കണ്ണീരിന്റെ ഈര്‍പ്പം
ശശി തിരുമല
എനിക്കിന്നു കരയണം...... പൊട്ടിക്കരയണം....... ഉറക്കെ.......
പക്ഷേ.......ഉറക്കെക്കരഞ്ഞാല്‍ അയല്‍വീട്ടുകാര്‍ കേള്‍ക്കും...... ഒറ്റയ്ക്കുതാമസിക്കുന്ന മദ്ധ്യവയസ്‌കന്റെ കരച്ചില്‍ കേട്ടാല്‍ അവര്‍ ഓടിയെത്തും........
അതുപാടില്ല.....
അയല്‍വീട്ടുകാരെത്തിയാല്‍............... അവരില്‍ ചിലര്‍ ചോദിച്ചേക്കാം: 'ഇയാള്‍ക്കെന്താ വട്ടായോ?'
മറ്റുചിലര്‍ പറഞ്ഞേക്കാം: 'അയ്യേ....... ഇതെന്താ ഇങ്ങനെ?....... പെണ്ണുങ്ങളെപ്പോലെ?'
ആണുങ്ങള്‍ കരയാന്‍ പാടില്ലല്ലോ........... എക്കാലത്തെയും അലിഖിത നിയമമല്ലേയത്?
പുരുഷന് എത്രതന്നെ ദുഃഖമുണ്ടായാലും അണപൊട്ടി പുറത്തുചാടാന്‍ കുതിക്കുന്ന രോദനത്തെ തടഞ്ഞുനിര്‍ത്തിക്കൊള്ളണം, ഉള്ളിലൊതുക്കിക്കൊള്ളണം. അടക്കാനാവാത്ത നൊമ്പരത്തെ മനസ്സിനുള്ളില്‍ കുഴിച്ചുമൂടിക്കൊള്ളണം. എത്രതന്നെ ഹൃദയം പിടയ്ക്കുന്നവേദനയാണെങ്കിലും കടിച്ചുപിടിച്ച് സഹിച്ചുകൊള്ളണം. കദനഭാരം വഹിച്ചുകൊണ്ട് ജീവിച്ചുകൊള്ളണം.
അങ്ങനെ ചെയ്യാന്‍ കഴിയാത്തവന്‍ പുരുഷനല്ല!
മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിപോലും പറഞ്ഞിട്ടുണ്ട്: 'ജീവിതത്തില്‍ ഇടയ്‌ക്കെല്ലാം നമ്മുടെ കണ്ണുകളെ കണ്ണുനീരാല്‍ കഴുകേണ്ടതുണ്ട്. അതു ജീവിതത്തെ വീണ്ടും വ്യക്തമായിക്കാണാന്‍ നമ്മെ സഹായിക്കും'.
അദ്ദേഹം പറഞ്ഞത് സ്ത്രീകളെ മാത്രം ഉദ്ദേശിച്ചല്ല. ആണ്‍പെണ്‍ഭേദമെന്യേ പൊതുവായ തത്ത്വമാണ്.
എന്നാലും ആണൊന്നുകരഞ്ഞുപോയാല്‍ ഉടനെവരും ചോദ്യം: 'അയ്യേ....... ഇതെന്താ....... പെണ്ണുങ്ങളെപ്പോലെ?'
പക്ഷേ...... എനിക്കിന്നു കഴിയുന്നില്ല....... തടഞ്ഞുനിര്‍ത്താന്‍ പറ്റുന്നില്ല........... ആരെന്തുപറഞ്ഞാലും വേണ്ടില്ല.......
മേശപ്പുറത്തു തുറന്നുവച്ചിരിക്കുന്ന ലാപ്‌ടോപ്പിലേക്ക് ഒന്നുകൂടിനോക്കി........ ഞാന്‍ വായിച്ചതെല്ലാം വാസ്തവമാണോ? അതോ അവന്‍ വെറുതെ തമാശയായി എഴുതിയതായിരിക്കുമോ?
ആ ഈമെയില്‍ ഒന്നുകൂടിവായിക്കാന്‍ കണ്ണുകളില്‍ തുളുമ്പിനില്കുന്ന ബാഷ്പകണങ്ങള്‍ അനുവദിക്കുന്നില്ല..... അക്ഷരങ്ങളെല്ലാം മങ്ങിപ്പോയതായിത്തോന്നുന്നു.
ഷോകേസിനുള്ളില്‍ ലാമിനേറ്റ് ചെയ്തുവച്ചിരിക്കുന്ന ഇന്ദുവിന്റെ ഫോട്ടോ അപ്പോഴും എന്നെനോക്കി ചിരിക്കുന്നുണ്ടായിരുന്നു.
എന്റെ ഇന്ദൂ ...... എങ്ങനെ നിനക്കിപ്പോഴും ചിരിക്കാന്‍ കഴിയുന്നൂ? ......... എന്റെ വേദന നീ കാണുന്നില്ലേ?............. നമ്മുടെ മോന്‍ അയച്ച ഈമെയില്‍ നിനക്കു കാണണ്ടേ? ഞാനിതെങ്ങനെ സഹിക്കും? പറയൂ......
അമേരിക്കയില്‍നിന്ന് MS കഴിഞ്ഞുള്ള മകന്റെ തിരിച്ചുവരവു സ്വപ്‌നം കണ്ട് ദിവസങ്ങള്‍ എണ്ണിയെണ്ണിക്കഴിയുന്ന ഈ അച്ഛന്റെ മനസ്സറിയാന്‍ അവനു കഴിയാഞ്ഞതെന്താ ഇന്ദൂ?
അറിഞ്ഞുകൊണ്ട് അവനെ ഞാനൊരിക്കലും വേദനിപ്പിച്ചിട്ടില്ലല്ലോ.......... അവന്റെ എല്ലാ ആഗ്രഹങ്ങളും എന്നാല്‍ കഴിയുംവിധം ഞാന്‍ സാധിച്ചുകൊടുത്തിട്ടില്ലേ?..........
അമ്മയുടെയും അച്ഛന്റെയും സ്‌നേഹവും വാത്സല്യവും ഞാനൊറ്റയ്ക്ക് വാരിക്കോരി കൊടുത്തില്ലേ? എല്ലാം നിനക്കറിയാവുന്നതല്ലേ?
ഒരായിരം തവണ നിന്നോടുഞാന്‍ പറഞ്ഞിട്ടുള്ളതാണെങ്കിലും ഇന്ന് ഒരാവൃത്തികൂടി പറയാം....... എന്നെ നീ തനിച്ചാക്കിയിട്ടു പോയതിനുശേഷമുണ്ടായതെല്ലാം...... എല്ലാം നീ ഒന്നുകൂടി കേള്‍ക്കണം..... എന്റെ മനസമാധാനത്തിനുവേണ്ടി. എന്നിട്ട് നീ തന്നെ പറയണം എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോയെന്ന്.
എഞ്ചിനീയറിംഗിനു പഠിക്കുന്ന സമയത്ത് നമ്മളവന് പുതുതായി വാങ്ങിക്കൊടുത്ത ബൈക്കിന്റെ പുറകില്‍ നിന്നെയും കയറ്റി അവന്‍ ഷോപ്പിംഗിനുപോയ ആ ദിവസം...... വിധി എന്നില്‍നിന്ന് നിന്നെ തട്ടിപ്പറിച്ചുകൊണ്ടുപോയ ആ ദിവസം...... ആ ദിവസത്തിനുശേഷമുണ്ടായതെല്ലാം നീ ഒന്നുകൂടി കേള്‍ക്കൂ.
എനിക്കിതു മറ്റാരോടും പറയാന്‍ പറ്റില്ല. കേള്‍ക്കുന്നവര്‍ പറയും ഞാന്‍ അതിഭാവുകത്വം കാണിക്കുന്നുവെന്ന്. ഞാന്‍ ഓവര്‍ സെന്റിമെന്റലാണെന്ന്. ഞാന്‍ അമിത വികാരത്തിനടിമയാണെന്ന്.
അതേ, ശരിയാണ്.... ഞാന്‍ അമിത വികാരത്തിനടിമയാണ്.... ഓവര്‍ സെന്റിമെന്റലാണ്. അതെന്റെ ദൗര്‍ബല്യമാണ്. എനിക്കിനി അതുമാറ്റാന്‍ കഴിയില്ല. എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല.... ഇത്രനാളും കഴിയാഞ്ഞത് ഇനി ഈ പ്രായത്തില്‍ ഞാനെങ്ങനെ മാറ്റും?
പക്ഷേ, ഒരുകാര്യത്തിലെനിക്കു സന്തോഷമുണ്ട്. ആ ദൗര്‍ബല്യത്തിലും ഒരു നന്മയുണ്ടെന്ന് നീയെങ്കിലും മനസ്സിലാക്കിയിരുന്നുവല്ലോ.....
നിനക്കോര്‍മ്മയുണ്ടോ ആ ദിവസം? വിശ്വസാഹിത്യകാരന്‍ വാള്‍ട്ടര്‍ സ്‌കോട്ടിന്റെ ഏതോ ഒരു കൃതിയില്‍നിന്ന് ഒരുവരിയെഴുതി നീ എനിക്ക് സമ്മാനിച്ച ആ ദിവസം?
അന്നുരാവിലെ ഞാനെന്തോ കാര്യത്തിന് മോനെ ചെറുതായൊന്നു തല്ലി. അവന്‍ കരയുന്നതും കണ്ടിട്ടാണ് ഞാന്‍ ഓഫീസില്‍ പോകാനിറങ്ങിയത്. പക്ഷേ എന്റെ മനസ്സ് വേദനിച്ചു. കുറച്ചുദൂരം പോയ ഞാന്‍ തിരിച്ചുവന്നു. അവനെ സമാധാനിപ്പിച്ചു. അവന്‍ സെന്റിമെന്റലായി. എന്റെ കണ്ണും നിറഞ്ഞുപോയി. അതുകണ്ടിട്ട് നീയുമെന്നെ കളിയാക്കിച്ചോദിച്ചു: 'അയ്യേ... ഇതെന്താ...... അച്ഛനും മോനുംകൂടെ കരച്ചില്‍ മത്സരമോ?'
എന്നിട്ട് നീയെനിക്ക് ആ ഒരുവരിയെഴുതിയ ഒരു കടലാസ് തന്നു.
'കണ്ണീരിന്റെ ഈര്‍പ്പമണിഞ്ഞ സ്‌നേഹമാണ് ഏറ്റവും ഹൃദ്യം'
സര്‍ വാള്‍ട്ടര്‍ സ്‌കോട്ട് ആ അഞ്ചുവാക്കുകള്‍കൊണ്ടെഴുതിയ ഒരു വാചകത്തിന്റെ അര്‍ത്ഥവ്യാപ്തി എത്രമാത്രമുണ്ടെന്ന് നീ മനസ്സിലാക്കിയിരുന്നു. നിന്റെ വായനാശീലം നിന്നെ ധന്യയാക്കിയിരുന്നു.
ഞാനെന്തുകൊണ്ടാണ് പലപ്പോഴും വികാരാധീനനായിപ്പോകുന്നതെന്ന് നീയെങ്കിലും തിരിച്ചറിഞ്ഞുവല്ലൊ.
അതുകൊണ്ടാണ് നിന്നോടുമാത്രം എല്ലാം ഒരിക്കല്‍ക്കൂടി പറയാനൊരു മോഹം.......
അശ്രദ്ധയോടെ കാറോടിച്ച ഒരു ദുഷ്ടനാണ് അന്നു നിന്റെ അന്തകനായത്. പിന്നില്‍ നിന്ന് ചീറിപ്പാഞ്ഞുവന്ന അവന്റെ കാര്‍ ബൈക്കിലിടിച്ചു..... നിങ്ങള്‍ രണ്ടുപേരും തെറിച്ചു വീണു.
ഏറ്റവും നല്ല ചികിത്സക്ക് പേരുകേട്ട സൂപര്‍സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ തന്നെ നിങ്ങളെ രണ്ടുപേരെയും അഡ്മിറ്റുചെയ്തു.
ഭാര്യയെയും മകനെയും അഡ്മിറ്റുചെയ്തിരുന്ന ICU ന് വെളിയില്‍ ഞാന്‍ കാവലിരുന്നു. പുറത്തുവരുന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പുറകേ ഒരു ഭ്രാന്തനെപ്പോലെ ഓടി ഞാന്‍ ചോദിച്ചുകൊണ്ടേയിരുന്നു: 'എന്റെ മകനെങ്ങനെയുണ്ട്?.........എന്റെ ഭാര്യക്കെങ്ങനെയുണ്ട്?'
മൂന്നാം ദിവസം എന്നെ തനിച്ചാക്കിയിട്ട് നീ പോയിക്കളഞ്ഞില്ലേ? എന്നോടൊരുവാക്കുമിണ്ടാതെ....... ഒരുനോക്കു കാണാതെ.........
ധനാഢ്യനും പ്രമാണിയുമായ നിന്റെ അച്ഛന്റെ ഉഗ്രശാസനകളെ അവഗണിച്ച്, എല്ലാ സുഖസമൃദ്ധിയും ഉപേക്ഷിച്ച് എന്നോടൊപ്പം ഇറങ്ങിപ്പോന്ന നിന്റെ ജീവന്‍ സംരക്ഷിക്കാന്‍ പോലുമെനിക്കു കഴിഞ്ഞില്ലല്ലോ.
അന്ന് നിന്റെ അച്ഛന്‍ എന്റെ അടുത്ത് വന്നിരുന്നു........ വാക്ശരങ്ങള്‍ കൊണ്ടെന്നെ പ്രഹരിക്കാന്‍......... ആഡംബരക്കാറില്‍ മാത്രം യാത്രചെയ്തു ശീലിച്ച അദ്ദേഹത്തിന്റെ മകളെ വെറുമൊരു ബൈക്കിന്റെ പുറകിലിരുത്തി യാത്രചെയ്യിച്ചതിന്. മകളുടെ അപകടമരണത്തിന് പൂര്‍ണ്ണ ഉത്തരവാദി ഞാനാണെന്ന് വിധിയെഴുതി അദ്ദേഹമെന്നെ ശകാരവര്‍ഷം കൊണ്ട് ശിക്ഷിച്ചു. അതെല്ലാം ഞാന്‍ ഏറ്റുവാങ്ങി.
നമ്മുടെ മോന്റെ തലയ്‌ക്കൊരു മേജര്‍ സര്‍ജറി വേണ്ടിവന്നു. ദിവസങ്ങള്‍ക്കുശേഷമാണ് അവന് ബോധം തിരിച്ചുകിട്ടിയത്.
അമ്മയുടെ മരണവിവരം അവനെ ഉടനെ അറിയിക്കണ്ടായെന്ന് ഡോക്ടര്‍ ഉപദേശിച്ചു. അവന്‍ അമ്മയെ തിരക്കിയപ്പോഴെല്ലാം അമ്മയ്ക്കും പരിക്കുപറ്റിയെന്നും അടുത്തറൂമില്‍ കിടക്കുകയാണെന്നും കളവു പറഞ്ഞു.
ഒരുമാസത്തെ ചികിത്സയ്ക്കും തീവ്രപരിചരണത്തിനും ശേഷം അവന്റെ ആരോഗ്യനില മെച്ചപ്പെട്ടു.
ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ദിവസത്തിന് രണ്ടുദിവസം മുമ്പ് അമ്മയുടെ മരണവിവരം അവനെ അറിയിക്കാന്‍ തീരുമാനിച്ചു.
അതറിയുമ്പോള്‍ അവനുണ്ടാകാവുന്ന ഷോക്കുകാരണം ആരോഗ്യനില വഷളാകാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ സാന്നിദ്ധ്യത്തിലാണ് അറിയിച്ചത്
ഭയപ്പെട്ടിരുന്നതുപോലെതന്നെ സംഭവിച്ചു. ഒരു ഞെട്ടലിനും പൊട്ടിക്കരച്ചിലിനും ശേഷം വീണ്ടും ബോധം നഷ്ടപ്പെട്ടു. അവനെ വീണ്ടും ICU വിലേക്കുമാറ്റി.
ഞാന്‍ ICU -ന്റെ വാതില്‍ക്കല്‍ ഇരുപത്തിനാലുമണിക്കൂറും കാവലിരുന്നു.
ഇടയ്ക്കിടെ ഞാനൊറ്റയ്ക്കിരുന്നു കരഞ്ഞു.
മൂന്നുദിവസങ്ങള്‍ക്കുശേഷം ICU -ല്‍ നിന്നുമാറ്റി. ഒരാഴ്ചകൂടിക്കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തു.
വളരെ സൂക്ഷിക്കണമെന്ന് ഡോക്ടര്‍ പ്രത്യേകം ഉപദേശിച്ചു. ആറുമാസം ബെഡ്‌റെസ്റ്റ്. അതുകഴിഞ്ഞാലും അവന്റെ തലയ്ക്ക് ചെറുതായിപ്പോലും തട്ടോ മുട്ടോ ഏല്ക്കാതെ സൂക്ഷിക്കണം; കുറഞ്ഞത് രണ്ടുവര്‍ഷത്തേക്കെങ്കിലും.
ആ വര്‍ഷം അവന്റെ പഠിത്തം മുടങ്ങി. ഡോക്ടറുടെ ഉപദേശപ്രകാരം അടുത്ത വര്‍ഷം കോളജിലയച്ചാല്‍ മതിയെന്നു തീരുമാനിച്ചു.
ഞാനാകെ തകര്‍ന്നുപോയി.
നിന്റെ വേര്‍പാടേല്പിച്ച ആഘാതം....... മോന്റെ ഗുരുതരാവസ്ഥ.......... അവനെ പ്രത്യേകം ശ്രദ്ധിക്കണമെന്ന ഡോക്ടറുടെ ഉപദേശം...........
ഞാന്‍ ജോലിക്കുപോയാല്‍ ബെഡ്‌റെസ്റ്റില്‍ കഴിയുന്ന നമ്മുടെ മോന്റെ കാര്യങ്ങള്‍ ആരുനോക്കും? അടുത്ത ബന്ധുക്കള്‍ പലരും തയ്യാറായതാണ്. പക്ഷേ എന്റെ മനസ്സനുവദിച്ചില്ല. അവരുടെ ശ്രദ്ധക്കുറവുകൊണ്ട് മോന്റെ സംരക്ഷണത്തില്‍ എന്തെങ്കിലും വീഴ്ച പറ്റിയാലോ?
എനിക്കങ്ങനെ തോന്നാന്‍ ഒരു കാരണംകൂടിയുണ്ടായിരുന്നു. അവന്‍ പലപ്പോഴും തേങ്ങിത്തേങ്ങിക്കരയുന്നുണ്ടായിരുന്നു. അവന്‍ കാരണമാണവന്റെ അമ്മ മരിച്ചതെന്ന് അവനൊരു തോന്നല്‍. അതോര്‍ത്താണ് അവന്‍ കരയുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അപ്പോഴെല്ലാം ഞാനവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അതുകൊണ്ട് അവനെ മറ്റാരുടെയും അടുത്താക്കിയിട്ടു പോകാന്‍ എന്റെ മനസ്സനുവദിച്ചില്ല.
ഞാന്‍ പലവഴികളും ആലോചിച്ചു.
ബെഡ്‌റെസ്റ്റില്‍ കഴിയുന്ന മോന് എന്റെ സാമീപ്യം കൂടിയേ തീരുവെന്ന് ഞാന്‍ ഉറപ്പിച്ചു.
അവധി നീട്ടിക്കൊണ്ടേയിരുന്നു....... എടുക്കാവുന്ന ലീവെല്ലാമെടുത്തു........ പിന്നെ ലോസ് ഓഫ് പേ ലീവ്...
അവന്‍ പലപ്പോഴും അമ്മയെ ഓര്‍ത്ത് കരയുന്നുണ്ടെന്ന് എനിക്കു മനസ്സിലായി. എന്നാല്‍ ഞാന്‍ അടുത്തുവരുമ്പോള്‍ അവന്‍ ദുഃഖം മറയ്ക്കാന്‍ ശ്രമിച്ചിരുന്നു. അതുപോലെ ഞാനും മോന്റെ അടുത്തുള്ളപ്പോള്‍ എല്ലാം മറന്നതുപോലെ അഭിനയിച്ചു. ഞങ്ങളുടെ ദുഃഖത്തിന്റെ ആഴം രണ്ടുപേര്‍ക്കും അന്യോന്യം അറിയാമായിരുന്നു. എങ്കിലും പുറമെ പ്രകടിപ്പിക്കാതിരിക്കാന്‍ രണ്ടുപേരും ശ്രദ്ധിച്ചിരുന്നു.
മോന്റെ ബെഡ്‌റെസ്റ്റിന്റെ കാലാവധി കഴിഞ്ഞു. ചെക്കപ്പിനുശേഷം ഡോക്ടര്‍ പറഞ്ഞു: 'ഇനി പേടിക്കാനൊന്നുമില്ല. ധൈര്യമായി കോളജില്‍ വിട്ടുകൊള്ളു. പക്ഷെ കുറച്ചുനാള്‍ കൂടി ശ്രദ്ധിക്കണം'
അവന്‍ പഠിത്തം തുടര്‍ന്നു. ഞാന്‍ ജോലിയില്‍ പുനഃപ്രവേശിച്ചു.
അവന്റെ എട്ടാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങുന്നതിനു മുമ്പൊരുദിവസം ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് ഓരോ കാര്യങ്ങള്‍ പറയുന്നതിനിടക്ക് അവന്‍ ചോദിച്ചു: 'അച്ഛന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലേ? ഒരു റെസ്റ്റുമില്ല അച്ഛന്.'
'ഇല്ല മോനേ, അച്ഛനൊരു കഷ്ടപ്പാടുമില്ല. മോന്‍ പഠിച്ച് ജോലികിട്ടിക്കഴിഞ്ഞാല്‍ അച്ഛനുപിന്നെയെന്നും റെസ്റ്റുതന്നെയല്ലേ?'
'അച്ഛാ..... എനിക്കൊരാഗ്രഹം................... B.Tech. കഴിഞ്ഞിട്ട് അമേരിക്കയില്‍ M.S. ചെയ്യാനൊരു മോഹം..........അതുകഴിഞ്ഞുവരുമ്പോള്‍ നാട്ടില്‍തന്നെ നല്ല ജോലി കിട്ടും'
ഏതാനും നിമിഷങ്ങള്‍ രണ്ടുപേരും നിശ്ശബ്ദരായി.
ഞാനാലോചിക്കുകയായിരുന്നു. മോന്റെ ആഗ്രഹം എങ്ങനെ സാധിച്ചുകൊടുക്കും? സമ്പാദ്യമൊന്നും ഇനി ബാക്കിയില്ല. ഹൗസ് ലോണിന്റെ EMI കഴിഞ്ഞാല്‍ ബാക്കിയുള്ളതുകൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കുന്ന കാര്യം തന്നെ പ്രയാസം.
എങ്കിലും എന്തെങ്കിലുമൊരു വഴി കണ്ടേ തീരു.
'എല്ലാം ശരിയാകും മോനേ...... നിന്റെ B.Tech. കഴിയട്ടെ'
'അച്ഛാ.... കുറെ നാളായി അച്ഛനോട് ഞാന്‍ വേറൊരു കാര്യം പറയാനാഗ്രഹിക്കുകയായിരുന്നു……………. കഴിഞ്ഞ വര്‍ഷം എന്റെ ക്ലാസ്‌മേറ്റ് ഗിരീഷിന്റെ അച്ഛന്‍ രണ്ടാം വിവാഹം കഴിച്ചു. അവന്റെ അമ്മയും ആക്‌സിഡന്റിലാണ് മരിച്ചത്'.
അവന്‍ പറഞ്ഞത് എന്തിന്റെ മുഖവുര ആയിരുന്നുവെന്നും ഇനി എന്താണ് പറയാന്‍ പോകുന്നതെന്നും ഊഹിക്കാവുന്നതായിരുന്നു.
'ഗീരീഷിന്റെ അച്ഛനപ്പോള്‍ 54 വയസ്സുണ്ടായിരുന്നു............. അച്ഛന് അമ്പതുപോലുമായിട്ടില്ലല്ലോ?'
എന്നിട്ടവന്‍ കുറച്ചുകൂടി എന്റെ അടുത്തേക്ക് ചേര്‍ന്നിരുന്നു. 'അച്ഛാ....... അച്ഛനും..........'
പിന്നെ ഏതാനും നിമിഷങ്ങള്‍ അവനൊന്നും മിണ്ടിയില്ല...... അവനെന്നെ വീക്ഷിക്കുകയായിരുന്നു.
'അച്ഛാ ഞാനൊരു കാര്യം ചോദിക്കേട്ട? ...... അച്ഛനെന്തിനാണ് ഇത്രയും സെന്റിമെന്റലാകുന്നത്? കുറച്ചുകൂടി ടഫാകാന്‍ ശ്രമിക്കണം...... ട്രൈ ടുബി പ്രാക്ടിക്കല്‍......'
ഇന്ദൂ..... അന്നു നീ എനിക്കെഴുതിത്തന്ന ആ കടലാസ് ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ടായിരുന്നു. അതെടുത്തുകൊണ്ടുവന്ന് ഞാന്‍ മോനു കൊടുത്തു. അവനത് പലതവണ വായിച്ചു: 'കണ്ണീരിന്റെ ഈര്‍പ്പമണിഞ്ഞ സ്‌നേഹമാണ് ഏറ്റവും ഹൃദ്യം'
അതുവായിച്ചുകഴിഞ്ഞപ്പോള്‍ അവനു മനസ്സിലായിക്കാണും എന്റെ കണ്ണുകളെന്തുകൊണ്ട് നനയുന്നുവെന്ന്..... ഞാനെന്തുകൊണ്ട് വികാരാധീനനാകുന്നുവെന്ന്.
'നമുക്ക് ഡിന്നര്‍ കഴിക്കാം മോനെ. മണി ഒമ്പതായി.'
അവന്‍ ആലോചിക്കുന്നുണ്ടാവും അവന്‍ അമേരിക്കയിലേക്കു പോയിക്കഴിഞ്ഞാല്‍ ഞാന്‍ ഏകാകിയായിപ്പോവില്ലേയെന്ന്. അച്ചനെ തനിച്ചാക്കിയിട്ടുപോകാന്‍ അവനു വിഷമമുണ്ടാവും. ജീവിതസായാഹ്നത്തില്‍ അച്ഛനു തുണയ്‌ക്കൊരു ജീവിത പങ്കാളിയുണ്ടാവുന്നത് ആശ്വാസമായിരിക്കുമെന്നവന്‍ ചിന്തിക്കുന്നുണ്ടാവും.
വിഭാര്യര്‍ അറുപതിലും അറുപത്തഞ്ചിലുമൊക്കെ ജീവിത പങ്കാളിയെത്തേടുന്നത് അസാധാരണ സംഭവമല്ലെന്ന് വായിച്ചും കേട്ടുമുള്ള അറിവിന്റെ വെളിച്ചത്തില്‍, അച്ഛന്റെ ദുഃഖത്തിനൊരു പരിഹാരം കാണാനുള്ള അവന്റെ ശ്രമമായിരിക്കാം.
പലപ്പോഴുമവനെ നനഞ്ഞകണ്ണുകള്‍കൊണ്ടുനോക്കുന്ന അച്ഛന്റെ കണ്ണീര്‍തുടയ്ക്കാന്‍ ഒരു വത്സലപുത്രന്റെ ആത്മാര്‍ത്ഥ ശ്രമം.
പക്ഷേ, അച്ഛന്റെ കണ്ണുകളില്‍നോക്കി മനസ്സിലെന്താണെന്ന് ഗ്രഹിക്കാന്‍ ഇതിനകം പഠിച്ചുകഴിഞ്ഞ മകന്‍ മുഖാമുഖമിരുന്ന് ഭക്ഷണം കഴിച്ചുതീരുന്നതിനുമുമ്പുതന്നെ അറിഞ്ഞുകഴിഞ്ഞു അച്ഛന്റെ പ്രതികരണമെന്തെന്ന്.
'സോറി അച്ഛാ........'
മൂന്നുനാലുദിവസം കഴിഞ്ഞ് അവനറിയിച്ചു, ഉപരിപഠനത്തിന് പുറത്തേക്കൊരിടത്തും പോകാനവന് താത്പര്യമില്ലെന്ന്. അച്ഛനെ ഒറ്റയ്ക്കു വിട്ടിട്ടുപോയാല്‍ പഠിക്കാന്‍ മനസ്സാന്നിദ്ധ്യം കിട്ടില്ലെന്ന്.
'അതുപറ്റില്ല മോനേ..... നിനക്കുപോകാനുള്ള തയ്യാറെടുപ്പൊക്കെ ഞാന്‍ തുടങ്ങിക്കഴിഞ്ഞു. ഇനി നീ പോയില്ലെങ്കിലാണ് എനിക്ക് വിഷമമാകുന്നത്.
മോന്‍ ഡിസ്റ്റിംഗ്ഷനോടെ B.Tech പാസ്സായി.
അമേരിക്കയില്‍ പോയി M.S. ചെയ്യണമെന്ന അവന്റെ ആഗ്രഹം ഒരു ചോദ്യചിഹ്നമായി എന്നെ തുറിച്ചുനോക്കുന്നുണ്ടായിരിന്നു. സാമ്പത്തിക പ്രശ്‌നം എങ്ങനെയും പരിഹരിക്കാം. പക്ഷെ അവനെ ഒറ്റയ്ക്കു പറഞ്ഞുവിട്ടിട്ട് ഇവിടെക്കഴിയുന്നകാര്യമോര്‍ത്തപ്പോള്‍ മനസ്സിലൊരു കൊള്ളിയാന്‍ മിന്നി.
എന്തായാലും അവന്റെ ആഗ്രഹം നിറവേറ്റാന്‍ തന്നെ തീരുമാനിച്ചു.
ബാങ്കില്‍ ഇനി കാര്യമായിട്ടൊന്നും ബാക്കിയില്ല.
പെട്ടെന്നാണ് ലോക്കറിലുള്ള സ്വര്‍ണ്ണാഭരണങ്ങളുടെ കാര്യം ഓര്‍മ്മവന്നത്. അടുത്തദിവസം തന്നെ ബാങ്കില്‍ പോയി. ലോക്കര്‍ തുറക്കാന്‍ കാത്തിരുന്നപ്പോള്‍ ഞാന്‍ ഹൃദയവേദനയോടെ ഓര്‍ത്തു. ഇതിനുമുന്‍പൊക്കെ വന്നിട്ടുള്ളതെല്ലം ഇന്ദുവിനോടൊപ്പമായിരുന്നു. ഇതാദ്യമായി ഒറ്റക്ക്. നിറകണ്ണുകളോടെ ലോക്കര്‍ തുറന്നു. എല്ലാം എടുത്തു. ലോക്കര്‍ സറണ്ടര്‍ ചെയ്തു. സ്വര്‍ണ്ണങ്ങളെല്ലാം വിറ്റു. അവനു പോകാനുള്ള തുക സ്വരൂപിച്ചു.
ഇന്ദൂ.... നമ്മുടെ മോനെയും കൊണ്ട് വിമാനം അമേരിക്കയിലേക്കു പറന്നുയരുന്നതു നോക്കിനിന്നപ്പോള്‍ അവന്‍ MS കഴിഞ്ഞ് തിരിച്ചുവരുന്നത് കാണാനുള്ള എന്റെ മോഹങ്ങള്‍ക്കു ചിറകുമുളച്ചു. ആ ചിറകുകളിലേറി എന്റെ മനസ്സും അവന്റെ പിന്നാലെ പറന്നു. അവന്‍ അമേരിക്കയില്‍ കഴിയുന്നതും പഠിക്കുന്നതുമൊക്കെ ഞാനെന്റെ ഭാവനയില്‍ നെയ്‌തെടുത്തു. അവന്‍ ദിവസേന അയച്ചുകൊണ്ടിരുന്ന ഈമെയിലുകള്‍ എന്റെ ഭാവനയ്ക്ക് നിറം പകര്‍ന്നു.
ഞാനാ ദിവസത്തിനുവേണ്ടി കാത്തിരുന്നു. നമ്മുടെ മോന്‍ M.S. കഴിഞ്ഞ് മടങ്ങിവരുന്ന ദിവസം.
ഇനി ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇന്നിതാ അവന്റെ ഈമെയില്‍ വന്നിരിക്കുന്നു.
അവനവിടെ നല്ലൊരു ജോലിക്ക് ഓഫര്‍ വന്നിരിക്കുന്നു; അതവന് സ്വീകരിക്കാന്‍ ആഗ്രഹമുണ്ടെന്ന്.
അതുമാത്രമല്ല. അവന്റെ ജീവിതപങ്കാളിയെയും അവിടെത്തന്നെ കണ്ടുപിടിച്ചിരിക്കുന്നു. അമേരിക്കന്‍ പൗരത്വമുള്ള, അവിടെ സ്ഥിരതാമസമാക്കിയിട്ടുള്ള ഒരു മലയാളി കുടുംബത്തിലെ പെണ്‍കുട്ടി. അവനോടൊപ്പം M.S. ന് പഠിക്കുന്ന കുട്ടി.
ഇന്ദൂ..... ഇനി നീ പറയൂ...... എനിക്കിന്നു കരയണമെന്നു തോന്നിയത് തെറ്റാണോ? അവനെങ്ങനെ ഇത്ര പെട്ടെന്ന് എന്നെ മറക്കാന്‍ കഴിഞ്ഞു? എനിക്കവനോടുള്ള സ്‌നേഹത്തില്‍ ഞാനെപ്പോഴെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടോ?
...........................................
ഒരുകണക്കിന് ഞാന്‍ സ്വാര്‍ത്ഥനാണ്, അല്ലേ ഇന്ദൂ? ഞാന്‍ എന്റെ ദുഃഖത്തെക്കുറിച്ചുമാത്രം ചിന്തിച്ചു. അവന്റെ ഭാവിയെക്കുറിച്ചോര്‍ത്തില്ല.
മകനു തണലേകാന്‍ അച്ഛന്‍ വെയിലേറ്റുവാടിയെങ്കില്‍ അതിലെന്താ ഇത്ര വലിയ കാര്യം? അതൊരു പിതാവിന്റെ കടമയല്ലേ? മകന്റെ അവകാശമേല്ല?
ഇന്നത്തെ യുവതീയുവാക്കളെല്ലാം ഉയരങ്ങളെത്തിപ്പിടിക്കാന്‍ സ്വപ്‌നം കാണുമ്പോള്‍ ചിലപ്പോള്‍ ചിലതൊക്കെ മറന്നുപോയെന്നിരിക്കും. കടമയുടെ ബലിക്കല്ലില്‍ തല്ലിത്തകര്‍ക്കാനുള്ളതല്ലല്ലോ അവരുടെ വിലപ്പെട്ട ജീവിതം. വികാരങ്ങള്‍ക്കടിമപ്പെട്ടാല്‍ അവരുടെ അവസരങ്ങള്‍ നഷ്ടപ്പെടില്ലേ?
'ബീ പ്രാക്ടിക്കല്‍' - അതാണല്ലോ അവരുടെ ആപ്തവാക്യം. അപ്പോള്‍ വിലകുറഞ്ഞ വികാരങ്ങള്‍ക്ക് അവരുടെ മനസ്സില്‍ ഇടമുണ്ടാവില്ല.
അപ്പോള്‍ നമ്മുടെ മകനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലല്ലോ.
അവന്‍ സന്തോഷത്തോടെ ജീവിക്കട്ടെ.
ഉടനെതന്നെ അവനു മറുപടി ഈമെയിലയച്ചു. അവന്‍ അമേരിക്കയില്‍ ജോലി സ്വീകരിക്കുന്നതിലും അവനിഷ്ടപ്പെട്ട ജീവിതപങ്കാളിയോടൊപ്പം അവിടെ സ്ഥിരതാമസമാക്കുന്നതിലും എനിക്ക് സന്തോഷമാണെന്ന്.
മെയിലയച്ചുകഴിഞ്ഞപ്പോള്‍ മനസ്സിലെ വിങ്ങലിന് ഒരയവു വന്നതുപോലെ തോന്നി.
പിന്നെയങ്ങോട്ട് ദിനരാത്രങ്ങള്‍ക്ക് ദൈര്‍ഘ്യമേറിയതുപോലെ തോന്നി. ദിവസങ്ങള്‍ കൂടുതല്‍ വിരസങ്ങളായി........ രാത്രികള്‍ നിദ്രാവിഹീനങ്ങളായി..................... ദിനചര്യകള്‍ യാന്ത്രികമായി...............
ദിവസംതോറും തളര്‍ച്ച വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു; ശരീരത്തിനും മനസ്സിനും.
ഇന്ദുവിനോട് വീണ്ടും സംസാരിക്കണമെന്നുതോന്നി.
'ഇന്ദൂ......... നിന്റെ അടുത്തേക്കുവരാന്‍ എന്റെ മനസ്സ് തിടുക്കം കാട്ടുന്നു. അതിനുമുമ്പ് ഒരാഗ്രഹംകൂടി ബാക്കിയുണ്ട്. നമ്മുടെ മോനവിടെ സ്ഥിരതാമസമാകുന്നതിനുമുമ്പ് ഒന്നുകൂടി അവനെ കണ്‍കുളിര്‍ക്കെ കാണണമെന്നൊരു മോഹം....... അതുകഴിഞ്ഞ്............... ഇന്ദൂ........ ഞാന്‍ നിന്റെ അടുത്തേക്കുവരും..........................'
അതിരാവിലെ ഉണര്‍ന്നുവെങ്കിലും അവധിയായതിനാല്‍ ഉറക്കം കഴിഞ്ഞുള്ള ആലസ്യത്തില്‍ മൂടിപ്പുതച്ചങ്ങനെ കിടന്നു. നല്ല തണുപ്പുണ്ടായിരുന്നു.
എപ്പോഴാണെന്നറിയില്ല നിദ്ര വീണ്ടും കണ്ണുകളെ തഴുകി.
കാളിംഗ് ബെല്ലിന്റെ കുയില്‍നാദം കാതുകളില്‍ കുഴലൂതിയപ്പോള്‍ ഞെട്ടിയുണര്‍ന്നു. എട്ടുമണി കഴിഞ്ഞിരിക്കുന്നു.
തുറന്നിട്ട ജാലകത്തിലൂടെ അതിക്രമിച്ചു കടന്നുവന്ന ഇളംവെയില്‍ മുറിക്കുള്ളിലെ പുലര്‍കാല കുളിരിനെ ആട്ടിയോടിച്ചതൊന്നും അറിഞ്ഞതേയില്ല.
പുതപ്പുമാറ്റി പെട്ടെന്നെണീറ്റു......... ശരീരം വിയര്‍ത്തിരിക്കുന്നു.
ഇന്ദുവിന്റെ ഫോട്ടോ ബെഡ്ഡില്‍തന്നെ കിടപ്പുണ്ടായിരുന്നു.
വാതില്‍ തുറക്കുന്നതിനുമുമ്പ് ജനാലയിലൂടെ നോക്കി...... ആരാണ് കാളിംഗ് ബെല്ലടിച്ചത്?
പിന്നെ വാതില്‍ തുറന്നതും ഗേറ്റുവരെ എത്തിയതും അറിഞ്ഞതേയില്ല........
മോനേയെന്നുറക്കെ വിളിച്ചുവെങ്കിലും ഗദ്ഗദം കാരണം ശബ്ദം പുറത്തുവന്നില്ല. ഗേറ്റുതുറന്ന് അവനെ കെട്ടിപ്പിടിക്കുമ്പോള്‍ കൈകള്‍ വിറയ്ക്കുന്നതുപോലെ തോന്നി.
'എന്താ മോനെ ഒരറിയിപ്പുമില്ലാതെ?'
'അച്ഛനൊരു സര്‍പ്രൈസാകട്ടെയെന്നു കരുതി............ ഞാനാദ്യം നമ്മുടെ വീട്ടിലാണ് കയറിച്ചെന്നത്. അപ്പോഴവിടെ വേറെ ആള്‍ക്കാരെ കണ്ടു. അവരാണീ വീടുകാട്ടിത്തന്നത്. അച്ചനെന്താ ഇങ്ങോട്ടു മാറിയത്?'
'ആ വീടുവിറ്റു. കുറച്ചുരൂപയ്ക്കാവശ്യം വന്നു. ഇത് വാടകവീടാണ്'
അവന് പറയാതെതന്നെ മനസ്സിലായി, അവന്റെ പഠിത്തത്തിന്റെ ആവശ്യത്തിനുവേണ്ടിയാണ് വീടുവിറ്റതെന്ന്.
'അതിരിക്കട്ടെ, നിനക്ക് എന്നാണിനി തിരിച്ചു പോകേണ്ടത്?'
'തിരിച്ചു പോകുന്നില്ല'
'ങേ....? അപ്പോള്‍ നിന്റെ ജോലി? ആ പെണ്‍കുട്ടി?'
അവനൊന്നു ചിരിച്ചതേയുള്ളു.
'അപ്പോള്‍ അതൊക്കെ നീ എന്നെ പറ്റിക്കാനെഴുതിയതായിരുന്നു..... അല്ലേ?'
'അല്ല... എഴുതിയതൊക്കെ സത്യമായിരുന്നു. പക്ഷേ അതൊക്കെ തെറ്റായിപ്പോയെന്ന് പിന്നീടാണ് മനസ്സിലായത്'
'അതെന്താ?'
'നല്ല ജോലി ഇവിടെയും കിട്ടും........... പിന്നെ ആ പെണ്‍കുട്ടിയുടെകാര്യം.......... ഞാനെന്റെ അച്ഛനെ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോയി അവിടെ ഒരുമിച്ച് താമസിക്കണമെന്ന എന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ അവര്‍ക്കതില്‍ തൃപ്തിയില്ല..................... കണ്ണീരിന്റെ ഈര്‍പ്പമണിഞ്ഞ സ്‌നേഹമെന്തെന്ന് അവര്‍ക്കറിയില്ല. അറിയാന്‍ താത്പര്യവുമില്ല.'
ഞാന്‍ അവിശ്വസനീയമായി അവനെ നോക്കിനിന്നപ്പോള്‍ അവന്‍ ട്രൗസറിന്റെ പോക്കറ്റിലെ വാലറ്റിനുള്ളില്‍ നാലായി മടക്കിവച്ചിരുന്ന ഒരു കടലാസെടുത്ത് എന്റെ കയ്യില്‍ തന്നു.
ഞാനത് തുറന്നുവായിച്ചു: 'കണ്ണീരിന്റെ ഈര്‍പ്പമണിഞ്ഞ സ്‌നേഹമാണ് ഏറ്റവും ഹൃദ്യം'
ഇന്ദുവിന്റെ കൈപ്പടയിലെഴുതിയ ആ ഒരു വരി........ വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനവന് കൊടുത്ത ഒരു തുണ്ട് കടലാസ്....... അവനത് സൂക്ഷിച്ചുവച്ചിരിക്കുന്നു.
എന്റെ മനസ്സ് സര്‍ വാള്‍ട്ടര്‍ സ്‌കോട്ടിന് ഒരായിരം നന്ദി പറഞ്ഞു.
ഞാനാലോചിക്കുകയായിരുന്നു, മഹാന്മാരെഴുതുന്ന ഒരുവരിക്കുപോലും മനുഷ്യനെ എവിടെനിന്നെവിടെവരെ കൊണ്ടെത്തിക്കാന്‍ കഴിയുന്നു!
എന്റെ മോനപ്പോഴും എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അവന്‍ എന്നിലെ ഭാവഭേദങ്ങള്‍ വീക്ഷിക്കുകയായിരുന്നു.
ഞാനപ്പോള്‍ കണ്ടു കണ്ണീരിന്റെ ഈര്‍പ്പമണിഞ്ഞ രണ്ടുകണ്ണുകള്‍....... കണ്ണീരില്‍ കുതിര്‍ന്ന് ഹൃദ്യമായ സ്‌നേഹം.... എന്റെ മോന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടു.
ഞാനെന്നെ പഴിച്ചു....... എന്റെ ചിന്തകളെ ശപിച്ചു...... നമ്മുടെ മോനെ തെറ്റിദ്ധരിച്ചതിന്.
അതിഭാവുകത്വമെന്ന ആ ദൗര്‍ബല്യം കാരണം ചിന്തകള്‍ കാടുകയറിയപ്പോള്‍ ഞാനെന്റെ മോനെ തെറ്റിദ്ധരിച്ചുപോയി.
ഷോകേസിനുള്ളില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ഇന്ദുവിനോട് എന്റെ മനസ്സ് മന്ത്രിച്ചു: 'സോറി, ഇന്ദൂ..... ഞാന്‍ ഇനിയും വൈകും നിന്റെ അടുത്തേക്കുവരാന്‍.'
****************
No comments:
Post a Comment