അന്ധനാര്?
ശശി തിരുമല
സന്ദര്‍ശകരുടെ തിരക്കൊഴിഞ്ഞ ഒരു കോണില്‍ ഇരിപ്പിടം കണ്ടെത്തുന്നതിനുമുമ്പുതന്നെ മനസ്സ് ചിറകടിച്ചുതുടങ്ങി; എങ്ങോട്ടോ പറന്നകലാന്‍.
ചീറിയടിക്കുന്ന തിരമാലകളെ തഴുകിയെത്തുന്ന കുളിര്‍കാറ്റേറ്റ് ഇരിക്കുമ്പോഴും മനസ്സ് പാറിനടക്കുന്നു, ഒരു സത്യാന്വേഷിയെപ്പോലെ. പലതും അറിയാന്‍, കാലങ്ങളായി മനസ്സില്‍ കൊണ്ടുനടക്കുന്ന പല ദുരൂഹതകളുടെയും കുരുക്കഴിക്കാന്‍.
മണിക്കൂറുകള്‍ അലഞ്ഞുതിരിഞ്ഞിട്ടും മടങ്ങിവരാന്‍ കൂട്ടാക്കാത്ത മനസ്സിനെ തിരികെവിളിച്ചുകൊണ്ട് ഒരു കൊച്ചുകുട്ടി മുന്നില്‍:
'കപ്പലണ്ടി......... കപ്പലണ്ടി.........' ഒരു പൊതി കപ്പലണ്ടി വച്ചുനീട്ടിയിട്ട്: 'ചൂടുകപ്പലണ്ടിയാണ്, അഞ്ചുരൂപയേ ഉള്ളു'
അവള്‍ക്ക് പാറുക്കുട്ടിയുടെ പ്രായം തോന്നിക്കും. പാവം..... മുഷിഞ്ഞ വസ്ത്രവും ക്ഷീണിച്ചുവാടിയ മുഖവുമായി കടപ്പുറത്ത് അലഞ്ഞുതിരിയുന്നു, കപ്പലണ്ടി വില് ക്കാന്‍.
'മോളുടെ പേരെന്താ?'
കപ്പലണ്ടിപ്പൊതി നീട്ടിക്കൊണ്ടുതന്നെ അവള്‍ പേരുപറഞ്ഞു.
'സ്‌കൂളില്‍ പോകുന്നില്ലേ?'
'ഉണ്ട്, അഞ്ചാംക്ലാസില്‍. കപ്പലണ്ടി വേണ്ടേ?'
ഒറ്റശ്വാസത്തില്‍ മറുപടിവന്നു. അവള്‍ക്ക് കപ്പലണ്ടി വില്ക്കാന്‍ തിടുക്കമായി.
ഒരു പൊതി കപ്പലണ്ടി വാങ്ങിയിട്ട് പത്തിന്റെ നോട്ടു കൊടുത്തു. ബാക്കി തരാന്‍ സഞ്ചിയില്‍നിന്ന് തുട്ടുകള്‍ പെറുക്കുമ്പോള്‍ പറഞ്ഞു:
'ബാക്കി വേണ്ട'.
അവളൊന്നു ചിരിച്ചു......... നിഷ്‌കളങ്കമായ ചിരി, പാറുക്കുട്ടിയെപ്പോലെ.
കഴിഞ്ഞ വെക്കേഷനാണ് പാറുക്കുട്ടിയുമായി ഈ കടപ്പുറത്ത് അവസാനമായി വന്നത്.
തിര തീരത്തോടടുക്കുന്നതും നോക്കി അവള്‍ നില്ക്കും; പാവാട മുട്ടോളം പൊക്കിപ്പിടിച്ചുകൊണ്ട്. തിരയില്‍ ചാടിക്കളിക്കും. എത്ര കളിച്ചാലും മതിയാവില്ലവള്‍ക്ക്.
മടങ്ങിപ്പോകാന്‍ വിളിച്ചാല്‍ വരില്ല. നിര്‍ബന്ധിച്ചാല്‍ കെഞ്ചിക്കൊണ്ട് പറയും:
'മുത്തച്ഛാ കുറച്ചുകൂടി ....... അഞ്ചുമിനിറ്റുകൂടി ........ പ്ലീസ്........'
'പാറുക്കുട്ടീ' എന്ന് കടുപ്പിച്ച് വിളിക്കേണ്ടിവരും അവളെ കരയ്ക്കുകയറ്റാന്‍.
പാറുക്കുട്ടിയെന്നു വിളിക്കാനുള്ള അവകാശം മുത്തച്ഛന് മാത്രമേയുള്ളൂ. പിന്നെ അവളുടെ കൂട്ടുകാരി മാളുവിനും. മറ്റാരെങ്കിലും അങ്ങനെ വിളിച്ചാല്‍ അവള്‍ ദ്വേഷ്യപ്പെടും. കുറുമ്പുകാട്ടി പറയും:
'എനിക്ക് വേറെ പേരുണ്ട്, ആ പേരു വിളിച്ചാല്‍ മതി'.
മാളു........ പാറുവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരി. നഴ്‌സറിമുതല്‍ ഒരേ ക്ലാസ്സില്‍ പഠിക്കുന്ന ഉറ്റതോഴി. ഇരു മെയ്യും ഒരു മനസ്സും. അതാണ് പാറുവും മാളുവും.
മാളുവിന്റെയും ശരിക്കുള്ള പേര് അതല്ല. ആ പേര് പാറുവാണ് അവള്‍ക്കിട്ടുകൊടുത്തത്. പാറുവും മാളുവും..... പാറുക്കുട്ടിയും മാളൂട്ടിയും....... മാളുവിന് ആ പേര് നന്നേ ഇഷ്ടപ്പെടുകയും ചെയ്തു.
മാളുവിനെക്കുറിച്ച് പറയാന്‍ പാറുക്കുട്ടിക്ക് നൂറ് നാവാണ്.
മാളു പലപ്പോഴും വീട്ടില്‍ വരാറുണ്ട്. പിന്നെ രണ്ടാളും കൂടി കളിയും ചിരിയും കള്ളപ്പിണക്കവും ഇണക്കവുമായി മണിക്കൂറുകള്‍ ഒരു ബഹളമായിരിക്കും.
ഗേറ്റ്കടന്നു കയറിച്ചെല്ലുമ്പോള്‍ ശാരദ ഉമ്മറത്ത് അക്ഷമയായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
മുഖത്ത് പ്രത്യക്ഷമായിരുന്ന പരിഭ്രാന്തിയുടെ കാരണം തിരക്കി.
പാറുക്കുട്ടി അലറിവിളിച്ച് കരഞ്ഞുകൊണ്ടാണ് സ്‌കൂളില്‍നിന്നു വന്നത്. വന്നപാടെ അകത്തേക്ക് ഒരു ഓട്ടമായിരുന്നു. കട്ടിലില്‍ കമഴ്ന്നുവീണ് ഉറക്കെ കരയാന്‍ തുടങ്ങി. എത്ര ചോദിച്ചിട്ടും കരച്ചില്‍ ഉച്ചത്തിലായതല്ലാതെ മറുപടിയില്ല. ചിലപ്പോള്‍ അവള്‍ വയലന്റാവുന്നു.
കരഞ്ഞുകരഞ്ഞ് തളര്‍ന്നുവെങ്കിലും ഉറങ്ങിയിട്ടില്ല.
നഴ്‌സറി കുട്ടികള്‍ക്കുപോലും സുരക്ഷിതത്വം ഇല്ലാത്ത ഇക്കാലത്ത് ആറാം ക്ലാസ്സുകാരി കൊച്ചുമകളുടെ കാരണം പറയാതെയുള്ള കരച്ചില്‍ എല്ലാരേയും ഞെട്ടിച്ചു.
അടുത്തിരുന്ന് മെല്ലെ ശിരസ്സില്‍ തലോടികൊണ്ട് ചോദിച്ചു: 'മുത്തച്ഛന്റെ പൊന്നുമോളല്ലേ, മോള്‍ മുത്തച്ഛനോട് പറയു, എന്തുപറ്റി എന്റെ പാറുക്കുട്ടിക്ക്?'
അവള്‍ അലറിവിളിച്ചുകരഞ്ഞു. മുഖത്ത് വല്ലാത്ത ഒരു ഭാവം. സങ്കടവും, ദ്വേഷ്യവും, അതിലുമുപരി ഭയവും... ഒക്കെക്കൂടി ഒരു ഞെട്ടിക്കുന്ന ഭാവം.
എല്ലാരും ആകെ പരിഭ്രാന്തിയിലായി. ഇന്ദു തളര്‍ന്നു വീഴുമെന്നായപ്പോള്‍ ശാരദ ഓടിവന്നു താങ്ങി കസേരയില്‍ ഇരുത്തി അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു; സ്വന്തം പരിഭ്രാന്തി മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്.
'പൊന്നുമോളെ.... നീ ഒന്നു പറയു, എന്തിനാ കരയുന്നത്? നിന്റെ അമ്മയുടെ അവസ്ഥ ഒന്നു നോക്കു'
'മുത്തച്ഛാ'.............. വീണ്ടും നിയന്ത്രണാതീതമായ കരച്ചില്‍.
'പറയു മോളെ എന്തിനാ കരയുന്നത്?'
'മുത്തച്ഛാ.......... എന്റെ മാളു......, എന്റെ മാളൂട്ടി.............'
''മാളുവിനെന്തുപറ്റി?'
'അവള്‍ പോയി മുത്തച്ഛാ, എന്റെ മാളു മരിച്ചു, അവളെ കൊന്നു'
.................................................
അതുവരെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന ആശങ്കകള്‍ക്ക് തിരശീലവീണതു മറ്റൊരു കദനത്തിന്റെ അഗാധഗര്‍ത്തത്തിലേക്കു തള്ളിവിട്ടുകൊണ്ടായിരുന്നു.
മനസ്സ് തേങ്ങി.... 'മോളേ........ മാളു........' തേങ്ങല്‍ രോദനമായി മാറാതിരിക്കാന്‍ പാടുപെട്ടു. വിങ്ങിപ്പൊട്ടുമെന്നു തോന്നി..........
ഉടനെ മാളുവിന്റെ വീട്ടിലേക്കു പോകണം.
നിയന്ത്രണമില്ലാതെ കരയുന്ന ഈ മൂന്നു അബലകളെയും കൊണ്ട് എങ്ങനെ പോകും ?
സമയം ഏറെ വൈകി . അയല്‍വീടുകളിലെ വിളക്കുകള്‍ ഓരോന്നായി മിഴിയടച്ചുതുടങ്ങി.
എന്തായാലും ഉടനെ പോയേ തീരു ...
ഒരുവിധത്തില്‍ മൂന്നുപേരെയും കാറില്‍ കയറ്റി .
ഈറനണിഞ്ഞ കണ്ണുകളിലേക്കു എതിരെവരുന്ന വാഹനങ്ങളിലെ ഹൈബീം ലൈറ്റുകള്‍ തുളച്ചുകയറിയപ്പോള്‍ ഡ്രൈവിംഗ് കൂടുതല്‍ ദുഷ്‌കരമായി.
കാര്‍ നിര്‍ത്തിക്കഴിയുന്നതിനുമുമ്പുതന്നെ പാറു ഡോര്‍തുറന്നു. ഒരു ഭ്രാന്തിയെപ്പോലെ അലറിവിളിച്ചുകൊണ്ട് വീട്ടിനകത്തേക്കോടി.
അര്‍ദ്ധബോധാവസ്ഥയില്‍ നിലത്തു കിടക്കുകയായിരുന്ന മാളൂന്റമ്മയുടെമേല്‍ പാറു വീഴുകയായിരുന്നു; അമ്മേയെന്നുറക്കെ വിളിച്ചു കരഞ്ഞുകൊണ്ട്.
ചേതനയറ്റവളെപ്പൊലെ കിടക്കുകയായിരുന്ന ആ അമ്മ ഞെട്ടിയുണര്‍ന്നു.
പിന്നെ അവിടെയുണ്ടായത് കണ്ടുനില്ക്കാനുള്ള ശക്തിയില്ലാതെ പുറത്തേക്കു കടന്നു.
പാതിരാ കഴിഞ്ഞു. തിരികെപ്പോകണം.....
മാളൂന്റമ്മയെ കെട്ടിപ്പിടിച്ചുകിടന്നു തേങ്ങുന്ന പാറുവിനെ എങ്ങനെ എഴുന്നേല്‍പ്പിക്കും?.........
അനിവാര്യമായത് ചെയ്തല്ലേ തീരു ....
വിന്റോഗ്ലാസുകള്‍ താഴ്ത്തിയിട്ടുവെങ്കിലും പാതിരാക്കാറ്റ് കാറിനുള്ളിലേക്കുകടക്കാന്‍ മടിക്കുന്നതുപോലെ ...... അതോ കാറിനുള്ളിലെ പിടയ്ക്കുന്ന മനസ്സുകളില്‍നിന്നു ബഹിര്‍ഗമിക്കുന്ന പൊള്ളുന്ന നിശ്വാസം പുറത്തുനിന്നുവരുന്ന മാരുതന്റെ പ്രവാഹത്തെ തടയുന്നതോ?
തേങ്ങലുകളും വിങ്ങിപ്പൊട്ടലുകളും കാറിനുള്ളിലും വിലാപയാത്ര നടത്തിയപ്പോള്‍ മുന്നില്‍ നീണ്ടുകിടക്കുന്ന നാലുവരിപ്പാതപോലും ശവപ്പറമ്പായിത്തോന്നി.
കാറില്‍നിന്നിറങ്ങി പാറുവിനെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഉള്ളിലേക്കു നടക്കുമ്പോള്‍ തിരിഞ്ഞുനിന്നു വിലപിച്ചുകൊണ്ടവള്‍ ചോദിച്ചു:
'എന്റെ മാളൂട്ടിയെ എന്താ മുത്തച്ഛാ ദൈവം രക്ഷിക്കാഞ്ഞത്?'
'പറയൂ മുത്തച്ഛാ, എന്റെ മാളുവിന്റെ പിടച്ചില്‍ ദൈവം കാണാഞ്ഞതെന്താ....?'
സമനിലതെറ്റിയവളെപ്പൊലെ കയ്യില്‍ക്കിട്ടിയതെല്ലാം അവള്‍ വലിച്ചെറിഞ്ഞു ........
എന്നത്തേയും പോലെ സന്ധ്യയ്ക്കു കത്തിക്കാന്‍ ഒരുക്കിവച്ചിരുന്ന നിലവിളക്കും അവള്‍ ഭ്രാന്തിയെപ്പോലെ അലറിവിളിച്ചുകൊണ്ട് പുറത്തേക്കെറിയാന്‍ തുടങ്ങിയപ്പോള്‍ ശാരദ ഓടിവന്നുതടഞ്ഞു.
പ്രക്ഷുബ്ധമായ മനസ്സുകളില്‍നിന്നുത്ഭവിക്കുന്ന നെടുവീര്‍പ്പുകളെ സാക്ഷിയാക്കി മണിക്കൂറുകള്‍ കൊഴിഞ്ഞുവീണുകൊണ്ടേയിരുന്നു.
ഒരുരാത്രികൂടി അതിന്റെ ദൗത്യം പൂര്‍ത്തിയാക്കിയിട്ടു പകലിനു വഴിമാറിക്കൊടുത്തു.
ഒരു പ്രഭാതംകൂടി പിറന്നു. പതിവുപോലെ ഉദയസൂര്യന്റെ കിരണങ്ങളാല്‍ തഴുകുന്നതിനുപകരം അഗ്‌നിച്ചിറകുകളാല്‍ ആലിംഗനം ചെയ്തുകൊണ്ട്.
സമയം അതിന്റെ പ്രയാണം യഥാക്രമം തുടര്‍ന്നുവെങ്കിലും പകലിനു പതിവിലും കൂടുതല്‍ ദൈര്‍ഘ്യമുണ്ടെന്നു തോന്നി. അതോ സമയമാം രഥത്തിന്റെ ചക്രം തിരിയുന്നതിനൊപ്പം സഞ്ചരിക്കാന്‍ കദനഭാരവും പേറിക്കൊണ്ടിഴയുന്ന മനസ്സിനു വേഗം പോരാഞ്ഞിട്ട് തോന്നിയതോ?
ഇനി എത്രനാള്‍ കഴിഞ്ഞാല്‍ എന്റെ കുട്ടി ഈ ഷോക്കില്‍നിന്ന് മുക്തിനേടും? മാളുവില്ലാത്ത സ്‌കൂളില്‍...... മാളുവില്ലാത്ത ക്ലാസ്സില്‍...... ഇനി പാറു എങ്ങനെ പോകും?
ഉറങ്ങാന്‍ കിടക്കുമ്പോഴും മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. 'എന്താ മുത്തച്ഛാ എന്റെ മാളുവിന്റെ പിടച്ചില്‍ ദൈവം കാണാഞ്ഞത്?' ആ ചോദ്യത്തിന്റെ മാറ്റൊലി മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു.
പൈശാചികത്വം നിറഞ്ഞ പീഡനങ്ങളും ക്രൂരതകളും നിത്യസംഭവങ്ങളാകുമ്പോഴും മനുഷ്യന്‍ എല്ലാം ദൈവത്തിലര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കുന്നു....... രക്ഷിക്കണേ........ രക്ഷിക്കണേ....... പക്ഷേ ദൈവം ദുഷ്ടന്മാരെ പനപോലെവളര്‍ത്തുന്നു!
പൊരുത്തക്കേടുകളുടെ കുരുക്കഴിക്കാന്‍ വൃഥാ ശ്രമിക്കുന്ന ചിന്തകള്‍ ഉറക്കത്തെ അകറ്റിനിര്‍ത്തിയപ്പോള്‍ നിദ്രാവിഹീനങ്ങളായ മണിക്കൂറുകള്‍ ഇഴഞ്ഞുനീങ്ങി.
ചിറകടിച്ച് പറക്കുന്ന മനസ്സിന് കടിഞ്ഞാണിട്ട് ചിന്തകളില്‍നിന്നു മുക്തിനേടാനും നിദ്രയെന്ന അനിവാര്യതയെ പ്രാപിക്കാനുമുള്ള ശ്രമം രാത്രിയുടെ അന്ത്യയാമത്തില്‍ എപ്പോഴോ ഫലം കണ്ടു; കണ്‌പോളകള്‍ മെല്ലെ അടഞ്ഞു.
......................................
മാളുവിന്റെ വീടിനടുത്തുള്ള പുഴയോരത്ത് ഒരു ധ്യാനത്തിലെന്നപോലെ ഇരിക്കുകയായിരുന്നു. പുഴയുടെ ഇരുകരകളും തിങ്ങിനില്‍ക്കുന്ന വൃക്ഷങ്ങളാലും മുളങ്കാടുകളാലും സമൃദ്ധം.
അക്കരെ ഒരു ചെറിയ അമ്പലം.
മരച്ചില്ലകളില്‍ ചേക്കേറാന്‍ തുടങ്ങുന്ന കിളികളുടെ മധുരനാദം മാത്രം കേള്‍ക്കാം.
അങ്ങ് ദൂരെ പുഴയുടെ അക്കരെ അവ്യക്തമായ ഒരു രൂപം ദൃശ്യമായി. ഒരു ആള്‍രൂപംപോലെ....
ആ രൂപം അടുത്തടുത്തു വരുന്നു. പുഴയില്‍ കുത്തിയൊഴുകുന്ന വെള്ളത്തിനു മുകളി ലൂടെ നടന്നു വരുംപോലെ.
മുന്നില്‍ വന്നുനിന്നിട്ട് ഇടിമുഴക്കംപോലെ ഒരു ചോദ്യം:
'നിങ്ങള്‍ ആരാണ്?'
'ഞാനൊരു സത്യാന്വേഷി. ദൈവത്തെ നേരില്‍ക്കാണാന്‍ തപസ്സിരിക്കുന്നു; കണ്ടിട്ട് ഒരു കാര്യം ചോദിക്കാന്‍'.
'ചോദിച്ചുകൊള്ളു, നിങ്ങള്‍ക്കെന്താണു വേണ്ടത്? ഞാന്‍ തന്നെയാണ് ദൈവം'.
'എന്റെ പാറുക്കുട്ടിയുടെ ചോദ്യത്തിനു മറുപടി പറയാമോ? അവളുടെ മാളൂട്ടിയെ ഒരു കാട്ടാളന്‍ പിച്ചിച്ചീന്തി കൊന്നപ്പോള്‍ ദൈവം എന്താ തടയാഞ്ഞത്?'
മറുപടി ഒരു തുറിച്ചുനോട്ടമായിരുന്നു.
'തീര്‍ന്നില്ല, ഇനിയുമുണ്ട് എനിക്കൊരുപാട് കാര്യങ്ങള്‍ ചോദിക്കാന്‍. ഇത്രയേറെ അതിക്രമങ്ങളും ക്രൂരതകളും കണ്ടിട്ടും എന്തേ സര്‍വ്വശക്തനായ ദൈവം എല്ലാത്തിനും മൂകസാക്ഷിയാകുന്നു?'
മറുപടിയില്ല, വീണ്ടും തുറിച്ചുനോട്ടം. കൂടുതല്‍ രൗദ്രഭാവത്തോടെ.
'ദൈവം' വന്നതിനേക്കാള്‍ വേഗത്തില്‍ തിരിച്ചുനടന്നു; ഒരക്ഷരം പോലും മറുപടി പറയാതെ.
'പോകുന്നോ?............ നില്ക്കൂ...... എന്റെ പാറുക്കുട്ടിയോട് ഞാനെന്തുപറയും?........നില്ക്കൂ ...... പോകരുത്...... എന്റെ പാറുക്കുട്ടി......'
.....................................................
'എന്താ? എന്തുപറ്റി? സ്വപ്നം കണ്ടോ?' ശാരദയുടെ ചോദ്യംകേട്ടാണ് ഉണര്‍ന്നത്.
'ങും.....'
ശാരദ എന്തോ പിറുപിറുത്തുകൊണ്ട് കിടക്കയിലേക്ക് ചരിഞ്ഞു.
പുതിയൊരു ദിവസത്തിന്റെ പിറവിയറിയിച്ചുകൊണ്ട് ഉദിച്ചുയരുന്ന പ്രഭാതസൂര്യന്റെ കിരണങ്ങളെയും കാത്ത് പിന്നെയും കിടന്നു, കുറെ സമയം. ........... മനസ്സ് വീണ്ടും ചിറകടിക്കാന്‍ തുടങ്ങി.....
****************