Monday, September 28, 2015

Ek Paav Bhindi

                                                   ഏക് പാവ് ഭിണ്ടി

നാളെ രാവിലെ എയര്‍പോര്‍ട്ടില്‍ പോകണം. ഒന്‍പതരക്കാണ് ബാലഗോപാലിന്റെ ഫ്‌ളൈറ്റ് അറൈവല്‍.

ഈ ഫ്‌ളൈറ്റ് പലപ്പോഴും വൈകിയാണ് വരുന്നത്. ഇന്ദ്രപ്രസ്ഥത്തിലെ അന്തരീക്ഷം അനുകൂലമല്ലെങ്കില്‍ ടേക്കോഫ് വൈകും.

ദില്ലി നിവാസികളെ കുളിരണിയിച്ചുകൊണ്ട് മൂടല്‍മഞ്ഞ് ഇടക്കിടെ അതിരാവിലെ പുറത്തിറങ്ങും. പിന്നയവള്‍ വിമാനത്താവളത്തിന്റെ മുകളിലും മറ്റും കുറേസമയമങ്ങനെ കുണുങ്ങിക്കുണുങ്ങി വിലസും. ഉദയസൂര്യനെത്തി അവളെ വിരട്ടിയോടിക്കുന്നതുവരെ. പിന്ന മന്ദംമന്ദം നീങ്ങിയവള്‍ എങ്ങോപോയിമറയും. അവള്‍ പോയിക്കഴിയുന്നതുവരെ വിമാനം ഇറങ്ങാനോ പറന്നുയരാനോ അവള്‍ അനുവദിക്കുകയില്ല.

ഇന്നവളെ കണ്ടില്ലെന്ന് ബാലഗോപാല്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു.

എന്റെ ബാല്യകാല സുഹൃത്താണ് ബാലഗോപാല്‍........ ഒരേ നാട്ടില്‍ ജനിച്ചു........ ഒരുമിച്ച് പഠിച്ചു........ രണ്ടുപേരുടെയും മേച്ചില്‍പ്പുറങ്ങള്‍ വിദൂരങ്ങളിലാണെങ്കിലും സൗഹൃദം ഒരുകുറവുമില്ലാതെ ഇപ്പോഴും തുടരുന്നു......

സെന്‍ട്രല്‍ സെക്രട്ടറിയറ്റിലെ ഉദ്യോഗത്തില്‍ നിന്നു വിരമിക്കാന്‍ അവനിനി ഏകദേശം രണ്ടു വര്‍ഷംകൂടി ബാക്കിയുണ്ട്.  അതുകഴിഞ്ഞെവിടെ സെറ്റിലാകണം........ അതാണവന്റെ ഇപ്പോഴത്തെ ചിന്താവിഷയം.

ഉദ്യോഗസ്ഥരും വിവാഹിതരുമായ മകനും മകളും ദില്ലിയില്‍ സെറ്റില്‍ഡ്..........  

ബാലഗോപാലിന് റിട്ടയര്‍മെന്റിനുശേഷം നാട്ടില്‍ സെറ്റിലാകാനാണിഷ്ടം. മക്കള്‍ നിര്‍ബന്ധം പിടിക്കുന്നു ദില്ലിയില്‍ സെറ്റിലാകാന്‍. ഭാര്യ ന്യൂട്രല്‍.

അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത് എന്നൊരു പഴഞ്ചൊല്ലു കേട്ടിട്ടുണ്ട്.  ഇവിടെ അച്ഛന്‍ തെക്കോട്ട്....... മക്കള്‍ വടക്കോട്ട്...........അമ്മ തെക്കോ വടക്കോ എന്ന അവസ്ഥയില്‍........

അവന്റെ ഈ അവധിക്കുവരവിന്റെ പിന്നില്‍ അങ്ങനെയുമൊരുദ്ദേശം കൂടിയുണ്ട്. നാട്ടില്‍ വന്ന് നേരില്‍ കണ്ടും കേട്ടും ഇവിടത്തെ ഇപ്പോഴുള്ള സാഹചര്യങ്ങളൊക്കെ മനസ്സിലാക്കിയിട്ടൊരു തീരുമാനമെടുക്കണം.

ഫ്‌ളൈറ്റ് പത്തുമിനിട്ട് വൈകിയെത്തി.

എയര്‍പോര്‍ട്ടില്‍നിന്നു വരുന്നവഴിക്ക് ബൈപാസ് ജങ്ക്ഷന്‍ എത്തുന്നതിനു തൊട്ടുമുമ്പ് ഒരാള്‍ കൈകാണിച്ച് കാര്‍ നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചു.

ഒരു സ്‌കൂട്ടര്‍യാത്രക്കാരിയെ ഏതോ ഒരു കാര്‍ ഇടിച്ചിട്ടിട്ട് നിര്‍ത്താതെ കടന്നുകളഞ്ഞു.

രക്തത്തില്‍ക്കുളിച്ച് അബോധാവസ്ഥയില്‍ കിടക്കുന്ന യുവതിയെ ആശുപത്രിവരെ എത്തിക്കാന്‍ അതുവഴികടന്നുപോയ ഒരു വാഹനവും നിര്‍ത്താന്‍ തയ്യാറായില്ല.

'നമുക്കിവരെ അടുത്തുള്ള ആശുപത്രിയില്‍ വിട്ടിട്ടുപോകാം'.  സുഹൃത്തിന്റെ അഭിപ്രായം ശരിവച്ചുകൊണ്ട് ഞാന്‍ കാറില്‍ നിന്നിനറങ്ങി.

പുറകിലെ ഡോര്‍ തുറന്നുകൊടുത്തപ്പോള്‍ ഏതാനുംപേര്‍ചേര്‍ന്നു യുവതിയെ പിന്‍സീറ്റില്‍ കിടത്തി.

മറ്റാരും കാറില്‍ കയറിയില്ല; അവരുടെ കടമ കഴിഞ്ഞു. ഒരാള്‍പോലും ആശുപത്രിവരെ കൂടെവരാന്‍ തയ്യാറായില്ല. എല്ലാരും വലിയ തിരക്കിലാണ്.

വൈകുന്ന ഓരോനിമിഷവും പിന്‍സീറ്റില്‍ കിടക്കുന്ന യുവതിയുടെ ജീവന് വിലപ്പെട്ടതായതിനാല്‍ മറ്റാര്‍ക്കുംവേണ്ടി കാത്തുനില്കാതെ അടുത്തുള്ള മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്കു കാര്‍ പായിച്ചു.

കാഷ്വാലിറ്റിയില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ പേഷ്യന്റിന്റെ പേരുപോലുമറിയില്ല. അപ്പോഴാണ് അവളുടെ കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ഐഡന്റിറ്റി കാര്‍ഡ് ശ്രദ്ധയില്‍പ്പെട്ടത്.

രക്തത്തില്‍ മുങ്ങിപ്പോയ കാര്‍ഡ് തൂവാലകൊണ്ട്  തുടച്ച്  പേരും ഫോണ്‍ നമ്പരും കണ്ടുപിടിച്ചു.

ടെക്‌നോപാര്‍ക്കില്‍ പ്രസിദ്ധമായ ഒരു സോഫ്റ്റ്‌വേര്‍ കമ്പനിയിലെ ഉദ്യോഗസ്ഥയാണവള്‍.

പേഷ്യന്റിനെ അകത്തേക്കുകൊണ്ടുപോയിക്കഴിഞ്ഞപ്പോള്‍ ഐഡന്റിറ്റിക്കാര്‍ഡില്‍ കണ്ട എമര്‍ജന്‍സി കോണ്ടാക്ട്് നമ്പരിലേക്കുവിളിച്ചു.

വേണ്ടപ്പെട്ടവരെ വിവരം അറിയിച്ചുവെങ്കിലും ആരെങ്കിലും വരുന്നതുവരെ കാത്തുനില്ക്കാതെ പോകുന്നതു ശരിയല്ലല്ലോ. എന്നാല്‍ പുലരുംമുമ്പേ യാത്രതുടങ്ങിയ സുഹൃത്തിനെ ഇനിയും വഴിയില്‍ വൈകിക്കുന്നതും ശരിയല്ല.

ഞാന്‍ ധര്‍മ്മസങ്കടത്തിലായി.

എന്റെ മനോഗതം മനസ്സിലാക്കിയ ബാലഗോപാല്‍ പറഞ്ഞു: 'കുറച്ചുസമയം  വെയ്റ്റുചെയ്യാം. ആരെങ്കിലും വരുന്നതുവരെ'.

ഞങ്ങള്‍ വേറ്റിംഗ് ലൗഞ്ചിലെ റ്റീസ്റ്റാളില്‍ നിന്നു ചായകുടിച്ചിട്ട് ദില്ലിയിലെ വിശേഷങ്ങളൊക്കെപ്പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു ചെറുപ്പക്കാരനും ഒരു സ്ത്രീയും ഓടിക്കിതച്ചുവന്ന് റിസപ്ഷനില്‍ എന്തോ ചോദിച്ചിട്ട് അടുത്തേക്കുവന്നു.

'അങ്കിള്‍, നിങ്ങളാണോ അശ്വതിയെ ഇവിടെ കൊണ്ടുവന്നത്?'

'അതെ'

'താങ്ക്യു അങ്കിള്‍.  ഞാന്‍ അശ്വതിയുടെ ഹസ്ബന്റ് ... നിതിന്‍.  ഇതെന്റെ അമ്മ......... ഞാനിപ്പോള്‍ വരാമങ്കിള്‍'.  അത്രയും പറഞ്ഞിട്ടവന്‍ കാഷ്വാലിറ്റിയിലേക്കോടി. കൂടെ അമ്മയും.

അവനെ ഇതിനുമുമ്പ് എവിടെയോ കണ്ടിട്ടുള്ളതുപോലെ തോന്നി. എവിടെയാണെന്നോര്‍മ വരുന്നില്ല.

കാഷ്വാലിറ്റിക്കു മുന്നില്‍ അക്ഷമനായി നില്‍ക്കുന്ന നിതിനോടു ചോദിച്ചു:  'ഇനി ഞങ്ങള്‍ പോകട്ടെ?'

അഡ്മിഷന്‍ സമയത്ത് കൗണ്ടറില്‍ അടച്ച പതിനായിരം രൂപയുടെ രസീതില്‍ പിന്‍ചെയ്തിരുന്ന ക്രെഡിറ്റ്കാര്‍ഡ് സ്ലിപ് എടുത്തുമാറ്റിയിട്ട് രസീത് അവനുകൊടുത്തു.

'അങ്കിള്‍ അഞ്ചുമിനിറ്റ്...... പ്‌ളീസ്.  ഞാനിപ്പോള്‍ ATM ല്‍ നിന്നു പൈസയെടുത്തിട്ടുവരാം'.

മറുപടിക്കു കാക്കാതെ അവന്‍ ATM ലേക്കോടി.

പൈസയുമായി മടങ്ങിവന്നപ്പോള്‍ മറ്റുരണ്ടു യുവാക്കളും ഒരു സ്ത്രീയും കൂടെയുണ്ടായിരുന്നു.  

ആ രണ്ടു യുവാക്കളില്‍ ഒരാളെയും മുമ്പു കണ്ടിട്ടുള്ളതുപോലെ തോന്നി.

പതിനായിരം രൂപ എണ്ണിത്തന്നിട്ട് നിതിന്‍ ഒരിക്കല്‍ക്കൂടി നന്ദിപറഞ്ഞു.

യാത്രപറഞ്ഞിട്ട് നടക്കാന്‍ തുടങ്ങിയപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന ഒരു യുവാവ് തടഞ്ഞു.

'അങ്ങനെയങ്ങുപോയാലോ. ആക്‌സിഡന്റുകേസല്ലേ. പോലീസുവരട്ടെ'.

നിതിന്‍ ഉടനെ ഇടപെട്ടു:  'വേണ്ടെടാ.... അവര്‍ പൊക്കോട്ടെ. സമയത്തിനു അശ്വതിയെ അവര്‍ ഇവിടെ എത്തിച്ചില്ലായിരുന്നെങ്കില്‍............? പോലീസിനോടു നമുക്കു കാര്യം പറയാം'.

'ഇവര്‍ പറയുന്നതെല്ലാം നീയങ്ങു വിശ്വസിച്ചുവോ? ഇവരുടെ കാറല്ല അശ്വതിയെ ഇടിച്ചുവീഴ്ത്തിയതെന്നു നിനക്കെന്താ ഉറപ്പ്?'

അടക്കി നിര്‍ത്തിയിരുന്ന രോഷം അണപൊട്ടി പുറത്തുചാടി.

'അതേടാ.... ഞാന്‍ തന്നെയാ ഇടിച്ചുവീഴ്ത്തിയത്. താനെന്നെ പോലീസിലേല്‍പിക്ക്.  ഞാനവിടെ എല്ലാം പറഞ്ഞുകൊള്ളാം'

'കിഴവന്റെ എക്‌സ്‌പൈറി ഡേറ്റുകഴിഞ്ഞല്ലോ.  എന്നിട്ടും അരിശം കണ്ടില്ലെ' അവന്‍ കയര്‍ത്തുകൊണ്ടടുത്തേക്കുവന്നു.

നിതിന്‍ അവനെ പിടിച്ചുനീക്കി ദൂരേക്കു കൊണ്ടുപോയി.

ബാലഗോപാല്‍ ആദ്യമൊന്നു ഞെട്ടി. എന്റെ മുഖം അരിശം കൊണ്ടു ചുവന്നുതുടുത്തു.  അതുകണ്ട ബാലഗോപാല്‍ എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. 'സാരമില്ലെടാ...... പിള്ളാരല്ലെ?...... ക്ഷമിക്ക്.....'

പുതുതലമുറയുടെ നവപദന്യാസം! എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞകിഴവന്‍! മുതിര്‍ന്നവരെ അവഹേളിക്കാന്‍ ഉപയോഗിക്കുന്ന പുതിയ പ്രയോഗം.

മുതുക്കന്‍, വയസന്‍, കിഴവന്‍..... അതൊക്കെ പഴകിപ്പോയി.

ഇത്തരം പദങ്ങള്‍ ചില ചെറുപ്പക്കാര്‍ സ്വന്തം മാതാപിതാക്കളുടെ മുന്നില്‍വെച്ചുപോലും അവരേക്കാള്‍ പ്രായം കുറഞ്ഞവരെക്കുറിച്ച് ഒരുളുപ്പുമില്ലാതെ പ്രയോഗിക്കുന്നത് കേള്‍ക്കാറുണ്ട്.

എന്നാല്‍ ഈ പുതിയ പ്രയോഗം അധികമൊന്നും കേട്ടിട്ടില്ല. പ്രചാരത്തില്‍ വന്നുതുടങ്ങിയതേയുള്ളായിരിക്കാം.

ഞാനോര്‍ക്കുകയായിരുന്നു, റിട്ടയര്‍മെന്റിനുശേഷം നാട്ടില്‍ സെറ്റില്‍ ചെയ്യുന്നതിനെക്കുറിച്ചു തീരുമാനമെടുക്കാന്‍ എത്തിയ സുഹൃത്തിന് വിമാനമിറങ്ങിയ ഉടനെ അഭിമുഖീകരിക്കേണ്ടിവന്ന യാതനകള്‍.  പക്ഷെ അവന്‍ വളരെ ശാന്തനായിരുന്നു.  എനിക്കതിനു കഴിയുമായിരുന്നില്ല.

ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം രോഷം കൊടുമ്പിരിക്കൊള്ളും. അനിയന്ത്രിതമായ ദ്വേഷ്യമോ? ......... അതോ ധാര്‍മികരോഷമോ?

മനസ്സിന്റെ കാന്‍വാസില്‍ പതിഞ്ഞിട്ടുണ്ടായിരുന്ന ആ രണ്ടു യുവാക്കളുടെയും മുഖച്ഛായ ഓര്‍മയെ പിന്നോട്ടു കൂട്ടിക്കൊണ്ടുപോയി. എവിടെവെച്ചാണവരെ കണ്ടിട്ടുള്ളത്?

പിന്നോട്ടുസഞ്ചരിച്ച മനസ്സ് പലേടത്തും പരതിക്കൊണ്ടിരിക്കെ പെട്ടെന്നോര്‍മ വന്നു..... ഏകദേശം രണ്ടുമാസങ്ങള്‍ക്കുമുമ്പുണ്ടായ ആ സംഭവം. അതെ..... ഇവര്‍ തന്നെയാണന്നും എന്റെ  എക്‌സ്‌പൈറി ഡേറ്റ് നിശ്ചയിച്ചത്!  

മരണമാണു മനുഷ്യന്റെ എക്‌സ്‌പൈറി ഡേറ്റെന്നാണിതുവരെ വിശ്വസിച്ചിരുന്നത്. അതല്ല, മരണത്തിന് മുമ്പുതന്നെ എക്‌സ്‌പൈറി ഡേറ്റെത്തുമെന്ന് ഇവനെപ്പോലെ ചില ചെറുപ്പക്കാര്‍ പുനഃവ്യാഖ്യാനം ചെയ്തിരിക്കുന്നു.

മുതിര്‍ന്നവരെയൊക്കെ നികൃഷ്ട ജീവികളായിക്കാണുന്ന ഇവനോടു സംസാരിക്കുന്നതുതന്നെ ഉചിതമായിരിക്കുകയില്ലെന്നു ബോദ്ധ്യമുള്ളതിനാല്‍ രോഷത്തെ ഒരിക്കല്‍കൂടി കടിച്ചമര്‍ത്തി കടിഞ്ഞാണിട്ടു.

ഉദ്യോഗത്തില്‍ നിന്നു വിരമിച്ചിട്ടുപോലുമില്ലാത്തയാളിന്റെ എക്‌സ്‌പൈറി ഡേറ്റുകഴിഞ്ഞുവെങ്കില്‍ എഴുപതും എണ്‍പതുമൊക്കെ കഴിഞ്ഞവരുടെ ഗതി എന്തായിരിക്കും?

ഞങ്ങള്‍ പോകാന്‍ തുടങ്ങുകയായിരുന്നു; ഉടനെ പോലീസെത്തി.

അവരോടു കാര്യമൊക്കെ ധരിപ്പിച്ചു. അവരുടെ ആവശ്യപ്രകാരം അപകടം നടന്ന സ്ഥലംവരെ പോലീസുജീപ്പില്‍ കൂടെപ്പോകേണ്ടിവന്നു. ബാലഗോപാലും ഒപ്പംവന്നു.

അപകടം നടക്കുമ്പോള്‍ അടുത്തുള്ള ഒരു പച്ചക്കറിക്കടയും ഒരു ബേക്കറിയും തുറന്നിരുന്നതിനാല്‍ അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രക്ഷപ്പെട്ടു.

കാര്‍ ആശുപത്രിയിലായതിനാല്‍ പോലീസുജീപ്പില്‍ തന്നെ അവിടെവരെ ഞങ്ങളെ തിരിച്ചുകൊണ്ടുവിട്ടു.

നിതിനും കൂട്ടരും അസ്വസ്ഥരായി അങ്ങോട്ടുമിങ്ങോട്ടുമോടുന്നു............... ഫോണ്‍ വിളിക്കുന്നു...............

'എന്താ?..... എന്താ പ്രശ്‌നം?' ബാലഗോപാല്‍ നിതിനോടുചോദിച്ചു.

'അങ്കിള്‍, അശ്വതിക്കുടനെ രക്തം കൊടുക്കണം.   ഒ-നെഗറ്റീവാണ്. ആശുപത്രിയില്‍ സ്റ്റോക്കില്ല. വളരെ റേര്‍ ഗ്രൂപ്പായതിനാല്‍ ഡോണറെ കിട്ടുന്നുമില്ല'

ഇതെന്തൊരത്ഭുതം!

നിമിത്തമോ? നിയോഗമോ? അതോ വെറും യാദൃശ്ചികതയോ?

അവര്‍ക്കാവശ്യമുള്ളത് എന്റെ പക്കലുണ്ട്!

'എന്റെ രക്തം ഒ-നെഗറ്റീവാണ്. വേണമെങ്കിലെടുക്കാം. പക്ഷെ ഒരു പ്രശ്‌നം. എക്‌സ്‌പൈറി ഡേറ്റുകഴിഞ്ഞയാളിന്റെ രക്തം കൊടുക്കാമോ?'

എന്റെ എക്‌സ്‌പൈറി ഡേറ്റ് നിശ്ചയിച്ചവന്റെ മുഖമൊന്നു ചൂളി.

നിതിന്റെ കണ്ണുകളില്‍ അവന്റെ സുഹൃത്തിനുവേണ്ടിയുള്ള ക്ഷമാപണവും ഒരു ദയനീയമായ അപേക്ഷയും പ്രകടമായിരുന്നു.

ബാലഗോപാല്‍ പ്രോത്സാഹിപ്പിച്ചു: 'നല്ല കാര്യമല്ലെ?  രക്തം കൊടുത്തിട്ടുവരു.... അതിനുള്ള എക്‌സ്‌പൈറി ഡേറ്റായിട്ടില്ല നിനക്ക്. അറുപതുവയസ്സുവരെയാകാം.  പോയിട്ടുവാ..... ഞാന്‍ വെയ്റ്റുചെയ്യാം'

രക്തദാനം ചെയ്യാന്‍ ലബോറട്ടറിയിലെ ബഞ്ചില്‍ കിടക്കുമ്പോള്‍ മനസ്സില്‍ തെളിഞ്ഞുവന്നു ഏകദേശം രണ്ടുമാസങ്ങള്‍ക്കുമുമ്പ് എന്നെ തളര്‍ത്തിയ ആ സായാഹ്നസവാരി.

രാവിലെ മഴപെയ്തതിനാല്‍ പ്രഭാതസവാരി മുടങ്ങി. പകരം സായാഹ്നസവാരിക്കിറങ്ങിയതായിരുന്നു.

ശിവക്ഷേത്രത്തിനു പുറകിലുള്ള റോഡിലൂടെ നടന്ന് വയല്‍ മുറിച്ചുള്ള നടവരമ്പുവഴി അക്കരെ കടന്നാല്‍ പിന്നെ കുറെ ദൂരം പുഴയോരത്തെ തെങ്ങിന്‍തോപ്പുകള്‍ക്കിടയിലൂടെയുള്ള നടപ്പാതയാണ്.

പുലര്‍കാലക്കാറ്റിന്റെ താളത്തിനൊത്ത് നൃത്തംചെയ്യുന്ന തെങ്ങോലകളുടെ ഇടയിലൂടെ ഒളിഞ്ഞും തെളിഞ്ഞും  പതിക്കുന്ന സൂര്യകിരണങ്ങളുടെ ചെറുചൂടും ശാന്തമായൊഴുകുന്ന നദീജലപ്പരപ്പിനെ തഴുകിയെത്തുന്ന കുളിര്‍കാറ്റും അന്തരീക്ഷത്തില്‍ സ്രൃഷ്ടിക്കുന്ന വിശിഷ്ട ഊര്‍ജം മനസ്സിനും ശരീരത്തിനും നല്‍കുന്ന ഉന്മേഷം ദിവസം മുഴുവനും നിലനില്ക്കുന്നു.

എന്നാല്‍ ആദ്യമായി അതുവഴി സായാഹ്നസവാരിക്കിറങ്ങിയപ്പോഴുണ്ടായ അനുഭവം മറിച്ചായിരുന്നു.

പ്രഭാതത്തില്‍ കണ്ട അന്തരീക്ഷമല്ല പ്രദോഷത്തില്‍.

വയല്‍കടന്ന് പുഴയോരത്തിലൂടെ കുറച്ചുദൂരം കഴിഞ്ഞപ്പോള്‍ എട്ടുപത്തു ചെറുപ്പക്കാര്‍ അടുത്തുള്ള തെങ്ങിന്‍തോപ്പില്‍ വളഞ്ഞിരിക്കുന്നു.

മദ്യപാനമാണവരുടെ കലാപരിപാടിയെന്ന് കോലാഹലങ്ങളും ആക്രോശങ്ങളും കേട്ടാലറിയാം.

അതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും ഭാവിച്ച് മുന്നോട്ടു നടക്കുമ്പോള്‍ അതാവരുന്നു ഒരു പറക്കുംതളിക! ഒരു കുപ്പി മുന്നില്‍ വന്നുവീണു പൊട്ടിച്ചിതറി. ഏതാനും ചില്ലുകള്‍ കാലില്‍ വന്നുതട്ടിയെങ്കിലും പരിക്കൊന്നും പറ്റിയില്ല.

കുപ്പി പൊട്ടിച്ചിതറിയപ്പോഴുണ്ടായ ധ്വനി ഒരു താക്കീതായി കാതുകളില്‍ മുഴങ്ങി.

സ്തബ്ധനായി നിന്നുപോയി. തിരിഞ്ഞുനോക്കിയപ്പോള്‍ ഒരുത്തന്‍ നിന്നാക്രോശിക്കുന്നു:  'ചെറുപ്പക്കാര്‍ക്ക് വൈകുന്നേരം ഒന്ന് സ്വസ്ഥമായിരിക്കാനുള്ള സ്ഥലത്തുകൂടിമാത്രമേ എക്‌സ്‌പൈറി ഡേറ്റുകഴിഞ്ഞ കിഴവന്‍മാര്‍ക്കു നടക്കാന്‍ വഴിയുള്ളോ?'

അന്നാണു ആദ്യമായി എന്റെ എക്‌സ്‌പൈറി ഡേറ്റുകഴിഞ്ഞ വിവരമറിഞ്ഞത്!

അവിടെ  നില്ക്കുന്നതു പന്തിയല്ലെന്നു തോന്നിയതിനാല്‍ വേഗം നടന്നു.

കുറേദൂരം നടന്നുകഴിഞ്ഞപ്പോള്‍ പതിവില്ലാതെ ക്ഷീണം തോന്നി.

തിരിച്ചുപോകാമെന്നു തോന്നിയപ്പോഴാണ് ഞെട്ടലോടെ ആ കാര്യം ഓര്‍മവന്നത്.

തിരിച്ചുപോകുമ്പോഴും അവരുടെ കുപ്പിയേറുവന്നാലോ?

ഇപ്പോള്‍ അവരുടെ വീറും ഉശിരുമൊക്കെ കൂടിയിട്ടുണ്ടാവും.  അകത്തുചെന്ന ദ്രാവകത്തിന്റെ വീര്യം പരമോച്ചാവസ്ഥയിലായിരിക്കും. അപ്പോള്‍ കുപ്പിയേറിന്‍രെ തീവ്രത കൂടാന്‍ സാദ്ധ്യതയുണ്ട്.  അതുവഴിയുള്ള തിരിച്ചുപോക്ക് എന്തായാലും അഭിലഷണീയമല്ല.

വേറൊരുവഴിയും കാണുന്നുമില്ല.

വീണ്ടും മുന്നോട്ടുനടന്നു.

കുറേദൂരം നടന്നപ്പോള്‍ നടപ്പാത പല വഴികളായിപ്പിരിഞ്ഞു.  ഓരോന്നിലൂടെയും നടന്നുനോക്കി. ഓരോ വഴിയും അവസാനിക്കുന്നത് ഓരോ വീടിന്റെ മുറ്റത്ത്.

ആകെ അവശനായി.

ഒരു ആട്ടോറിക്ഷ കിട്ടുന്ന റോഡില്‍ എത്താന്‍ കഴിഞ്ഞാല്‍ മതിയായിരുന്നു. പക്ഷെ ഇവിടെനിന്നു പുറത്തുകടക്കാന്‍ പറ്റുന്നില്ലല്ലോ.

അപരിചിതനെക്കണ്ടപ്പോള്‍ പലവീടുകളില്‍ നിന്നുമായി തലകള്‍ ഓരോന്നായി പുറത്തേക്കു നീളുന്നതുകണ്ടു.

പിന്നെ ചിലര്‍ പുറത്തിറങ്ങി അടുത്തേക്കുവന്നു.

'നിങ്ങളാരാ?...............   എന്താ ഇവിടെ?................'

'ഇവിടെ അടുത്തെവിടെയെങ്കിലും ആട്ടോറിക്ഷ കിട്ടുമോ?'

'എങ്ങിനെയാ ഇവിടെ എത്തിയത്?'

ഇങ്ങോട്ടുവന്നപ്പോള്‍ അഭിമുഖീകരിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെ മനഃപ്പൂര്‍വം മറച്ചുവച്ചു. തന്റെ ഈവനിംഗ് വാക്ക് വഴക്കില്‍ കലാശിച്ചാലോ.

'നടക്കാനിറങ്ങിയതാ....... തിരിച്ചു നടക്കാന്‍ വയ്യ. വല്ലാത്ത ക്ഷീണം തോന്നുന്നു'

പക്ഷെ അവരതു വിശ്വസിച്ചില്ല.  എന്തോ ദുരുദ്ദേശത്തോടെ വന്നയാളിനോടെന്നപോലെ പലവിധത്തിലും വിചാരണനടത്തി അവര്‍ സദാചാരപ്പോലീസായി.

മോഷണശ്രമം........... സദാചാരവിരുദ്ധ പ്രവര്‍ത്തനം.......... അങ്ങനെ പലവഴിക്കുതിരിഞ്ഞു അവരുടെ സംശയങ്ങളുടെ ദിശ.

സദാചാര വിരുദ്ധപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനുള്ള പ്രായമൊക്കെക്കഴിഞ്ഞ ഒരു മുതിര്‍ന്ന പൗരനാണെന്നു പറഞ്ഞു രക്ഷപ്പെടാമെന്നുവിചാരിച്ചപ്പോഴാണ് അന്നത്തെ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ തലക്കെട്ടോര്‍മ വന്നത്.  'ബാലികയെ പീഢിപ്പിച്ചതിന് അറുപത്തഞ്ചുകാരന്‍ അറസ്റ്റില്‍'

പ്രായം കുറച്ചുകൂട്ടിപ്പറഞ്ഞുരക്ഷപ്പെടാനും പറ്റില്ല.

പടയെപ്പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പടയെന്നു പറഞ്ഞപോലെയായി അവസ്ഥ.

ഇനിയിപ്പോള്‍ സത്യം പറയുകതന്നെ ഒരേയൊരു രക്ഷാമാര്‍ഗം.

കാര്യം പറഞ്ഞപ്പോള്‍ സദാചാരപ്പോലീസിന്റെ രോഷം വേറെ വഴിക്കുതിരിഞ്ഞു.

'വരിനെടാ... നമുക്കങ്ങോട്ടുപോകാം. അതുകൊള്ളാമല്ലോ...... നമ്മുടെനാട്ടില്‍വന്നു മദ്യപിച്ചു പ്രശ്‌നമുണ്ടാക്കാന്‍ ആര്‍ക്കാ ധൈര്യം വന്നതെന്നു നോക്കണമല്ലോ'

സദാചാരപ്പോലീസുകാരുടെ മാര്‍ച്ചിന്റെ അവസാനകണ്ണിയും കടന്നുപോയപ്പോള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ചുറ്റിലും നോക്കി.

ആകെ തളര്‍ന്നതിനാല്‍ പുഴയോരത്തിരുന്ന് അല്പം വിശ്രമിക്കണമെന്നു തോന്നി.

ഒരു കാര്യം ബോദ്ധ്യപ്പെട്ടു. ഇതുവഴിയുള്ള നടത്തം പ്രഭാതത്തില്‍ ആരോഗ്യത്തിനു ഹിതകരമെങ്കില്‍ പ്രദോഷത്തില്‍ ഹാനികരം.

അതുവഴിവന്ന ഒരു സ്‌കൂട്ടര്‍യാത്രക്കാരന്റെ ഔദാര്യം തുണയായപ്പോള്‍ വീടിനടുത്തുവരെ സുരക്ഷിതയാത്ര പ്രാപ്യമായി.

അങ്ങനെ ആദ്യത്തെ എക്‌സ്‌പൈറി ഡേറ്റ് നീട്ടിക്കിട്ടി. അവര്‍തന്നെ ഇന്നിതാ വീണ്ടും ഓര്‍മിപ്പിച്ചിരിക്കുന്നു.


രക്തദാനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ നിതിനും അമ്മയും കാത്തുനില്ക്കുന്നുണ്ടായിരുന്നു, നന്ദിപ്രകടിപ്പിക്കാന്‍. അവരുടെ നന്ദി ഒരു പുഞ്ചിരിയാല്‍ സ്വീകരിച്ചുകൊണ്ട് നടക്കാന്‍ തുടങ്ങിയെങ്കിലും പെട്ടെന്നു നിന്നു; നിതിനോടു ചോദിച്ചു: 'എന്നെ ഇതിനുമുമ്പെപ്പോഴെങ്കിലും കണ്ടതായി ഓര്‍ക്കുന്നുണ്ടോ?'

അമ്മയും മകനും മുഖത്തോടുമുഖം നോക്കിനിന്നാലോചിച്ചു.

'ഇല്ലല്ലോ അങ്കിള്‍....... ഓര്‍ക്കുന്നില്ലല്ലോ...........'

'എന്നാല്‍ എനിക്കോര്‍മയുണ്ട്..........  ഏകദേശം രണ്ടുമാസങ്ങള്‍ക്കുമുമ്പൊരു സന്ധ്യക്ക് പുഴയോരത്തുവച്ചു നിങ്ങളുടെ ആഘോഷം പൊടിപൊടിക്കുന്നതിനിടക്ക് അതുവഴിപോയ എക്‌സ്‌പൈറി ഡേറ്റുകഴിഞ്ഞ ഒരു കിഴവന്റെനേര്‍ക്കു നിങ്ങള്‍ കുപ്പിയേറു നടത്തിയതോര്‍മയുണ്ടോ?  ആ കിഴവന്‍ ഞാന്‍ തന്നെയാണ്.  ഇതുവരെ എക്‌സ്‌പൈറി കഴിഞ്ഞില്ല. ഒരു നിയോഗമെന്നപോലെ വീണ്ടും ഇതാ നിങ്ങളുടെ മുന്നില്‍ വന്നുപെട്ടിരിക്കുന്നു.  ഒരിക്കല്‍ കൂടി എക്‌സ്‌പൈറി ഡേറ്റുകഴിഞ്ഞ കാര്യം നിങ്ങള്‍ക്കെന്നെ ഓര്‍മപ്പെടുത്താന്‍'

ഓര്‍ക്കാപ്പുറത്തൊരടിയേറ്റവനെപ്പോലെ നിതിന്‍ അടുത്തുകണ്ട ബഞ്ചിലിരുന്നു; രണ്ടുകൈകളും തലയില്‍വച്ചവന്‍ കുനിഞ്ഞിരുന്നു.
 
അവന്റെയമ്മ അടുത്തുവന്ന് ക്ഷമാപണം നടത്തി:  'സര്‍, എന്റെ മോനോടു ക്ഷമിക്കണം. ആ സംഭവത്തെക്കറിച്ചു അവന്‍ എല്ലാമെന്നോടു പറഞ്ഞിരുന്നു. വാസ്ഥവത്തില്‍ അവന്‍ നിരപരാധിയാണ് .  അവന്റെ വിവാഹത്തിനുമുമ്പുള്ള ബാച്ചിലേഴ്‌സ് പാര്‍ട്ടിയായിരുന്നു അന്ന്. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനുവഴങ്ങി നടത്തിയതായിരുന്നു. പുഴയോരത്തുവച്ചുനടത്തണമെന്നുള്ളതും അവരുടെ നിര്‍ബന്ധമായിരുന്നു; പ്രൈവസിക്കുവേണ്ടി. കൂട്ടത്തില്‍ ഒരുത്തന്‍ മാത്രമായിരുന്നു കുഴപ്പക്കാരന്‍.  അന്നവിടെ നിതിനും മറ്റൊരു കൂട്ടുകാരനുംകൂടി വളരെയേറെ നേരം കാത്തുനിന്നു; സാറു തിരിച്ചുവരുമ്പോള്‍ മാപ്പുചോദിക്കാന്‍'

അവര്‍ പറഞ്ഞതെല്ലാം സത്യമാണെന്നു തോന്നി.

ഇന്നും അവന്റെ പെരുമാറ്റമെല്ലാം ഒരു സല്‍സ്വഭാവിയുടേതായിരുന്നു.  മറ്റവനാണു ആളു പിശക്.

രണ്ടുപേരിലുമോടുന്നതു പുതുതലമുറയിലെ യുവരക്തം. പക്ഷെ ഒരാള്‍ മര്യാദയുടെ പ്രതീകം. മറ്റവന്‍ അഹങ്കാരത്തിന്റെ പര്യായം.      

ദുഃഖിതനായിരിക്കുന്ന നിതിന്റെയടുത്തുപോയി അവന്റെ തോളില്‍ തട്ടി സമാധാനിപ്പിച്ചു. അവന്റെ കണ്ണുകള്‍ കലങ്ങിയിരുന്നുവോ? അതോ അങ്ങനെ തോന്നിയതോ?

'അങ്കിള്‍........ ഞാന്‍..........'

'സാരമില്ല...... ഞാനതന്നുതന്നെ മറന്നതായിരുന്നു.  ഇന്നിപ്പോള്‍ നിങ്ങളെ കണ്ടപ്പോള്‍ ഓര്‍ത്തുപോയി'

'അങ്കിള്‍........'

'വേണ്ട...... ഒന്നും പറയണ്ട........ അമ്മയെല്ലാം പറഞ്ഞു'

അവന്‍ കാറിന്റെയടുത്തുവരെ അനുഗമിച്ചു; ഒരിക്കല്‍കൂടി മാപ്പുപറഞ്ഞു......... നന്ദിയും.

ഒരുജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യം തോന്നി.  എങ്കിലും അതിനുവേണ്ടി അനുഭവിക്കേണ്ടിവന്ന അപമാനത്തെക്കുറിച്ചോര്‍ത്തപ്പോള്‍ മനസ്സില്‍ നുരഞ്ഞുപൊങ്ങിയ ധാര്‍മികരോഷം മനസ്സിനെ വല്ലാതെ ഉലച്ചു. പ്രത്യേകിച്ച് സുഹൃത്തിനെക്കൂടി ബുദ്ധിമുട്ടിക്കേണ്ടിവന്നതിനാല്‍.

ഇനിയും കുറേക്കാലംകൂടി ജീവിക്കേണ്ടിവന്നാല്‍ ഇതുപോലെ എക്‌സ്‌പൈറി ഡേറ്റിനെക്കുറിച്ചുള്ള എത്രയെത്ര ഓര്‍മപ്പെടുത്തലുകളെയും പേറി ജീവനം തുടരേണ്ടിവരും?

ലഞ്ചുകഴിഞ്ഞ് ബാലഗോപാല്‍ കുറച്ചകലെ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്കുപോയി; കാര്‍ കൊടുത്തുവിട്ടു.

നാളെ ഉച്ചകഴിഞ്ഞവന്‍ തിരിച്ചെത്തും.  പിന്നെയവന്‍ ഡല്‍ഹിയിലേക്കു തിരിച്ചുപോകുന്നതുവരെ അവനോടൊപ്പം അവന്റെ പ്രോഗ്രാമനുസരിച്ചുള്ള യാത്രകള്‍.
 
വീട്ടിലിരുന്നു ഓരോന്നു ചിന്തിച്ചിരിക്കുമ്പോള്‍ മനസ്സില്‍ ഒരു ചോദ്യമുയര്‍ന്നു: 'എന്നെക്കണ്ടാല്‍ അത്രക്ക് പ്രായാധിക്യം തോന്നുമോ?   എക്‌സ്‌പൈറി ഡേറ്റ്്് കഴിഞ്ഞുവെന്നു തോന്നുമോ?'

കണ്ണാടിക്കുമുന്നില്‍ പോയിനിന്നൊരു വീക്ഷണം നടത്തി.  മുടിനരച്ചിട്ടുണ്ടെന്നുള്ളത് ശരിയാണ്.  എന്നാലും എക്‌സ്‌പൈറി ഡേറ്റ്  കഴിയാനുള്ള പ്രായം തോന്നുന്നില്ലല്ലൊ...........


അങ്ങനെ നില്കുമ്പോഴാണ് വാമഭാഗത്തിന്റെ വരവ്.

'എന്താ....... കണ്ണാടിക്കുമുന്നില്‍ നിന്നു സൗന്ദര്യം നോക്കുകയാണോ?'

പെട്ടെന്നൊരു കുസൃതി തോന്നി.  ഭാര്യയെ ഒന്നു ചൊടിപ്പിക്കാം:  'അതെ..... ഇന്നലെ ഓഫീസ് സൂപ്രണ്ട് ശാന്താമേനോന്‍ പറയുകയായിരുന്നു ഞാനിപ്പോഴും സ്മാര്‍ട്ടാണെന്ന്....... എന്നെക്കണ്ടാല്‍ റിട്ടയറാകാനുള്ള പ്രായമായെന്നു തോന്നുകയില്ലെന്നു'

'ങ്ഹാ...... അങ്ങനെയാണോ? എന്നാലവളെയെനിക്കൊന്നു കാണണമല്ലൊ'  

'എന്താ?  അസൂയ തോന്നുന്നോ?'

'അല്ലാ....... എനിക്കുതോന്നുന്നതു റിട്ടയറാകാനുള്ള പ്രായമൊക്കെ നേരത്തേ കഴിഞ്ഞുവെന്നാണ്........ '

'അതുശരി...... അപ്പോള്‍ ആ പയ്യന്‍മാര്‍ പറഞ്ഞതില്‍ തെറ്റില്ല.  എന്റെ സമയം കഴിഞ്ഞു..... അല്ലെ?'

'എന്താണീപ്പറയുന്നത്?  ഏതുപയ്യന്‍മാര്‍ എന്തുപറഞ്ഞുവെന്നാ?'

ചില യുവാക്കള്‍ എന്റെ എക്‌സ്‌പൈറി ഡേറ്റിനെക്കുറിച്ച് ഓര്‍മപ്പെടുത്തിയ സായാഹ്ന സവാരിയെക്കുറിച്ചും ആശുപത്രിയില്‍ വച്ചുണ്ടായ സംഭവവത്തെക്കുറിച്ചും ഭാര്യയോടു പറഞ്ഞു.

കഥയെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ഒരുനെടുവീര്‍പ്പിനുശേഷം ഭാര്യ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യം ഒരിക്കല്‍കൂടി ആവര്‍ത്തിച്ചു: 'ഞാനെത്ര തവണ പറഞ്ഞിട്ടുള്ളതാ ഈ മുടിയൊന്നു ഡൈ ചെയ്യാന്‍'

'ശരിയാണ്...... മുടി ഡൈ ചെയ്യണം.......... ലോ വെയ്‌സ്റ്റ് ജീന്‍സിട്ടു നടക്കണം..... പിന്നെ ഏറ്റവും അത്യാവശ്യമായിട്ട് കീഴ്ച്ചുണ്ടിനു താഴെ ആട്ടിന്‍ കാഷ്ഠത്തിന്റെ ഒരു കഷണം ഒട്ടിച്ചുവച്ചതുപോലെ കുറച്ചുമുടിയും വേണം. ഇത്രയും ചെയ്താല്‍ പ്രായം കുറഞ്ഞതായി തോന്നും.   എക്‌സ്‌പൈറിഡേറ്റില്‍ നിന്ന് തല്ക്കാലം രക്ഷപ്പെടാം'

'എന്തുപറഞ്ഞാലും ഉടനെ വരുമൊരു തമാശ...... ഞാന്‍ പോകുന്നു....... എനിക്കുവേറെ ജോലിയുണ്ട്'  ഭാര്യക്ക് ആ തമാശ അത്രക്കങ്ങിഷ്ടപ്പെട്ടില്ല.

കുറെനാള്‍ മുമ്പൊരുദിവസം അടുത്തുള്ളൊരു സൂപ്പര്‍മാര്‍ക്കറ്റില്‍ പോയപ്പോള്‍ കണ്ട 'ലോ വെയ്‌സ്റ്റ്'  അതിഗംഭീരമായിരുന്നു!  സാധനങ്ങള്‍ അടുക്കിവച്ചിരിക്കുന്ന റാക്കിലെ ഏറ്റവും അടിയിലെ തട്ടില്‍നിന്ന് ലോ വെയ്‌സ്റ്റിട്ട ഒരു യുവാവ് കുനിഞ്ഞുനിന്നെന്തോ തിരയുന്നു. അവിടേക്കുവന്ന രണ്ടു വനിതകള്‍ പെട്ടെന്നു പുച്ഛത്തിലെന്തോ പറഞ്ഞിട്ട് തിരിച്ചുപോയി. കാര്യം വെറും നിസ്സാരം.  കുനിഞ്ഞുനിന്നപ്പോള്‍ അവന്റെ ലോ വെയ്‌സ്റ്റ് കുറച്ചധികം ലോ ആയിപ്പോയി.

നിമിഷങ്ങള്‍ക്കകം കൈക്കുഞ്ഞുമായി ഒരു യുവതി ഓടിവന്ന് ലോ വെയ്‌സ്റ്റിനോടെന്തോ കുശുകുശുത്തു. അവന്‍ നിവര്‍ന്നുനിന്ന് രണ്ടുകൈയ്യുംകൊണ്ട് ജീന്‍സ് അല്പം വലിച്ചുകയറ്റി. കയറ്റിയതു കൂടിപ്പോയെന്നു തോന്നിയതിനാല്‍ വീണ്ടും താഴ്ത്തി ലോ ആക്കി.

വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ് മാന്യ ദേഹം.  എന്നിട്ടും വെയ്‌സ്റ്റ് ഇപ്പോഴും ലോ തന്നെ.


പിറ്റേന്നു ഉച്ചകഴിഞ്ഞ് ബാലഗോപാലെത്തി. അവനാകെ ഒരാഴ്ചത്തെ അവധിയേയുള്ളു.

സുഹൃത്തിനോടൊപ്പം പല സ്ഥലങ്ങളിലും പോയി. അവനേറ്റവും ഇഷ്ടം കേരളത്തിന്റെ ഗ്രാമീണഭംഗി ആസ്വദിക്കാനായിരുന്നു.

ബാലഗോപാല്‍ നാട്ടിലുണ്ടായിരുന്നതുകൊണ്ട് ഇത്തവണ ഓണം ശരിക്കും ആഘോഷിച്ചു. ദിവസങ്ങള്‍ പോയതറിഞ്ഞതേയില്ല. എത്ര പെട്ടെന്നാണ് ഒരാഴ്ച കടന്നുപോയത്.

നാളെ മടക്കയാത്രക്കുള്ള പായ്ക്കിങ്ങിന്റെ തിരക്കിലാണവന്‍.

നാട്ടില്‍ സെറ്റിലാകുന്നതിനെക്കുറിച്ചൊരു തീരുമാനമെടുക്കുന്നതിനുമുമ്പ് അവന്‍ എന്റെ അഭിപ്രായം ചോദിച്ചാലെന്തുപറയും?  ഔദ്യോഗിക ജീവിതത്തിലെ ആദ്യപകുതി വടക്കേ ഇന്ത്യയിലും ബാക്കി നാട്ടിലും ചിലവഴിച്ച ഈ സുഹൃത്തിന്റെ അഭിപ്രായം അവന്‍ ചോദിക്കാതിരിക്കില്ല.

ഒരാഴ്ചകൊണ്ട് എന്തൊക്കെ മനസ്സിലാക്കിയെന്നോ എന്തു തീരുമാനിച്ചുവെന്നോ ഞാന്‍ ചോദിച്ചില്ല........ അവന്‍ പറഞ്ഞുമില്ല..........

നാട്ടിലോട്ടുപോരുന്ന കാര്യത്തില്‍ അവന്റെ കുടുംബത്തിലുള്ളവര്‍ക്കെല്ലാം വിഭിന്ന അഭിപ്രായങ്ങളാണ്.

അച്ഛന്‍ ഫസ്റ്റ് ഗിയറില്‍..... മക്കള്‍ റിവേഴ്‌സ് ഗിയറില്‍..... ഭാര്യ ന്യൂട്രലില്‍........


നാട്ടിലെ ഇന്നത്തെ അവസ്ഥയെക്കുറിച്ചവന്‍ ചോദിച്ചാല്‍ ഞാനെന്തുപറയും?

അവിടെയുള്ളതിവിടെയില്ല............. ഇവിടെയുള്ളതവിടെയില്ല............

അവിടെയില്ലാത്തതിവിടെയുണ്ട്........... ഇവിടെയില്ലാത്തതവിടെയുണ്ട്്.............

അവിടെയും ഇവിടെയും ഉള്ളതിന്റെയും ഇല്ലാത്തതിന്റെയും പ്രാധാന്യവും താരതമ്യവും ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത്ഥമായിരിക്കും.  അപ്പോള്‍ അവന്റെയും കുടുംബത്തിന്റെയും ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിച്ചൊരു തീരുമാനമെടുക്കാന്‍ ഒരു ന്യൂട്രല്‍ അഭിപ്രായം പറയുന്നതായിരിക്കും ഭംഗി.

ഇതുപോലെ വേറൊരു സുഹൃത്തിന്റെ കുടുംബത്തിലും ഇത്തരമൊരാശയക്കുഴപ്പമുണ്ടായതോര്‍മയുണ്ട്. അടുത്തകാലത്തൊരുദിവസം പച്ചക്കറി വാങ്ങാനായി മാര്‍ക്കറ്റില്‍ പോയതായിരുന്നു. ആവശ്യമുള്ളതൊക്കെ വാങ്ങിയിട്ട് പൈസകൊടുക്കുന്ന സമയത്ത് അടുത്തുനിന്ന ഒരു  സ്ത്രീ പച്ചക്കറിക്കടക്കാരനോടുപറഞ്ഞു: 'ഏക് പാവ് ഭിണ്ടി'.  അയാള്‍ക്കതുമനസിലാകാത്തതുപോലെ ആ സ്ത്രീയുടെ നേരെ നോക്കി. ഏതോ ഹിന്ദിക്കാരിയായിരിക്കുമതെന്നു വിചാരിച്ച് ഞാന്‍ കടക്കാരനോടു പറഞ്ഞു:  കാല്‍ കിലോ വെണ്ടക്കയാണവര്‍ ചോദിക്കുന്നത്. അത്രയും പറഞ്ഞിട്ട് പോകാനായി തിരിഞ്ഞപ്പോള്‍ ആ  സ്ത്രീ ചോദിച്ചു: 'അയ്യോ...... ഇതാരാ?....... അവിടത്തെ ഓര്‍മയില്‍ പെട്ടെന്നു ഹിന്ദിയില്‍ പറഞ്ഞുപോയതാ' അതുകേട്ട് അടുത്തകടയില്‍ നില്ക്കുകയായിരുന്ന ഭര്‍ത്താവും ഓടിയെത്തി.

പണ്ട് ഭോപ്പാലില്‍ ആയിരുന്നപ്പോള്‍ തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന മലയാളി കുടുംബം.

കുശലാന്വേഷണങ്ങള്‍ക്കിടയില്‍തന്നെ അവര്‍ വെണ്ടക്കയും മറ്റു പച്ചക്കറികളും വാങ്ങി.

'എന്തുവിലയാണിവിടെ ഓരോന്നിനും?   ഒരു പാവു ഭിണ്ടിക്ക് ഏഴുരൂപ. ഭോപ്പാലിലാണെങ്കില്‍ പത്തുരൂപക്ക് ഒരുകിലൊ കിട്ടും' ഭാര്യ മൂക്കത്തു വിരല്‍ വച്ചു.

'നിങ്ങളെങ്ങനെയാ ഇവിടെ ജീവിക്കുന്നത്? എന്തുവിലയാണിവിടെ ഓരോന്നിനും?' ഭര്‍ത്താവിന്റെ സംശയം.

എന്റെ മറുപടിയൊരു മന്ദഹാസത്തിലൊതുക്കി.

'ഒന്നര വര്‍ഷം കൂടിക്കഴിഞ്ഞാലെന്റെ റിട്ടയര്‍മെന്റാണ്. അതുകഴിഞ്ഞ് നാട്ടിലേക്കുപോന്നാലോയെന്നാലോചിക്കുകയായിരുന്നു....... വേണ്ടേവേണ്ട....... ഇതാണിവിടത്തെ വിലനിലവാരമെങ്കില്‍ എങ്ങനെ ജീവിക്കും?  മരണംവരെ നമുക്കവിടെ ജീവിച്ചാല്‍ മതി' അദ്ദേഹമൊന്നിരുത്തി മൂളി....... ഭാര്യയും ശരിവച്ചൊന്നു മൂളി..... അവരുടെ വിരലിപ്പോഴും മൂക്കത്തുതന്നെ!

ഇത്രയും കാലം അന്യനാട്ടില്‍ ജീവിച്ചിട്ട് ജീവിതത്തിന്റെ സായാഹ്നത്തിലെങ്കിലും സ്വന്തം നാട്ടില്‍ കഴിയാനാഗ്രഹമുണ്ടായിട്ടും വെണ്ടക്കയുടെ വിലയില്‍തൂങ്ങി ചാഞ്ചാടുന്ന മനസ്സ് അവസാനം തീരുമാനിച്ചു: വേണ്ടാ..... നമുക്കവിടെ ജീവിച്ചാല്‍ മതി......... പത്തുരൂപക്കൊരു കിലോ വെണ്ടക്ക കിട്ടുന്ന നാട്ടില്‍........

ബാലഗോപാലിന്റെ പായ്ക്കിങ്ങ് കഴിഞ്ഞശേഷം ഞങ്ങള്‍ രണ്ടുപേരുംകൂടി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ എനിക്കൊരു ഫോണ്‍കോള്‍ വന്നു. കഴിഞ്ഞയാഴ്ച്ച ആക്‌സിഡന്റായ യുവതിയുടെ ഭര്‍ത്താവ് നിതിന്റെ ഫോണ്‍. അവന്റെ ഭാര്യ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജായി.  അവള്‍ക്കെന്നോടു നന്ദി പറയാനാണുവിളിച്ചത്.

അതുകഴിഞ്ഞ് ഞങ്ങള്‍ വീണ്ടും സംസാരം തുടര്‍ന്നു. ഞങ്ങളുടെ സംസാരവിഷയം അന്ന് ആശുപത്രിയില്‍വച്ചുണ്ടായ അനിഷ്ട സംഭവത്തിലേക്കുതിരിഞ്ഞു.

പിന്നെ സായാഹ്നസവാരിക്കിടയില്‍ വച്ചുണ്ടായ കുപ്പിയേറു സംഭവം ഞാന്‍ സുഹൃത്തിനോടുപറഞ്ഞു.

ബാലഗോപാലതിനെ നിസ്സാരവല്‍കരിച്ചു: 'ഇതൊന്നും അത്ര സീരിയസായെടുക്കേണ്ട കാര്യമൊന്നുമല്ലെടാ......  ഇവിടെ മാത്രമല്ല.... എല്ലായിടത്തും ഇതുപോലൊക്കെ സംഭവിക്കാറുണ്ട്. ശ്രദ്ധിച്ചാല്‍ നിനക്കൊരു കാര്യം മനസ്സിലാകും. നൂറു ചെറുപ്പക്കാരുടെയിടയില്‍ രണ്ടോമൂന്നോ പേരായിരിക്കും യഥാര്‍ത്ഥത്തില്‍ കുഴപ്പക്കാര്‍.  ആ രണ്ടോമൂന്നോ പേരുകാരണം യുവതലമുറ മൊത്തത്തില്‍ കുഴപ്പക്കാരായി ചിത്രീകരിക്കപ്പെടുന്നു'

സുഹൃത്തുപറഞ്ഞത് നൂറുശതമാനം ശരിയാണ്. എന്തിനധികം? ഒരു കുളത്തില്‍ ഒരു മീന്‍ ചീഞ്ഞാല്‍ മതിയല്ലൊ.....

അങ്ങനെ കുറെ അനുഭവങ്ങളുടെ ഓര്‍മയും പേറി ബാലഗോപാല്‍ ദില്ലിയിലേക്കു തിരിച്ചു.

എയര്‍പോര്‍ട്ടില്‍വച്ചു യാത്രപറയുമ്പോള്‍ അവനൊരുപദേശം തന്നു:  'നിന്റെ ദ്വേഷ്യം  കുറയ്ക്കണം.... കേട്ടോ?..... ധാര്‍മികരോഷം....... മണ്ണാങ്കട്ട.........'  രണ്ടടി നടന്നിട്ടവന്‍ തിരിഞ്ഞുനിന്നു. ചിരിച്ചുകൊണ്ട് വലതുകൈനീട്ടി 'തംപ്‌സപ'് കാട്ടിയിട്ട് കൈവീശി വീണ്ടും യാത്രപറഞ്ഞിട്ടു പോയി.

ആ 'തംപ്‌സപ്പിന്റെ' അര്‍ത്ഥം മനസ്സിലായില്ല..... ധാര്‍മികരോഷം തുടരാമെന്നോ...... വേണ്ടെന്നോ?

രണ്ടുദിവസം കഴിഞ്ഞ് അവന്റെ ഫോണ്‍ വന്നു.  അവനും ഭാര്യയും നാട്ടില്‍ സെറ്റിലാകാന്‍ തന്നെ തീരുമാനിച്ചു.

മക്കള്‍ എന്തായാലും റിവേഴ്‌സ് ഗിയറില്‍ തന്നെയാണ്. അവര്‍ക്ക് മല്ലൂസിന്റെ നാടിനേക്കാള്‍ ദില്ലിയാണിഷ്ടം.

ഭാര്യയെ പറഞ്ഞുസമ്മതിപ്പിച്ച് ന്യൂട്രലില്‍ നിന്ന് ഫസ്റ്റ് ഗിയറിലെത്തിച്ചു. ഇടക്കിടക്ക് മക്കളെയും കുടുംബത്തെയും കാണാന്‍ ദില്ലിയില്‍ വന്നും പോയുമിരിക്കാമെന്നു പറഞ്ഞപ്പോള്‍ അവള്‍ സമ്മതിച്ചു.

ഇനി രണ്ടുപേരുംകൂടി മെല്ലെ ടോപ് ഗിയറിലെത്തണം..... ഫുള്‍ ത്രോട്ടില്‍....

നാട്ടിലുണ്ടായിരുന്ന ഒരാഴ്ചകൊണ്ടവന്‍ സ്വന്തം നാടിന്റെ നന്മതിന്മകളെയൊക്കെ ഒന്നുകൂടി അവലോകനം ചെയ്തു, തിരിച്ചറിഞ്ഞു.

കാണുകയും അനുഭവിക്കുകയും ചെയ്ത തിന്മകളെയെല്ലാം അവന്‍ തൃണവല്‍ഗണിച്ചു... നന്മകളെയെല്ലാം സന്തോഷത്തോടെ സ്വീകരിച്ചു....

വെണ്ടക്കയുടെ വിലയവനെ അലട്ടിയതേയില്ല.

തുടര്‍ക്കഥയാകുന്ന ഹര്‍ത്താലുകളെയവന്‍ സഹിക്കാന്‍ തീരുമാനിച്ചു.

ചുമട്ടുതൊഴിലാളികളുടെ കൊള്ളയും നോക്കുകൂലിയും വല്ലപ്പോഴുമല്ലേയുണ്ടാവുകയുള്ളു എന്നവന്‍ ആശ്വസിച്ചു.

യുവാക്കള്‍ എക്‌സ്‌പൈറി ഡേറ്റിനെക്കുറിച്ചോര്‍മിപ്പിക്കുമെന്നുള്ളത് അവനൊരു തമാശയായിക്കണ്ടു. അതൊക്കെ അവിടെയുമുള്ളതാണ്.

അത്യാവശ്യത്തിനെന്നെങ്കിലും കൂലിപ്പണിക്കാരെ വേണ്ടിവന്നാല്‍ ബംഗാളിയുണ്ടല്ലോയെന്നവന്‍ സമാധാനിച്ചു.

തമിഴ്‌നാട്ടില്‍ നിന്നുവരുന്ന വിഷംതളിച്ച പച്ചക്കറികളില്‍ നിന്നു രക്ഷപ്പെടാന്‍ വീടിന്റെ പിന്നാമ്പുറത്തും മട്ടുപ്പാവിലും പച്ചക്കറിത്തോട്ടം നട്ടുവളര്‍ത്താനും തീരുമാനിച്ചു.  

സ്വന്തം നാട്ടില്‍ അവന്‍ എന്തോ ഒന്നു കണ്ടു.   മറ്റു തിന്മകളെയെല്ലാം കവച്ചുവക്കുന്ന ഒരു നന്മ........  മറ്റൊരിടത്തും കിട്ടാത്ത ഒന്ന്........ വിശദീകരിക്കാന്‍ പറ്റാത്ത ഒന്ന്......... ആ ഒന്നാണവനെ ഇങ്ങോട്ടുമാടിവിളിക്കുന്നത്......

                                                                ****************