മനസ്സിലും സ്റ്റെന്റോ?
ശശി തിരുമല
ശശി തിരുമല
ഡോക്ടര്‍ ബാലചന്ദ്രന്റെ ക്ലിനിക് രണ്ടാം നിലയിലാണ്. പുറത്ത് കാര്‍ പാര്‍ക്കുചെയ്യാന്‍ റോഡിനു വീതിയില്ല.
അടഞ്ഞുകിടക്കുന്ന വലിയ ഗേറ്റുതുറന്നാല്‍ അകത്തിനിയും രണ്ടുമൂന്നു കാറുകള്‍കൂടി പാര്‍ക്കുചെയ്യാനുള്ള സ്ഥലമുണ്ട്.
മെല്ലെ ഗേറ്റുതുറക്കാന്‍ ശ്രമിക്കുമ്പോള്‍ അതാവരുന്നു ഒരു ശ്വാനന്‍!
വീട്ടില്‍ പട്ടിയെയും പൂച്ചയെയും വളര്‍ത്തുന്നതിനോട് തീരെ താത്പര്യമില്ലാത്തതിനാല്‍ ഇവറ്റകളുടെ വര്‍ഗ്ഗത്തെയൊ വംശത്തെയൊ കുറിച്ചു ഒരു ജ്ഞാനവുമില്ല.
അല്‍സേഷ്യനെന്നും പൊമറേനിയനെന്നും ജര്‍മ്മന്‍ ഷെഫേര്‍ഡെന്നും ഒക്കെ കേട്ടിട്ടുണ്ട്. ഇത് ഏതു ശ്വാനരാജവംശത്തിലെയെന്നറിയില്ല!
ഗേറ്റുതുറന്ന് അകത്തുകയറാന്‍ ധൈര്യം പോര. ഇവനെക്കണ്ടാലറിയാം ഒരു പരാക്രമിയാണെന്ന്.
ആശ്വാസം....... ഒരാജാനബാഹു വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.
'ങൂം..........? എന്താ......?'
അത്രയേ ചോദിച്ചുള്ളുവെങ്കിലും 'എടോ, ഞാനൊരു റിട്ടയേര്‍ഡ് കേണലാണെടോ' എന്നുകൂടി പറയാതെ പറഞ്ഞതായി തോന്നും അദ്ദേഹത്തിന്റെ മട്ടും കെട്ടുമൊക്കെ കണ്ടാല്‍!
'ക്ലിനിക്കില്‍ വന്നതാണ്, റോഡില്‍ കാര്‍ പാര്‍ക്കുചെയ്യാന്‍ സ്ഥലമില്ല. അകത്തു കയറ്റിയിട്ടാലോ എന്നാലോചിക്കുകയായിരുന്നു'
'കൂടുതല്‍ ആലോചിച്ചു വിഷമിക്കേണ്ട, ഇത് ക്ലിനിക്കില്‍ വരുന്ന രോഗികള്‍ക്ക് കാര്‍ പാര്‍ക്കുചെയ്യാനുള്ള സ്ഥലമല്ല'. AK47ല്‍ നിന്നു പാഞ്ഞുവരുന്ന വെടിയൊച്ചപോലെ കര്‍ണകഠോരമായിരുന്നു കേണല്‍ സാബിന്റെ ആ കമാന്റുകള്‍!
'ഞാനൊരു രോഗിയൊന്നുമല്ല' എന്നു പറയണമെന്നുതോന്നിയതാണ്. ധൈര്യം കിട്ടിയില്ല. വീണ്ടും വെടിപൊട്ടിയാലോ?
അല്ലെങ്കിലും ആശുപത്രിയിലും ക്ലിനിക്കിലുമൊക്കെ ചെല്ലുന്നവരെയെല്ലാം രോഗികളായിട്ടാണല്ലൊ പരിഗണിക്കുന്നത്!
ഒരിക്കല്‍ ഒരു മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പോയി. അസുഖം ഒന്നുമുണ്ടായിട്ടല്ല. വെറുതെ ഒരു ചെക്കപ്പ്. പ്രായമൊക്കെ ആയി വരികയല്ലേ? കൊളസ്‌ട്രോളും ഷുഗറുമൊക്കെ ഇങ്ങോട്ടും പോന്നിട്ടുണ്ടോയെന്നു നോക്കിയേക്കാം എന്നു കരുതി.
കൗണ്ടറില്‍ പൈസയടച്ചു ബില്ലുമായി ലാബിനുമുമ്പില്‍ ചെന്നു. ഒരു തരുണീമണി ബില്ലുവാങ്ങിയിട്ടു മൊഴിഞ്ഞു: 'ദാ അതാണു പേഷ്യന്റ്‌സിനിരിക്കാനുള്ള സ്ഥലം. അവിടെ ഇരുന്നുകൊള്ളു. പേരുവിളിക്കുമ്പോള്‍ വന്നാല്‍ മതി'
ഒരു രോഗവുമില്ലാഞ്ഞിട്ടും പേഷ്യന്റെന്നു വിളിച്ചപ്പോള്‍ പെട്ടെന്ന് പേഷ്യന്‍സ് നഷ്ടപ്പെട്ടു.
'ഞാനൊരു രോഗിയല്ല. എന്തെങ്കിലും രോഗം ഉണ്ടോയെന്നറിയാനാണു ചെക്കപ്പിനു വന്നത്. റിസല്‍ട്ട് കിട്ടിയിട്ട് തീരുമാനിച്ചാല്‍ പോരേ പേഷ്യന്റാണൊ അല്ലയോ എന്ന്?'
പെട്ടന്നങ്ങനെ ചോദിച്ചുപോയി; വേണ്ടായിരുന്നു.
മാഡത്തിനതിഷ്ടപ്പെട്ടില്ല. അടുത്തിരിക്കുന്ന മറ്റൊരു മാഡത്തിനോടു പതുക്കെപ്പറയുന്നതു കേട്ടു: 'വേറെ ഒരു രോഗവും ഇല്ലെങ്കിലും ബ്ലഡ്പ്രഷര്‍ തീര്‍ച്ചയായും കാണും'.
വാസ്തവത്തില്‍ അവര്‍ അങ്ങനെ പറഞ്ഞതാണോ അതോ അങ്ങനെ പറഞ്ഞുവെന്നു തോന്നിയതാണോ? നിശ്ചയമില്ല.
കാര്‍ റോഡില്‍തന്നെ പാര്‍ക്കുചെയ്തിട്ടു മുകളിലേക്കുള്ള ചെറിയ ഗേറ്റുതുറന്നു കയറുമ്പോഴേക്കും കരന്റുപോയി.
പിന്നെ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ മുകളിലെത്തിയപ്പോള്‍ നേഴ്‌സെന്നു തോന്നിക്കുന്ന ഒരു വനിത എമര്‍ജന്‍സി ലാംപുയര്‍ത്തിപ്പിടിച്ച് ആഗതനെ സൂക്ഷിച്ചു നോക്കുന്നതു കണ്ടപ്പോള്‍ 'വിളക്കേന്തിയ വനിത' ഫ്‌ലോറന്‍സ് നൈറ്റിംഗേലാണെന്നു തോന്നി.
'സമയം കഴിഞ്ഞല്ലോ'
'അയ്യോ സിസ്റ്ററെ അങ്ങനെ പറയല്ലേ. ഞാന്‍ കുറച്ചു ദൂരെനിന്നു വരികയാണ്'
ഭാഗ്യവശാല്‍ കരന്റുവന്നു.
അനുവാദവും വാങ്ങി അകത്തുചെന്നപ്പോള്‍ ഡോക്ടര്‍ക്ക് വലിയ ഗൗരവം.
'ഇരിക്കു........ എന്താ പ്രശ്‌നം?'
'ഡോക്ടര്‍ എന്റെ മനസ്സില്‍ ഒരു സ്റ്റെന്റുവക്കണം'
'മനസ്സില്‍ സ്റ്റെന്റൊ? നിങ്ങള്‍ എന്തായീ പറയുന്നേ?'
ഡോക്ടര്‍ക്കു ശുണ്ഠി വന്നു.
'എന്റെ മനസ്സ് ഇടുങ്ങിയതാണ്......... സ്റ്റെന്റുവച്ചു ഇടുങ്ങിയഭാഗം തുറക്കണം'
'നിങ്ങള്‍ക്കു വട്ടാണോ?'
'ഹൃദയത്തിലെ രക്തധമനിയില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടി രക്തപ്രവാഹം തടസ്സപ്പെടുമ്പോള്‍ നിങ്ങള്‍ ഡോക്ടര്‍മാര്‍ സ്റ്റെന്റുവച്ചു ഇടുങ്ങിയ ഭാഗം തുറന്നുകൊടുക്കാറില്ലെ? അതുപോലൊരു സ്റ്റെന്റ് എന്റെ മനസ്സിലും വച്ചു ഇടുങ്ങിയ മനസ്സിനെ വിശാലമനസ്സാക്കി തന്നാലെന്താ?'
'ഇറങ്ങിപ്പോടോ, വന്നിരിക്കുന്നു സമയം മിനക്കെടുത്താന്‍'
'ഡോക്ടര്‍, നിങ്ങളുടെ കാത്‌ലാബില്‍ എന്നെയൊന്നു കിടത്തി എന്റെ മനസ്സിലൊരു കത്തീറ്ററൈസേഷന്‍ ചെയ്തു നോക്കു'
'നിങ്ങള്‍ക്കു കത്തീറ്ററൈസേഷനല്ല, ഇലക്ട്രിക് ഷോക്കാണു വേണ്ടത്. നേരെ ഊളന്‍പാറയിലേക്കു വിട്ടോളു'
'അങ്ങനെ പോകാന്‍ മനസ്സില്ലെങ്കിലോ?'
ഡോക്ടര്‍ ചാടിയെണീറ്റ് അലറി: 'എണീക്കെടൊ'
'എണീക്കില്ലെടൊ' തിരിച്ചലറി.
ഓടിക്കിതച്ച് കയറിവന്ന 'ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍' അന്യോന്യം തുറിച്ചുനോക്കുന്ന ഡോക്ടറേയും രോഗിയേയും കണ്ടു അമ്പരന്നുപോയി! പാവം പേടിച്ചു വിറയ്ക്കുന്നുണ്ടായിരുന്നു.
'സിസ്റ്ററെ, ഈ മുഴുഭ്രാന്താനെ എന്തിനാ ഇങ്ങോട്ടു കയറ്റിവിട്ടത്? ഇയ്യാള്‍ക്ക് മനസ്സില്‍ സ്റ്റെന്റുവക്കണമെന്ന്'
സിസ്റ്ററുടെ ഭയം ഇരട്ടിച്ചു. എന്തുചെയ്യുമെന്നു ചോദ്യരൂപത്തില്‍ ഡോക്ടറെ നോക്കി മിഴിച്ചുനിന്നു.
ഡോക്ടറുടെ മുഖഭാവം ക്രമേണ മാറി. ഒരു മന്ദഹാസം വിരിഞ്ഞു. പിന്നെ ചിരിച്ചു...... പൊട്ടിച്ചിരിച്ചു........ ഉറക്കെ........ ഉറക്കെ........
രോഗിയും ചിരിക്കാന്‍ തുടങ്ങിയതുകണ്ട സിസ്റ്ററിന്റെ അന്ധാളിപ്പ് കൂടി.
രോഗിയുടെ ചിരിയും പൊട്ടിച്ചിരിയായി മാറിയപ്പോള്‍ സിസ്റ്റര്‍ തലകറങ്ങി വീഴുമെന്ന അവസ്ഥയിലായി.
No comments:
Post a Comment