനുവദിക്കാതിരുന്നപ്പോള്‍, മറുപടി പറഞ്ഞത് അവളുടെ കണ്ണുകളായിരുന്നു.   

ഈറനണിഞ്ഞ ആ മിഴികള്‍ ഒരു മറുചോദ്യം ചോദിക്കുകയായിരുന്നു: 

'എന്നോടു ക്ഷമിക്കില്ലേ?'

എന്തോ സംഭവിച്ചിരിക്കുന്നു.  അവളുടെ മനസ്സ് ചഞ്ചലമാണു. കണ്ണുനീര്‍  നിലയ്ക്കുന്നില്ല. 

സ്‌നേഹിക്കാന്‍  മാത്രം  അറിയാമായിരുന്ന, സ്‌നേഹിക്കപ്പെടാന്‍ വേണ്ടി  എപ്പോഴും  കൊതിച്ചിരുന്ന പ്രിയപ്പെട്ടവള്‍ മുന്നിലിരുന്ന്  അടക്കാനാവാതെ  സങ്കടപ്പെടുന്നതു  കണ്ടപ്പോള്‍  കുറ്റബോധം തോന്നി.  

അറിവില്ലായ്മകൊണ്ട്  ഒരു  തെറ്റുചെയ്തതിന്   ഇത്രയും  കടുത്ത  ശിക്ഷ  നല്‍കേണ്ടിയിരുന്നില്ല.

സങ്കടം  പൊട്ടിക്കരച്ചിലായി  മാറുന്നതിനുമുമ്പ്  ആശ്വസിപ്പിക്കണം.

'കണ്ണുനീര്‍ തുടയ്ക്കു, എന്നിട്ട് ഒന്നു ചിരിക്കു..... എത്രനാളായി ആ ചിരികണ്ടിട്ട്'

അവളുടെ കണ്ണുകള്‍ വിടര്‍ന്നു.......... ആശ്വാസം ഒരു നെടുവീര്‍പ്പായി പുറത്തുചാടി.

പക്ഷേ ചിരിക്കാനുള്ള ശ്രമം വൃഥാവിലായി.... മുഖത്ത് കുറ്റബോധവും  പശ്ചാത്താപവും പ്രതിഫലിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. 

അവളുടെ മനസ്സിലെ സംഘര്‍ഷത്തിന് അയവു വരുത്താന്‍ വിഷയം മാറ്റി.    

'ഇന്നെന്താണു അത്താഴത്തിന്?'    

'ഒന്നുമുണ്ടാക്കിയിട്ടില്ല'

ഇമവെട്ടാതെ നോക്കിയിരിക്കുന്ന അവളുടെ കണ്ണുകള്‍ ചോദിക്കുന്നുണ്ടായിരുന്നു: 'എന്നോടൊപ്പം വരില്ലേ, കിച്ചണിലേക്ക്?' 

'ഇനിയിപ്പോള്‍ ഒന്നും ഉണ്ടാക്കണ്ട.  ഇന്ന് ഹോട്ടലില്‍നിന്നുകഴിക്കാം.  പോയി തയ്യാറാകു.  മക്കളോടും തയ്യാറാകാന്‍ പറയു. ഞാന്‍ ഹോട്ടലില്‍ വിളിച്ചു ടേബിള്‍ റിസര്‍വുചെയ്തിട്ടുവരാം'

അവളുടെ കരാംഗുലികള്‍ മുടിയിഴകള്‍ക്കിടയിലൂടെ തഴുകി ഒരു നിമിഷംകൊണ്ടു ഒരു ചിത്രം വരച്ചുതന്നിട്ടുപോയി.  താന്‍ കാത്തിരുന്ന ചിത്രം!  

മൊബൈല്‍ ഫോണെടുത്ത് ബാലുവിനെ വിളിച്ചു.  ആളറിയാതിരിക്കാന്‍ അവനറിഞ്ഞുകൂടാത്ത മറ്റൊരു നമ്പരില്‍നിന്നു വിളിച്ചിട്ടു ശബ്ദം മാറ്റി സംസാരിച്ചു. 

'ഹലോ, ഡോക്ടര്‍ ബാലച്ചന്ദ്രനല്ലേ?  നിങ്ങള്‍ എന്നുമുതലാണ് വീടുകളില്‍ പോയി ചികിത്സ തുടങ്ങിയത്? ..............  ഞാനറിയാതെ എന്റെ വീട്ടില്‍ വന്നു എന്റെ ഭാര്യയെ ചികിത്സിക്കാന്‍ നിങ്ങളാരാ? ............ ഞാനോ?.......  ഞാന്‍ ആരെങ്കിലുമായിക്കൊള്ളട്ടെ....... ഞാന്‍ ചോദിച്ചതിനു മറുപടി പറയു.  ഹലോ ഹലോ ഫോണ്‍ വയ്ക്കരുത് .......  എന്റെ മനസ്സില്‍ സ്റ്റെന്റുവക്കാന്‍ പറഞ്ഞപ്പോള്‍ നിങ്ങളെന്തിനാണ് എന്റെ ഭാര്യയുടെ മനസ്സില്‍ സ്റ്റെന്റുവച്ചത്?.......................... ഹ... ഹ... ഹ......  അതേടാ ബാലു, നിന്റെ സ്‌റെന്ടു ഫലിച്ചിരിക്കുന്നു..........  ഞാന്‍ ചെന്നൈയില്‍ പോയ തക്കത്തിനു നീയതങ്ങ് അവളുടെ മനസ്സില്‍ കുത്തിത്തിരുകിയല്ലേ?........ ങാ....  അതെ............. എനിക്കു മനസ്സിലായി.... ശരി....... ഞങ്ങള്‍ ഇന്ന് പുറത്തുപോകുന്നു...... ഡിന്നറിനു............. ങേ?............ ഹ... ഹ... ഹ... അതേടാ ............  OK.....  പിന്നെ വിളിക്കാം...ബൈ...' 

ഒരു ജ്യേഷ്ഠസഹോദരന്റെ കടമ അവന്‍ ഭംഗിയായി നര്‍വഹിച്ചിരിക്കുന്നു. 

അനുജത്തിക്ക് ജ്യേഷ്ഠന്റെ കൗണ്‍സലിംഗ്!  ആ കൗണ്‍സലിംഗ് എത്രമാത്രം ഫലപ്രദമായിരുന്നുവെന്നു ഇന്നവളില്‍ കണ്ട മാറ്റം തെളിയിക്കുന്നു.  

നന്ദി ബാലു, നന്ദി.....  

മക്കള്‍ രണ്ടുപേരും തയ്യാര്‍.  

അച്ചുമോള്‍ ഓടിവന്ന് അവളുടെ പുതിയ ഡ്രസ്സ് കാണിച്ചു.

'അച്ഛാ, ഞങ്ങളുടെ പുതിയ ഡ്രസ്സുകണ്ടോ? ഇന്നലെ ബാലുമാമന്‍ കൊണ്ടുതന്നതാ'

'ങാ...............  കൊള്ളാമല്ലോ...........  എന്റെ അച്ചുക്കുട്ടി ഇപ്പോള്‍ കൂടുതല്‍ 
സുന്ദരിയായല്ലോ'  

'ചേട്ടനു സ്‌കൂളില്‍ ഫംഗ്ഷന് പ്രസംഗിക്കാന്‍ സ്പീച്ചെഴുതിക്കൊടുക്കാമെന്നു പറഞ്ഞിട്ടാണു പോയതു'.        

'ഓ..... ഞാനതു മറന്നു, സ്പീച്ച് മെയില്‍ ചെയ്തിട്ടുണ്ടെന്നു ബാലു പറഞ്ഞു'

അശ്വിന്‍ മോന് സ്പീച്ചുവായിക്കാന്‍ തിടുക്കമായി. 

'അച്ഛാ, അമ്മ തയ്യാറാകുന്നതേയുള്ളു.  അപ്പോഴേക്കും ആ മെയില്‍ ഓപ്പണ്‍ ചെയ്തു താ അച്ഛാ, ഞാന്‍ വായിച്ചുനോക്കട്ടെ, പ്ലീസ്'.

'ശരി, ലാപ്‌ടോപ്പിങ്ങെടുക്കു'.   

അമ്മയും റെഡി.  

'അച്ഛാ, ഡിന്നറിനു സമയമായില്ലല്ലോ, സ്പീച്ച് ഒരുപ്രാവശ്യം വായിച്ചിട്ടു പോകാം' 

'ശരി'   

'നിങ്ങള്‍ മൂന്നുപേരും ഓഡിയന്‍സ്.  എന്റെ പ്രസംഗം കേട്ടിട്ടു അഭിപ്രായം പറയണം.' 
  
'Good evening ladies & gentlemen,

നമസ്‌കാരം.

മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ ജീവിച്ചുപോന്ന എന്റെ കുറെ  കൂട്ടുകാര്‍ ഇന്നനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിന്റെ കദനകഥയാണു എനിക്ക്  നിങ്ങളോടു പറയാനുള്ളത്. പ്രത്യേകിച്ച് ഇവിടെ സന്നിഹിതരായിരിക്കുന്ന ആന്റിമാരോട്, അതായത് എന്റെ കൂട്ടുകാരുടെ അമ്മമാരോട്. 

ഒരു സാംക്രമികരോഗം നമ്മുടെ സമൂഹത്തെ ആക്രമിച്ചിരിക്കുന്നു.... 

കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്ന ഒരു വിപത്ത്!

കുടുംബസമാധാനത്തെ കാര്‍ന്നുതിന്നുന്ന പുഴുക്കുത്ത്!  

മലയാളി സ്ത്രീകളെ ഗ്രസ്സിച്ചുകഴിഞ്ഞിരിക്കുന്ന ഒരു മഹാമാരി! 

അതെ..... മെഗാസീരിയലെന്ന മഹാമാരി!  

സീരിയല്‍മാനിയ!

കൂണുപോലെ മുളച്ചുകൊണ്ടിരിക്കുന്ന TV ചാനലുകള്‍ പടച്ചുവിടുന്ന  മെഗാസീരിയലുകള്‍!  

ഇനി ഈ വിപത്ത് എങ്ങനെ ഞങ്ങളെ, അതായത് നിങ്ങളുടെ മക്കളെ  ബാധിക്കുന്നുവെന്നു പറയാം. 

എത്രയെത്ര സീരിയലുകളാണു ദിവസവും മലയാളികളുടെ സ്വീകരണമുറിയിലെത്തുന്നത്? അതില്‍ പലതിലും കാണാന്‍ കഴിയുന്ന കാഴ്ചകളോ? 

കോമാളിവേഷംകെട്ടിയ ഭര്‍ത്താവിനെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഭാര്യാകഥാപാത്രങ്ങള്‍!

കോന്തന്‍ ഗൃഹനാഥനും അയാളെ അടക്കിഭരിക്കുന്ന ഭാര്യയും! 

ഭര്‍ത്താവിനെ അഹങ്കാരിയായ ഭാര്യ ചവിട്ടിമെതിക്കുന്ന രംഗങ്ങള്‍! 

ഗതികെട്ട ഭര്‍ത്താവ് ഭാര്യയുടെ ചൊല്‍പ്പടിക്കനുസരിച്ചു തുള്ളുന്ന രംഗങ്ങള്‍!

പുരുഷവിദ്വേഷികളും ഭര്‍ത്താവിനെ വെറുക്കുന്നവരുമായ മഹിളാമണികള്‍ ഇതൊക്കെ കണ്ടു സായുജ്യമടയുന്നത്തിന്റെ പിന്നിലെ ചേതോവികാരം മനസ്സിലാക്കാന്‍ സാധിക്കും. അത്തരം കാഴ്ചകള്‍ സ്ഥിരമായി കാണുമ്പോള്‍ അവര്‍ക്ക് ആ ഭാര്യാകഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കാനുള്ള ഉള്‍പ്രേരണ ഉണ്ടാകുന്നതു തികച്ചും സ്വാഭാവികമാണ്.  

അവര്‍ അത്തരം കഥാപാത്രങ്ങളെയും രംഗങ്ങളെയും സ്വന്തം മനസ്സിലേക്കു ആവാഹിച്ച് സംതൃപ്തി നേടുന്നു. 

അങ്ങനെ അവരുടെ മനസ്സുകളില്‍നിന്നു ബഹിര്‍ഗമിക്കുന്ന വികലചിന്തകള്‍ അവരുടെ സ്വന്തം ജീവിതത്തിലും പ്രതിഫലിക്കുന്നു.  

വാസ്തവത്തില്‍, നിഷ്‌കളങ്കരും അസംതൃപ്തരുമായ സ്ത്രീകളുടെ അവിവേകത്തെ ചൂഷണം ചെയ്ത് അവരെ വികലമനസ്സിനുടമകളാക്കി TVക്കു മുന്നില്‍ പിടിച്ചിരുത്തി റേറ്റിംഗ് കൂട്ടാന്‍ മത്സരിക്കുന്ന ചാനലുകള്‍ മെനഞ്ഞെടുക്കുന്ന വിപണനതന്ത്രത്തിന്റെ ഇരകളാണവര്‍.

എന്നാല്‍ കുടുംബത്തെയും ഭര്‍ത്താവിനെയും മക്കളെയും സ്‌നേഹിക്കുന്ന നിങ്ങളോ?  

നിങ്ങള്‍ എന്തിനാണു ആ തന്ത്രത്തിന്റെ ഇരകളാകുന്നത്?  

ആ കാഴ്ചകള്‍ സ്ഥിരമായി കാണുമ്പോള്‍ അതു നിങ്ങളുടെ പെരുമാറ്റത്തെ സ്വാധീനിക്കില്ലേ? സ്വഭാവത്തെ ദുഷിപ്പിക്കില്ലേ? മനസ്സിനെ വിഷലിപ്തമാക്കില്ലേ? 

അങ്ങനെ കുടുംബകലഹങ്ങള്‍ ഉണ്ടാകില്ലേ? ബന്ധങ്ങള്‍ തകരില്ലേ? കുടുംബാന്തരീക്ഷം സംഘര്‍ഷഭരിതമാകില്ലേ?.    

ഒഴിച്ചുകൂടാനാകാത്ത അത്യാവശ്യങ്ങളുണ്ടായാല്‍ പോലും TVയുടെ മുന്നില്‍നിന്നു അനങ്ങാന്‍പോലുമുള്ള വൈമനസ്യം!

അതിന്റെയെല്ലാം ദുരന്തഫലം അനുഭവിക്കുന്നത് ഞങ്ങളും കൂടിയാണ്... നിങ്ങളുടെ മക്കള്‍.

ഞങ്ങള്‍ക്കു നിങ്ങളുടെ സ്‌നേഹവും വാത്സല്യവും നിഷേധിക്കപ്പെടുന്നു.

നിങ്ങള്‍ക്കു ഞങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം ഇല്ലാതാകുന്നു.

ഞങ്ങള്‍ വിശന്ന് ആഹാരം ചോദിക്കുമ്പോള്‍ പതിവായി കിട്ടുന്ന മറുപടി എന്താണ്? 

'ഈ സീരിയല്‍ കഴിയുമ്പോള്‍ തരാം'  

'ബ്രേക്കുവരുമ്പോള്‍ തരാം' 

'നിങ്ങള്‍ എടുത്തു കഴിച്ചുകൊള്ളു' 

ഇതൊക്കെയല്ലേ?

പ്രിയപ്പെട്ട അമ്മമാരേ.... ഞങ്ങള്‍ ആഗ്രഹിക്കുന്നത്   മാതാപിതാക്കളോടൊപ്പമിരുന്ന് അവരുടെ സ്‌നേഹവാല്‍സല്യത്തിന്റെ മേമ്പൊടി വിതറി ആസ്വാദ്യകരമാക്കിയ അത്താഴം കഴിക്കാനാണ്.  എന്നാല്‍ ഞങ്ങള്‍ക്കു ലഭിക്കുന്നതോ? അസ്വാരസ്യങ്ങളുടെയും സംഘര്‍ഷങ്ങളുടെയും കയ്പുനീര്‍ കലര്‍ത്തി അരോചകമാക്കിയ അത്താഴം.

അതിനാല്‍ അമ്മമാരേ, നിങ്ങള്‍ ഞങ്ങളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, കുടുംബത്തെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, ഭര്‍ത്താവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ആ  മൂഢസ്വര്‍ഗ്ഗത്തില്‍നിന്നു തിരിച്ചുവരു.  

ഞാന്‍ ആദ്യം പറഞ്ഞതുപോലെ, പുരുഷവിദ്വേഷികളായവര്‍ക്കും, ഭര്‍ത്താവിനെ വെറുക്കുന്നവര്‍ക്കും വേണ്ടി വിട്ടുകൊടുത്തേക്കു മെഗാസീരിയലുകള്‍.  

ഭര്‍ത്താവിനെ മാനസികമായി തകര്‍ക്കാന്‍ അവരുടെ ആവനാഴിയില്‍ അമ്പുകള്‍ ബാക്കിയില്ലാതാകുമ്പോള്‍ അവര്‍ റിമോട്ട് കണ്ട്രോള്‍ കയ്യിലെടുക്കട്ടെ! ഭര്‍ത്താവിനു പുതിയ പുതിയ വിഭവങ്ങള്‍ വിളമ്പാനുള്ള ചേരുവകള്‍ അതുകാട്ടിക്കൊടുക്കും!

  തിങ്കള്‍ മുതല്‍ വെള്ളിവരെ...... 
  7 മുതല്‍ 10 വരെ.........
                   
  ജയ് ഹിന്ദ്'

അച്ചുമോള്‍ എണീറ്റുചാടിക്കൊണ്ടു നിര്‍ത്താതെ കയ്യടിച്ചു. 
'കലക്കി ചേട്ടാ, കലക്കി'

മോന്റെ മുഖം പെട്ടെന്ന് മ്ലാനമായി. അവന്‍ ഓടി അമ്മയുടെ  അടുത്തേക്കുപോയി. ഡൈനിംഗ് ടേബിളില്‍ തലചായ്ച്ചിരിക്കുന്ന അമ്മയുടെ മുഖം പിടിച്ചുയര്‍ത്തി. 

അവര്‍ തേങ്ങിക്കരയുകയായിരുന്നു.

ഇതൊന്നുമറിയാനുള്ള പ്രായമാകാത്ത അച്ചുമോള്‍ അമ്മയുടെ മുഖത്തുനോക്കി  മിഴിച്ചുനിന്നു.

'എന്തുപറ്റി അമ്മേ?'

'ഒന്നുമില്ല.....' കണ്ണുനീര്‍ തുടച്ചിട്ടവര്‍ രണ്ടുമക്കളെയും ചേര്‍ത്തുനിര്‍ത്തി  നെറുകയില്‍ ചുംബിച്ചു....

ആ വികാരനിര്‍ഭരമായ കാഴ്ച മനസ്സിനെ തണുപ്പിച്ചു.  

എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയെന്ന് ആശങ്കപ്പെട്ടിരുന്ന മനസ്സമാധാനം  തിരിച്ചുകിട്ടിയപ്പോള്‍, ആ നല്ലനാളുകളുടെ തിരിച്ചുവരവ് ഒരു ആഘോഷമാക്കിമാറ്റാന്‍ നാലുപേരുംകൂടി പുറപ്പെട്ടു, സ്വപ്നങ്ങളുടെ തേരിലേറി! 
              
                                                    *****************
     






3 comments:

  1. Sir well narrated. You skilfully portraited a social vipathu..aa thoolikayil ninnu iniyum daralam aksharangal peythirangatte...jayan

    ReplyDelete
    Replies
    1. Thank u very much Jayan. My next story about another social 'vipaththu' is being published soon.

      Delete
    2. Thank u very much Jayan. My next story about another social 'vipaththu' is being published soon.

      Delete