മനസ്സിലും സ്റ്റെന്റോ?
ഭാഗം-2
ഡോക്ടര്‍ ചിരി നിര്‍ത്തി. കണ്ണടമാറ്റി തൂവാലയെടുത്ത് കണ്ണുതുടച്ചു.
'സിസ്റ്ററെ, പേടിക്കണ്ട. എന്റെ സുഹൃത്താണിവന്‍. മാത്രമല്ല അളിയനും'
അത്രയും സമയം ഒരു തേങ്ങാമുറിയുടെ വലിപ്പത്തില്‍ തുറന്നിരുന്ന വായ സിസ്റ്റര്‍ മെല്ലെ... മെല്ലെ..... അടച്ചു. രണ്ടു ബള്‍ബുകള്‍ പോലെ തള്ളിനിന്ന കണ്ണുകള്‍ ഉള്‍വലിഞ്ഞു.
'എന്നാലും കഷ്ടമായിപ്പോയി ഡോക്ടറെ. പേടിച്ചുപോയി'
'ഞങ്ങളിങ്ങനെയാ സിസ്റ്ററെ. വളരെ ചെറുപ്പത്തില്‍ തുടങ്ങിയതാ ഇതുപോലുള്ള കുസൃതിത്തരങ്ങള്‍. ഇപ്പോഴും തുടരുന്നു. ഒരു രസത്തിനു'
'എടോ ഡോക്ടറെ, എന്തിനാ എന്നെ കാണണമെന്നു പറഞ്ഞത്?'
'ചില കാര്യങ്ങള്‍ സംസാരിക്കാന്‍'
നേരെ ക്ലബ്ബിലേക്ക് വിട്ടു. ഇന്നു ഡിന്നര്‍ ഒരുമിച്ച്. ഒത്തിരി നാളുകള്‍ക്കുശേഷം കണ്ടുമുട്ടുകയല്ലേ......
'എന്താടാ വീട്ടിലെ പ്രശ്‌നങ്ങള്‍?'
'പ്രശ്‌നങ്ങളോ............? ഒരു പ്രശ്‌നവുമില്ല'
'ഞാന്‍ എല്ലാം അറിഞ്ഞു............ എന്റെ പെങ്ങള്‍ നിന്നെ ഒരുപാടു വേദനിപ്പിക്കുന്നുണ്ടല്ലേ? ഞാനൊരു ദിവസം അങ്ങോട്ടുവരുന്നുണ്ട്. ഒരു വലിയ സ്‌റെന്റുമായി. അവളുടെ മനസ്സില്‍ കുത്തിത്തിരുകാന്‍'
'വേണ്ട ബാലു........ അതിന്റെയൊന്നും ആവശ്യമില്ല'.
ഇവനോടെന്തു പറയാന്‍? ഇതുവരെ എല്ലാം ഒളിച്ചുവച്ചു.
'നീ അവളോടു വിളിച്ചുപറഞ്ഞോ ഇന്നു വരാന്‍ വൈകുമെന്ന്?'
'ഇല്ല, ...... ഞാനിങ്ങനെ പലപ്പോഴും വൈകിച്ചെല്ലാറുണ്ട്'.
ഓഫീസുവിട്ടാല്‍ വീട്ടിലെത്താന്‍ തിടുക്കം കാട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഭര്‍ത്താവിന്റെ വരവും കാത്തിരിക്കുന്ന ഭാര്യ........
ഒരുമിച്ചുള്ള ചായകുടിയും വിശേഷങ്ങള്‍ പങ്കുവയ്ക്കലും.........
ഭാര്യയോടൊപ്പം കിച്ചണില്‍ കയറാനും അത്താഴം ഒരുക്കുന്നതില്‍ സഹായങ്ങള്‍ ചെയ്തുകൊടുക്കാനുമുള്ള ഉത്സാഹം....... അതില്‍നിന്നു രണ്ടുപേര്‍ക്കും ലഭിക്കുന്ന സന്തോഷം......
പിന്നെ ഒരുമിച്ചിരുന്ന് രണ്ടുപേരും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന TV പരിപാടികള്‍ ആസ്വദിക്കുന്നു.
അന്യോന്യം നിസ്സീമമായ സ്‌നേഹം നല്‍കി ഇരുമനസ്സുകളേയും തരളിതമാക്കിയും പൊന്നോമനമക്കള്‍ക്ക് ആവോളം വാത്സല്യം നല്കി അവരുടെ ബാല്യം ഉല്ലാസപ്രദമാക്കിയും ഗൃഹോദ്യാനത്തില്‍ നിത്യേന ഓരോ വസന്തം വിരിയിച്ചിരുന്നു.
അതെല്ലാം ഇന്നലെകളെക്കുറിച്ചുള്ള സുന്ദര സ്വപ്‌നങ്ങള്‍.........
ഇപ്പോള്‍ വെറും വ്യാമോഹങ്ങള്‍ മാത്രം.
ഗൃഹാന്തരീക്ഷം പാടെ മാറി.
കാരണം വെറും നിസ്സാരം.
അവള്‍ ഒരു ആവശ്യം ഉന്നയിച്ചു. മക്കളുടെ വെക്കേഷനു ഡല്‍ഹിക്ക് പോകണം. ഒരാഴ്ച അവിടെയുള്ള കസിനോടൊപ്പം താമസിക്കണം.
പോകാമെന്നു സമ്മതിച്ചു, ഒരു നിബന്ധനയില്‍; കസിനോടൊപ്പം ഒരു ദിവസത്തില്‍ കൂടുതല്‍ താമസിക്കുകയില്ല, ബാക്കി ദിവസങ്ങള്‍ ഹോട്ടലില്‍ താമസിക്കും.
ആ പൊങ്ങച്ചക്കാരി ഡോമിനീറിംഗ് ലേഡിയോടും അവളുടെ ഹെന്‍പെക്റ്റ് ഭര്‍ത്താവുദ്യോഗസ്ഥനോടുമൊപ്പം ഒരു മണിക്കൂര്‍ പോലും അസഹനീയം! എന്നിട്ടും ഒരു ദിവസം സഹിക്കാമെന്നു സമ്മതിച്ചു.
'അത് പറ്റില്ല. ഡല്‍ഹിക്കുപുറമെ, ആഗ്ര, സിംല, കുളു മനാലി അങ്ങനെ പലയിടത്തും അവരുടെ കാറില്‍ കൊണ്ടുപോകാമെന്നവള്‍ പറഞ്ഞിരിക്കുകയാണ്'
'അവിടെയൊക്കെ നമുക്കു പോകാം. ഒരു കാബ് ബുക്കുചെയ്യാം, ഹോട്ടലില്‍ താമസിക്കാം.'
'അതുപറ്റില്ല, ഞാന്‍ സമ്മതിച്ചുപോയി. ഇനി പോയില്ലെങ്കില്‍ അവള്‍ക്കു വിഷമം തോന്നും'
'സോറി, അങ്ങനെയാണെങ്കില്‍ മക്കളെയും കൂട്ടി പൊയ്‌ക്കൊള്ളു. ഞാന്‍ വരുന്നില്ല. എനിക്കവരെ സഹിക്കാന്‍ കഴിയാഞ്ഞിട്ടല്ലേ?'
മുഖം വീര്‍പ്പിച്ചു പിണങ്ങിനടന്നു.
പിന്നെ എല്ലാറ്റിനും ഒരുതരം വാശി. സമ്മര്‍ദ്ദതന്ത്രം.
വഴങ്ങിക്കൊടുക്കാന്‍ തയ്യാറായില്ല.
പിണക്കം തീര്‍ക്കാന്‍ രണ്ടുപേരും തയ്യാറായില്ല. ആരു മുന്‍കൈയെടുക്കുമെന്ന വാശി.
വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്തതിനാല്‍ വൈകുന്നേരങ്ങളില്‍ ഓഫീസില്‍നിന്നു വരുന്നത് മനപ്പൂര്‍വം വൈകിച്ചു. അതാവര്‍ത്തിച്ചപ്പോള്‍ അവള്‍ക്കും വാശിയേറി.
അപ്പോഴവള്‍ TVയെ അഭയം പ്രാപിച്ചു. ഒറ്റയ്ക്കിരുന്നു TV കണ്ട് വാശിതീര്‍ക്കാന്‍ തുടങ്ങി.
ഏഴു മണിക്കുമുമ്പുതന്നെ അത്താഴം തട്ടിക്കൂട്ടികഴിഞ്ഞിരിക്കും.
ഇപ്പോള്‍ എഴുമുതല്‍ പത്തുവരെ അവളുടെ ലോകം വേറെയാണ്. അവിടെ ഭര്‍ത്താവില്ല............ മക്കളില്ല..........
TVയും റിമോട്ട് കണ്ട്രോളും മാത്രം.............
പുരുഷത്വത്തെ വ്രണപ്പെടുത്തുന്ന സംഭാഷണങ്ങളും അവതരണശൈലിയും കൊണ്ടു വികൃതമാക്കപ്പെട്ട സീരിയിലുകള്‍ അവള്‍ ഉത്സാഹത്തോടെയിരുന്നു ആസ്വദിക്കുന്നതു അംഗീകരിക്കാനോ അവളോടൊപ്പമിരുന്നു കാണാനോ ഉള്ള സഹനശക്തി ഇല്ലാത്തതിനാല്‍ മുഖം തിരിച്ചു. അസഹിഷ്ണുത പ്രകടിപ്പിച്ചു.
തന്റെ ഭാര്യ ഇങ്ങനെ അധഃപ്പതിക്കുകയില്ലെന്നു വിശ്വസിച്ചു. ആ ശുഭാപ്തിവിശ്വാസം കുറച്ചുനാള്‍ കാത്തിരിക്കാന്‍ പ്രേരിപ്പിച്ചു.
അവള്‍ തെറ്റു മനസ്സിലാക്കുന്നതുവരെ ക്ഷമിക്കാന്‍ മനസ്സിനെ പാകപ്പെടുത്തി.
അതുവരെ അവളെ അവളുടെ പുതിയ ലോകത്തില്‍ തനിച്ചാക്കിയിട്ടു തന്റേതായ ലോകത്തിലേക്ക്, ഏറ്റവും ഇഷ്ടപ്പെട്ട വായനയുടെ ലോകത്തിലേക്ക് തിരിച്ചുപോന്നു.
മിക്കവാറും അടഞ്ഞുകിടന്നിരുന്ന ബാല്‍ക്കണിക്കു അന്ധകാരത്തില്‍നിന്നു മോചനം നല്കി.
നിത്യേന സായാഹ്നങ്ങളില്‍ അവിടെയിരുന്നു വായനയില്‍ മുഴുകിയപ്പോള്‍ അവളുടെ പുതിയ ലോകത്തില്‍ സ്വര്‍ഗത്തിലെ കട്ടുറുമ്പാകണ്ടായെന്നു മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളു. അതൊരു മൂഢസ്വര്‍ഗമാണെന്നു അവള്‍ മനസ്സിലാക്കുന്നതുവരെ.
എന്നാല്‍ ഫലം മറിച്ചായിരുന്നു.
സ്വീകരണമുറിയില്‍നിന്ന് ബാല്‍ക്കണിയിലേക്കുള്ള ദൂരം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.
ആ ദൂരം രണ്ടു മനസ്സുകളെ തമ്മില്‍ അകറ്റിക്കൊണ്ടേയിരുന്നു.
സ്വാഭിമാനത്തിന്റെ പ്രശ്‌നമായി തോന്നിയതിനാല്‍ ആ ദൂരത്തെ, ആ അകല്‍ച്ചയെ അവഗണിച്ചു. ഒരു വാശിപോലെ.
ഒരു പരിധിവരെ താനും കുറ്റക്കാരനല്ലേ? വാശി ഉപേക്ഷിച്ചിട്ടു സ്‌നേഹത്തോടെ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കേണ്ടിയിരുന്നില്ലേ?
അങ്ങനെ ചിന്തിച്ചുതുടങ്ങിയപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു.
'സീരിയല്‍മാനിയ' അവളെ ഗ്രസിച്ചുകഴിഞ്ഞിരുന്നു.
അടിമ! മെഗാസീരിയലുകളുടെ അടിമ!
പിന്നെയിങ്ങോട്ട് അസ്വാരസ്യങ്ങളുടെ വീര്‍പ്പുമുട്ടല്‍.............
വേദനിപ്പിക്കുന്ന അനുഭവങ്ങള്‍...........
ഇല്ലാത്ത കുറ്റങ്ങള്‍ കണ്ടുപിടിക്കല്‍........
പ്രചോദകയില്‍നിന്നു ദോഷൈകദൃക്കിലേക്കുള്ള പരിവര്‍ത്തനത്തിനുശേഷം അവള്‍ തൊടുത്തുവിടുന്ന കുറ്റപ്പെടുത്തലുകളുടെ കൂരമ്പുകള്‍ നെഞ്ചില്‍വന്നു തറയ്ക്കുമ്പോള്‍ പ്രതികരിക്കാന്‍ ഉണ്ടാകാറുള്ള ഉള്‍പ്രേരണയെ പ്രതിയാക്കി മനസ്സിനുള്ളില്‍തന്നെ കുഴിച്ചുമൂടുമ്പോള്‍ അനുഭവപ്പെടുന്ന ശ്വാസംമുട്ടല്‍...........
അപ്പോഴും ഭര്‍ത്താവിന്റെ ക്ഷമാശീലത്തെ ബലഹീനതയായി കാണുന്ന ഭാര്യ............
അതാണിപ്പോള്‍ ഇവന്റെ സഹോദരി!
എന്തൊരു മാറ്റം!
ഇന്നുരാവിലെ ഓഫീസില്‍ പോകാനിറങ്ങുമ്പോള്‍ ഭാര്യയുടെ വക ഇന്നത്തെ ഡോസ്: 'നിങ്ങളുടേതു ഇടുങ്ങിയ മനസ്സാണ്'
എന്തിനാണങ്ങനെ പറഞ്ഞതെന്ന് മനസ്സിലായില്ല. ഒരു കാര്യവുമുണ്ടായിരുന്നില്ല.
ഒരു ഭാര്യയുടെ ന്യായമായ ആവശ്യങ്ങളെല്ലം നിറവേറ്റിയിട്ടുണ്ട്.
ഒരു ഗൃഹനാഥന്റെ കടമകളെല്ലാം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
മക്കള്‍ക്കൊരു കുറവും വരുത്തിയിട്ടില്ല.
ഒരേയൊരു തെറ്റുമാത്രം ചെയ്തു.... അവളുടെ അന്യായമായ ഒരാവശ്യത്തിനു വഴങ്ങിയില്ല..
പിന്നെ അതിന്റെപേരിലൊരു വാശി.
ഓഫീസിലിരിക്കുമ്പോള്‍ അതുതന്നെയായിരുന്നു ചിന്ത. ഇടുങ്ങിയ മനസ്സെന്ന ആരോപണത്തിനുള്ള കാരണമെന്താ?
മലയാളം TV ചാനലുകളുടെ വെബ്‌സൈറ്റുകളില്‍ കയറിയിറങ്ങി. ഇന്നലെ ടെലികാസ്റ്റു ചെയ്ത മെഗാസീരിയലുകളെല്ലം പരതിനോക്കി.
ഒടുവില്‍ കിട്ടി! തന്റെ മനസ്സ് ഇടുങ്ങിയതാകാനുണ്ടായ കാരണം!
ഒരു മെഗാസീരിയലിലെ രംഗം!
................................
നിര്‍ഗുണനും ഭാര്യാനുവര്‍ത്തിയുമായ ഗൃഹനാഥന്‍ ഒരു മൂലയില്‍ ഒതുങ്ങിയിരുന്നു പത്രം വായിക്കുന്നു........ ഭാര്യ അയാളുടെമേല്‍ ശകാരവര്‍ഷം ചൊരിയുന്നു........ ഒരു പുലിയുടെ മുന്പിലകപ്പെട്ട മാനിനെപ്പോലെ അയാള്‍ എണീറ്റുനിന്ന് ദയനീയമായി ഭാര്യയെ നോക്കുന്നു....... ഭാര്യയുടെ ഉഗ്രപ്രകടനം കണ്ടു അയാള്‍ കൂടുതല്‍ വിനമ്രനായി നില്ക്കുമ്പോള്‍ ഭാര്യ ആക്രോശിക്കുന്നു: 'നിങ്ങളുടേത് ഒരു ഇടുങ്ങിയ മനസ്സാണ്'
...........................
ഇനി വീട്ടമ്മമാര്‍ സാധാരണ സംഭാഷണങ്ങളില്‍ നിന്നു വ്യത്യസ്തമായി എന്തെങ്കിലും ഡയലോഗടിക്കുകയാണെങ്കില്‍ അതിന്റെ ഉറവിടം തേടി മറ്റെങ്ങും പോകണ്ട! തൊട്ടുമുന്പുള്ള ദിവസങ്ങളില്‍ ടെലിക്കാസ്റ്റുചെയ്ത മെഗാസീരിയലുകള്‍ തന്നെയായിരിക്കും അതിന്റെ സ്രോതസ്സ്!
ഈ ബാല്യകാലസുഹൃത്തിനോട് എന്തുപറയും അവന്റെ അനുജത്തിയെക്കുറിച്ച്?
ഇവന്‍ വിശ്വസിക്കുമോ?
ക്ലബ്ബില്‍നിന്നിറങ്ങി രണ്ടുപേരും രണ്ടുവഴിക്കു പിരിഞ്ഞു. പിരിയുമ്പോള്‍ ബാലു പറഞ്ഞു: 'നീ വിഷമിക്കണ്ട. എല്ലാം നേരെയാകും'
രണ്ടുദിവസത്തെ ചെന്നൈ ഒഫിഷ്യല്‍ ട്രിപ് കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച അവിശ്വസനീയം!
തുടരും
No comments:
Post a Comment