Sunday, November 15, 2015

കണ്ണീരിന്റെ ഈര്‍പ്പം

                                                           

                                             കണ്ണീരിന്റെ ഈര്‍പ്പം

                                                                                                                                ശശി തിരുമല



എനിക്കിന്നു കരയണം...... പൊട്ടിക്കരയണം....... ഉറക്കെ.......

പക്ഷേ.......ഉറക്കെക്കരഞ്ഞാല്‍ അയല്‍വീട്ടുകാര്‍ കേള്‍ക്കും...... ഒറ്റയ്ക്കുതാമസിക്കുന്ന മദ്ധ്യവയസ്‌കന്റെ കരച്ചില്‍ കേട്ടാല്‍ അവര്‍ ഓടിയെത്തും........

അതുപാടില്ല.....

അയല്‍വീട്ടുകാരെത്തിയാല്‍............... അവരില്‍ ചിലര്‍ ചോദിച്ചേക്കാം: 'ഇയാള്‍ക്കെന്താ വട്ടായോ?'

മറ്റുചിലര്‍ പറഞ്ഞേക്കാം: 'അയ്യേ....... ഇതെന്താ ഇങ്ങനെ?....... പെണ്ണുങ്ങളെപ്പോലെ?'

ആണുങ്ങള്‍ കരയാന്‍ പാടില്ലല്ലോ........... എക്കാലത്തെയും അലിഖിത നിയമമല്ലേയത്?

പുരുഷന് എത്രതന്നെ ദുഃഖമുണ്ടായാലും അണപൊട്ടി പുറത്തുചാടാന്‍ കുതിക്കുന്ന രോദനത്തെ തടഞ്ഞുനിര്‍ത്തിക്കൊള്ളണം, ഉള്ളിലൊതുക്കിക്കൊള്ളണം. അടക്കാനാവാത്ത നൊമ്പരത്തെ മനസ്സിനുള്ളില്‍ കുഴിച്ചുമൂടിക്കൊള്ളണം.  എത്രതന്നെ ഹൃദയം പിടയ്ക്കുന്നവേദനയാണെങ്കിലും കടിച്ചുപിടിച്ച് സഹിച്ചുകൊള്ളണം.  കദനഭാരം വഹിച്ചുകൊണ്ട് ജീവിച്ചുകൊള്ളണം.

അങ്ങനെ ചെയ്യാന്‍ കഴിയാത്തവന്‍ പുരുഷനല്ല!

മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിപോലും പറഞ്ഞിട്ടുണ്ട്: 'ജീവിതത്തില്‍ ഇടയ്‌ക്കെല്ലാം നമ്മുടെ കണ്ണുകളെ കണ്ണുനീരാല്‍ കഴുകേണ്ടതുണ്ട്. അതു ജീവിതത്തെ വീണ്ടും വ്യക്തമായിക്കാണാന്‍ നമ്മെ സഹായിക്കും'.

അദ്ദേഹം പറഞ്ഞത് സ്ത്രീകളെ മാത്രം ഉദ്ദേശിച്ചല്ല.  ആണ്‍പെണ്‍ഭേദമെന്യേ പൊതുവായ തത്ത്വമാണ്.

എന്നാലും ആണൊന്നുകരഞ്ഞുപോയാല്‍ ഉടനെവരും ചോദ്യം: 'അയ്യേ....... ഇതെന്താ....... പെണ്ണുങ്ങളെപ്പോലെ?'

പക്ഷേ...... എനിക്കിന്നു കഴിയുന്നില്ല....... തടഞ്ഞുനിര്‍ത്താന്‍ പറ്റുന്നില്ല........... ആരെന്തുപറഞ്ഞാലും വേണ്ടില്ല.......    

മേശപ്പുറത്തു തുറന്നുവച്ചിരിക്കുന്ന ലാപ്‌ടോപ്പിലേക്ക് ഒന്നുകൂടിനോക്കി........ ഞാന്‍ വായിച്ചതെല്ലാം വാസ്തവമാണോ?  അതോ അവന്‍ വെറുതെ തമാശയായി എഴുതിയതായിരിക്കുമോ?

ആ ഈമെയില്‍ ഒന്നുകൂടിവായിക്കാന്‍ കണ്ണുകളില്‍ തുളുമ്പിനില്കുന്ന ബാഷ്പകണങ്ങള്‍ അനുവദിക്കുന്നില്ല..... അക്ഷരങ്ങളെല്ലാം മങ്ങിപ്പോയതായിത്തോന്നുന്നു.

ഷോകേസിനുള്ളില്‍ ലാമിനേറ്റ് ചെയ്തുവച്ചിരിക്കുന്ന ഇന്ദുവിന്റെ ഫോട്ടോ അപ്പോഴും എന്നെനോക്കി ചിരിക്കുന്നുണ്ടായിരുന്നു.

എന്റെ ഇന്ദൂ ...... എങ്ങനെ നിനക്കിപ്പോഴും ചിരിക്കാന്‍ കഴിയുന്നൂ? ......... എന്റെ വേദന നീ കാണുന്നില്ലേ?............. നമ്മുടെ മോന്‍ അയച്ച ഈമെയില്‍ നിനക്കു കാണണ്ടേ? ഞാനിതെങ്ങനെ സഹിക്കും?  പറയൂ......

അമേരിക്കയില്‍നിന്ന് MS കഴിഞ്ഞുള്ള മകന്റെ തിരിച്ചുവരവു സ്വപ്‌നം കണ്ട് ദിവസങ്ങള്‍ എണ്ണിയെണ്ണിക്കഴിയുന്ന ഈ അച്ഛന്റെ മനസ്സറിയാന്‍ അവനു കഴിയാഞ്ഞതെന്താ ഇന്ദൂ?

അറിഞ്ഞുകൊണ്ട് അവനെ ഞാനൊരിക്കലും വേദനിപ്പിച്ചിട്ടില്ലല്ലോ..........  അവന്റെ എല്ലാ ആഗ്രഹങ്ങളും എന്നാല്‍ കഴിയുംവിധം ഞാന്‍ സാധിച്ചുകൊടുത്തിട്ടില്ലേ?..........

അമ്മയുടെയും അച്ഛന്റെയും സ്‌നേഹവും വാത്സല്യവും ഞാനൊറ്റയ്ക്ക് വാരിക്കോരി കൊടുത്തില്ലേ?  എല്ലാം നിനക്കറിയാവുന്നതല്ലേ?

ഒരായിരം തവണ നിന്നോടുഞാന്‍ പറഞ്ഞിട്ടുള്ളതാണെങ്കിലും ഇന്ന് ഒരാവൃത്തികൂടി പറയാം....... എന്നെ നീ തനിച്ചാക്കിയിട്ടു പോയതിനുശേഷമുണ്ടായതെല്ലാം...... എല്ലാം നീ ഒന്നുകൂടി കേള്‍ക്കണം..... എന്റെ മനസമാധാനത്തിനുവേണ്ടി. എന്നിട്ട് നീ തന്നെ പറയണം എന്റെ  ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോയെന്ന്.

എഞ്ചിനീയറിംഗിനു പഠിക്കുന്ന സമയത്ത് നമ്മളവന് പുതുതായി വാങ്ങിക്കൊടുത്ത ബൈക്കിന്റെ പുറകില്‍ നിന്നെയും കയറ്റി അവന്‍ ഷോപ്പിംഗിനുപോയ ആ ദിവസം...... വിധി എന്നില്‍നിന്ന് നിന്നെ തട്ടിപ്പറിച്ചുകൊണ്ടുപോയ ആ ദിവസം...... ആ ദിവസത്തിനുശേഷമുണ്ടായതെല്ലാം നീ ഒന്നുകൂടി കേള്‍ക്കൂ.

എനിക്കിതു മറ്റാരോടും പറയാന്‍ പറ്റില്ല.  കേള്‍ക്കുന്നവര്‍ പറയും ഞാന്‍ അതിഭാവുകത്വം കാണിക്കുന്നുവെന്ന്.  ഞാന്‍ ഓവര്‍ സെന്റിമെന്റലാണെന്ന്. ഞാന്‍ അമിത വികാരത്തിനടിമയാണെന്ന്.

അതേ, ശരിയാണ്.... ഞാന്‍ അമിത വികാരത്തിനടിമയാണ്.... ഓവര്‍ സെന്റിമെന്റലാണ്. അതെന്റെ ദൗര്‍ബല്യമാണ്. എനിക്കിനി അതുമാറ്റാന്‍ കഴിയില്ല.  എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല.... ഇത്രനാളും കഴിയാഞ്ഞത് ഇനി ഈ പ്രായത്തില്‍ ഞാനെങ്ങനെ മാറ്റും?

പക്ഷേ, ഒരുകാര്യത്തിലെനിക്കു സന്തോഷമുണ്ട്. ആ ദൗര്‍ബല്യത്തിലും ഒരു നന്മയുണ്ടെന്ന് നീയെങ്കിലും മനസ്സിലാക്കിയിരുന്നുവല്ലോ.....

നിനക്കോര്‍മ്മയുണ്ടോ ആ ദിവസം?  വിശ്വസാഹിത്യകാരന്‍ വാള്‍ട്ടര്‍ സ്‌കോട്ടിന്റെ ഏതോ ഒരു കൃതിയില്‍നിന്ന് ഒരുവരിയെഴുതി നീ എനിക്ക് സമ്മാനിച്ച ആ ദിവസം?

അന്നുരാവിലെ ഞാനെന്തോ കാര്യത്തിന് മോനെ ചെറുതായൊന്നു തല്ലി.  അവന്‍ കരയുന്നതും കണ്ടിട്ടാണ് ഞാന്‍ ഓഫീസില്‍ പോകാനിറങ്ങിയത്.  പക്ഷേ എന്റെ മനസ്സ് വേദനിച്ചു.  കുറച്ചുദൂരം പോയ ഞാന്‍ തിരിച്ചുവന്നു.  അവനെ സമാധാനിപ്പിച്ചു.  അവന്‍ സെന്റിമെന്റലായി. എന്റെ കണ്ണും നിറഞ്ഞുപോയി. അതുകണ്ടിട്ട് നീയുമെന്നെ  കളിയാക്കിച്ചോദിച്ചു:  'അയ്യേ... ഇതെന്താ...... അച്ഛനും മോനുംകൂടെ കരച്ചില്‍ മത്സരമോ?'

എന്നിട്ട് നീയെനിക്ക് ആ ഒരുവരിയെഴുതിയ ഒരു കടലാസ് തന്നു.

'കണ്ണീരിന്റെ ഈര്‍പ്പമണിഞ്ഞ സ്‌നേഹമാണ് ഏറ്റവും ഹൃദ്യം'

സര്‍ വാള്‍ട്ടര്‍ സ്‌കോട്ട് ആ അഞ്ചുവാക്കുകള്‍കൊണ്ടെഴുതിയ ഒരു വാചകത്തിന്റെ അര്‍ത്ഥവ്യാപ്തി എത്രമാത്രമുണ്ടെന്ന് നീ മനസ്സിലാക്കിയിരുന്നു. നിന്റെ വായനാശീലം നിന്നെ ധന്യയാക്കിയിരുന്നു.

ഞാനെന്തുകൊണ്ടാണ് പലപ്പോഴും വികാരാധീനനായിപ്പോകുന്നതെന്ന് നീയെങ്കിലും തിരിച്ചറിഞ്ഞുവല്ലൊ.

അതുകൊണ്ടാണ് നിന്നോടുമാത്രം എല്ലാം ഒരിക്കല്‍ക്കൂടി പറയാനൊരു മോഹം.......

അശ്രദ്ധയോടെ കാറോടിച്ച ഒരു ദുഷ്ടനാണ് അന്നു നിന്റെ അന്തകനായത്. പിന്നില്‍ നിന്ന് ചീറിപ്പാഞ്ഞുവന്ന അവന്റെ കാര്‍ ബൈക്കിലിടിച്ചു..... നിങ്ങള്‍ രണ്ടുപേരും തെറിച്ചു വീണു.

ഏറ്റവും നല്ല ചികിത്സക്ക് പേരുകേട്ട സൂപര്‍സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ തന്നെ നിങ്ങളെ രണ്ടുപേരെയും അഡ്മിറ്റുചെയ്തു.

ഭാര്യയെയും മകനെയും അഡ്മിറ്റുചെയ്തിരുന്ന ICU ന് വെളിയില്‍ ഞാന്‍ കാവലിരുന്നു. പുറത്തുവരുന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പുറകേ  ഒരു ഭ്രാന്തനെപ്പോലെ ഓടി ഞാന്‍ ചോദിച്ചുകൊണ്ടേയിരുന്നു:  'എന്റെ  മകനെങ്ങനെയുണ്ട്?.........എന്റെ  ഭാര്യക്കെങ്ങനെയുണ്ട്?'

മൂന്നാം ദിവസം എന്നെ തനിച്ചാക്കിയിട്ട് നീ പോയിക്കളഞ്ഞില്ലേ?  എന്നോടൊരുവാക്കുമിണ്ടാതെ....... ഒരുനോക്കു കാണാതെ.........

ധനാഢ്യനും പ്രമാണിയുമായ നിന്റെ അച്ഛന്റെ ഉഗ്രശാസനകളെ അവഗണിച്ച്, എല്ലാ സുഖസമൃദ്ധിയും ഉപേക്ഷിച്ച് എന്നോടൊപ്പം ഇറങ്ങിപ്പോന്ന നിന്റെ ജീവന്‍ സംരക്ഷിക്കാന്‍ പോലുമെനിക്കു കഴിഞ്ഞില്ലല്ലോ.

അന്ന് നിന്റെ അച്ഛന്‍ എന്റെ അടുത്ത് വന്നിരുന്നു........  വാക്ശരങ്ങള്‍ കൊണ്ടെന്നെ പ്രഹരിക്കാന്‍......... ആഡംബരക്കാറില്‍ മാത്രം യാത്രചെയ്തു ശീലിച്ച അദ്ദേഹത്തിന്റെ മകളെ വെറുമൊരു ബൈക്കിന്റെ പുറകിലിരുത്തി യാത്രചെയ്യിച്ചതിന്.  മകളുടെ അപകടമരണത്തിന് പൂര്‍ണ്ണ ഉത്തരവാദി ഞാനാണെന്ന് വിധിയെഴുതി അദ്ദേഹമെന്നെ ശകാരവര്‍ഷം കൊണ്ട് ശിക്ഷിച്ചു. അതെല്ലാം ഞാന്‍ ഏറ്റുവാങ്ങി.

നമ്മുടെ മോന്റെ തലയ്‌ക്കൊരു മേജര്‍ സര്‍ജറി വേണ്ടിവന്നു. ദിവസങ്ങള്‍ക്കുശേഷമാണ് അവന് ബോധം തിരിച്ചുകിട്ടിയത്.

അമ്മയുടെ മരണവിവരം അവനെ ഉടനെ അറിയിക്കണ്ടായെന്ന് ഡോക്ടര്‍ ഉപദേശിച്ചു.  അവന്‍ അമ്മയെ തിരക്കിയപ്പോഴെല്ലാം അമ്മയ്ക്കും പരിക്കുപറ്റിയെന്നും അടുത്തറൂമില്‍ കിടക്കുകയാണെന്നും കളവു പറഞ്ഞു.

ഒരുമാസത്തെ ചികിത്സയ്ക്കും തീവ്രപരിചരണത്തിനും ശേഷം അവന്റെ ആരോഗ്യനില മെച്ചപ്പെട്ടു.

ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ദിവസത്തിന് രണ്ടുദിവസം മുമ്പ് അമ്മയുടെ മരണവിവരം അവനെ അറിയിക്കാന്‍ തീരുമാനിച്ചു.

അതറിയുമ്പോള്‍ അവനുണ്ടാകാവുന്ന ഷോക്കുകാരണം ആരോഗ്യനില വഷളാകാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ സാന്നിദ്ധ്യത്തിലാണ് അറിയിച്ചത്

ഭയപ്പെട്ടിരുന്നതുപോലെതന്നെ സംഭവിച്ചു. ഒരു ഞെട്ടലിനും പൊട്ടിക്കരച്ചിലിനും ശേഷം വീണ്ടും ബോധം നഷ്ടപ്പെട്ടു. അവനെ വീണ്ടും ICU വിലേക്കുമാറ്റി.

ഞാന്‍ ICU -ന്റെ വാതില്‍ക്കല്‍ ഇരുപത്തിനാലുമണിക്കൂറും കാവലിരുന്നു.

ഇടയ്ക്കിടെ ഞാനൊറ്റയ്ക്കിരുന്നു കരഞ്ഞു.

മൂന്നുദിവസങ്ങള്‍ക്കുശേഷം ICU -ല്‍ നിന്നുമാറ്റി. ഒരാഴ്ചകൂടിക്കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തു.

വളരെ സൂക്ഷിക്കണമെന്ന് ഡോക്ടര്‍ പ്രത്യേകം ഉപദേശിച്ചു. ആറുമാസം ബെഡ്‌റെസ്റ്റ്. അതുകഴിഞ്ഞാലും അവന്റെ  തലയ്ക്ക് ചെറുതായിപ്പോലും തട്ടോ മുട്ടോ ഏല്ക്കാതെ സൂക്ഷിക്കണം; കുറഞ്ഞത് രണ്ടുവര്‍ഷത്തേക്കെങ്കിലും.

ആ വര്‍ഷം അവന്റെ പഠിത്തം മുടങ്ങി.  ഡോക്ടറുടെ ഉപദേശപ്രകാരം അടുത്ത വര്‍ഷം കോളജിലയച്ചാല്‍ മതിയെന്നു തീരുമാനിച്ചു.

ഞാനാകെ തകര്‍ന്നുപോയി.

നിന്റെ വേര്‍പാടേല്പിച്ച ആഘാതം....... മോന്റെ ഗുരുതരാവസ്ഥ.......... അവനെ പ്രത്യേകം ശ്രദ്ധിക്കണമെന്ന ഡോക്ടറുടെ ഉപദേശം...........

ഞാന്‍ ജോലിക്കുപോയാല്‍ ബെഡ്‌റെസ്റ്റില്‍ കഴിയുന്ന നമ്മുടെ മോന്റെ കാര്യങ്ങള്‍ ആരുനോക്കും?  അടുത്ത ബന്ധുക്കള്‍ പലരും തയ്യാറായതാണ്.  പക്ഷേ എന്റെ മനസ്സനുവദിച്ചില്ല.  അവരുടെ ശ്രദ്ധക്കുറവുകൊണ്ട് മോന്റെ സംരക്ഷണത്തില്‍ എന്തെങ്കിലും വീഴ്ച പറ്റിയാലോ?

എനിക്കങ്ങനെ തോന്നാന്‍ ഒരു കാരണംകൂടിയുണ്ടായിരുന്നു. അവന്‍ പലപ്പോഴും തേങ്ങിത്തേങ്ങിക്കരയുന്നുണ്ടായിരുന്നു. അവന്‍ കാരണമാണവന്റെ അമ്മ മരിച്ചതെന്ന് അവനൊരു തോന്നല്‍. അതോര്‍ത്താണ് അവന്‍ കരയുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അപ്പോഴെല്ലാം ഞാനവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അതുകൊണ്ട് അവനെ മറ്റാരുടെയും അടുത്താക്കിയിട്ടു പോകാന്‍ എന്റെ മനസ്സനുവദിച്ചില്ല.

ഞാന്‍ പലവഴികളും ആലോചിച്ചു.

ബെഡ്‌റെസ്റ്റില്‍ കഴിയുന്ന മോന് എന്റെ സാമീപ്യം കൂടിയേ തീരുവെന്ന് ഞാന്‍ ഉറപ്പിച്ചു.

അവധി നീട്ടിക്കൊണ്ടേയിരുന്നു....... എടുക്കാവുന്ന ലീവെല്ലാമെടുത്തു........ പിന്നെ ലോസ് ഓഫ് പേ ലീവ്...

അവന്‍ പലപ്പോഴും അമ്മയെ ഓര്‍ത്ത് കരയുന്നുണ്ടെന്ന് എനിക്കു  മനസ്സിലായി. എന്നാല്‍ ഞാന്‍ അടുത്തുവരുമ്പോള്‍ അവന്‍ ദുഃഖം മറയ്ക്കാന്‍ ശ്രമിച്ചിരുന്നു. അതുപോലെ ഞാനും മോന്റെ അടുത്തുള്ളപ്പോള്‍ എല്ലാം മറന്നതുപോലെ അഭിനയിച്ചു. ഞങ്ങളുടെ ദുഃഖത്തിന്റെ ആഴം രണ്ടുപേര്‍ക്കും അന്യോന്യം അറിയാമായിരുന്നു. എങ്കിലും പുറമെ പ്രകടിപ്പിക്കാതിരിക്കാന്‍ രണ്ടുപേരും ശ്രദ്ധിച്ചിരുന്നു.

മോന്റെ ബെഡ്‌റെസ്റ്റിന്റെ കാലാവധി കഴിഞ്ഞു. ചെക്കപ്പിനുശേഷം ഡോക്ടര്‍ പറഞ്ഞു: 'ഇനി പേടിക്കാനൊന്നുമില്ല. ധൈര്യമായി കോളജില്‍ വിട്ടുകൊള്ളു. പക്ഷെ കുറച്ചുനാള്‍ കൂടി ശ്രദ്ധിക്കണം'

അവന്‍ പഠിത്തം തുടര്‍ന്നു. ഞാന്‍ ജോലിയില്‍ പുനഃപ്രവേശിച്ചു.

അവന്റെ എട്ടാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങുന്നതിനു മുമ്പൊരുദിവസം ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് ഓരോ കാര്യങ്ങള്‍ പറയുന്നതിനിടക്ക് അവന്‍ ചോദിച്ചു: 'അച്ഛന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലേ? ഒരു റെസ്റ്റുമില്ല അച്ഛന്.'

'ഇല്ല മോനേ, അച്ഛനൊരു കഷ്ടപ്പാടുമില്ല. മോന്‍ പഠിച്ച് ജോലികിട്ടിക്കഴിഞ്ഞാല്‍ അച്ഛനുപിന്നെയെന്നും റെസ്റ്റുതന്നെയല്ലേ?'

'അച്ഛാ..... എനിക്കൊരാഗ്രഹം................... B.Tech. കഴിഞ്ഞിട്ട് അമേരിക്കയില്‍ M.S. ചെയ്യാനൊരു മോഹം..........അതുകഴിഞ്ഞുവരുമ്പോള്‍ നാട്ടില്‍തന്നെ നല്ല ജോലി കിട്ടും'

ഏതാനും നിമിഷങ്ങള്‍ രണ്ടുപേരും നിശ്ശബ്ദരായി.

ഞാനാലോചിക്കുകയായിരുന്നു. മോന്റെ ആഗ്രഹം എങ്ങനെ സാധിച്ചുകൊടുക്കും? സമ്പാദ്യമൊന്നും ഇനി ബാക്കിയില്ല. ഹൗസ് ലോണിന്റെ EMI കഴിഞ്ഞാല്‍ ബാക്കിയുള്ളതുകൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കുന്ന കാര്യം തന്നെ പ്രയാസം.

എങ്കിലും എന്തെങ്കിലുമൊരു വഴി കണ്ടേ തീരു.

'എല്ലാം ശരിയാകും മോനേ...... നിന്റെ B.Tech. കഴിയട്ടെ'

'അച്ഛാ.... കുറെ നാളായി അച്ഛനോട് ഞാന്‍ വേറൊരു കാര്യം പറയാനാഗ്രഹിക്കുകയായിരുന്നു……………. കഴിഞ്ഞ വര്‍ഷം എന്റെ ക്ലാസ്‌മേറ്റ് ഗിരീഷിന്റെ അച്ഛന്‍ രണ്ടാം വിവാഹം കഴിച്ചു.  അവന്റെ അമ്മയും ആക്‌സിഡന്റിലാണ് മരിച്ചത്'.

അവന്‍ പറഞ്ഞത് എന്തിന്റെ മുഖവുര ആയിരുന്നുവെന്നും ഇനി എന്താണ് പറയാന്‍ പോകുന്നതെന്നും ഊഹിക്കാവുന്നതായിരുന്നു.

'ഗീരീഷിന്റെ അച്ഛനപ്പോള്‍ 54 വയസ്സുണ്ടായിരുന്നു............. അച്ഛന് അമ്പതുപോലുമായിട്ടില്ലല്ലോ?'

എന്നിട്ടവന്‍ കുറച്ചുകൂടി എന്റെ അടുത്തേക്ക് ചേര്‍ന്നിരുന്നു. 'അച്ഛാ....... അച്ഛനും..........'

പിന്നെ ഏതാനും നിമിഷങ്ങള്‍ അവനൊന്നും മിണ്ടിയില്ല...... അവനെന്നെ വീക്ഷിക്കുകയായിരുന്നു.

'അച്ഛാ ഞാനൊരു കാര്യം ചോദിക്കേട്ട? ...... അച്ഛനെന്തിനാണ് ഇത്രയും സെന്റിമെന്റലാകുന്നത്? കുറച്ചുകൂടി ടഫാകാന്‍ ശ്രമിക്കണം...... ട്രൈ ടുബി പ്രാക്ടിക്കല്‍......'

ഇന്ദൂ..... അന്നു നീ എനിക്കെഴുതിത്തന്ന ആ കടലാസ് ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ടായിരുന്നു.  അതെടുത്തുകൊണ്ടുവന്ന് ഞാന്‍ മോനു കൊടുത്തു.  അവനത് പലതവണ വായിച്ചു:  'കണ്ണീരിന്റെ ഈര്‍പ്പമണിഞ്ഞ സ്‌നേഹമാണ് ഏറ്റവും ഹൃദ്യം'

അതുവായിച്ചുകഴിഞ്ഞപ്പോള്‍ അവനു മനസ്സിലായിക്കാണും എന്റെ കണ്ണുകളെന്തുകൊണ്ട് നനയുന്നുവെന്ന്..... ഞാനെന്തുകൊണ്ട് വികാരാധീനനാകുന്നുവെന്ന്.

'നമുക്ക് ഡിന്നര്‍ കഴിക്കാം മോനെ. മണി ഒമ്പതായി.'

അവന്‍ ആലോചിക്കുന്നുണ്ടാവും അവന്‍ അമേരിക്കയിലേക്കു പോയിക്കഴിഞ്ഞാല്‍ ഞാന്‍ ഏകാകിയായിപ്പോവില്ലേയെന്ന്. അച്ചനെ തനിച്ചാക്കിയിട്ടുപോകാന്‍ അവനു വിഷമമുണ്ടാവും.  ജീവിതസായാഹ്നത്തില്‍ അച്ഛനു തുണയ്‌ക്കൊരു ജീവിത പങ്കാളിയുണ്ടാവുന്നത് ആശ്വാസമായിരിക്കുമെന്നവന്‍ ചിന്തിക്കുന്നുണ്ടാവും.

വിഭാര്യര്‍ അറുപതിലും അറുപത്തഞ്ചിലുമൊക്കെ ജീവിത പങ്കാളിയെത്തേടുന്നത് അസാധാരണ സംഭവമല്ലെന്ന് വായിച്ചും കേട്ടുമുള്ള അറിവിന്റെ വെളിച്ചത്തില്‍, അച്ഛന്റെ ദുഃഖത്തിനൊരു പരിഹാരം കാണാനുള്ള അവന്റെ ശ്രമമായിരിക്കാം.

പലപ്പോഴുമവനെ നനഞ്ഞകണ്ണുകള്‍കൊണ്ടുനോക്കുന്ന അച്ഛന്റെ കണ്ണീര്‍തുടയ്ക്കാന്‍ ഒരു വത്സലപുത്രന്റെ ആത്മാര്‍ത്ഥ ശ്രമം.

പക്ഷേ, അച്ഛന്റെ കണ്ണുകളില്‍നോക്കി മനസ്സിലെന്താണെന്ന് ഗ്രഹിക്കാന്‍ ഇതിനകം പഠിച്ചുകഴിഞ്ഞ മകന്‍ മുഖാമുഖമിരുന്ന് ഭക്ഷണം കഴിച്ചുതീരുന്നതിനുമുമ്പുതന്നെ അറിഞ്ഞുകഴിഞ്ഞു അച്ഛന്റെ പ്രതികരണമെന്തെന്ന്.

'സോറി അച്ഛാ........'

മൂന്നുനാലുദിവസം കഴിഞ്ഞ് അവനറിയിച്ചു, ഉപരിപഠനത്തിന് പുറത്തേക്കൊരിടത്തും പോകാനവന്  താത്പര്യമില്ലെന്ന്.  അച്ഛനെ ഒറ്റയ്ക്കു വിട്ടിട്ടുപോയാല്‍ പഠിക്കാന്‍ മനസ്സാന്നിദ്ധ്യം കിട്ടില്ലെന്ന്.

'അതുപറ്റില്ല മോനേ..... നിനക്കുപോകാനുള്ള തയ്യാറെടുപ്പൊക്കെ ഞാന്‍ തുടങ്ങിക്കഴിഞ്ഞു. ഇനി നീ പോയില്ലെങ്കിലാണ് എനിക്ക് വിഷമമാകുന്നത്.
    

മോന്‍ ഡിസ്റ്റിംഗ്ഷനോടെ B.Tech പാസ്സായി.

അമേരിക്കയില്‍ പോയി M.S. ചെയ്യണമെന്ന അവന്റെ ആഗ്രഹം ഒരു ചോദ്യചിഹ്നമായി എന്നെ തുറിച്ചുനോക്കുന്നുണ്ടായിരിന്നു. സാമ്പത്തിക പ്രശ്‌നം എങ്ങനെയും പരിഹരിക്കാം. പക്ഷെ അവനെ ഒറ്റയ്ക്കു പറഞ്ഞുവിട്ടിട്ട് ഇവിടെക്കഴിയുന്നകാര്യമോര്‍ത്തപ്പോള്‍ മനസ്സിലൊരു കൊള്ളിയാന്‍ മിന്നി.

എന്തായാലും അവന്റെ ആഗ്രഹം നിറവേറ്റാന്‍ തന്നെ തീരുമാനിച്ചു.

ബാങ്കില്‍ ഇനി കാര്യമായിട്ടൊന്നും ബാക്കിയില്ല.

പെട്ടെന്നാണ് ലോക്കറിലുള്ള സ്വര്‍ണ്ണാഭരണങ്ങളുടെ കാര്യം ഓര്‍മ്മവന്നത്. അടുത്തദിവസം തന്നെ ബാങ്കില്‍ പോയി. ലോക്കര്‍ തുറക്കാന്‍ കാത്തിരുന്നപ്പോള്‍ ഞാന്‍ ഹൃദയവേദനയോടെ ഓര്‍ത്തു. ഇതിനുമുന്‍പൊക്കെ വന്നിട്ടുള്ളതെല്ലം ഇന്ദുവിനോടൊപ്പമായിരുന്നു. ഇതാദ്യമായി ഒറ്റക്ക്. നിറകണ്ണുകളോടെ ലോക്കര്‍ തുറന്നു. എല്ലാം എടുത്തു. ലോക്കര്‍ സറണ്ടര്‍ ചെയ്തു. സ്വര്‍ണ്ണങ്ങളെല്ലാം വിറ്റു. അവനു പോകാനുള്ള തുക സ്വരൂപിച്ചു.

ഇന്ദൂ.... നമ്മുടെ മോനെയും കൊണ്ട് വിമാനം അമേരിക്കയിലേക്കു പറന്നുയരുന്നതു നോക്കിനിന്നപ്പോള്‍ അവന്‍ MS കഴിഞ്ഞ് തിരിച്ചുവരുന്നത് കാണാനുള്ള എന്റെ മോഹങ്ങള്‍ക്കു ചിറകുമുളച്ചു. ആ ചിറകുകളിലേറി എന്റെ മനസ്സും അവന്റെ പിന്നാലെ പറന്നു.  അവന്‍ അമേരിക്കയില്‍ കഴിയുന്നതും പഠിക്കുന്നതുമൊക്കെ ഞാനെന്റെ ഭാവനയില്‍ നെയ്‌തെടുത്തു. അവന്‍ ദിവസേന അയച്ചുകൊണ്ടിരുന്ന ഈമെയിലുകള്‍ എന്റെ ഭാവനയ്ക്ക് നിറം പകര്‍ന്നു.

ഞാനാ ദിവസത്തിനുവേണ്ടി കാത്തിരുന്നു.  നമ്മുടെ മോന്‍ M.S. കഴിഞ്ഞ് മടങ്ങിവരുന്ന ദിവസം.

ഇനി ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇന്നിതാ അവന്റെ ഈമെയില്‍ വന്നിരിക്കുന്നു.

അവനവിടെ നല്ലൊരു ജോലിക്ക് ഓഫര്‍ വന്നിരിക്കുന്നു; അതവന് സ്വീകരിക്കാന്‍ ആഗ്രഹമുണ്ടെന്ന്.

അതുമാത്രമല്ല. അവന്റെ ജീവിതപങ്കാളിയെയും അവിടെത്തന്നെ കണ്ടുപിടിച്ചിരിക്കുന്നു. അമേരിക്കന്‍ പൗരത്വമുള്ള, അവിടെ സ്ഥിരതാമസമാക്കിയിട്ടുള്ള ഒരു മലയാളി കുടുംബത്തിലെ പെണ്‍കുട്ടി. അവനോടൊപ്പം M.S. ന് പഠിക്കുന്ന കുട്ടി.

ഇന്ദൂ..... ഇനി നീ പറയൂ...... എനിക്കിന്നു കരയണമെന്നു തോന്നിയത് തെറ്റാണോ?  അവനെങ്ങനെ ഇത്ര പെട്ടെന്ന് എന്നെ മറക്കാന്‍ കഴിഞ്ഞു? എനിക്കവനോടുള്ള സ്‌നേഹത്തില്‍ ഞാനെപ്പോഴെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടോ?

...........................................

ഒരുകണക്കിന് ഞാന്‍ സ്വാര്‍ത്ഥനാണ്, അല്ലേ ഇന്ദൂ?  ഞാന്‍ എന്റെ ദുഃഖത്തെക്കുറിച്ചുമാത്രം ചിന്തിച്ചു. അവന്റെ ഭാവിയെക്കുറിച്ചോര്‍ത്തില്ല.

മകനു തണലേകാന്‍ അച്ഛന്‍ വെയിലേറ്റുവാടിയെങ്കില്‍ അതിലെന്താ ഇത്ര വലിയ കാര്യം?  അതൊരു പിതാവിന്റെ കടമയല്ലേ?  മകന്റെ അവകാശമേല്ല?

ഇന്നത്തെ യുവതീയുവാക്കളെല്ലാം ഉയരങ്ങളെത്തിപ്പിടിക്കാന്‍ സ്വപ്‌നം കാണുമ്പോള്‍ ചിലപ്പോള്‍ ചിലതൊക്കെ മറന്നുപോയെന്നിരിക്കും. കടമയുടെ ബലിക്കല്ലില്‍ തല്ലിത്തകര്‍ക്കാനുള്ളതല്ലല്ലോ അവരുടെ വിലപ്പെട്ട ജീവിതം. വികാരങ്ങള്‍ക്കടിമപ്പെട്ടാല്‍ അവരുടെ അവസരങ്ങള്‍ നഷ്ടപ്പെടില്ലേ?

'ബീ പ്രാക്ടിക്കല്‍' - അതാണല്ലോ അവരുടെ ആപ്തവാക്യം. അപ്പോള്‍ വിലകുറഞ്ഞ വികാരങ്ങള്‍ക്ക് അവരുടെ മനസ്സില്‍ ഇടമുണ്ടാവില്ല.

അപ്പോള്‍ നമ്മുടെ മകനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലല്ലോ.

അവന്‍ സന്തോഷത്തോടെ ജീവിക്കട്ടെ.

ഉടനെതന്നെ അവനു മറുപടി ഈമെയിലയച്ചു. അവന്‍ അമേരിക്കയില്‍ ജോലി സ്വീകരിക്കുന്നതിലും അവനിഷ്ടപ്പെട്ട ജീവിതപങ്കാളിയോടൊപ്പം അവിടെ സ്ഥിരതാമസമാക്കുന്നതിലും എനിക്ക് സന്തോഷമാണെന്ന്.

മെയിലയച്ചുകഴിഞ്ഞപ്പോള്‍ മനസ്സിലെ വിങ്ങലിന് ഒരയവു വന്നതുപോലെ തോന്നി.    

പിന്നെയങ്ങോട്ട് ദിനരാത്രങ്ങള്‍ക്ക് ദൈര്‍ഘ്യമേറിയതുപോലെ തോന്നി. ദിവസങ്ങള്‍ കൂടുതല്‍ വിരസങ്ങളായി........ രാത്രികള്‍ നിദ്രാവിഹീനങ്ങളായി.....................  ദിനചര്യകള്‍ യാന്ത്രികമായി...............

ദിവസംതോറും തളര്‍ച്ച വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു; ശരീരത്തിനും മനസ്സിനും.

ഇന്ദുവിനോട് വീണ്ടും സംസാരിക്കണമെന്നുതോന്നി.

'ഇന്ദൂ......... നിന്റെ അടുത്തേക്കുവരാന്‍ എന്റെ മനസ്സ് തിടുക്കം കാട്ടുന്നു.   അതിനുമുമ്പ് ഒരാഗ്രഹംകൂടി ബാക്കിയുണ്ട്.  നമ്മുടെ മോനവിടെ സ്ഥിരതാമസമാകുന്നതിനുമുമ്പ് ഒന്നുകൂടി അവനെ കണ്‍കുളിര്‍ക്കെ കാണണമെന്നൊരു മോഹം....... അതുകഴിഞ്ഞ്............... ഇന്ദൂ........ ഞാന്‍ നിന്റെ അടുത്തേക്കുവരും..........................'

അതിരാവിലെ ഉണര്‍ന്നുവെങ്കിലും അവധിയായതിനാല്‍ ഉറക്കം കഴിഞ്ഞുള്ള ആലസ്യത്തില്‍ മൂടിപ്പുതച്ചങ്ങനെ കിടന്നു. നല്ല തണുപ്പുണ്ടായിരുന്നു.

എപ്പോഴാണെന്നറിയില്ല നിദ്ര വീണ്ടും കണ്ണുകളെ തഴുകി.

കാളിംഗ് ബെല്ലിന്റെ കുയില്‍നാദം കാതുകളില്‍ കുഴലൂതിയപ്പോള്‍ ഞെട്ടിയുണര്‍ന്നു. എട്ടുമണി കഴിഞ്ഞിരിക്കുന്നു.

തുറന്നിട്ട ജാലകത്തിലൂടെ അതിക്രമിച്ചു കടന്നുവന്ന ഇളംവെയില്‍ മുറിക്കുള്ളിലെ പുലര്‍കാല കുളിരിനെ ആട്ടിയോടിച്ചതൊന്നും അറിഞ്ഞതേയില്ല.

പുതപ്പുമാറ്റി പെട്ടെന്നെണീറ്റു......... ശരീരം വിയര്‍ത്തിരിക്കുന്നു.

ഇന്ദുവിന്റെ ഫോട്ടോ ബെഡ്ഡില്‍തന്നെ കിടപ്പുണ്ടായിരുന്നു.

വാതില്‍ തുറക്കുന്നതിനുമുമ്പ് ജനാലയിലൂടെ നോക്കി...... ആരാണ് കാളിംഗ് ബെല്ലടിച്ചത്?

പിന്നെ വാതില്‍ തുറന്നതും ഗേറ്റുവരെ എത്തിയതും അറിഞ്ഞതേയില്ല........

മോനേയെന്നുറക്കെ വിളിച്ചുവെങ്കിലും ഗദ്ഗദം കാരണം ശബ്ദം പുറത്തുവന്നില്ല. ഗേറ്റുതുറന്ന് അവനെ കെട്ടിപ്പിടിക്കുമ്പോള്‍ കൈകള്‍ വിറയ്ക്കുന്നതുപോലെ തോന്നി.

'എന്താ മോനെ ഒരറിയിപ്പുമില്ലാതെ?'

'അച്ഛനൊരു സര്‍പ്രൈസാകട്ടെയെന്നു കരുതി............  ഞാനാദ്യം നമ്മുടെ വീട്ടിലാണ് കയറിച്ചെന്നത്. അപ്പോഴവിടെ വേറെ ആള്‍ക്കാരെ കണ്ടു. അവരാണീ വീടുകാട്ടിത്തന്നത്. അച്ചനെന്താ ഇങ്ങോട്ടു മാറിയത്?'

'ആ വീടുവിറ്റു. കുറച്ചുരൂപയ്ക്കാവശ്യം വന്നു. ഇത് വാടകവീടാണ്'

അവന് പറയാതെതന്നെ മനസ്സിലായി, അവന്റെ പഠിത്തത്തിന്റെ ആവശ്യത്തിനുവേണ്ടിയാണ് വീടുവിറ്റതെന്ന്.

'അതിരിക്കട്ടെ, നിനക്ക് എന്നാണിനി തിരിച്ചു പോകേണ്ടത്?'

'തിരിച്ചു പോകുന്നില്ല'

'ങേ....?  അപ്പോള്‍ നിന്റെ ജോലി?  ആ പെണ്‍കുട്ടി?'

അവനൊന്നു ചിരിച്ചതേയുള്ളു.

'അപ്പോള്‍ അതൊക്കെ നീ എന്നെ പറ്റിക്കാനെഴുതിയതായിരുന്നു..... അല്ലേ?'

'അല്ല... എഴുതിയതൊക്കെ സത്യമായിരുന്നു.  പക്ഷേ അതൊക്കെ തെറ്റായിപ്പോയെന്ന് പിന്നീടാണ് മനസ്സിലായത്'

'അതെന്താ?'

'നല്ല ജോലി ഇവിടെയും കിട്ടും........... പിന്നെ ആ പെണ്‍കുട്ടിയുടെകാര്യം.......... ഞാനെന്റെ അച്ഛനെ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോയി അവിടെ ഒരുമിച്ച് താമസിക്കണമെന്ന എന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ അവര്‍ക്കതില്‍ തൃപ്തിയില്ല..................... കണ്ണീരിന്റെ ഈര്‍പ്പമണിഞ്ഞ സ്‌നേഹമെന്തെന്ന് അവര്‍ക്കറിയില്ല.  അറിയാന്‍ താത്പര്യവുമില്ല.'

ഞാന്‍ അവിശ്വസനീയമായി അവനെ നോക്കിനിന്നപ്പോള്‍ അവന്‍ ട്രൗസറിന്റെ പോക്കറ്റിലെ വാലറ്റിനുള്ളില്‍ നാലായി മടക്കിവച്ചിരുന്ന ഒരു കടലാസെടുത്ത് എന്റെ കയ്യില്‍ തന്നു.

ഞാനത് തുറന്നുവായിച്ചു: 'കണ്ണീരിന്റെ ഈര്‍പ്പമണിഞ്ഞ സ്‌നേഹമാണ് ഏറ്റവും ഹൃദ്യം'

ഇന്ദുവിന്റെ കൈപ്പടയിലെഴുതിയ ആ ഒരു വരി........ വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനവന് കൊടുത്ത ഒരു തുണ്ട് കടലാസ്....... അവനത് സൂക്ഷിച്ചുവച്ചിരിക്കുന്നു.

എന്റെ മനസ്സ് സര്‍ വാള്‍ട്ടര്‍ സ്‌കോട്ടിന് ഒരായിരം നന്ദി പറഞ്ഞു.

ഞാനാലോചിക്കുകയായിരുന്നു, മഹാന്മാരെഴുതുന്ന ഒരുവരിക്കുപോലും മനുഷ്യനെ എവിടെനിന്നെവിടെവരെ കൊണ്ടെത്തിക്കാന്‍ കഴിയുന്നു!

എന്റെ മോനപ്പോഴും എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അവന്‍ എന്നിലെ ഭാവഭേദങ്ങള്‍ വീക്ഷിക്കുകയായിരുന്നു.

ഞാനപ്പോള്‍ കണ്ടു കണ്ണീരിന്റെ ഈര്‍പ്പമണിഞ്ഞ രണ്ടുകണ്ണുകള്‍....... കണ്ണീരില്‍ കുതിര്‍ന്ന് ഹൃദ്യമായ സ്‌നേഹം.... എന്റെ മോന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടു.

ഞാനെന്നെ പഴിച്ചു....... എന്റെ ചിന്തകളെ ശപിച്ചു...... നമ്മുടെ മോനെ തെറ്റിദ്ധരിച്ചതിന്.

അതിഭാവുകത്വമെന്ന ആ ദൗര്‍ബല്യം കാരണം ചിന്തകള്‍ കാടുകയറിയപ്പോള്‍  ഞാനെന്റെ മോനെ തെറ്റിദ്ധരിച്ചുപോയി.

ഷോകേസിനുള്ളില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ഇന്ദുവിനോട് എന്റെ മനസ്സ് മന്ത്രിച്ചു: 'സോറി, ഇന്ദൂ..... ഞാന്‍ ഇനിയും വൈകും നിന്റെ അടുത്തേക്കുവരാന്‍.'

                                                                        ****************

Monday, September 28, 2015

Ek Paav Bhindi

                                                   ഏക് പാവ് ഭിണ്ടി

നാളെ രാവിലെ എയര്‍പോര്‍ട്ടില്‍ പോകണം. ഒന്‍പതരക്കാണ് ബാലഗോപാലിന്റെ ഫ്‌ളൈറ്റ് അറൈവല്‍.

ഈ ഫ്‌ളൈറ്റ് പലപ്പോഴും വൈകിയാണ് വരുന്നത്. ഇന്ദ്രപ്രസ്ഥത്തിലെ അന്തരീക്ഷം അനുകൂലമല്ലെങ്കില്‍ ടേക്കോഫ് വൈകും.

ദില്ലി നിവാസികളെ കുളിരണിയിച്ചുകൊണ്ട് മൂടല്‍മഞ്ഞ് ഇടക്കിടെ അതിരാവിലെ പുറത്തിറങ്ങും. പിന്നയവള്‍ വിമാനത്താവളത്തിന്റെ മുകളിലും മറ്റും കുറേസമയമങ്ങനെ കുണുങ്ങിക്കുണുങ്ങി വിലസും. ഉദയസൂര്യനെത്തി അവളെ വിരട്ടിയോടിക്കുന്നതുവരെ. പിന്ന മന്ദംമന്ദം നീങ്ങിയവള്‍ എങ്ങോപോയിമറയും. അവള്‍ പോയിക്കഴിയുന്നതുവരെ വിമാനം ഇറങ്ങാനോ പറന്നുയരാനോ അവള്‍ അനുവദിക്കുകയില്ല.

ഇന്നവളെ കണ്ടില്ലെന്ന് ബാലഗോപാല്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു.

എന്റെ ബാല്യകാല സുഹൃത്താണ് ബാലഗോപാല്‍........ ഒരേ നാട്ടില്‍ ജനിച്ചു........ ഒരുമിച്ച് പഠിച്ചു........ രണ്ടുപേരുടെയും മേച്ചില്‍പ്പുറങ്ങള്‍ വിദൂരങ്ങളിലാണെങ്കിലും സൗഹൃദം ഒരുകുറവുമില്ലാതെ ഇപ്പോഴും തുടരുന്നു......

സെന്‍ട്രല്‍ സെക്രട്ടറിയറ്റിലെ ഉദ്യോഗത്തില്‍ നിന്നു വിരമിക്കാന്‍ അവനിനി ഏകദേശം രണ്ടു വര്‍ഷംകൂടി ബാക്കിയുണ്ട്.  അതുകഴിഞ്ഞെവിടെ സെറ്റിലാകണം........ അതാണവന്റെ ഇപ്പോഴത്തെ ചിന്താവിഷയം.

ഉദ്യോഗസ്ഥരും വിവാഹിതരുമായ മകനും മകളും ദില്ലിയില്‍ സെറ്റില്‍ഡ്..........  

ബാലഗോപാലിന് റിട്ടയര്‍മെന്റിനുശേഷം നാട്ടില്‍ സെറ്റിലാകാനാണിഷ്ടം. മക്കള്‍ നിര്‍ബന്ധം പിടിക്കുന്നു ദില്ലിയില്‍ സെറ്റിലാകാന്‍. ഭാര്യ ന്യൂട്രല്‍.

അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത് എന്നൊരു പഴഞ്ചൊല്ലു കേട്ടിട്ടുണ്ട്.  ഇവിടെ അച്ഛന്‍ തെക്കോട്ട്....... മക്കള്‍ വടക്കോട്ട്...........അമ്മ തെക്കോ വടക്കോ എന്ന അവസ്ഥയില്‍........

അവന്റെ ഈ അവധിക്കുവരവിന്റെ പിന്നില്‍ അങ്ങനെയുമൊരുദ്ദേശം കൂടിയുണ്ട്. നാട്ടില്‍ വന്ന് നേരില്‍ കണ്ടും കേട്ടും ഇവിടത്തെ ഇപ്പോഴുള്ള സാഹചര്യങ്ങളൊക്കെ മനസ്സിലാക്കിയിട്ടൊരു തീരുമാനമെടുക്കണം.

ഫ്‌ളൈറ്റ് പത്തുമിനിട്ട് വൈകിയെത്തി.

എയര്‍പോര്‍ട്ടില്‍നിന്നു വരുന്നവഴിക്ക് ബൈപാസ് ജങ്ക്ഷന്‍ എത്തുന്നതിനു തൊട്ടുമുമ്പ് ഒരാള്‍ കൈകാണിച്ച് കാര്‍ നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചു.

ഒരു സ്‌കൂട്ടര്‍യാത്രക്കാരിയെ ഏതോ ഒരു കാര്‍ ഇടിച്ചിട്ടിട്ട് നിര്‍ത്താതെ കടന്നുകളഞ്ഞു.

രക്തത്തില്‍ക്കുളിച്ച് അബോധാവസ്ഥയില്‍ കിടക്കുന്ന യുവതിയെ ആശുപത്രിവരെ എത്തിക്കാന്‍ അതുവഴികടന്നുപോയ ഒരു വാഹനവും നിര്‍ത്താന്‍ തയ്യാറായില്ല.

'നമുക്കിവരെ അടുത്തുള്ള ആശുപത്രിയില്‍ വിട്ടിട്ടുപോകാം'.  സുഹൃത്തിന്റെ അഭിപ്രായം ശരിവച്ചുകൊണ്ട് ഞാന്‍ കാറില്‍ നിന്നിനറങ്ങി.

പുറകിലെ ഡോര്‍ തുറന്നുകൊടുത്തപ്പോള്‍ ഏതാനുംപേര്‍ചേര്‍ന്നു യുവതിയെ പിന്‍സീറ്റില്‍ കിടത്തി.

മറ്റാരും കാറില്‍ കയറിയില്ല; അവരുടെ കടമ കഴിഞ്ഞു. ഒരാള്‍പോലും ആശുപത്രിവരെ കൂടെവരാന്‍ തയ്യാറായില്ല. എല്ലാരും വലിയ തിരക്കിലാണ്.

വൈകുന്ന ഓരോനിമിഷവും പിന്‍സീറ്റില്‍ കിടക്കുന്ന യുവതിയുടെ ജീവന് വിലപ്പെട്ടതായതിനാല്‍ മറ്റാര്‍ക്കുംവേണ്ടി കാത്തുനില്കാതെ അടുത്തുള്ള മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്കു കാര്‍ പായിച്ചു.

കാഷ്വാലിറ്റിയില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ പേഷ്യന്റിന്റെ പേരുപോലുമറിയില്ല. അപ്പോഴാണ് അവളുടെ കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ഐഡന്റിറ്റി കാര്‍ഡ് ശ്രദ്ധയില്‍പ്പെട്ടത്.

രക്തത്തില്‍ മുങ്ങിപ്പോയ കാര്‍ഡ് തൂവാലകൊണ്ട്  തുടച്ച്  പേരും ഫോണ്‍ നമ്പരും കണ്ടുപിടിച്ചു.

ടെക്‌നോപാര്‍ക്കില്‍ പ്രസിദ്ധമായ ഒരു സോഫ്റ്റ്‌വേര്‍ കമ്പനിയിലെ ഉദ്യോഗസ്ഥയാണവള്‍.

പേഷ്യന്റിനെ അകത്തേക്കുകൊണ്ടുപോയിക്കഴിഞ്ഞപ്പോള്‍ ഐഡന്റിറ്റിക്കാര്‍ഡില്‍ കണ്ട എമര്‍ജന്‍സി കോണ്ടാക്ട്് നമ്പരിലേക്കുവിളിച്ചു.

വേണ്ടപ്പെട്ടവരെ വിവരം അറിയിച്ചുവെങ്കിലും ആരെങ്കിലും വരുന്നതുവരെ കാത്തുനില്ക്കാതെ പോകുന്നതു ശരിയല്ലല്ലോ. എന്നാല്‍ പുലരുംമുമ്പേ യാത്രതുടങ്ങിയ സുഹൃത്തിനെ ഇനിയും വഴിയില്‍ വൈകിക്കുന്നതും ശരിയല്ല.

ഞാന്‍ ധര്‍മ്മസങ്കടത്തിലായി.

എന്റെ മനോഗതം മനസ്സിലാക്കിയ ബാലഗോപാല്‍ പറഞ്ഞു: 'കുറച്ചുസമയം  വെയ്റ്റുചെയ്യാം. ആരെങ്കിലും വരുന്നതുവരെ'.

ഞങ്ങള്‍ വേറ്റിംഗ് ലൗഞ്ചിലെ റ്റീസ്റ്റാളില്‍ നിന്നു ചായകുടിച്ചിട്ട് ദില്ലിയിലെ വിശേഷങ്ങളൊക്കെപ്പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു ചെറുപ്പക്കാരനും ഒരു സ്ത്രീയും ഓടിക്കിതച്ചുവന്ന് റിസപ്ഷനില്‍ എന്തോ ചോദിച്ചിട്ട് അടുത്തേക്കുവന്നു.

'അങ്കിള്‍, നിങ്ങളാണോ അശ്വതിയെ ഇവിടെ കൊണ്ടുവന്നത്?'

'അതെ'

'താങ്ക്യു അങ്കിള്‍.  ഞാന്‍ അശ്വതിയുടെ ഹസ്ബന്റ് ... നിതിന്‍.  ഇതെന്റെ അമ്മ......... ഞാനിപ്പോള്‍ വരാമങ്കിള്‍'.  അത്രയും പറഞ്ഞിട്ടവന്‍ കാഷ്വാലിറ്റിയിലേക്കോടി. കൂടെ അമ്മയും.

അവനെ ഇതിനുമുമ്പ് എവിടെയോ കണ്ടിട്ടുള്ളതുപോലെ തോന്നി. എവിടെയാണെന്നോര്‍മ വരുന്നില്ല.

കാഷ്വാലിറ്റിക്കു മുന്നില്‍ അക്ഷമനായി നില്‍ക്കുന്ന നിതിനോടു ചോദിച്ചു:  'ഇനി ഞങ്ങള്‍ പോകട്ടെ?'

അഡ്മിഷന്‍ സമയത്ത് കൗണ്ടറില്‍ അടച്ച പതിനായിരം രൂപയുടെ രസീതില്‍ പിന്‍ചെയ്തിരുന്ന ക്രെഡിറ്റ്കാര്‍ഡ് സ്ലിപ് എടുത്തുമാറ്റിയിട്ട് രസീത് അവനുകൊടുത്തു.

'അങ്കിള്‍ അഞ്ചുമിനിറ്റ്...... പ്‌ളീസ്.  ഞാനിപ്പോള്‍ ATM ല്‍ നിന്നു പൈസയെടുത്തിട്ടുവരാം'.

മറുപടിക്കു കാക്കാതെ അവന്‍ ATM ലേക്കോടി.

പൈസയുമായി മടങ്ങിവന്നപ്പോള്‍ മറ്റുരണ്ടു യുവാക്കളും ഒരു സ്ത്രീയും കൂടെയുണ്ടായിരുന്നു.  

ആ രണ്ടു യുവാക്കളില്‍ ഒരാളെയും മുമ്പു കണ്ടിട്ടുള്ളതുപോലെ തോന്നി.

പതിനായിരം രൂപ എണ്ണിത്തന്നിട്ട് നിതിന്‍ ഒരിക്കല്‍ക്കൂടി നന്ദിപറഞ്ഞു.

യാത്രപറഞ്ഞിട്ട് നടക്കാന്‍ തുടങ്ങിയപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന ഒരു യുവാവ് തടഞ്ഞു.

'അങ്ങനെയങ്ങുപോയാലോ. ആക്‌സിഡന്റുകേസല്ലേ. പോലീസുവരട്ടെ'.

നിതിന്‍ ഉടനെ ഇടപെട്ടു:  'വേണ്ടെടാ.... അവര്‍ പൊക്കോട്ടെ. സമയത്തിനു അശ്വതിയെ അവര്‍ ഇവിടെ എത്തിച്ചില്ലായിരുന്നെങ്കില്‍............? പോലീസിനോടു നമുക്കു കാര്യം പറയാം'.

'ഇവര്‍ പറയുന്നതെല്ലാം നീയങ്ങു വിശ്വസിച്ചുവോ? ഇവരുടെ കാറല്ല അശ്വതിയെ ഇടിച്ചുവീഴ്ത്തിയതെന്നു നിനക്കെന്താ ഉറപ്പ്?'

അടക്കി നിര്‍ത്തിയിരുന്ന രോഷം അണപൊട്ടി പുറത്തുചാടി.

'അതേടാ.... ഞാന്‍ തന്നെയാ ഇടിച്ചുവീഴ്ത്തിയത്. താനെന്നെ പോലീസിലേല്‍പിക്ക്.  ഞാനവിടെ എല്ലാം പറഞ്ഞുകൊള്ളാം'

'കിഴവന്റെ എക്‌സ്‌പൈറി ഡേറ്റുകഴിഞ്ഞല്ലോ.  എന്നിട്ടും അരിശം കണ്ടില്ലെ' അവന്‍ കയര്‍ത്തുകൊണ്ടടുത്തേക്കുവന്നു.

നിതിന്‍ അവനെ പിടിച്ചുനീക്കി ദൂരേക്കു കൊണ്ടുപോയി.

ബാലഗോപാല്‍ ആദ്യമൊന്നു ഞെട്ടി. എന്റെ മുഖം അരിശം കൊണ്ടു ചുവന്നുതുടുത്തു.  അതുകണ്ട ബാലഗോപാല്‍ എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. 'സാരമില്ലെടാ...... പിള്ളാരല്ലെ?...... ക്ഷമിക്ക്.....'

പുതുതലമുറയുടെ നവപദന്യാസം! എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞകിഴവന്‍! മുതിര്‍ന്നവരെ അവഹേളിക്കാന്‍ ഉപയോഗിക്കുന്ന പുതിയ പ്രയോഗം.

മുതുക്കന്‍, വയസന്‍, കിഴവന്‍..... അതൊക്കെ പഴകിപ്പോയി.

ഇത്തരം പദങ്ങള്‍ ചില ചെറുപ്പക്കാര്‍ സ്വന്തം മാതാപിതാക്കളുടെ മുന്നില്‍വെച്ചുപോലും അവരേക്കാള്‍ പ്രായം കുറഞ്ഞവരെക്കുറിച്ച് ഒരുളുപ്പുമില്ലാതെ പ്രയോഗിക്കുന്നത് കേള്‍ക്കാറുണ്ട്.

എന്നാല്‍ ഈ പുതിയ പ്രയോഗം അധികമൊന്നും കേട്ടിട്ടില്ല. പ്രചാരത്തില്‍ വന്നുതുടങ്ങിയതേയുള്ളായിരിക്കാം.

ഞാനോര്‍ക്കുകയായിരുന്നു, റിട്ടയര്‍മെന്റിനുശേഷം നാട്ടില്‍ സെറ്റില്‍ ചെയ്യുന്നതിനെക്കുറിച്ചു തീരുമാനമെടുക്കാന്‍ എത്തിയ സുഹൃത്തിന് വിമാനമിറങ്ങിയ ഉടനെ അഭിമുഖീകരിക്കേണ്ടിവന്ന യാതനകള്‍.  പക്ഷെ അവന്‍ വളരെ ശാന്തനായിരുന്നു.  എനിക്കതിനു കഴിയുമായിരുന്നില്ല.

ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം രോഷം കൊടുമ്പിരിക്കൊള്ളും. അനിയന്ത്രിതമായ ദ്വേഷ്യമോ? ......... അതോ ധാര്‍മികരോഷമോ?

മനസ്സിന്റെ കാന്‍വാസില്‍ പതിഞ്ഞിട്ടുണ്ടായിരുന്ന ആ രണ്ടു യുവാക്കളുടെയും മുഖച്ഛായ ഓര്‍മയെ പിന്നോട്ടു കൂട്ടിക്കൊണ്ടുപോയി. എവിടെവെച്ചാണവരെ കണ്ടിട്ടുള്ളത്?

പിന്നോട്ടുസഞ്ചരിച്ച മനസ്സ് പലേടത്തും പരതിക്കൊണ്ടിരിക്കെ പെട്ടെന്നോര്‍മ വന്നു..... ഏകദേശം രണ്ടുമാസങ്ങള്‍ക്കുമുമ്പുണ്ടായ ആ സംഭവം. അതെ..... ഇവര്‍ തന്നെയാണന്നും എന്റെ  എക്‌സ്‌പൈറി ഡേറ്റ് നിശ്ചയിച്ചത്!  

മരണമാണു മനുഷ്യന്റെ എക്‌സ്‌പൈറി ഡേറ്റെന്നാണിതുവരെ വിശ്വസിച്ചിരുന്നത്. അതല്ല, മരണത്തിന് മുമ്പുതന്നെ എക്‌സ്‌പൈറി ഡേറ്റെത്തുമെന്ന് ഇവനെപ്പോലെ ചില ചെറുപ്പക്കാര്‍ പുനഃവ്യാഖ്യാനം ചെയ്തിരിക്കുന്നു.

മുതിര്‍ന്നവരെയൊക്കെ നികൃഷ്ട ജീവികളായിക്കാണുന്ന ഇവനോടു സംസാരിക്കുന്നതുതന്നെ ഉചിതമായിരിക്കുകയില്ലെന്നു ബോദ്ധ്യമുള്ളതിനാല്‍ രോഷത്തെ ഒരിക്കല്‍കൂടി കടിച്ചമര്‍ത്തി കടിഞ്ഞാണിട്ടു.

ഉദ്യോഗത്തില്‍ നിന്നു വിരമിച്ചിട്ടുപോലുമില്ലാത്തയാളിന്റെ എക്‌സ്‌പൈറി ഡേറ്റുകഴിഞ്ഞുവെങ്കില്‍ എഴുപതും എണ്‍പതുമൊക്കെ കഴിഞ്ഞവരുടെ ഗതി എന്തായിരിക്കും?

ഞങ്ങള്‍ പോകാന്‍ തുടങ്ങുകയായിരുന്നു; ഉടനെ പോലീസെത്തി.

അവരോടു കാര്യമൊക്കെ ധരിപ്പിച്ചു. അവരുടെ ആവശ്യപ്രകാരം അപകടം നടന്ന സ്ഥലംവരെ പോലീസുജീപ്പില്‍ കൂടെപ്പോകേണ്ടിവന്നു. ബാലഗോപാലും ഒപ്പംവന്നു.

അപകടം നടക്കുമ്പോള്‍ അടുത്തുള്ള ഒരു പച്ചക്കറിക്കടയും ഒരു ബേക്കറിയും തുറന്നിരുന്നതിനാല്‍ അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രക്ഷപ്പെട്ടു.

കാര്‍ ആശുപത്രിയിലായതിനാല്‍ പോലീസുജീപ്പില്‍ തന്നെ അവിടെവരെ ഞങ്ങളെ തിരിച്ചുകൊണ്ടുവിട്ടു.

നിതിനും കൂട്ടരും അസ്വസ്ഥരായി അങ്ങോട്ടുമിങ്ങോട്ടുമോടുന്നു............... ഫോണ്‍ വിളിക്കുന്നു...............

'എന്താ?..... എന്താ പ്രശ്‌നം?' ബാലഗോപാല്‍ നിതിനോടുചോദിച്ചു.

'അങ്കിള്‍, അശ്വതിക്കുടനെ രക്തം കൊടുക്കണം.   ഒ-നെഗറ്റീവാണ്. ആശുപത്രിയില്‍ സ്റ്റോക്കില്ല. വളരെ റേര്‍ ഗ്രൂപ്പായതിനാല്‍ ഡോണറെ കിട്ടുന്നുമില്ല'

ഇതെന്തൊരത്ഭുതം!

നിമിത്തമോ? നിയോഗമോ? അതോ വെറും യാദൃശ്ചികതയോ?

അവര്‍ക്കാവശ്യമുള്ളത് എന്റെ പക്കലുണ്ട്!

'എന്റെ രക്തം ഒ-നെഗറ്റീവാണ്. വേണമെങ്കിലെടുക്കാം. പക്ഷെ ഒരു പ്രശ്‌നം. എക്‌സ്‌പൈറി ഡേറ്റുകഴിഞ്ഞയാളിന്റെ രക്തം കൊടുക്കാമോ?'

എന്റെ എക്‌സ്‌പൈറി ഡേറ്റ് നിശ്ചയിച്ചവന്റെ മുഖമൊന്നു ചൂളി.

നിതിന്റെ കണ്ണുകളില്‍ അവന്റെ സുഹൃത്തിനുവേണ്ടിയുള്ള ക്ഷമാപണവും ഒരു ദയനീയമായ അപേക്ഷയും പ്രകടമായിരുന്നു.

ബാലഗോപാല്‍ പ്രോത്സാഹിപ്പിച്ചു: 'നല്ല കാര്യമല്ലെ?  രക്തം കൊടുത്തിട്ടുവരു.... അതിനുള്ള എക്‌സ്‌പൈറി ഡേറ്റായിട്ടില്ല നിനക്ക്. അറുപതുവയസ്സുവരെയാകാം.  പോയിട്ടുവാ..... ഞാന്‍ വെയ്റ്റുചെയ്യാം'

രക്തദാനം ചെയ്യാന്‍ ലബോറട്ടറിയിലെ ബഞ്ചില്‍ കിടക്കുമ്പോള്‍ മനസ്സില്‍ തെളിഞ്ഞുവന്നു ഏകദേശം രണ്ടുമാസങ്ങള്‍ക്കുമുമ്പ് എന്നെ തളര്‍ത്തിയ ആ സായാഹ്നസവാരി.

രാവിലെ മഴപെയ്തതിനാല്‍ പ്രഭാതസവാരി മുടങ്ങി. പകരം സായാഹ്നസവാരിക്കിറങ്ങിയതായിരുന്നു.

ശിവക്ഷേത്രത്തിനു പുറകിലുള്ള റോഡിലൂടെ നടന്ന് വയല്‍ മുറിച്ചുള്ള നടവരമ്പുവഴി അക്കരെ കടന്നാല്‍ പിന്നെ കുറെ ദൂരം പുഴയോരത്തെ തെങ്ങിന്‍തോപ്പുകള്‍ക്കിടയിലൂടെയുള്ള നടപ്പാതയാണ്.

പുലര്‍കാലക്കാറ്റിന്റെ താളത്തിനൊത്ത് നൃത്തംചെയ്യുന്ന തെങ്ങോലകളുടെ ഇടയിലൂടെ ഒളിഞ്ഞും തെളിഞ്ഞും  പതിക്കുന്ന സൂര്യകിരണങ്ങളുടെ ചെറുചൂടും ശാന്തമായൊഴുകുന്ന നദീജലപ്പരപ്പിനെ തഴുകിയെത്തുന്ന കുളിര്‍കാറ്റും അന്തരീക്ഷത്തില്‍ സ്രൃഷ്ടിക്കുന്ന വിശിഷ്ട ഊര്‍ജം മനസ്സിനും ശരീരത്തിനും നല്‍കുന്ന ഉന്മേഷം ദിവസം മുഴുവനും നിലനില്ക്കുന്നു.

എന്നാല്‍ ആദ്യമായി അതുവഴി സായാഹ്നസവാരിക്കിറങ്ങിയപ്പോഴുണ്ടായ അനുഭവം മറിച്ചായിരുന്നു.

പ്രഭാതത്തില്‍ കണ്ട അന്തരീക്ഷമല്ല പ്രദോഷത്തില്‍.

വയല്‍കടന്ന് പുഴയോരത്തിലൂടെ കുറച്ചുദൂരം കഴിഞ്ഞപ്പോള്‍ എട്ടുപത്തു ചെറുപ്പക്കാര്‍ അടുത്തുള്ള തെങ്ങിന്‍തോപ്പില്‍ വളഞ്ഞിരിക്കുന്നു.

മദ്യപാനമാണവരുടെ കലാപരിപാടിയെന്ന് കോലാഹലങ്ങളും ആക്രോശങ്ങളും കേട്ടാലറിയാം.

അതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും ഭാവിച്ച് മുന്നോട്ടു നടക്കുമ്പോള്‍ അതാവരുന്നു ഒരു പറക്കുംതളിക! ഒരു കുപ്പി മുന്നില്‍ വന്നുവീണു പൊട്ടിച്ചിതറി. ഏതാനും ചില്ലുകള്‍ കാലില്‍ വന്നുതട്ടിയെങ്കിലും പരിക്കൊന്നും പറ്റിയില്ല.

കുപ്പി പൊട്ടിച്ചിതറിയപ്പോഴുണ്ടായ ധ്വനി ഒരു താക്കീതായി കാതുകളില്‍ മുഴങ്ങി.

സ്തബ്ധനായി നിന്നുപോയി. തിരിഞ്ഞുനോക്കിയപ്പോള്‍ ഒരുത്തന്‍ നിന്നാക്രോശിക്കുന്നു:  'ചെറുപ്പക്കാര്‍ക്ക് വൈകുന്നേരം ഒന്ന് സ്വസ്ഥമായിരിക്കാനുള്ള സ്ഥലത്തുകൂടിമാത്രമേ എക്‌സ്‌പൈറി ഡേറ്റുകഴിഞ്ഞ കിഴവന്‍മാര്‍ക്കു നടക്കാന്‍ വഴിയുള്ളോ?'

അന്നാണു ആദ്യമായി എന്റെ എക്‌സ്‌പൈറി ഡേറ്റുകഴിഞ്ഞ വിവരമറിഞ്ഞത്!

അവിടെ  നില്ക്കുന്നതു പന്തിയല്ലെന്നു തോന്നിയതിനാല്‍ വേഗം നടന്നു.

കുറേദൂരം നടന്നുകഴിഞ്ഞപ്പോള്‍ പതിവില്ലാതെ ക്ഷീണം തോന്നി.

തിരിച്ചുപോകാമെന്നു തോന്നിയപ്പോഴാണ് ഞെട്ടലോടെ ആ കാര്യം ഓര്‍മവന്നത്.

തിരിച്ചുപോകുമ്പോഴും അവരുടെ കുപ്പിയേറുവന്നാലോ?

ഇപ്പോള്‍ അവരുടെ വീറും ഉശിരുമൊക്കെ കൂടിയിട്ടുണ്ടാവും.  അകത്തുചെന്ന ദ്രാവകത്തിന്റെ വീര്യം പരമോച്ചാവസ്ഥയിലായിരിക്കും. അപ്പോള്‍ കുപ്പിയേറിന്‍രെ തീവ്രത കൂടാന്‍ സാദ്ധ്യതയുണ്ട്.  അതുവഴിയുള്ള തിരിച്ചുപോക്ക് എന്തായാലും അഭിലഷണീയമല്ല.

വേറൊരുവഴിയും കാണുന്നുമില്ല.

വീണ്ടും മുന്നോട്ടുനടന്നു.

കുറേദൂരം നടന്നപ്പോള്‍ നടപ്പാത പല വഴികളായിപ്പിരിഞ്ഞു.  ഓരോന്നിലൂടെയും നടന്നുനോക്കി. ഓരോ വഴിയും അവസാനിക്കുന്നത് ഓരോ വീടിന്റെ മുറ്റത്ത്.

ആകെ അവശനായി.

ഒരു ആട്ടോറിക്ഷ കിട്ടുന്ന റോഡില്‍ എത്താന്‍ കഴിഞ്ഞാല്‍ മതിയായിരുന്നു. പക്ഷെ ഇവിടെനിന്നു പുറത്തുകടക്കാന്‍ പറ്റുന്നില്ലല്ലോ.

അപരിചിതനെക്കണ്ടപ്പോള്‍ പലവീടുകളില്‍ നിന്നുമായി തലകള്‍ ഓരോന്നായി പുറത്തേക്കു നീളുന്നതുകണ്ടു.

പിന്നെ ചിലര്‍ പുറത്തിറങ്ങി അടുത്തേക്കുവന്നു.

'നിങ്ങളാരാ?...............   എന്താ ഇവിടെ?................'

'ഇവിടെ അടുത്തെവിടെയെങ്കിലും ആട്ടോറിക്ഷ കിട്ടുമോ?'

'എങ്ങിനെയാ ഇവിടെ എത്തിയത്?'

ഇങ്ങോട്ടുവന്നപ്പോള്‍ അഭിമുഖീകരിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെ മനഃപ്പൂര്‍വം മറച്ചുവച്ചു. തന്റെ ഈവനിംഗ് വാക്ക് വഴക്കില്‍ കലാശിച്ചാലോ.

'നടക്കാനിറങ്ങിയതാ....... തിരിച്ചു നടക്കാന്‍ വയ്യ. വല്ലാത്ത ക്ഷീണം തോന്നുന്നു'

പക്ഷെ അവരതു വിശ്വസിച്ചില്ല.  എന്തോ ദുരുദ്ദേശത്തോടെ വന്നയാളിനോടെന്നപോലെ പലവിധത്തിലും വിചാരണനടത്തി അവര്‍ സദാചാരപ്പോലീസായി.

മോഷണശ്രമം........... സദാചാരവിരുദ്ധ പ്രവര്‍ത്തനം.......... അങ്ങനെ പലവഴിക്കുതിരിഞ്ഞു അവരുടെ സംശയങ്ങളുടെ ദിശ.

സദാചാര വിരുദ്ധപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനുള്ള പ്രായമൊക്കെക്കഴിഞ്ഞ ഒരു മുതിര്‍ന്ന പൗരനാണെന്നു പറഞ്ഞു രക്ഷപ്പെടാമെന്നുവിചാരിച്ചപ്പോഴാണ് അന്നത്തെ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ തലക്കെട്ടോര്‍മ വന്നത്.  'ബാലികയെ പീഢിപ്പിച്ചതിന് അറുപത്തഞ്ചുകാരന്‍ അറസ്റ്റില്‍'

പ്രായം കുറച്ചുകൂട്ടിപ്പറഞ്ഞുരക്ഷപ്പെടാനും പറ്റില്ല.

പടയെപ്പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പടയെന്നു പറഞ്ഞപോലെയായി അവസ്ഥ.

ഇനിയിപ്പോള്‍ സത്യം പറയുകതന്നെ ഒരേയൊരു രക്ഷാമാര്‍ഗം.

കാര്യം പറഞ്ഞപ്പോള്‍ സദാചാരപ്പോലീസിന്റെ രോഷം വേറെ വഴിക്കുതിരിഞ്ഞു.

'വരിനെടാ... നമുക്കങ്ങോട്ടുപോകാം. അതുകൊള്ളാമല്ലോ...... നമ്മുടെനാട്ടില്‍വന്നു മദ്യപിച്ചു പ്രശ്‌നമുണ്ടാക്കാന്‍ ആര്‍ക്കാ ധൈര്യം വന്നതെന്നു നോക്കണമല്ലോ'

സദാചാരപ്പോലീസുകാരുടെ മാര്‍ച്ചിന്റെ അവസാനകണ്ണിയും കടന്നുപോയപ്പോള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ചുറ്റിലും നോക്കി.

ആകെ തളര്‍ന്നതിനാല്‍ പുഴയോരത്തിരുന്ന് അല്പം വിശ്രമിക്കണമെന്നു തോന്നി.

ഒരു കാര്യം ബോദ്ധ്യപ്പെട്ടു. ഇതുവഴിയുള്ള നടത്തം പ്രഭാതത്തില്‍ ആരോഗ്യത്തിനു ഹിതകരമെങ്കില്‍ പ്രദോഷത്തില്‍ ഹാനികരം.

അതുവഴിവന്ന ഒരു സ്‌കൂട്ടര്‍യാത്രക്കാരന്റെ ഔദാര്യം തുണയായപ്പോള്‍ വീടിനടുത്തുവരെ സുരക്ഷിതയാത്ര പ്രാപ്യമായി.

അങ്ങനെ ആദ്യത്തെ എക്‌സ്‌പൈറി ഡേറ്റ് നീട്ടിക്കിട്ടി. അവര്‍തന്നെ ഇന്നിതാ വീണ്ടും ഓര്‍മിപ്പിച്ചിരിക്കുന്നു.


രക്തദാനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ നിതിനും അമ്മയും കാത്തുനില്ക്കുന്നുണ്ടായിരുന്നു, നന്ദിപ്രകടിപ്പിക്കാന്‍. അവരുടെ നന്ദി ഒരു പുഞ്ചിരിയാല്‍ സ്വീകരിച്ചുകൊണ്ട് നടക്കാന്‍ തുടങ്ങിയെങ്കിലും പെട്ടെന്നു നിന്നു; നിതിനോടു ചോദിച്ചു: 'എന്നെ ഇതിനുമുമ്പെപ്പോഴെങ്കിലും കണ്ടതായി ഓര്‍ക്കുന്നുണ്ടോ?'

അമ്മയും മകനും മുഖത്തോടുമുഖം നോക്കിനിന്നാലോചിച്ചു.

'ഇല്ലല്ലോ അങ്കിള്‍....... ഓര്‍ക്കുന്നില്ലല്ലോ...........'

'എന്നാല്‍ എനിക്കോര്‍മയുണ്ട്..........  ഏകദേശം രണ്ടുമാസങ്ങള്‍ക്കുമുമ്പൊരു സന്ധ്യക്ക് പുഴയോരത്തുവച്ചു നിങ്ങളുടെ ആഘോഷം പൊടിപൊടിക്കുന്നതിനിടക്ക് അതുവഴിപോയ എക്‌സ്‌പൈറി ഡേറ്റുകഴിഞ്ഞ ഒരു കിഴവന്റെനേര്‍ക്കു നിങ്ങള്‍ കുപ്പിയേറു നടത്തിയതോര്‍മയുണ്ടോ?  ആ കിഴവന്‍ ഞാന്‍ തന്നെയാണ്.  ഇതുവരെ എക്‌സ്‌പൈറി കഴിഞ്ഞില്ല. ഒരു നിയോഗമെന്നപോലെ വീണ്ടും ഇതാ നിങ്ങളുടെ മുന്നില്‍ വന്നുപെട്ടിരിക്കുന്നു.  ഒരിക്കല്‍ കൂടി എക്‌സ്‌പൈറി ഡേറ്റുകഴിഞ്ഞ കാര്യം നിങ്ങള്‍ക്കെന്നെ ഓര്‍മപ്പെടുത്താന്‍'

ഓര്‍ക്കാപ്പുറത്തൊരടിയേറ്റവനെപ്പോലെ നിതിന്‍ അടുത്തുകണ്ട ബഞ്ചിലിരുന്നു; രണ്ടുകൈകളും തലയില്‍വച്ചവന്‍ കുനിഞ്ഞിരുന്നു.
 
അവന്റെയമ്മ അടുത്തുവന്ന് ക്ഷമാപണം നടത്തി:  'സര്‍, എന്റെ മോനോടു ക്ഷമിക്കണം. ആ സംഭവത്തെക്കറിച്ചു അവന്‍ എല്ലാമെന്നോടു പറഞ്ഞിരുന്നു. വാസ്ഥവത്തില്‍ അവന്‍ നിരപരാധിയാണ് .  അവന്റെ വിവാഹത്തിനുമുമ്പുള്ള ബാച്ചിലേഴ്‌സ് പാര്‍ട്ടിയായിരുന്നു അന്ന്. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനുവഴങ്ങി നടത്തിയതായിരുന്നു. പുഴയോരത്തുവച്ചുനടത്തണമെന്നുള്ളതും അവരുടെ നിര്‍ബന്ധമായിരുന്നു; പ്രൈവസിക്കുവേണ്ടി. കൂട്ടത്തില്‍ ഒരുത്തന്‍ മാത്രമായിരുന്നു കുഴപ്പക്കാരന്‍.  അന്നവിടെ നിതിനും മറ്റൊരു കൂട്ടുകാരനുംകൂടി വളരെയേറെ നേരം കാത്തുനിന്നു; സാറു തിരിച്ചുവരുമ്പോള്‍ മാപ്പുചോദിക്കാന്‍'

അവര്‍ പറഞ്ഞതെല്ലാം സത്യമാണെന്നു തോന്നി.

ഇന്നും അവന്റെ പെരുമാറ്റമെല്ലാം ഒരു സല്‍സ്വഭാവിയുടേതായിരുന്നു.  മറ്റവനാണു ആളു പിശക്.

രണ്ടുപേരിലുമോടുന്നതു പുതുതലമുറയിലെ യുവരക്തം. പക്ഷെ ഒരാള്‍ മര്യാദയുടെ പ്രതീകം. മറ്റവന്‍ അഹങ്കാരത്തിന്റെ പര്യായം.      

ദുഃഖിതനായിരിക്കുന്ന നിതിന്റെയടുത്തുപോയി അവന്റെ തോളില്‍ തട്ടി സമാധാനിപ്പിച്ചു. അവന്റെ കണ്ണുകള്‍ കലങ്ങിയിരുന്നുവോ? അതോ അങ്ങനെ തോന്നിയതോ?

'അങ്കിള്‍........ ഞാന്‍..........'

'സാരമില്ല...... ഞാനതന്നുതന്നെ മറന്നതായിരുന്നു.  ഇന്നിപ്പോള്‍ നിങ്ങളെ കണ്ടപ്പോള്‍ ഓര്‍ത്തുപോയി'

'അങ്കിള്‍........'

'വേണ്ട...... ഒന്നും പറയണ്ട........ അമ്മയെല്ലാം പറഞ്ഞു'

അവന്‍ കാറിന്റെയടുത്തുവരെ അനുഗമിച്ചു; ഒരിക്കല്‍കൂടി മാപ്പുപറഞ്ഞു......... നന്ദിയും.

ഒരുജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യം തോന്നി.  എങ്കിലും അതിനുവേണ്ടി അനുഭവിക്കേണ്ടിവന്ന അപമാനത്തെക്കുറിച്ചോര്‍ത്തപ്പോള്‍ മനസ്സില്‍ നുരഞ്ഞുപൊങ്ങിയ ധാര്‍മികരോഷം മനസ്സിനെ വല്ലാതെ ഉലച്ചു. പ്രത്യേകിച്ച് സുഹൃത്തിനെക്കൂടി ബുദ്ധിമുട്ടിക്കേണ്ടിവന്നതിനാല്‍.

ഇനിയും കുറേക്കാലംകൂടി ജീവിക്കേണ്ടിവന്നാല്‍ ഇതുപോലെ എക്‌സ്‌പൈറി ഡേറ്റിനെക്കുറിച്ചുള്ള എത്രയെത്ര ഓര്‍മപ്പെടുത്തലുകളെയും പേറി ജീവനം തുടരേണ്ടിവരും?

ലഞ്ചുകഴിഞ്ഞ് ബാലഗോപാല്‍ കുറച്ചകലെ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്കുപോയി; കാര്‍ കൊടുത്തുവിട്ടു.

നാളെ ഉച്ചകഴിഞ്ഞവന്‍ തിരിച്ചെത്തും.  പിന്നെയവന്‍ ഡല്‍ഹിയിലേക്കു തിരിച്ചുപോകുന്നതുവരെ അവനോടൊപ്പം അവന്റെ പ്രോഗ്രാമനുസരിച്ചുള്ള യാത്രകള്‍.
 
വീട്ടിലിരുന്നു ഓരോന്നു ചിന്തിച്ചിരിക്കുമ്പോള്‍ മനസ്സില്‍ ഒരു ചോദ്യമുയര്‍ന്നു: 'എന്നെക്കണ്ടാല്‍ അത്രക്ക് പ്രായാധിക്യം തോന്നുമോ?   എക്‌സ്‌പൈറി ഡേറ്റ്്് കഴിഞ്ഞുവെന്നു തോന്നുമോ?'

കണ്ണാടിക്കുമുന്നില്‍ പോയിനിന്നൊരു വീക്ഷണം നടത്തി.  മുടിനരച്ചിട്ടുണ്ടെന്നുള്ളത് ശരിയാണ്.  എന്നാലും എക്‌സ്‌പൈറി ഡേറ്റ്  കഴിയാനുള്ള പ്രായം തോന്നുന്നില്ലല്ലൊ...........


അങ്ങനെ നില്കുമ്പോഴാണ് വാമഭാഗത്തിന്റെ വരവ്.

'എന്താ....... കണ്ണാടിക്കുമുന്നില്‍ നിന്നു സൗന്ദര്യം നോക്കുകയാണോ?'

പെട്ടെന്നൊരു കുസൃതി തോന്നി.  ഭാര്യയെ ഒന്നു ചൊടിപ്പിക്കാം:  'അതെ..... ഇന്നലെ ഓഫീസ് സൂപ്രണ്ട് ശാന്താമേനോന്‍ പറയുകയായിരുന്നു ഞാനിപ്പോഴും സ്മാര്‍ട്ടാണെന്ന്....... എന്നെക്കണ്ടാല്‍ റിട്ടയറാകാനുള്ള പ്രായമായെന്നു തോന്നുകയില്ലെന്നു'

'ങ്ഹാ...... അങ്ങനെയാണോ? എന്നാലവളെയെനിക്കൊന്നു കാണണമല്ലൊ'  

'എന്താ?  അസൂയ തോന്നുന്നോ?'

'അല്ലാ....... എനിക്കുതോന്നുന്നതു റിട്ടയറാകാനുള്ള പ്രായമൊക്കെ നേരത്തേ കഴിഞ്ഞുവെന്നാണ്........ '

'അതുശരി...... അപ്പോള്‍ ആ പയ്യന്‍മാര്‍ പറഞ്ഞതില്‍ തെറ്റില്ല.  എന്റെ സമയം കഴിഞ്ഞു..... അല്ലെ?'

'എന്താണീപ്പറയുന്നത്?  ഏതുപയ്യന്‍മാര്‍ എന്തുപറഞ്ഞുവെന്നാ?'

ചില യുവാക്കള്‍ എന്റെ എക്‌സ്‌പൈറി ഡേറ്റിനെക്കുറിച്ച് ഓര്‍മപ്പെടുത്തിയ സായാഹ്ന സവാരിയെക്കുറിച്ചും ആശുപത്രിയില്‍ വച്ചുണ്ടായ സംഭവവത്തെക്കുറിച്ചും ഭാര്യയോടു പറഞ്ഞു.

കഥയെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ഒരുനെടുവീര്‍പ്പിനുശേഷം ഭാര്യ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യം ഒരിക്കല്‍കൂടി ആവര്‍ത്തിച്ചു: 'ഞാനെത്ര തവണ പറഞ്ഞിട്ടുള്ളതാ ഈ മുടിയൊന്നു ഡൈ ചെയ്യാന്‍'

'ശരിയാണ്...... മുടി ഡൈ ചെയ്യണം.......... ലോ വെയ്‌സ്റ്റ് ജീന്‍സിട്ടു നടക്കണം..... പിന്നെ ഏറ്റവും അത്യാവശ്യമായിട്ട് കീഴ്ച്ചുണ്ടിനു താഴെ ആട്ടിന്‍ കാഷ്ഠത്തിന്റെ ഒരു കഷണം ഒട്ടിച്ചുവച്ചതുപോലെ കുറച്ചുമുടിയും വേണം. ഇത്രയും ചെയ്താല്‍ പ്രായം കുറഞ്ഞതായി തോന്നും.   എക്‌സ്‌പൈറിഡേറ്റില്‍ നിന്ന് തല്ക്കാലം രക്ഷപ്പെടാം'

'എന്തുപറഞ്ഞാലും ഉടനെ വരുമൊരു തമാശ...... ഞാന്‍ പോകുന്നു....... എനിക്കുവേറെ ജോലിയുണ്ട്'  ഭാര്യക്ക് ആ തമാശ അത്രക്കങ്ങിഷ്ടപ്പെട്ടില്ല.

കുറെനാള്‍ മുമ്പൊരുദിവസം അടുത്തുള്ളൊരു സൂപ്പര്‍മാര്‍ക്കറ്റില്‍ പോയപ്പോള്‍ കണ്ട 'ലോ വെയ്‌സ്റ്റ്'  അതിഗംഭീരമായിരുന്നു!  സാധനങ്ങള്‍ അടുക്കിവച്ചിരിക്കുന്ന റാക്കിലെ ഏറ്റവും അടിയിലെ തട്ടില്‍നിന്ന് ലോ വെയ്‌സ്റ്റിട്ട ഒരു യുവാവ് കുനിഞ്ഞുനിന്നെന്തോ തിരയുന്നു. അവിടേക്കുവന്ന രണ്ടു വനിതകള്‍ പെട്ടെന്നു പുച്ഛത്തിലെന്തോ പറഞ്ഞിട്ട് തിരിച്ചുപോയി. കാര്യം വെറും നിസ്സാരം.  കുനിഞ്ഞുനിന്നപ്പോള്‍ അവന്റെ ലോ വെയ്‌സ്റ്റ് കുറച്ചധികം ലോ ആയിപ്പോയി.

നിമിഷങ്ങള്‍ക്കകം കൈക്കുഞ്ഞുമായി ഒരു യുവതി ഓടിവന്ന് ലോ വെയ്‌സ്റ്റിനോടെന്തോ കുശുകുശുത്തു. അവന്‍ നിവര്‍ന്നുനിന്ന് രണ്ടുകൈയ്യുംകൊണ്ട് ജീന്‍സ് അല്പം വലിച്ചുകയറ്റി. കയറ്റിയതു കൂടിപ്പോയെന്നു തോന്നിയതിനാല്‍ വീണ്ടും താഴ്ത്തി ലോ ആക്കി.

വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ് മാന്യ ദേഹം.  എന്നിട്ടും വെയ്‌സ്റ്റ് ഇപ്പോഴും ലോ തന്നെ.


പിറ്റേന്നു ഉച്ചകഴിഞ്ഞ് ബാലഗോപാലെത്തി. അവനാകെ ഒരാഴ്ചത്തെ അവധിയേയുള്ളു.

സുഹൃത്തിനോടൊപ്പം പല സ്ഥലങ്ങളിലും പോയി. അവനേറ്റവും ഇഷ്ടം കേരളത്തിന്റെ ഗ്രാമീണഭംഗി ആസ്വദിക്കാനായിരുന്നു.

ബാലഗോപാല്‍ നാട്ടിലുണ്ടായിരുന്നതുകൊണ്ട് ഇത്തവണ ഓണം ശരിക്കും ആഘോഷിച്ചു. ദിവസങ്ങള്‍ പോയതറിഞ്ഞതേയില്ല. എത്ര പെട്ടെന്നാണ് ഒരാഴ്ച കടന്നുപോയത്.

നാളെ മടക്കയാത്രക്കുള്ള പായ്ക്കിങ്ങിന്റെ തിരക്കിലാണവന്‍.

നാട്ടില്‍ സെറ്റിലാകുന്നതിനെക്കുറിച്ചൊരു തീരുമാനമെടുക്കുന്നതിനുമുമ്പ് അവന്‍ എന്റെ അഭിപ്രായം ചോദിച്ചാലെന്തുപറയും?  ഔദ്യോഗിക ജീവിതത്തിലെ ആദ്യപകുതി വടക്കേ ഇന്ത്യയിലും ബാക്കി നാട്ടിലും ചിലവഴിച്ച ഈ സുഹൃത്തിന്റെ അഭിപ്രായം അവന്‍ ചോദിക്കാതിരിക്കില്ല.

ഒരാഴ്ചകൊണ്ട് എന്തൊക്കെ മനസ്സിലാക്കിയെന്നോ എന്തു തീരുമാനിച്ചുവെന്നോ ഞാന്‍ ചോദിച്ചില്ല........ അവന്‍ പറഞ്ഞുമില്ല..........

നാട്ടിലോട്ടുപോരുന്ന കാര്യത്തില്‍ അവന്റെ കുടുംബത്തിലുള്ളവര്‍ക്കെല്ലാം വിഭിന്ന അഭിപ്രായങ്ങളാണ്.

അച്ഛന്‍ ഫസ്റ്റ് ഗിയറില്‍..... മക്കള്‍ റിവേഴ്‌സ് ഗിയറില്‍..... ഭാര്യ ന്യൂട്രലില്‍........


നാട്ടിലെ ഇന്നത്തെ അവസ്ഥയെക്കുറിച്ചവന്‍ ചോദിച്ചാല്‍ ഞാനെന്തുപറയും?

അവിടെയുള്ളതിവിടെയില്ല............. ഇവിടെയുള്ളതവിടെയില്ല............

അവിടെയില്ലാത്തതിവിടെയുണ്ട്........... ഇവിടെയില്ലാത്തതവിടെയുണ്ട്്.............

അവിടെയും ഇവിടെയും ഉള്ളതിന്റെയും ഇല്ലാത്തതിന്റെയും പ്രാധാന്യവും താരതമ്യവും ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത്ഥമായിരിക്കും.  അപ്പോള്‍ അവന്റെയും കുടുംബത്തിന്റെയും ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിച്ചൊരു തീരുമാനമെടുക്കാന്‍ ഒരു ന്യൂട്രല്‍ അഭിപ്രായം പറയുന്നതായിരിക്കും ഭംഗി.

ഇതുപോലെ വേറൊരു സുഹൃത്തിന്റെ കുടുംബത്തിലും ഇത്തരമൊരാശയക്കുഴപ്പമുണ്ടായതോര്‍മയുണ്ട്. അടുത്തകാലത്തൊരുദിവസം പച്ചക്കറി വാങ്ങാനായി മാര്‍ക്കറ്റില്‍ പോയതായിരുന്നു. ആവശ്യമുള്ളതൊക്കെ വാങ്ങിയിട്ട് പൈസകൊടുക്കുന്ന സമയത്ത് അടുത്തുനിന്ന ഒരു  സ്ത്രീ പച്ചക്കറിക്കടക്കാരനോടുപറഞ്ഞു: 'ഏക് പാവ് ഭിണ്ടി'.  അയാള്‍ക്കതുമനസിലാകാത്തതുപോലെ ആ സ്ത്രീയുടെ നേരെ നോക്കി. ഏതോ ഹിന്ദിക്കാരിയായിരിക്കുമതെന്നു വിചാരിച്ച് ഞാന്‍ കടക്കാരനോടു പറഞ്ഞു:  കാല്‍ കിലോ വെണ്ടക്കയാണവര്‍ ചോദിക്കുന്നത്. അത്രയും പറഞ്ഞിട്ട് പോകാനായി തിരിഞ്ഞപ്പോള്‍ ആ  സ്ത്രീ ചോദിച്ചു: 'അയ്യോ...... ഇതാരാ?....... അവിടത്തെ ഓര്‍മയില്‍ പെട്ടെന്നു ഹിന്ദിയില്‍ പറഞ്ഞുപോയതാ' അതുകേട്ട് അടുത്തകടയില്‍ നില്ക്കുകയായിരുന്ന ഭര്‍ത്താവും ഓടിയെത്തി.

പണ്ട് ഭോപ്പാലില്‍ ആയിരുന്നപ്പോള്‍ തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന മലയാളി കുടുംബം.

കുശലാന്വേഷണങ്ങള്‍ക്കിടയില്‍തന്നെ അവര്‍ വെണ്ടക്കയും മറ്റു പച്ചക്കറികളും വാങ്ങി.

'എന്തുവിലയാണിവിടെ ഓരോന്നിനും?   ഒരു പാവു ഭിണ്ടിക്ക് ഏഴുരൂപ. ഭോപ്പാലിലാണെങ്കില്‍ പത്തുരൂപക്ക് ഒരുകിലൊ കിട്ടും' ഭാര്യ മൂക്കത്തു വിരല്‍ വച്ചു.

'നിങ്ങളെങ്ങനെയാ ഇവിടെ ജീവിക്കുന്നത്? എന്തുവിലയാണിവിടെ ഓരോന്നിനും?' ഭര്‍ത്താവിന്റെ സംശയം.

എന്റെ മറുപടിയൊരു മന്ദഹാസത്തിലൊതുക്കി.

'ഒന്നര വര്‍ഷം കൂടിക്കഴിഞ്ഞാലെന്റെ റിട്ടയര്‍മെന്റാണ്. അതുകഴിഞ്ഞ് നാട്ടിലേക്കുപോന്നാലോയെന്നാലോചിക്കുകയായിരുന്നു....... വേണ്ടേവേണ്ട....... ഇതാണിവിടത്തെ വിലനിലവാരമെങ്കില്‍ എങ്ങനെ ജീവിക്കും?  മരണംവരെ നമുക്കവിടെ ജീവിച്ചാല്‍ മതി' അദ്ദേഹമൊന്നിരുത്തി മൂളി....... ഭാര്യയും ശരിവച്ചൊന്നു മൂളി..... അവരുടെ വിരലിപ്പോഴും മൂക്കത്തുതന്നെ!

ഇത്രയും കാലം അന്യനാട്ടില്‍ ജീവിച്ചിട്ട് ജീവിതത്തിന്റെ സായാഹ്നത്തിലെങ്കിലും സ്വന്തം നാട്ടില്‍ കഴിയാനാഗ്രഹമുണ്ടായിട്ടും വെണ്ടക്കയുടെ വിലയില്‍തൂങ്ങി ചാഞ്ചാടുന്ന മനസ്സ് അവസാനം തീരുമാനിച്ചു: വേണ്ടാ..... നമുക്കവിടെ ജീവിച്ചാല്‍ മതി......... പത്തുരൂപക്കൊരു കിലോ വെണ്ടക്ക കിട്ടുന്ന നാട്ടില്‍........

ബാലഗോപാലിന്റെ പായ്ക്കിങ്ങ് കഴിഞ്ഞശേഷം ഞങ്ങള്‍ രണ്ടുപേരുംകൂടി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ എനിക്കൊരു ഫോണ്‍കോള്‍ വന്നു. കഴിഞ്ഞയാഴ്ച്ച ആക്‌സിഡന്റായ യുവതിയുടെ ഭര്‍ത്താവ് നിതിന്റെ ഫോണ്‍. അവന്റെ ഭാര്യ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജായി.  അവള്‍ക്കെന്നോടു നന്ദി പറയാനാണുവിളിച്ചത്.

അതുകഴിഞ്ഞ് ഞങ്ങള്‍ വീണ്ടും സംസാരം തുടര്‍ന്നു. ഞങ്ങളുടെ സംസാരവിഷയം അന്ന് ആശുപത്രിയില്‍വച്ചുണ്ടായ അനിഷ്ട സംഭവത്തിലേക്കുതിരിഞ്ഞു.

പിന്നെ സായാഹ്നസവാരിക്കിടയില്‍ വച്ചുണ്ടായ കുപ്പിയേറു സംഭവം ഞാന്‍ സുഹൃത്തിനോടുപറഞ്ഞു.

ബാലഗോപാലതിനെ നിസ്സാരവല്‍കരിച്ചു: 'ഇതൊന്നും അത്ര സീരിയസായെടുക്കേണ്ട കാര്യമൊന്നുമല്ലെടാ......  ഇവിടെ മാത്രമല്ല.... എല്ലായിടത്തും ഇതുപോലൊക്കെ സംഭവിക്കാറുണ്ട്. ശ്രദ്ധിച്ചാല്‍ നിനക്കൊരു കാര്യം മനസ്സിലാകും. നൂറു ചെറുപ്പക്കാരുടെയിടയില്‍ രണ്ടോമൂന്നോ പേരായിരിക്കും യഥാര്‍ത്ഥത്തില്‍ കുഴപ്പക്കാര്‍.  ആ രണ്ടോമൂന്നോ പേരുകാരണം യുവതലമുറ മൊത്തത്തില്‍ കുഴപ്പക്കാരായി ചിത്രീകരിക്കപ്പെടുന്നു'

സുഹൃത്തുപറഞ്ഞത് നൂറുശതമാനം ശരിയാണ്. എന്തിനധികം? ഒരു കുളത്തില്‍ ഒരു മീന്‍ ചീഞ്ഞാല്‍ മതിയല്ലൊ.....

അങ്ങനെ കുറെ അനുഭവങ്ങളുടെ ഓര്‍മയും പേറി ബാലഗോപാല്‍ ദില്ലിയിലേക്കു തിരിച്ചു.

എയര്‍പോര്‍ട്ടില്‍വച്ചു യാത്രപറയുമ്പോള്‍ അവനൊരുപദേശം തന്നു:  'നിന്റെ ദ്വേഷ്യം  കുറയ്ക്കണം.... കേട്ടോ?..... ധാര്‍മികരോഷം....... മണ്ണാങ്കട്ട.........'  രണ്ടടി നടന്നിട്ടവന്‍ തിരിഞ്ഞുനിന്നു. ചിരിച്ചുകൊണ്ട് വലതുകൈനീട്ടി 'തംപ്‌സപ'് കാട്ടിയിട്ട് കൈവീശി വീണ്ടും യാത്രപറഞ്ഞിട്ടു പോയി.

ആ 'തംപ്‌സപ്പിന്റെ' അര്‍ത്ഥം മനസ്സിലായില്ല..... ധാര്‍മികരോഷം തുടരാമെന്നോ...... വേണ്ടെന്നോ?

രണ്ടുദിവസം കഴിഞ്ഞ് അവന്റെ ഫോണ്‍ വന്നു.  അവനും ഭാര്യയും നാട്ടില്‍ സെറ്റിലാകാന്‍ തന്നെ തീരുമാനിച്ചു.

മക്കള്‍ എന്തായാലും റിവേഴ്‌സ് ഗിയറില്‍ തന്നെയാണ്. അവര്‍ക്ക് മല്ലൂസിന്റെ നാടിനേക്കാള്‍ ദില്ലിയാണിഷ്ടം.

ഭാര്യയെ പറഞ്ഞുസമ്മതിപ്പിച്ച് ന്യൂട്രലില്‍ നിന്ന് ഫസ്റ്റ് ഗിയറിലെത്തിച്ചു. ഇടക്കിടക്ക് മക്കളെയും കുടുംബത്തെയും കാണാന്‍ ദില്ലിയില്‍ വന്നും പോയുമിരിക്കാമെന്നു പറഞ്ഞപ്പോള്‍ അവള്‍ സമ്മതിച്ചു.

ഇനി രണ്ടുപേരുംകൂടി മെല്ലെ ടോപ് ഗിയറിലെത്തണം..... ഫുള്‍ ത്രോട്ടില്‍....

നാട്ടിലുണ്ടായിരുന്ന ഒരാഴ്ചകൊണ്ടവന്‍ സ്വന്തം നാടിന്റെ നന്മതിന്മകളെയൊക്കെ ഒന്നുകൂടി അവലോകനം ചെയ്തു, തിരിച്ചറിഞ്ഞു.

കാണുകയും അനുഭവിക്കുകയും ചെയ്ത തിന്മകളെയെല്ലാം അവന്‍ തൃണവല്‍ഗണിച്ചു... നന്മകളെയെല്ലാം സന്തോഷത്തോടെ സ്വീകരിച്ചു....

വെണ്ടക്കയുടെ വിലയവനെ അലട്ടിയതേയില്ല.

തുടര്‍ക്കഥയാകുന്ന ഹര്‍ത്താലുകളെയവന്‍ സഹിക്കാന്‍ തീരുമാനിച്ചു.

ചുമട്ടുതൊഴിലാളികളുടെ കൊള്ളയും നോക്കുകൂലിയും വല്ലപ്പോഴുമല്ലേയുണ്ടാവുകയുള്ളു എന്നവന്‍ ആശ്വസിച്ചു.

യുവാക്കള്‍ എക്‌സ്‌പൈറി ഡേറ്റിനെക്കുറിച്ചോര്‍മിപ്പിക്കുമെന്നുള്ളത് അവനൊരു തമാശയായിക്കണ്ടു. അതൊക്കെ അവിടെയുമുള്ളതാണ്.

അത്യാവശ്യത്തിനെന്നെങ്കിലും കൂലിപ്പണിക്കാരെ വേണ്ടിവന്നാല്‍ ബംഗാളിയുണ്ടല്ലോയെന്നവന്‍ സമാധാനിച്ചു.

തമിഴ്‌നാട്ടില്‍ നിന്നുവരുന്ന വിഷംതളിച്ച പച്ചക്കറികളില്‍ നിന്നു രക്ഷപ്പെടാന്‍ വീടിന്റെ പിന്നാമ്പുറത്തും മട്ടുപ്പാവിലും പച്ചക്കറിത്തോട്ടം നട്ടുവളര്‍ത്താനും തീരുമാനിച്ചു.  

സ്വന്തം നാട്ടില്‍ അവന്‍ എന്തോ ഒന്നു കണ്ടു.   മറ്റു തിന്മകളെയെല്ലാം കവച്ചുവക്കുന്ന ഒരു നന്മ........  മറ്റൊരിടത്തും കിട്ടാത്ത ഒന്ന്........ വിശദീകരിക്കാന്‍ പറ്റാത്ത ഒന്ന്......... ആ ഒന്നാണവനെ ഇങ്ങോട്ടുമാടിവിളിക്കുന്നത്......

                                                                ****************














Saturday, July 25, 2015

സായാഹ്നത്തിലെ സാന്ത്വനം - part-2

                
             സായാഹ്നത്തിലെ സാന്ത്വനം  

ഭാഗം-1 വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക:  
  

ഭാഗം  -2        

ഇടയ്ക്കിടക്കു ഉണ്ണിക്കുട്ടന്‍ കുസൃതികാട്ടുമ്പോള്‍ വീട്ടില്‍ ചില അശരീരികളൊക്കെ കേള്‍ക്കാറുണ്ട്: 'ഈ അപ്പൂപ്പന്‍ തന്നെയാ കൊച്ചുമോനെ കൊഞ്ചിച്ചു വഷളാക്കുന്നത്'

മകള്‍ക്കൊരു സംശയം:  'അച്ഛന്‍ ഉണ്ണിക്കുട്ടനോട് കാട്ടുന്ന സ്‌നേഹവും ലാളനയും ഞങ്ങള്‍ ഈ പ്രായത്തിലായിരുന്നപ്പോള്‍ ഞങ്ങളോടു കാട്ടിയിട്ടുണ്ടോ?'

കൊച്ചുമകനെ സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്നതുപോലെതന്നെ ആ പ്രായത്തില്‍ മക്കളെയും സ്‌നേഹിച്ചിരുന്നു, ലാളിച്ചിരുന്നു.  

പക്ഷേ ഒരു വ്യത്യാസം.  മക്കളെ സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്താല്‍ മാത്രം പോര. അവരെ ശാസിക്കേണ്ടപ്പോള്‍ ശാസിക്കണം...... അവരുടെ വളര്‍ച്ചയിലെ ഓരോ ഘട്ടത്തിലും ശ്രദ്ധിക്കണം...... തെറ്റുകള്‍ തിരുത്തണം......  

പേരക്കുട്ടികളാകുമ്പോള്‍ ആ ഉത്തരവാദിത്വങ്ങളൊക്കെ അവരുടെ മാതാപിതാക്കള്‍ക്കു വിട്ടുകൊടുക്കുന്നതല്ലേ ശരി? 

മുത്തച്ഛന്‍ തന്റെ ജീവിതത്തിന്റെ സായഹ്നവേളയില്‍ പേരക്കുട്ടികളെ സ്‌നേഹിച്ചും ലാളിച്ചും കുറച്ച് ആനന്ദം നേടിക്കൊള്ളട്ടെ.      

സ്വപ്നങ്ങള്‍ കാണാന്‍ വേറൊന്നുമില്ലല്ലോ?  സ്വപ്നം കാണാനുള്ള കാലമൊക്കെ കഴിഞ്ഞില്ലേ?

ബാക്കിജീവിതത്തില്‍ മക്കളോടും പേരക്കുട്ടികളോടുമൊപ്പം കഴിയുമ്പോള്‍ ലഭിക്കുന്ന സന്തോഷം മാത്രമല്ലേ അവശേഷിക്കുന്ന സ്വപ്നങ്ങള്‍?
അതുതന്നെയല്ലേ ഇനിയും ജീവിക്കാന്‍ മോഹിപ്പിക്കുന്നതും? 
..............................................

പൊമറേനിയനുപകരം വീടിനുപുറത്തു വളര്‍ത്തുന്ന മറ്റേതെങ്കിലും ഇനം നായക്കുട്ടിയെ വാങ്ങി അവനെ സമധാനിപ്പിക്കാന്‍ ശ്രമിച്ചുനോക്കിയാലോ?

അതിലുമുണ്ട് പ്രശ്‌നങ്ങള്‍......................

മകന്റെ വിവാഹത്തിനു മൂത്തപെങ്ങളെയും കുടുംബത്തെയും   ക്ഷണിക്കാന്‍ ഭോപ്പാലില്‍ പോയപ്പോഴുണ്ടായ അനുഭവം ഈര്‍ഷ്യയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയു.  

പെങ്ങളുടെ മകന്‍ രാജീവും അവന്റെ ഒന്‍പതാംക്ലാസുകാരന്‍ മകനും തമ്മില്‍ ഒരു തര്‍ക്കം നടക്കുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായി കയറിച്ചെന്നത്. 

മകന് കോച്ചിങ് സെന്ററില്‍ച്ചേര്‍ന്നു പഠിക്കണം.  

അതിപ്പോള്‍ വേണ്ട, പതിനൊന്നാം ക്ലാസ്സുമുതല്‍ മതിയെന്നച്ഛന്‍... കോച്ചിങ് സെന്ററിലൊക്കെ താങ്ങാനാവാത്ത  ഫീസുകൊടുക്കേണ്ടിവരും.                         
'അച്ഛന്‍ ഈ നായയ്ക്കുവേണ്ടി ചെലവാക്കുന്നതിന്റെ പകുതിപോലും   വേണ്ടല്ലോ എനിക്ക് കോച്ചിംഗ്‌സെന്ററില്‍ ഫീസുകൊടുക്കാന്‍'

മകന്റെ വാദം ന്യായം. 

ഇവിടെ മകനല്ല, അച്ഛനാണ് നായയോടുള്ള കമ്പമെന്നു വ്യക്തം. 

കുടുംബാംഗങ്ങള്‍ക്കൊപ്പമോ അതിലുമുപരിയോ  വളര്‍ത്തുമൃഗങ്ങള്‍ക്കു പരിഗണന നല്‍കുമ്പോള്‍ ഉണ്ടാകുന്ന മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളുടെ ബഹിര്‍സ്ഫുരണമാണ് ഇവിടെക്കണ്ട മകന്റെ ധാര്‍മികരോഷ പ്രകടനം.    

മക്കളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുമുന്നില്‍ പിശുക്കുകാട്ടുമ്പോഴും നായയ്ക്കുവേണ്ടി ധാരാളിത്തം കാട്ടുന്നത്തിന്റെ ഒരു ഉദാഹരണം.......... 
           
..............................

അന്ന് പെങ്ങളുടെ വീട്ടില്‍ തങ്ങി.  പിറ്റേദിവസം രാവിലെ മടക്കയാത്ര. രാജീവ് ഓഫീസില്‍ പോകുമ്പോള്‍ അവന്റെ കാറില്‍ സ്‌റ്റേഷനില്‍ വിടും.  
പെങ്ങളെയും അളിയനെയും രാജീവിനെയും കുടുംബത്തെയും പ്രത്യേകം പ്രത്യേകം ക്ഷണിച്ചു. എല്ലാവരും രണ്ടു ദിവസം മുമ്പുതന്നെ എത്തണമെന്നു   നിര്‍ബന്ധിച്ചു.     

'എല്ലാവരുംകൂടി ഒരുമിച്ചുള്ള യാത്ര നടക്കില്ല. ഇവിടെ ആരെങ്കിലും വേണം.  ടിപ്പുവിന്റെ കാര്യങ്ങളൊക്കെ നോക്കണ്ടേ?  അവന്‍ വന്നിട്ട് എട്ടുവര്‍ഷം കഴിഞ്ഞു.  അതിനിടയ്ക്ക്  ഇതുവരെ എല്ലാവരുംകൂടി ഒരുമിച്ചൊരു നീണ്ടയാത്ര പോയിട്ടില്ല. എത്ര അത്യാവശ്യമായാലും അതു നടക്കില്ല'.

അപ്പോള്‍ വീട്ടില്‍ നായയുണ്ടെങ്കില്‍ അത്യാവശ്യയാത്രകളും ഒഴിവാക്കേണ്ടിവരും! 

രാവിലെ എല്ലാപേരോടും യാത്രപറഞ്ഞിറങ്ങി. 

രാജീവ് കാറിന്റെ പിന്‍സീറ്റു തുറന്നുതന്നു.  കാറിനുള്ളില്‍ കയറിയപ്പോഴാണു കാണുന്നതു മുന്‍സീറ്റില്‍ ടിപ്പു!

'ഇവനെയും കൊണ്ടാണോ എന്നും ജോലിക്കുപോകുന്നത്?'

'അല്ല........... അങ്കിളിനെ സ്‌റ്റേഷനില്‍ വിട്ടിട്ട് ഇവനെ ഡോക്ടറെ കാണിക്കണം.  ഒരിഞ്ചെക്ഷനെടുക്കാനുണ്ട്. ഇന്നത്തേക്കാണു അപ്പോയിന്റ്‌റ്‌മെന്റ്    തന്നിരിക്കുന്നത്. അതുകഴിഞ്ഞ് ഇവനെ വീട്ടില്‍ വിട്ടിട്ടേ ഓഫീസില്‍ പോകാന്‍ പറ്റുകയുള്ളു.  അപ്പോഴേക്കും ഉച്ചയാകും. അരദിവസത്തെ ലീവു പോകും. എന്ത് ചെയ്യാനാ അങ്കിളേ, എല്ലാത്തിനും ഞാന്‍തന്നെ പോകണം'

ശരിയാണ്; സഹതാപം തോന്നി. 

രണ്ടുമിനിട്ടു കഴിഞ്ഞപ്പോള്‍ ടിപ്പു മുന്‍സീറ്റുകള്‍ക്കിടയിലൂടെ പുറകിലോട്ടു നോക്കി പല്ലിളിച്ചു. പിന്നെയൊരു കോട്ടുവായിട്ടു. 

എന്റമ്മോ.......  

പുറത്തേക്കുവിട്ട ശ്വാസം പിടിച്ചങ്ങനെ ഇരുന്നുപോയി............  ശ്വാസം അകത്തേക്കെടുക്കാന്‍ പറ്റുന്നില്ല.............   

ടിപ്പുവിന്റെ ഉള്ളില്‍നിന്നു വിജൃംഭിതമായ  'പരിമളം......' 

         'ക്ഷീരമാംസാദി ഭുജിച്ചീടിലുമമേദ്ധ്യത്തെ  
         പ്പാരാതെ ഭുജിക്കണം സാരമേയങ്ങള്‍ക്കെല്ലാം' 

പണ്ടു സ്‌കൂളില്‍ പഠിച്ചിട്ടുള്ള ആ കവിതാശകലം ഓര്‍ത്തുപോയി! 
              
'മോനേ ഒന്നു കാറുനിര്‍ത്തു.  ഒരു കാര്യം മറന്നു.  എന്റെ ഒരു സുഹൃത്ത് ഇവിടെ അടുത്തുണ്ട്.  അവനെയും ക്ഷണിക്കണം.  അവന്‍ എന്നെ സ്‌റ്റേഷനില്‍ കൊണ്ടുവിടും. എന്നെ ഇറക്കിവിട്ടിട്ടു മോന്‍ പൊയ്‌ക്കൊള്ളു' 

ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ഒരു നുണ രക്ഷയ്‌ക്കെത്തും.  

നുണപറയുന്നതു ശരിയല്ല. എന്നാലും എങ്ങനെ പറയാതിരിക്കും?       

അങ്ങനെ ടിപ്പുവില്‍നിന്നു രക്ഷപ്പെട്ടിട്ട് ഒരു ഓട്ടോറിക്ഷായില്‍ക്കയറി സ്‌റ്റേഷനിലേക്കുപോയി.

ഈ കഥയും ഉണ്ണിക്കുട്ടനോടു പറഞ്ഞിട്ടു പ്രയോജനമുണ്ടാവുമെന്നു തോന്നുന്നില്ല. 

അവനെ  പിണക്കാന്‍ കഴിയില്ല.  ശുനകനെ വീട്ടിലേക്കു ക്ഷണിക്കാനും കഴിയില്ല.      

എന്തായാലും ഒരിക്കല്‍ക്കൂടി ശ്രമിച്ചുനോക്കുകതന്നെ.    
       
അവന്‍ കാര്‍ട്ടൂണ്‍ കാണുന്നുണ്ടെങ്കിലും മുഖത്ത് പതിവുള്ള ഉത്സാഹമില്ല. 

'അപ്പൂപ്പാ വൈശാഖ്‌ചേട്ടന്റെ അപ്പൂപ്പന് സുഖമില്ല. ഹോസ്പിറ്റലില്‍ കിടത്തിയിരുക്കുകയാണ്.  ബ്രൂണോയാണ്  അപ്പൂപ്പന്റെ അസുഖത്തിനു കാരണമെന്നു പറയുന്നു.  അതുകൊണ്ട് ബ്രൂണോയെ അവിടുന്നു കൊണ്ടുപോകും'  

പതിവായി പ്രഭാതസവാരിക്ക് സഹയാത്രികനാകാറുള്ള  രാമേട്ടന്‍ രണ്ടുദിവസമായി വരുന്നില്ല.  ഇതുവരെ തിരക്കാഞ്ഞതു തെറ്റായിപ്പോയി.

അവിടെയൊരു വട്ടമേശസമ്മേളനം നടക്കുന്നതിനിടയ്ക്കാണു രാമേട്ടന്റെ അസുഖവിവരം അന്വേഷിക്കാനായി കയറിച്ചെന്നത്.  ബ്രൂണോയെ നാടുകടത്തലാണു വിഷയം.  

പൂര്‍ണ ആരോഗ്യവാനായിരുന്ന രാമേട്ടനു പെട്ടെന്നു അസുഖമുണ്ടാകാന്‍ കാരണം പട്ടിക്കുട്ടികാരണമുണ്ടായ അലര്‍ജിയാണെന്നു കുടംബഡോക്ടര്‍ തറപ്പിച്ചുപറയുന്നു.   

ബ്രൂണോ കുടുംബത്തിലെ ഒരംഗമായിക്കഴിഞ്ഞു.  വീട്ടിലെല്ലാവരും വൈകാരികമായി  അവനോടടുത്തു കഴിഞ്ഞു.  ഇനി അവനെ ഉപേക്ഷിക്കുന്ന കാര്യം അസഹനീയം.  അതേസമയം രാമേട്ടന്റെ ആരോഗ്യം അതിലും ഏറെ പ്രധാനം.

ബ്രൂണോയെ വീട്ടില്‍നിന്നു മാറ്റണമെന്ന് മനസ്സില്ലാമനസ്സോടെ തീരുമാനിച്ചു കഴിഞ്ഞു.  എങ്ങോട്ടുമാറ്റും? അതാണ് ഇപ്പോഴത്തെ ചിന്താവിഷയം.

അതിനിടയ്ക്ക് ഒരു അപ്പീലുകൂടിയുണ്ട്......... രാജഗോപാലിന്റെമുമ്പാകെ വൈശാഖ്‌മോന്റെ അപ്പീല്‍........   ബ്രൂണോയെ വീട്ടില്‍നിന്നു മാറ്റാനുള്ള തീരുമാനം പുനപ്പരിശോധിക്കണം.............  മറ്റെന്തെങ്കിലും വഴി കാണണം........

രാജഗോപാല്‍ ധര്‍മ്മസങ്കടത്തിലായി..... എന്തു ചെയ്യും?  

വാനപ്രസ്ഥത്തിനു പുറപ്പെടാന്‍ വിടപറയുന്ന മാതാപിതാക്കളെ നിറകണ്ണുകളോടെ നോക്കിനില്‍ക്കുന്ന മകനെപ്പോലെ ബ്രൂണോയെനോക്കി കണ്ണുനീരൊഴുക്കുന്ന വൈശാഖ്‌മോന്‍ ഒരുവശത്ത്............... 

മകന്റെ ദുഃഖം താങ്ങാനാവാതെ മൂക്കുചീറ്റലും നെടുവീര്‍പ്പുകളുംകൊണ്ടു ഒരു ശോകഗാനത്തിനു പശ്ചാത്തലസംഗീതമൊരുക്കി ബ്രൂണോക്കുവേണ്ടി ദയാഹര്‍ജ്ജിയുമായി നില്ക്കുന്ന ഭാര്യ മറുവശത്ത്..............  

ഇതികര്‍ത്തവ്യതാമൂഢനായി ഇരിക്കുമ്പോള്‍ അയാളുടെ മനസ്സില്‍ പെട്ടെന്നോര്‍മ്മവന്നു അമ്മയുടെ താക്കീത്:   'പട്ടിക്കുട്ടിയെ വീട്ടില്‍ നിന്നുമാറ്റിയില്ലെങ്കില്‍  ഹോസ്പിറ്റലില്‍നിന്നു ഡിസ്ചാര്‍ജാകുമ്പോള്‍ നിന്റെ അച്ഛനെയുംകൊണ്ടു ഞാനെങ്ങോട്ടെങ്കിലും പോകും'

ഭര്‍ത്താവിന്റെ ആരോഗ്യകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത അമ്മയുടെ താക്കീതിനുമുന്നില്‍  മകന്‍ പകച്ചുനിന്നു.                         
അവരുടെ കൂടിയാലോചനയ്ക്കു തടസ്സമാകാതിരിക്കാന്‍ ഉടനെ തിരിച്ചുപോന്നു. 

അത്താഴം കഴിഞ്ഞു വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉണ്ണിക്കുട്ടന്‍വന്നു മടിയില്‍ കയറിയിരുന്നു............ കെട്ടിപ്പിടിച്ചൊരുമ്മതന്നു..............
    
ബ്രൂണോയെ ആര്‍ക്കെങ്കിലും കൊടുക്കാന്‍ തീരുമാനിച്ചവിവരം അവന്‍ വൈശാഖില്‍ നിന്നു മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.  അതിനെ നമുക്കു വാങ്ങാമെന്നു പറയാനുള്ള തയ്യാറെടുപ്പാണെന്നു വ്യക്തം.
      
എന്തുചെയ്യും? എന്തുപറഞ്ഞ് ഒഴിവാക്കും? ധര്‍മ്മസങ്കടത്തിലായി.

'നമുക്കിനി പട്ടിക്കുട്ടിയെ വാങ്ങണ്ട അപ്പൂപ്പാ'

'ങേ......? അതെന്താ മോനു?'

'വീട്ടില്‍ പട്ടിക്കുട്ടി വന്നാല്‍ എന്റെ അപ്പൂപ്പനും അസുഖം വരും'.               
വിശ്വസിക്കാന്‍ കഴിഞ്ഞില്ല! 

ബെന്നിയോടൊപ്പം കളിക്കാനും പാര്‍ക്കിലും ബീച്ചിലുമൊക്കെ പോകാനുമുള്ള അവന്റെ സ്വപ്നങ്ങള്‍ മുങ്ങിത്താണുപോയി, ആ കൊച്ചുമനസ്സിലെ സ്‌നേഹത്തിന്റെ ആഴക്കടലില്‍!       

അവനെ കെട്ടിപ്പിടിച്ച് നെറുകയില്‍ ചുംബിച്ചപ്പോള്‍ അവന്റെ നെറ്റിത്തടം നനഞ്ഞു. കുതിച്ചുചാടിയ കണ്ണുനീരിനെ തടയാന്‍ കഴിഞ്ഞില്ല.  

'അയ്യേ...... അപ്പൂപ്പനെന്താ കരയുന്നത്?'

അവന്റെ സ്‌നേഹം കണ്ടപ്പോഴുണ്ടായ വികാരത്തള്ളലില്‍ പുറത്തുചാടിയ ആനന്ദാശ്രുവായിരുന്നുവെന്നു പറഞ്ഞാല്‍ അവനു മനസ്സിലാവില്ലല്ലോ? 

അവനെ മാറോടണച്ച് മുത്തങ്ങള്‍കൊണ്ടു പൊതിയുമ്പോള്‍ കൊതിച്ചുപോയി ഇനിയും കുറേക്കാലം അവനോടൊപ്പം ജീവിക്കണമെന്ന്. 
    

                                                                     *************

Thursday, July 23, 2015

സായാഹ്നത്തിലെ സാന്ത്വനം - Part-1


സായാഹ്നത്തിലെ സാന്ത്വനം

ഭാഗം 1

ഗേറ്റുതുറന്ന് അകത്തുകയറിയപ്പോഴേക്കും വാതില്‍ക്കല്‍ നില്ക്കുകയായിരുന്ന   ഉണ്ണിക്കുട്ടന്‍  ഓടിവന്നു കൈനീട്ടി, അവനെ എടുക്കാന്‍. 
  
എടുത്തു മാറോടുചേര്‍ത്തപ്പോള്‍ അവന്‍ രണ്ടു കൈകളും കഴുത്തില്‍ ചുറ്റി കെട്ടിപ്പിടിച്ചുകൊണ്ട് രണ്ടുകവിളുകളിലും മാറിമാറി തെരുതെരെ മുത്തം തന്നു. 

സമയം ആറേമുക്കാല്‍!   ആറുമുതല്‍ ഏഴുവരെ അവനു കാര്‍ട്ടൂണ്‍ കാണാന്‍ അനുവദിച്ചിട്ടുള്ള സമയമാണ്.  അവന്‍ സമരം ചെയ്തു നേടിയെടുത്ത അവന്റെ അവകാശം!

ആ സമയത്ത് അവനെ ആരും ഡിസ്റ്റര്‍ബ് ചെയ്യാന്‍ പാടില്ല. അതും അവന്റെ അവകാശമാണ്!   ആരെങ്കിലും ഒന്ന് വിളിച്ചുപോയാല്‍  ഉടന്‍ വരും അവന്റെ മറുപടി: 'എന്നെ ഡിസ്റ്റര്‍ബ് ചെയ്യരുത്'

അത്ര ശ്രദ്ധയോടെയിരുന്നു കാര്‍ട്ടൂണ്‍ ആസ്വദിക്കും.  ഇടയ്ക്കിടെ ഉറക്കെ ചിരിക്കും. സെറ്റിയില്‍നിന്നിറങ്ങി ചാടും. 

അതിനിടയ്ക്ക് അവനെ ഡിസ്റ്റര്‍ബ് ചെയ്യാമോ? 

അതിനിടയ്ക്കാണ്  ഓഫീസില്‍ നിന്നുവരുന്നതെങ്കില്‍ അരമിനിറ്റ് അവന്‍ അപ്പൂപ്പന് അനുവദിക്കും. ആ അരമിനിറ്റിനുള്ളില്‍ അവനെ എടുത്ത് മുത്തം കൊടുക്കുമ്പോഴും അവന്‍ തിരിച്ചുതരുമ്പോഴും അവന്റെ കണ്ണുകള്‍ TV   സ്‌ക്രീനിലായിരിക്കും.  ഭാഗ്യവശാല്‍ ആ സമയത്ത് ബ്രേക്കുവന്നാല്‍ അവന്‍ അനുവദിച്ച അരമിനിറ്റ് കുറച്ചുകൂടി നീട്ടിക്കിട്ടും. പിന്നെയവന്‍  ചാടിയിറങ്ങി കാര്‍ട്ടൂണില്‍ മുഴുകും. 

ഏഴുമണിക്ക്   റിമോട്ട് കന്റ്‌റോള്‍ മനസ്സില്ലാമനസ്സോടെ  അമ്മൂമ്മയ്ക്കു കൈമാറുന്നതുവരെ. 

അമ്മൂമ്മയ്ക്കും ഇല്ലേ ചില അവകാശങ്ങളൊക്കെ? ......

ചന്ദനമഴ......... കുങ്കുമപ്പൂക്കള്‍..................  സ്ത്രീ...........  സ്ത്രീയൊരു മാലാഖ........ സ്ത്രീയൊരു ദേവി..............  സ്ത്രീയൊരു ജ്വാല............   അങ്ങനെ എല്ലാം കാണണ്ടേ?  അത് അമ്മൂമ്മയുടെ  അവകാശമല്ലേ?

അപ്പോഴേക്കും അവന്റെ അമ്മ മോന്റെ ഹോംവര്‍ക്ക് ചെയ്യിക്കാനുള്ള ബുക്കുകളുമായി തയ്യാര്‍, ഒരു ഹെഡ്മിസ്റ്റ്രസ്സിന്റെ ഗൗരവത്തോടെ!
അതൊക്കെ പതിവുള്ള കാര്യങ്ങള്‍.

എന്നാല്‍ ഇന്നവന്‍ കാര്‍ട്ടൂണ്‍ കാണേണ്ട സമയത്ത് അപ്പൂപ്പനെ കാത്ത് പുറത്തുനില്‍ക്കുന്നു!  അപ്പൂപ്പന്റെമേല്‍ ചാടിക്കയറി തെരുതെരെ മുത്തം നല്കുന്നു! 

അഞ്ചുവയസ്സേ ആയിട്ടുള്ളുവെങ്കിലും ആളൊരു കൗശലക്കാരനാണ്! 

അപ്പൂപ്പനെക്കൊണ്ട് എന്തെങ്കിലും കാര്യം നേടാനുണ്ടാവും. 

അവന്‍ മുഖവുരയില്ലാതെ കാര്യത്തിലേക്കുകടന്നു. അവന്റെ കാത്തുനില്പും തെരുതെരെയുള്ള മുത്തംനല്കലും വാസ്തവത്തില്‍ അവനുപറയാനുള്ള കാര്യത്തിന്റെ മുഖവുര തന്നെയായിരുന്നു.

'അപ്പൂപ്പാ, വൈശാഖ് ചേട്ടന്റെ വീട്ടില്‍ പപ്പി വന്നു'. 

'പപ്പിയോ? അതാരാ?'

'ഓ.............  ഈ അപ്പൂപ്പനൊന്നുമറിയില്ല.................... മണ്ടന്‍................... പപ്പി എന്നുവച്ചാല്‍ പട്ടിക്കുട്ടി'. 

'ങാ..................   ആ പപ്പിയോ?  ഞാന്‍ വിചാരിച്ചു ഇത്തിക്കരപ്പക്കിയെപ്പോലെ ആരോ ആണെന്ന്'. 

'അപ്പൂപ്പാ......... തമാശ പറയല്ലേ, ഞാന്‍ സീരിയസ്സായിട്ടാണു പറയുന്നത്'.

അഞ്ചുവയസ്സുകാരനും സീരിയസ്സാകുന്ന കാലം!     

'ശരി, ഞാനും സീരിയസ്സ്.   ഇനി അപ്പൂപ്പന്റെ ഉണ്ണിക്കുട്ടന്‍ പറയു, പപ്പി വന്നിട്ട്?' 

'പപ്പി വന്നതല്ല, വാങ്ങിയതാണ്.  വൈശാഖ് ചേട്ടന്റെ അച്ഛന്‍ കടയില്‍നിന്നു വാങ്ങിയതാ............. ബ്രൂണോ എന്നാ പേരിട്ടത്. അപ്പൂപ്പാ.......... നമുക്കുമൊരു പപ്പിയെ വാങ്ങാമോ?' 

'നമുക്ക് വേണ്ട മോനേ, മോന് അപ്പൂപ്പന്‍ ഒരു വലിയ റ്റെഡിബെറും റിമോട്ട്    കന്റ്‌റോള്‍ കാറും..................  പിന്നെ ഏറോപ്ലേനും വാങ്ങിത്തരാം'.

'അപ്പൂപ്പാ....... എനിക്കു ദേഷ്യം വരും.......... കേട്ടോ?  ജീവനുള്ള പപ്പിയെ വാങ്ങാന്‍ പറഞ്ഞപ്പോഴാ റ്റെഡിബെറും  കാറും'. 

'ശരി, ഞാന്‍ നോക്കട്ടെ'

'അപ്പൂപ്പാ.......... ഇപ്പം പോകാം വാങ്ങാന്‍........   പ്ലീസ്..............'                     
അപ്പോഴേക്കും അവന്റെ അമ്മ  തയ്യാര്‍……… ഹോംവര്‍ക്ക് ബുക്കുമായി.

'മോന്‍ പോയി ഹോംവര്‍ക്ക് ചെയ്യു.   നമുക്ക് പിന്നൊരു ദിവസം പപ്പിയെ വാങ്ങാം'  

അവന്‍ പിണങ്ങി..................... പിന്നെ 'ഹെഡ്മിസ്റ്റ്രസ്സിന്റെ' മുന്നില്‍ വഴങ്ങി. 

ഉറങ്ങാന്‍ കിടക്കുമ്പോള്‍ പതിവുപോലെ  ഗുഡ്‌നൈറ്റ് മുത്തം തന്നതിനുശേഷം പിന്നെയുമവന്‍ സോപ്പ് പതപ്പിച്ചു!

'അപ്പൂപ്പന് തലവേദനയുണ്ടോ?  ഞാന്‍ തടവിത്തരാം' 

നെറ്റിയില്‍ തടവിത്തന്നുകൊണ്ടിരുന്ന അവന്റെ കുഞ്ഞുകൈ പിടിച്ച് ഉള്ളംകൈയില്‍ ഒരു ഉമ്മ കൊടുത്തു. 

'മോന്‍ പോയി ഉറങ്ങിക്കൊള്ളു'

പോകുന്നതിനുമുമ്പ് അവന്‍ ഒരിക്കല്‍ക്കൂടി പപ്പിയുടെ കാര്യം ഓര്‍മ്മിപ്പിച്ചു.

ഉണ്ണിക്കുട്ടന്റെ മനസ്സില്‍നിന്ന് പപ്പിയുടെ കമ്പം മാറ്റാനെന്താണു വഴി? 

ശുനകനെ വീട്ടില്‍ക്കയറ്റിയാല്‍ അപകടം പലതാണ്.   

ഒരിക്കല്‍ ഒരു പഴയ സുഹൃത്തിന്റെ വീട്ടില്‍ പോകേണ്ടിവന്നു. 

കാളിംഗ്  ബെല്ലടിച്ചപ്പോള്‍  ആദ്യം വാതില്ക്കലെത്തിയത് ഒരു പൊമറേനിയന്‍.    

പിന്നെ സുഹൃത്തിന്റെ ഭാര്യയെത്തി  വാതില്‍തുറന്ന് ആഗതനെകണ്ടിട്ട് 'അയ്യോ, ഇതാരാ വിന്നിരിക്കുന്നെ! കുറെ നാളായല്ലോ കണ്ടിട്ട്, കയറി വരണം'  എന്നു  പറഞ്ഞുപൂര്‍ത്തിയാക്കുന്നതിനുമുമ്പുതന്നെ ശ്വാനകുമാരനു കാര്യം മനസ്സിലായി  'നമുക്കു വളരെ വേണ്ടപ്പെട്ട ആളാണല്ലോ  വന്നിരിക്കുന്നത്'. 
   
പിന്നെ  ആഗതനെ ഒന്ന് നക്കിയതിനുശേഷമേ അവനു സമാധാനമായുള്ളു. 

ആഗതനെ അകത്തേക്കാനയിച്ച് ഇരുത്തിക്കഴിഞ്ഞപ്പോള്‍ പിന്നെ ബാക്കി   അതിഥിസല്‍ക്കാരകര്‍മ്മങ്ങള്‍ പൊമറേനിയന്റെ വക.........  പിന്നെയും   നക്കല്‍............  മടിയില്‍ കയറിയിരിക്കല്‍.......... രണ്ടുമുന്‍കാലുകളും കൊണ്ടു മാറിമാറി മാന്തല്‍.........   

ശുനകന്റെ നക്കലും മാന്തലുമൊക്കെ 'ആസ്വദിച്ച്' അവനില്‍നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നാലോചിച്ച്, എന്നാല്‍ അതിഥിമര്യാദയുടെ മേലങ്കിയണിഞ്ഞ് അസഹിഷ്ണുത പുറത്തുകാട്ടാനാവാതെ  ഇളിഭ്യനായി ഇരിക്കുമ്പോള്‍ വീട്ടുകാരനും വീട്ടുകാരിയും മക്കള്‍മാഹാത്മ്യം പറയുന്നതിനേക്കാള്‍ കൂടുതല്‍ ഉത്സാഹത്തോടെ ശ്വാനന്‍മോനെക്കുറിച്ചുള്ള വര്‍ണ്ണനയില്‍ മുഴുകി സായുജ്യമടയുകയായിരുന്നു.  

ശ്വാനപ്രദര്‍ശനത്തിനു കൊണ്ടുപോയതും എന്നാല്‍ വിധികര്‍ത്താക്കളുടെ അസൂയയും പക്ഷപാതപരമായ മാര്‍ക്കിടലും കാരണം ഒന്നാംസമ്മാനം നഷ്ടമായതും ഒക്കെ വച്ചങ്ങുകാച്ചി! 

സുഹൃത്തുമായി സംസാരിച്ചിരിക്കുന്നതിനിടയ്ക്കു തീന്‍മേശമേല്‍ വിഭവങ്ങള്‍ ഒന്നൊന്നായി നിരന്നുതുടങ്ങി. 

ലഞ്ചിനുള്ള സമയമായതിന്റെ സൂചന. 

ഊണു കഴിക്കാതെ സുഹൃത്ത് വിടുമെന്നു തോന്നുന്നില്ല. നല്ല വിശപ്പുമുണ്ട്.

പൊമറേനിയന്‍ ഒറ്റച്ചാട്ടത്തില്‍ കസ്സേരയിലും അവിടെന്നിന്നു തീന്‍മേശപ്പുറത്തും കയറി.   

ആവിപറക്കുന്ന വിഭവങ്ങളെല്ലാം മണത്തുനോക്കി. ശുനകന്റെ ഘ്രാണശേഷി അപാരമാണല്ലൊ! അവനു വിഭവങ്ങളെല്ലാം നന്നേ ഇഷ്ടപ്പെട്ടു!  

അതിന്റെയെല്ലാം സ്വാദ് ഘ്രാണേന്ദ്രിയംകൊണ്ടാസ്വദിച്ചിട്ട് അവന്‍ ഒന്ന് സടകുടഞ്ഞെണീറ്റുനിന്നു.  

ഹാ...... എന്തൊരു ഭംഗി!................ അവന്റെ ശരീരത്തില്‍നിന്നു പൊഴിഞ്ഞുപൊങ്ങിയ തൂവെള്ള രോമങ്ങള്‍ പറന്നുയര്‍ന്നു.  

അപ്പൂപ്പന്‍താടിപോലെ കുറേസമയം പറന്നശേഷം ആ രോമങ്ങള്‍ മെല്ലെ താണുവന്ന് തീന്‍മേശമേല്‍ കാത്തിരിക്കുന്ന വിഭവങ്ങളിലെല്ലം മേമ്പൊടിവിതറി. 

മൂന്നാറിലെ ഹോട്ടല്‍മുറിയില്‍ ഒരു ശരത്കാലപ്പുലരിയില്‍ തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്കുനോക്കിനിന്ന് പ്രകൃതിസൗന്ദര്യം ആസ്വദിക്കുമ്പോള്‍ മലഞ്ചെരുവില്‍ തളിര്‍ത്തുനില്ക്കുന്ന തേയിലച്ചെടികള്‍ക്കുമേല്‍ തുഷാരബിന്ദുക്കള്‍ പതിക്കുന്ന പ്രകൃതിരമണീയത ഓര്‍മ്മയുടെ ക്യാന്‍വാസില്‍ തെളിഞ്ഞുവന്നു.     
അത്ര മനോഹരമായിരുന്നു പൊമറേനിയന്‍ പറത്തിവിട്ട തൂമഞ്ഞുപോലുള്ള  മൃദുരോമങ്ങള്‍ തീന്‍മേശയിലെ വിഭവങ്ങള്‍ക്കുമേല്‍ പതിക്കുന്ന കാഴ്ച!           

ഉച്ചഭക്ഷണത്തിനു ശുനകന്റെവക 'ടോപ്പിംഗ്‌സ്' 

തീന്‍മേശമേലിരുന്നു മാടിവിളിക്കുന്ന വിഭവങ്ങള്‍ക്കുമേല്‍ പൊമറേനിയന്‍ മേമ്പൊടി വിതറുന്ന നയനമനോഹര കാഴ്ച കണ്ടപ്പോള്‍ തന്നെ   വയറുനിറഞ്ഞു!  വിശപ്പു പമ്പകടന്നു!  

സുഹൃത്തിനോടെന്തുപറയും? 

ഒരു കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള വഴിയെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നതിനുമുമ്പുതന്നെ മന്ദഹാസത്തില്‍പ്പൊതിഞ്ഞ ക്ഷണവുമായെത്തി സുഹൃത്തിന്റെ വാമഭാഗം.  

ഉച്ചഭക്ഷണത്തിനു ഭര്‍ത്താവിന്റെ സുഹൃത്തിനുവേണ്ടി വിശിഷ്ടവിഭവങ്ങള്‍   തത്ക്ഷണം തയ്യാറാക്കാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തി ആ പ്രഫുല്ലവദനത്തില്‍ പ്രകടമായിരുന്നു. 

പെട്ടെന്നൊരു നുണ രക്ഷയ്‌ക്കെത്തി.

'അയ്യോ.... സോറി.... ഞാന്‍ പറയാന്‍ മറന്നു. ഇന്നു വ്യാഴാഴ്ച്ചയല്ലേ? ഞാനൊരു ഹനുമാന്‍ഭക്തനാണ്.  എല്ലാ വ്യാഴാഴ്ചയും മുടങ്ങാതെ വ്രതം നോക്കുന്നുണ്ട്'

ഹനുമാന്‍ ക്ഷേത്രത്തിന്റെ അടുത്തുകൂടിപ്പോലും പോയിട്ടില്ലാത്തവന്റെ നുണ അവര്‍ വിശ്വസിച്ചുവെങ്കിലും, അതവരെ ദുഖിപ്പിച്ചു. സുഹൃത്തിന്റെ ഭാര്യയുടെ കോമളവദനം നിമിഷംകൊണ്ട് നിഷ്പ്രഭമായി.

അതിഥിസല്‍ക്കാരത്തില്‍ ആനന്ദം കണ്ടെത്തുന്ന ഒരു സമ്പന്നമനസ്സിനുടമയായ വീട്ടമ്മയെ വേദനിപ്പിക്കേണ്ടിവന്നതില്‍ കുറ്റബോധം തോന്നിയെങ്കിലും നിസ്സഹായനായിപ്പോയി.

'സോറി................. നിങ്ങള്‍ കഴിക്കൂ............... ഞാനിറങ്ങട്ടെ. എനിക്കുപോയിട്ട് ഒരത്യാവശ്യവുമുണ്ട്.'

ഭക്ഷണം കഴിക്കാനായി വേറൊരു ദിവസം വരാമെന്ന് മറ്റൊരുകള്ളം കൂടി പറഞ്ഞിട്ടു യാത്രപറഞ്ഞിറങ്ങി. 

ഇതുപോലൊരു പപ്പിയെ വാങ്ങാനാണ് ഉണ്ണിക്കുട്ടന്‍ ശാഠ്യം പിടിക്കുന്നത്. 

എങ്ങനെ വാങ്ങും? വാങ്ങിയാല്‍ 'ടോപ്പിംഗ്‌സ്' ഇല്ലാതെ ഭക്ഷണം കഴിക്കാന്‍ പറ്റുമോ? 

ദിവസവും ഉണ്ണിക്കുട്ടന്‍ പപ്പിയെ വാങ്ങുന്ന കാര്യം ഓര്‍മ്മിപ്പിക്കും. എന്നും എന്തെങ്കിലും ഒഴികഴിവുകള്‍ പറഞ്ഞോ പകരം കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്തോ അവനെ സമാധാനിപ്പിക്കും.  അതുകൊണ്ടൊന്നും അവന്‍ സംതൃപ്തനല്ല. അവന്റെ പപ്പിക്കമ്പം വര്‍ദ്ധിച്ചതേയുള്ളു. 

ഒരുദിവസം അവന്‍ ചോദിച്ചു: 'അപ്പൂപ്പന് പട്ടിയെ ഇഷ്ടമല്ലേ?' 

“അയ്യോ മോനേ പതുക്കെപ്പറയൂ....... മഞ്ജരി രവിദാസോ മറ്റോ കേട്ടാല്‍ കുഴപ്പമാകും”.  

തെരുവുനായ്ക്കളെ തുറിച്ചുനോക്കുന്നതുപോലും കുറ്റകരമാക്കിക്കൊണ്ടു നിയമം നിര്‍മ്മിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് അവരൊക്കെ!  

'അപ്പൂപ്പന്‍ പറഞ്ഞിട്ടില്ലേ കൊച്ചുകുട്ടികള്‍  TV കാണുന്നതു കണ്ണിനു കേടാണെന്ന്?  പപ്പിയെ വാങ്ങിയാല്‍ പിന്നെ ഞാന്‍  TV കാണുകയേ ഇല്ല.  പ്രോമിസ്...... നമുക്കവന് ബെന്നി എന്ന് പേരിടാം.   ഹാ...... അവന്റെ  കൂടെ കളിക്കാന്‍ എന്ത് രസമായിരിക്കും!  പിന്നെ ബെന്നിയെയും കൊണ്ട് നമുക്ക് പാര്‍ക്കിലും ബീച്ചിലും ഒക്കെ പോകാം'    
പട്ടിയെയും പൂച്ചയെയും വീട്ടില്‍ വളര്‍ത്തുന്നത് മോശമായ കാര്യമല്ല. വീട്ടിനുള്ളില്‍ അവയുടെ വിഹാരരംഗങ്ങള്‍ക്ക് പരിധിയേര്‍പ്പെടുത്താതെ കിച്ചണിലും ഡൈനിംഗ് ടേബിളിലുമൊക്കെ യഥേഷ്ടം നിരങ്ങാനുള്ള സൗകര്യം ചെയ്തുകൊടുക്കുമ്പോഴും കൂടെകിടത്തി ഉറക്കുമ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നുപറഞ്ഞാല്‍ അത് മനസ്സിലാക്കാനുള്ള പ്രായം ഉണ്ണിക്കുട്ടനായിട്ടില്ലല്ലോ.  

അവന്റെ ഒരു ചെറിയ ആഗ്രഹം സാധിച്ചുകൊടുക്കാത്ത അപ്പൂപ്പനോട് അവന്റെ മനസ്സില്‍ വെറുപ്പു നാമ്പിടുമോ? അത് സഹിക്കാന്‍ പറ്റില്ല. അവനോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും അനുഭവിക്കുന്ന ആനന്ദം......... അതു നഷ്ടപ്പെടുത്താന്‍ പറ്റില്ല.

സ്വകാര്യദുഃഖങ്ങള്‍ മനസ്സിനെ അലട്ടുമ്പോള്‍ വേദനിപ്പിക്കുന്ന ഓര്‍മ്മകളെ താത്ക്കാലികമായെങ്കിലും വിസ്മൃതിയിലേക്കു തള്ളിവിടാന്‍ കഴിയുന്ന നിമിഷങ്ങള്‍ ഉണ്ണിമോനോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങള്‍............ ജീവിതസായാഹ്നത്തിലെ സാന്ത്വനം.........




                                                                                                                                     തുടരും.......

ഭാഗം 2 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

http://kathayilekaaryangal.blogspot.in/2015/07/sayahnaththile-santhvanam-part-2_25.html


      

Friday, July 17, 2015

ഗ്രഹങ്ങൾ സാക്ഷി - Part-2



                          
                                          ഗ്രഹങ്ങൾ സാക്ഷി

ഭാഗം-1 വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക



ഭാഗം – 2

രാവും പകലും മാറിയും മറിഞ്ഞും വന്ന ചിന്തകളെ ദിവസങ്ങളോളം മനസ്സിലിട്ടു മഥനം ചെയ്തിട്ടെടുത്ത തീരുമാനം.

തന്റെ ജീവിതം ജീവിക്കാനുള്ള ന്യായമായ അവകാശത്തിനെതിരെ അനര്‍ത്ഥങ്ങളായ വാദങ്ങളുന്നയിച്ചു തടസ്സംനില്ക്കുന്ന അച്ഛന്റെ അന്ത്യശാസനത്തെ അവഗണിക്കാനും ദിവാകരപ്പണിക്കരുടെ അബദ്ധജല്പനങ്ങളെ തൃണവല്‍ഗണിക്കാനും അവള്‍ക്കു അധികം ചിന്തിക്കേണ്ടിവന്നില്ല. അതിനവള്‍ തന്റെ മനസ്സിനെ പാകപ്പെടുത്തിക്കഴിഞ്ഞു. 

എന്നാല്‍ അവളുടെ ഒരേയൊരു ദൗര്‍ബല്യം....  അമ്മ....... അമ്മയുടെ കലവറയില്ലാത്ത മാതൃവാത്സല്യം......... 

അച്ഛനെപ്പോലെ അമ്മയും ശാസിച്ചിരുന്നുവെങ്കില്‍ അതിനെ എതിര്‍ക്കുകയോ അവഗണിക്കുകയോ ചെയ്യാമായിരുന്നു. 

താന്‍ ശ്വാസോച്ഛ്വാസം ചെയ്യുന്നതുപോലും മകള്‍ക്കുവേണ്ടിയാണെന്നു തോന്നിക്കുന്നവിധം ജീവിക്കുന്ന അമ്മ...  

ചെറുപ്പംമുതല്‍ ജോത്സ്യത്തിലും ജാതകപ്പൊരുത്തത്തിലും ശകുനത്തിലുമൊക്കെ അന്ധമായിവിശ്വസിച്ചു ജീവിച്ചുപോന്ന നാട്ടിന്‍പുറത്തുകാരി.....

ജയദേവനെ തന്റെ മകള്‍ വിവാഹംകഴിച്ചാല്‍ അവളുടെ ജീവനുതന്നെ   ഭീഷണിയാകുമെന്നു ഭയപ്പെടുത്തിയപ്പോള്‍ ഞെട്ടിപ്പോയി...... 

എത്ര ശ്രമിച്ചിട്ടും ആ ഞെട്ടലില്‍നിന്ന് അമ്മയെ കരകയറ്റാന്‍ കഴിയുന്നില്ല.  
'മോളേ നീ അവിവേകമെന്തെങ്കിലും കാട്ടിയാല്‍ പിന്നെയീ അമ്മ ഒരുനിമിഷംപോലും ജീവിച്ചിരിക്കില്ല' എന്നു പറഞ്ഞപ്പോള്‍ ആ മാതൃഹൃദയത്തില്‍നിന്നു പുറത്തുവന്ന തേങ്ങലുകള്‍, വിങ്ങിപ്പൊട്ടലുകള്‍.......

വയ്യാ..... ഇനി ഒന്നും ചിന്തിക്കാന്‍ വയ്യാ..... 

എനിക്കെന്റെ അമ്മയെ വേണം.....   

അവള്‍ മനസ്സിലൊരു ശവദാഹം നടത്തി.  

തന്റെ സ്വപ്നങ്ങളുടെ ശവദാഹം.

പിന്നെയവള്‍ ഒരു ജീവച്ഛവമായി മാറി.  

ജയദേവന്‍ മാഷിന്റെ ഫോണ്‍വന്നു. അവള്‍ എടുത്തില്ല.  

ഫോണ്‍ബെല്ലിനേക്കാള്‍ ഉച്ചത്തിലവള്‍ കരഞ്ഞു.  ബെല്ലടിച്ചു തീര്‍ന്നപ്പോള്‍ ആ ഫോണെടുത്തു മാറോടു ചേര്‍ത്തവള്‍ തേങ്ങിക്കരഞ്ഞു.


പിന്നെ സ്‌കൂളില്‍ കണ്ടതു പുതിയൊരു ശാലിനിയെയായിരുന്നു.

നിര്‍വികാരയായ, പ്രസരിപ്പ് നഷ്ടപ്പെട്ട ഒരു ദുഖപുത്രി. 

അവള്‍ ജയദേവന്‍ മാഷെ നേര്‍ക്കുനേര്‍ കാണുന്നതു മനപ്പൂര്‍വം ഒഴിവാക്കി. 

ഒരുനാള്‍ മാഷ് അവളെ തടഞ്ഞുനിര്‍ത്തി കാര്യം ചോദിച്ചു. 

അവള്‍ മുഖമുയര്‍ത്താതെ, ആ കണ്ണുകളില്‍ നോക്കാന്‍ കഴിയാതെ മറുപടി നല്‍കി. വിറയാര്‍ന്ന അധരങ്ങളാല്‍............  കണ്ണൂനീരില്‍ കുതിര്‍ന്ന ഏതാനും വാക്കുകളാല്‍..........      
എന്നിട്ടവിടെനിന്നവള്‍ ഓടിമറഞ്ഞു.  

ജയദേവന്‍ മാഷ് ജോലി രാജി വച്ചുപോയി.........  അവളുടെ ജീവിതത്തില്‍ നിന്നും ആ നാട്ടില്‍നിന്നും എങ്ങോ പോയിമറഞ്ഞു. 

ശാലിനി കരയാറില്ല........ ചിരിക്കാറില്ല.........

ദുഃഖിക്കാറില്ല....... സന്തോഷിക്കാറില്ല......... 

അവള്‍ക്കു വികാരങ്ങളില്ല...... വിചാരങ്ങളില്ല....... 

മനസിന്റെ അവസ്ഥ ഒന്നുമാത്രം......... നിര്‍വികാരത........ 

അവള്‍ സ്‌കൂളില്‍പോയി....... കുട്ടികളെ പഠിപ്പിച്ചു........

അച്ഛന്‍ പറയുന്നതെന്തും ഏറ്റുവാങ്ങി.  

അമ്മ പറയുന്നതെല്ലാം യാന്ത്രികമായി ചെയ്തു........

ആ പ്രക്രിയകള്‍ക്കെല്ലാം സാക്ഷ്യം വഹിച്ചുകൊണ്ടു കാലം അതിന്റെ പ്രയാണം തുടര്‍ന്നു. 

ഋതുഭാവങ്ങള്‍ മാറിമാറിവന്നതവളറിഞ്ഞില്ല.    

ഗ്രീഷ്മത്തിലെ ചൂടുകാറ്റവളെ അലട്ടിയില്ല.   

വര്‍ഷത്തിലെ കാര്‍മേഘങ്ങളവള്‍ കണ്ടതേയില്ല.  

മഴമാറിയതോ ശരത്കാലം വന്നതോ അവളറിഞ്ഞില്ല.  

ഹേമന്തത്തിലെ പ്രഭാതങ്ങളില്‍ ആദിത്യന്‍ തന്റെ കിരണങ്ങളാല്‍ വര്‍ണ്ണങ്ങള്‍  വിരിയിച്ചതു അവള്‍ക്കുവേണ്ടിയായിരുന്നില്ല.  

ശിശിരത്തിലെ ശീതമാരുതന്‍ അവള്‍ക്കു കുളിരേകിയില്ല.  

വസന്തോത്സവത്തില്‍ വിരിഞ്ഞ പൂക്കളെല്ലാം അവള്‍ക്കു   നിര്‍മ്മാല്യങ്ങളായിരുന്നു.  

അങ്ങനെ പ്രകൃതിയുടെ ഋതുഭേദങ്ങള്‍ പലവട്ടം സംഭവിച്ചു.  

ഒരു ദിവസം വേണു വളരെ സന്തോഷത്തോടെ വീട്ടില്‍ കയറിവന്നു. കൂടെ  പങ്കജവും, കരഞ്ഞുകലങ്ങിയ കണ്ണുകളുമായി.  

വന്നപാടെ വേണു പറഞ്ഞു:  'കിട്ടി അളിയാ, കിട്ടി. നല്ല പൊരുത്തമുള്ള ഒരു ആലോചന. പത്തില്‍ എട്ടു പൊരുത്തം ഉത്തമം, ഒന്നു മദ്ധ്യമം, ഒന്നുമാത്രം അധമം. വളരെ വളരെ കുറച്ചുപേര്‍ക്കുമാത്രം കിട്ടുന്ന സൗഭാഗ്യം'

'പയ്യനെന്തുചെയ്യുന്നു?'

'സര്‍ക്കാരുദ്യോഗസ്ഥന്‍'

'സര്‍ക്കാരില്‍ എന്തുജോലി?'

'ഡ്രൈവറാണ്..... എന്തായാലെന്താ? പത്തില്‍ എട്ടു പൊരുത്തം ഉത്തമം! ആര്‍ക്കു കിട്ടും ഈ സൗഭാഗ്യം?'

ലഗ്‌നം, അപഹാരം, ഭാവദീപം തുടങ്ങി എന്തൊക്കെയോ പുലമ്പി വേണു വാചാലനാകുന്നത് കേട്ടപ്പോള്‍ ദിവാകരപ്പണിക്കര്‍ ജല്പിച്ചതൊക്കെയും    വിഴുങ്ങിയിട്ട് അപ്പടി ചര്‍ദ്ദിക്കുകയാണെന്നു വ്യക്തം!

ഭൂമിയില്‍ ഓരോ കുഞ്ഞും ജനിക്കുന്ന സമയത്ത് നവഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്ന സ്ഥാനമാണ് ആ കുഞ്ഞിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതെങ്കില്‍, ഗ്രഹങ്ങളുടെ സ്ഥിതി മനസ്സിലാക്കി അതനുസരിച്ചു കുഞ്ഞുങ്ങളുടെ ജനനസമയം സിസ്സേറിയന്റെ സഹായത്തോടെ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റാമല്ലോ, നല്ല ജാതകത്തോടെ ജനിക്കാന്‍?

പങ്കജം കരഞ്ഞുകൊണ്ട് ചോദിച്ചു: 'ഏട്ടാ എന്റെ കുട്ടിക്ക് പന്ത്രണ്ടാംക്ലാസ്സുകാരന്‍ ഡ്രൈവറെയാണോ കണ്ടുപിടിച്ചിരിക്കുന്നത്?' 

'വിദ്യാഭ്യാസവും ഉദ്യോഗവുമൊക്കെ നോക്കി കിട്ടിയതുംകൂടി ഇല്ലാതാക്കാന്‍ പറ്റില്ല'

വേണുവിന്റെ തീരുമാനം ഉറച്ചതായിരുന്നു.

ശാലിനി എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ ഒരു സാഡിസ്റ്റിനെപ്പോലെ പെരുമാറി.

അവള്‍ തന്റെ ജീവിതത്തെ ഹോമിച്ച് പകവീട്ടാന്‍ ശ്രമിക്കുകയാണോ?   

പത്തില്‍ എട്ട് ഉത്തമപൊരുത്തങ്ങളുടെ ഗര്‍വ്വുമായി തല ഉയര്‍ത്തിനിന്ന രാജശേഖരന്റെ മുന്നില്‍ ശാലിനി തലകുനിച്ചുകൊടുത്തു........ നിര്‍വികാരയായി നിന്നുകൊടുത്തു.........  മംഗല്യസൂത്രം അണിയിക്കാന്‍. 

അവളുടെ കൈകള്‍ നവവരന്റെ കൈകളില്‍ ഏല്‍പ്പിച്ചു കന്യാദാനം നടത്തിയപ്പോള്‍ വേണു ആശ്വസിച്ചു.........  ഒരു വലിയ കാര്യം നേടിയതിന്റെ സംതൃപ്തിയോടെ!

സര്‍ക്കാര്‍ വാഹനങ്ങളുടെ ചക്രംതിരിക്കുന്ന 'ജാതകസമ്പന്നന്‍' ഒരബലയുടെ ജീവിതചക്രം തിരിക്കാനുള്ള അവകാശംകൂടി കൈക്കലാക്കി. 

ആ ദാമ്പത്യത്തിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു.  
അവളുടെ നിര്‍വികാരത, വിരസത, വൈരക്ത്യം അവനെ ചൊടിപ്പിച്ചു. അവനില്‍ സംശയങ്ങല്‍ തലപൊക്കി. 

M.Sc. B.Ed. കാരി ഇംഗ്ലീഷുമീഡിയം ഹൈസ്‌കൂള്‍ അദ്ധ്യാപികയുടെ പന്ത്രണ്ടാം ക്ലാസ്സുകാരന്‍ ഡ്രൈവറായ ഭര്‍ത്താവിനു അപകര്‍ഷതാബോധമുണ്ടാകാന്‍ മറ്റൊന്നും വേണ്ടിയിരുന്നില്ല. 

അപകര്‍ഷതാബോധം അവന്റെ മനസ്സിനെ വികൃതമാക്കി. ആ വൈകൃതം അവനെ ക്രുദ്ധനാക്കി.  
       
വാഹനങ്ങളുടെ സ്റ്റീയറിംഗ് തിരിക്കുന്ന പാരുഷ്യത്തോടെ അവന്‍ അവളുടെ ജീവിത ചക്രത്തെയും തിരിച്ച്  നിര്‍വൃതി നേടി.    

അവളുടെ വിരക്തിക്കുള്ള പ്രതികാരം ചെയ്തു. 

കുണ്ടും കുഴിയും നിറഞ്ഞ പാതകളിലൂടെ  അവളുടെ ജീവിതചക്രം അവന്‍  കയറ്റിയിറക്കി. 

അസഹനീയമായതെല്ലാം അവള്‍ സഹിച്ചു.   

ആ സ്വേച്ഛാധിപതിയുടെ ഇഷ്ടങ്ങള്‍ക്കവള്‍ കീഴടങ്ങി. 

ആ കീഴടങ്ങലിന്റെ   സന്തതിയായി ഒരു  പെണ്‍കുഞ്ഞു പിറന്നു.    

ശാലിനി   ആ  കുഞ്ഞിന്  ഉണ്ണിമോളെന്നു  ഓമനപ്പേരിട്ടു . ഉണ്ണിമോള്‍ക്കിപ്പോള്‍ അഞ്ചുവയസു കഴിഞ്ഞു. 
  
.................................

മോര്‍ച്ച റിക്കു സമീപം പടര്‍ന്നുപന്തലിച്ചു നില്ക്കുന്ന ഒരു വൃക്ഷത്തിന്റെ തണലിലില്‍ പ്രക്ഷുബ്ധ മനസ്സുമായി ഇരിക്കുമ്പോള്‍ പോസ്റ്റ്‌മോര്‍റ്റെം കഴിഞ്ഞ വിവരമെത്തി..................

വീടിന്റെ മുന്നില്‍ രണ്ട് ആംബുലന്‍സുകള്‍ വന്നു നിന്നു.  

ഒന്നിനുള്ളിലെ  മൊബൈല്‍  മോര്‍ച്ചറിയില്‍  ശാലിനിയുടെ അന്ത്യവിശ്രമം .   മറ്റേതില്‍  പലവട്ടമായി   ബോധം  കിട്ടുകയും  വീണ്ടും  നഷ്ടപ്പെടുകയും  ചെയ്യുന്ന  പങ്കജത്തിന്റെ  തളര്‍ന്ന  ശരീരം ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അബോധാവസ്ഥയില്‍. 

ചടങ്ങുകള്‍ക്കുശേഷം രണ്ട് ആംബുലന്‍സുകളും രണ്ട് വഴിക്കുപോയി. ഒന്ന് ശ്മശാനത്തിലേക്ക്.  മറ്റേത് ആശുപത്രിയിലേക്ക്.

അന്വേഷണം പുനരാരംഭിക്കാന്‍ കാത്തിരുന്ന പോലീസുകാര്‍ അവരുടെ കൃത്യനിര്‍വഹണം തുടങ്ങി.

ഉണ്ണിമോളെ ചോദ്യം ചെയ്യല്‍ മാത്രം ബാക്കി. 

കൂട്ടത്തിലുണ്ടായിരുന്ന വനിതാപോലീസ് ഉണ്ണിമോളെ അടുത്തുവിളിച്ച് മടിയിലിരുത്തി സ്‌നേഹത്തോടെ   സംസാരിച്ചു. 

'മോളുടെ അച്ഛന്‍ അമ്മയെ ഉപദ്രവിക്കാറുണ്ടോ?'

'ങും......... എന്റെ അമ്മ പാവമാ......... അച്ഛന്‍ എപ്പോഴും അമ്മയെ തല്ലുകയും  വഴക്കുപ റയുകയും ചെയ്യും.  അമ്മ ഒരിക്കലും കരയുകയില്ല.  അപ്പോ അച്ഛന് ദ്വേഷ്യം കൂടും. പിന്നെയും തല്ലും'         

'ഇന്നലെ എന്താ സംഭവിച്ചതെന്നു ഉണ്ണിമോള്‍ക്കറിയാമോ?'

'അച്ഛന്‍ വന്നപ്പോള്‍ വേറെ രണ്ട് അങ്കിള്‍മാരുകൂടിയുണ്ടായിരുന്നു. അവര്‍ ടെറസ്സില്‍ പോയിരുന്ന് സോഡ കഴിച്ചു. അമ്മയോട് ആഹാരം കൊണ്ടുകൊടുക്കാന്‍ പറഞ്ഞു.  അമ്മ കൊടുത്തിട്ടു താഴെ വന്നു എന്റെ അടുത്തിരുന്നപ്പോള്‍ അച്ഛന്‍ വന്നു അമ്മയെ തല്ലി. 'നിനക്കെന്താ ഞങ്ങള്‍ ആഹാരം കഴിച്ചു തീരുന്നതുവരെ അവിടെ നിന്നുകൂടെയെന്നു ചോദിച്ചിട്ടു അമ്മയുടെ തലമുടിയില്‍ പിടിച്ചു വലിച്ചുകൊണ്ടുപോയി'.

'എന്നിട്ട്?'

'പിന്നെ ഞാനുറങ്ങിപ്പോയി'

വനിതാപോലീസ് ഉണ്ണിമോളെ മടിയില്‍നിന്നു താഴെയിറക്കുമ്പോള്‍ അവരുടെ കൈയില്‍ എന്തോ തടഞ്ഞു.  അവളുടെ ഫ്രോക്കിനുള്ളില്‍ ഒരു തുണ്ടുകടലാസ് മടക്കി പിന്‍ ചെയ്തുവച്ചിരിക്കുന്നു.

ശാലിനിയുടെ മരണമൊഴി.

'പ്രിയപ്പെട്ട അമ്മക്ക്, അമ്മ എന്നോട് ക്ഷമിക്കണം. ഞാന്‍ പോകുന്നു. എനിക്കിനി വയ്യമ്മേ. എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല. വിധിയില്‍ വിശ്വാസമുണ്ടായിരുന്നെങ്കില്‍ വിധിയെ പഴിക്കാമായിരുന്നു. 

ഉണ്ണിമോളെ അമ്മയെ എല്പ്പിക്കുന്നു.  അവളെ നല്ലകുട്ടിയായി വളര്‍ത്തണം. അമ്മ എന്നെ വളര്‍ത്തിയതുപോലെ. കഴിയുമെങ്കില്‍ അവളെയും ഒരദ്ധ്യാപികയാക്കണം, അവള്‍ക്കുമത്  ഇഷ്ടമാണെങ്കില്‍ മാത്രം.   

അവള്‍ക്കുവേണ്ടി തന്നിട്ടുപോകാന്‍ എന്റെപക്കല്‍ ഒന്നുമില്ലമ്മേ. ആഭരണങ്ങളെല്ലാം തീര്‍ന്നു.  ബാങ്ക് അക്കൗണ്ടില്‍ ഇനി ബാക്കി ഒന്നുമില്ല.

എന്റെ മോള്‍ക്ക് എന്നും ഞാനൊരു മുത്തം കൊടുത്താണുറക്കാറുള്ളത്. അതുകിട്ടിയാലേ അവള്‍ ഉറങ്ങു. രാവിലെ  മുത്തം കൊടുത്താണ് ഉണര്‍ത്താറുള്ളത്.  അതുകിട്ടിയില്ലെങ്കില്‍ അവള്‍ കിടക്കയില്‍ നിന്നെഴുന്നേല്‍ക്കില്ല.  ഇനി അതെല്ലാം അമ്മ ചെയ്യണം. 

പോകുന്നതിനുമുമ്പ് ഒരുപ്രാവശ്യം അമ്മയെ കെട്ടിപ്പിടിച്ചു കിടക്കണമെന്നു മോഹമുണ്ടായിരുന്നു.  സാധിച്ചില്ല. 

ഇനി ഒരു പ്രധാന കാര്യം കൂടി.  ഉണ്ണിമോളുടെ ജീവിതത്തില്‍  ഒരു ഘട്ടത്തിലും അവളെ  സംബന്ധിക്കുന്ന ഒരു കാര്യത്തിനും   ദിവാകരപ്പണിക്കര്‍മാരുടെ അബദ്ധ ജല്പനങ്ങള്‍ക്കു ഒരു സ്ഥാനവുമുണ്ടാകരുത്.  അവളുടെ ജാതകം എഴുതരുത്.  എന്റെ മകളും മണ്ടത്തരങ്ങളുടെ ബലിയാടാകരുത്, എന്നെപ്പോലെ. 

അമ്മയുടെ സ്വന്തം ശാലുമോള്‍.       


                                                                             ***************